ADVERTISEMENT

മലയാളികൾക്കു പ്രിയങ്കരരായ അന്യഭാഷാ നായകന്മാർ ഒരുപാടുണ്ടെങ്കിലും ഒറ്റ സിനിമയിലൂടെ കേരളത്തിന്റെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു നടനേയുള്ളു. മറ്റൊരുമല്ല, അല്ലു അർജുൻ. ആര്യ എന്ന ചിത്രം വർഷങ്ങൾക്കു മുമ്പ് മൊഴി മാറ്റി കേരളത്തിൽ റിലീസ് ചെയ്തപ്പോൾ അല്ലു പോലും ഇത്രയധികം സ്വീകാര്യത പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച അല്ലു പുഷ്പ എന്ന ബ്രഹ്മാണ്ഡ സിനിമയുമായി ഡിസംബർ 17–ന് എത്തുകയാണ്. രണ്ടു ഭാഗങ്ങളിലായി ഒരുക്കുന്ന പുഷ്പയെക്കുറിച്ച് അദ്ദേഹം മനോരമ ഓൺലൈനിൽ മനസ്സു തുറക്കുന്നു. 

 

സുകുമാർ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ആര്യയാണ് അല്ലു അർജുൻ എന്ന താരത്തെ കേരളത്തിൽ ജനപ്രിയനാക്കിയത്. അദ്ദേഹത്തിനൊപ്പമുള്ള മൂന്നാമത്തെ ചിത്രമായ പുഷ്പയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്താണ് ?

 

സുകുമാറുമൊത്ത് സിനിമ ചെയ്യുക എന്നത് വളരെ സന്തോഷകരമാണ്. എന്റെ കരിയറിന്റെ ആരംഭഘട്ടത്തിൽ അദ്ദേഹം ഒരുക്കിയ ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾ നേടിത്തന്ന സ്വീകാര്യതയും ജനസമ്മതിയും വളരെ വലുതാണ്. മൂന്നാമത്തെ ചിത്രം ഒരു സാധാരണ സിനിമ ആകരുതെന്ന ആഗ്രഹം ഞങ്ങൾക്ക് രണ്ടു പേർക്കുമുണ്ടായിരുന്നു. പുഷ്പ വളരെയേറെ പ്രത്യേകതകളുള്ള സിനിമയാണ്. ഞങ്ങൾ ഇൗ സിനിമയ്ക്കായി ഒരുപാട് കാത്തിരുന്നു. ഒരു ഹാട്രിക്ക് ഹിറ്റ് ഞങ്ങൾക്ക് സമ്മാനിക്കാൻ പുഷ്പയ്ക്കു സാധിക്കുമെന്നാണ് വിശ്വാസം. 

 

കഥാപാത്രങ്ങൾ പലതായിരുന്നെങ്കിലും അല്ലുവിനെ എപ്പോഴും ക്യൂട്ട് ലുക്കിലാണ് സിനിമകളിൽ കണ്ടിട്ടുള്ളത്. പക്ഷേ പുഷ്പയിൽ ഒരു റഫ് ലുക്കിലാണല്ലോ എത്തുന്നത് ?

 

ഒരു നടൻ എന്ന നിലയിൽ ഏപ്പോഴും പരീക്ഷണങ്ങൾ നടത്താനാണ് എനിക്കിഷ്ടം. ആളുകൾ എന്നെ സ്റ്റൈലിഷ് ലുക്കിൽ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. പക്ഷേ ഇൗ ഒരു റഫ് ലുക്കിൽ ഇതുവരെ അവർ എന്നെ കണ്ടിട്ടില്ല. പുഷ്പയിലെ ചേരുവകളുള്ള തെലുങ്ക് സിനിമകൾ പോലും കുറവാണ്. കോമേഴ്സ്യൽ സിനിമകളിൽ സാധാരണ കണ്ടു വരുന്ന രീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇൗ സിനിമ. കൊമേഴ്സ്യൽ ചേരുവകൾ പൊളിച്ചെഴുതാൻ ഇൗ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. അത് ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാനുള്ള ആകാംക്‌ഷയിലാണ് ഞങ്ങൾ. 

 

കള്ളക്കടത്തുകാരൻ നായകനാകുന്നത് ആളുകൾക്ക് സ്വീകാര്യമാകുമോ എന്ന് പേടിയുണ്ടോ ?

pushpa-trailer

 

ഒരിക്കലുമില്ല. സിനിമയെ സിനിമയായി കാണാൻ കഴിയുന്നവരാണ് പ്രേക്ഷകർ. ചന്ദനക്കൊള്ളയും മറ്റും ആളുകൾ വാർത്തകളിൽ സാധാരണയായി കാണുന്നതