ADVERTISEMENT

അങ്കമാലി ഡയറീസിനു ശേഷം നടനും നിർമാതാവുമായ ചെമ്പൻ വിനോദ് ജോസിന്റെ കഥയിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഭീമന്റെ വഴി. പേരു പോലെ തന്നെ ഒട്ടേറെ കൗതുകങ്ങളും രസകരമായ മുഹൂർത്തങ്ങളും സിനിമയിലുണ്ടാകും എന്ന സൂചന നൽകുന്നതായിരുന്നു ട്രെയിലറും പാട്ടുകളും. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രശംസയും നേടിയ തമാശയുടെ സംവിധായകൻ അഷ്റഫ് ഹംസയാണ് ഭീമന്റെ വഴി സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ വിശേഷങ്ങളുമായി ചെമ്പൻ വിനോദ് മനോരമ ഓൺലൈനിൽ.    

 

ഭീമൻ എന്ന പേര് അങ്കമാലി ഡയറീസിൽ കേട്ടതാണ്. ഒന്നിലധികം ആളുകളെ ഈ പേരിൽ അഭിസംബോധന ചെയ്യുന്നുമുണ്ട്. എന്താണ് ഭീമൻ? എവിടെ നിന്നാണ് ഈ കഥാപാത്രത്തെ ലഭിച്ചത്? 

bheemante-vazhy-2

 

എന്റെ അടുത്ത സുഹൃത്തുണ്ട്. ശ്രീജിത്ത് എന്നാണ് അദ്ദേഹത്തിന്റെ പേര്.  ശ്രീജിത്ത് സംസാരിക്കുമ്പോൾ പലരേയും അഭിസംബോധന ചെയ്യുന്നത് 'ഭീമാ' എന്നാണ്. പ്രത്യേകിച്ചും നാട്ടിലെ സുഹൃത്തുക്കളെ! അതുകൊണ്ട് ശ്രീജിത്തിനെ എല്ലാവരും വിളിക്കുന്നത് ഭീമൻ എന്നാണ്. അത് ഞാൻ സിനിമയിലെടുത്തതാണ്. എന്തുകൊണ്ടാണ് എല്ലാവരെയും ഭീമൻ എന്നു വിളിക്കുന്നതെന്ന് ഞാൻ ഒരിക്കൽ ചോദിച്ചിരുന്നു. രസകരമായ മറുപടിയാണ് എനിക്ക് ലഭിച്ചത്. അതായത് ഭീമൻ എന്നു വിളിക്കുമ്പോൾ അതു കേൾക്കുന്ന ആൾക്ക് വിഷമം തോന്നില്ല. ഇതായിരുന്നു അവന്റെ തിയറി. ഞാൻ ആലോചിച്ചപ്പോൾ അതു ശരിയാണെന്നു തോന്നി. കാരണം, ആ പേരിനോടോ മഹാഭാരതത്തിലെ ആ കഥാപാത്രത്തോടോ നമുക്ക് ഒരു പ്രശ്നവും ഇല്ല. അതുകൊണ്ട് ആ പേരു കേൾക്കുമ്പോൾ നമുക്ക് പ്രശ്നം തോന്നില്ല. പിന്നെ, കേൾക്കാത്ത തരത്തിലുള്ള പേര് കണ്ടെടുക്കുന്നത് ഏറെ ആസ്വദിക്കുന്ന ആളാണ് ഞാൻ. ഒരു പേര്, ഒരു കഥാപാത്രത്തിന്റെ നിർവചനത്തെ ഏറെ സ്വാധീനിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പേരിന് അത്രയധികം പ്രധാന്യം ഞാൻ നൽകാറുണ്ട്. ഓർമയിൽ നിൽക്കുന്ന പേരാകണം എന്നൊരു നിർബന്ധം എനിക്കുണ്ട്. 

 

ഭീമന്റെ വഴിയിൽ ചാക്കോച്ചൻ എത്തിച്ചേർന്നത് എങ്ങനെയാണ്?

bheemante-vazhy

 

മറ്റൊരു പ്രൊജക്ടുമായി ചാക്കോച്ചന്റെ അടുത്തു പോയതായിരുന്നു. അതിന്റെ ചർച്ചകൾക്കു ശേഷം വെറുതെ സംസാരിക്കുന്നതിന്റെ ഇടയിൽ എന്റെ സുഹൃത്ത് ശ്രീജിത്തിന് നേരിട്ട രസകരമായൊരു സംഭവത്തെക്കുറിച്ച് പറഞ്ഞു. ഒരു വഴി പ്രശ്നത്തിന്റെ കഥ. അതിൽ കുറച്ച് റൊമാൻസ് ഒക്കെ ചേർത്താൽ നല്ല സിനിമയാകുമെന്നൊക്കെ പറഞ്ഞു. അങ്കമാലി ഡയറീസിനു ശേഷമൊരു സിനിമ ചെയ്യുമ്പോൾ വലിയൊരു സിനിമയാകണമെന്നൊക്കെയുള്ള ആലോചനകളും പങ്കുവച്ചു. അതിനുശേഷം ഞങ്ങൾ തിരിച്ച് വീട്ടിലെത്തിയതിനുശേഷം എനിക്കു ചാക്കോച്ചന്റെ വിളിയെത്തി. ആ വഴി പ്രശ്നത്തെക്കുറിച്ച് പറഞ്ഞ ത്രെഡ് സിനിമയാക്കിയാലോ എന്ന് ചാക്കോച്ചൻ! ഞാൻ പ്രശ്നത്തിലായി. കാരണം, ഞാനൊരു എഴുത്തുകാരനൊന്നുമല്ല. അതുകൊണ്ട്, ഈ കാര്യങ്ങൾ എഴുതി വരുമ്പോൾ എങ്ങിനെയാകുമെന്നുറപ്പില്ല. സത്യത്തിൽ ചാക്കോച്ചൻ അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഭീമന്റെ വഴി എന്ന സിനിമയുണ്ടാകുന്നത്. 

 

ഭീമൻ എന്ന കഥാപാത്രത്തിന്റെ പേര് അങ്കമാലി ഡയറീസിൽ നിന്നെടുത്തതാണെന്ന് പറഞ്ഞല്ലോ! കഥയ്ക്കും അങ്കമാലിയുമായി ബന്ധമുണ്ടോ? 

chemban-vinod-wife

 

കഥയ്ക്ക് അങ്കമാലിയുമായി ബന്ധമുണ്ട്. ഭീമനുമായും ബന്ധമുണ്ട്. ശ്രീജിത്തിന്റെ വീട്ടിലേക്ക് ഒരു കാർ വരുന്നതിനു വേണ്ട വഴിയൊരുക്കാൻ നടത്തിയ ശ്രമം, അതിലെ ചില കഥാപാത്രങ്ങൾ എല്ലാം ഞാൻ സിനിമയിലെടുത്തിട്ടുണ്ട്. ശ്രീജിത്തിന്റെ വ്യക്തിപരമായ ജീവിതവുമായി സിനിമയ്ക്ക് ബന്ധമില്ല. സിനിമയ്ക്കു വേണ്ട കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് ഭീമന്റെ വഴി ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസിന്റെ അത്രയും ഉത്സവം ഈ സിനിമയിലുണ്ടാകുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ഇതൊരു ഫീൽ ഗുഡ് റൊമാന്റിക് കോമഡി ആകും. കഥ നടക്കുന്നതായി കാണിച്ചിരിക്കുന്നത് ഇരിഞ്ഞാലക്കുട അടുത്തുള്ള പ്രദേശത്തായാണ്. സിനിമയിൽ പ്രത്യേകിച്ച് പറയുന്നില്ല. ഷൂട്ട് ചെയ്തത് മലപ്പുറത്താണ്. 

 

സിനിമയിൽ ജിനുവിന്റെ കഥാപാത്രത്തിന് ഇന്നു വരെ കേൾക്കാത്ത ഒരു പേരാണ് ഇട്ടിരിക്കുന്നത്. കൊസ്തേപ്പ്! അങ്ങനെയൊരു പേര് യഥാർത്ഥത്തിൽ ഉള്ളതാണോ? ജിനുവിന്റെ രൂപവും ഏറെ പുതുമയുള്ളതായിരുന്നു. 

 

ജോസഫ് എന്ന പേരിന്റെ വേറൊരു രൂപമാണത്. ഞങ്ങളുടെ നാട്ടിൽ ഈ പേരുള്ളവരുണ്ട്. ഒഫീഷ്യൽ പേര് കൊസ്തേപ്പ് എന്നുള്ളവർ. പിന്നെ, ജിനു ചെയ്ത കൊസ്തേപ്പ് എന്ന കഥാപാത്രം ഞാൻ ചെയ്യാനിരുന്നതാണ്. പിന്നെ, ആലോചിച്ചപ്പോൾ തോന്നി ജിനുവിനെപ്പോലുള്ള ഒരാൾ അതു ചെയ്താൽ നന്നാകുമെന്ന്. കാരണം കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരനായ നായകന്, സുന്ദരനായ വില്ലനാണെങ്കിൽ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് തോന്നി. ഷർട്ടിടാതെ മുണ്ടു മാത്രമിട്ട് ഞാൻ ആ വേഷത്തിൽ വന്നാൽ ഒരു കരടിയുടെ ലുക്കും ഫീലുമാകും ആളുകൾക്ക് കിട്ടുക. മുമ്പ് ഫെയ്സ്ബുക്കിൽ അത്തരമൊരു ഫോട്ടോ ഇട്ടപ്പോൾ കരടി എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. എനിക്കതിൽ പ്രശ്നമുണ്ടായിട്ടല്ല. പക്ഷേ, ജിനു ഈ കഥാപാത്രം ചെയ്യുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് തോന്നി. കൂടാതെ, അത്തരൊമരു കഥാപാത്രം ജിനു ഇതുവരെ ചെയ്തിട്ടുമില്ല. അൽപം സ്റ്റൈലിഷ് കഥാപാത്രങ്ങളെയാണല്ലോ ജിനു ചെയ്തിട്ടുള്ളത്. ആ കോൺടാസ്റ്റ് രസകരമാകുമെന്ന് തോന്നി. 

 

എന്തുകൊണ്ട് ഭീമന്റെ വഴി ചെമ്പൻ സംവിധാനം ചെയ്യാതിരുന്നത്?

 

അഷ്റഫ് ഹംസ എന്റെ വളരെ അടുത്ത സുഹൃത്താണ്. തമാശ എനിക്കേറെ ഇഷ്ടമുള്ള സിനിമയാണ്. തമാശയ്ക്ക് രണ്ടു വർഷം മുമ്പൊക്കെയുള്ള സൗഹൃദമുണ്ട് ഞങ്ങൾ തമ്മിൽ. അതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വളരെ എളുപ്പത്തിൽ അദ്ദേഹത്തിന് മനസിലാകും. ഈ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യുന്ന സമയം മുതൽ അഷ്റഫ് കൂടെയുണ്ട്. എന്റെ അപാർട്മെന്റിന് അടുത്താണ് അദ്ദേഹം താമസിക്കുന്നതും. അഷ്റഫ് പറയുന്ന കഥകളും അദ്ദേഹം ചെയ്യാൻ വച്ചിരിക്കുന്ന തിരക്കഥകളും ചർച്ച ചെയ്യുമ്പോൾ തന്നെ ഇദ്ദേഹം വലിയൊരു പരിപാടിയിലേക്കു തന്നെയാണ് പോകുന്നതെന്ന് നമുക്ക് മനസിലാകും. അതുകൊണ്ട്, ഒരു കഥ അദ്ദേഹത്തെ വിശ്വസിച്ച് ഏൽപ്പിക്കുകയാണെങ്കിൽ, നമ്മൾ മനസിൽ കണ്ടതിനെക്കാൾ നല്ല സിനിമ ആയിട്ടാകും പുറത്തു വരികയെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

 

സിനിമയിൽ ചെമ്പന്റെ ഭാര്യ മറിയവും അഭിനയിച്ചിട്ടുണ്ടല്ലോ? മറിയത്തിലെ നടിയെ ആരാണ് കണ്ടെത്തിയത്?

 

ഭാര്യയിലെ നടിയെ കണ്ടെത്തിയത് ഞാൻ തന്നെയാണ്. നേരത്തെ തീരുമാനിച്ചുറപ്പിച്ച് ചെയ്ത കഥാപാത്രമൊന്നുമല്ല. ചെറിയൊരു വേഷമാണ്. ഷൂട്ടിന് ഇടയിൽ പെട്ടെന്നു തോന്നിയ ആശയത്തിന്റെ പുറത്താണ് മറിയം അഭിനയിക്കുന്നത്. ഒരു സീനിൽ കുഞ്ചാക്കോ ബോബന്റെ കോമ്പിനേഷനിൽ ചെയ്യാൻ ഒരു ആക്ടറെ വേണമായിരുന്നു. അത് ആരെ വച്ചു ചെയ്യിക്കാമെന്നു ആലോചിക്കുന്ന സമയത്ത് മറിയം അവിടെ ഉണ്ടായിരുന്നു. ചെയ്യാമോ എന്നു ചോദിച്ചു. ചെയ്യാമെന്ന് മറിയം പറഞ്ഞു. അങ്ങനെ ചെയ്ത വേഷമാണ് അത്. മറിയം നല്ലൊരു ആക്ടറാണെന്ന് ആ സീൻ ചെയ്തപ്പോൾ ഞങ്ങൾക്കു മനസിലായി. ഫസ്റ്റ് ടേക്കിൽ തന്നെ ഓകെ ആയി. മറിയം അഭിനയം തുടരണം എന്നാണ് ചാക്കോച്ചനും ഗിരീഷുമെല്ലാം പറഞ്ഞത്. ഇനിയൊരു സിനിമ ചിന്തിക്കുമ്പോൾ മറിയത്തിനു പറ്റുന്ന കഥാപാത്രം കൂടി എഴുതാമല്ലോ എന്നു ഞാനും ചിന്തിച്ചു. മറിയത്തിനോടു പറഞ്ഞില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com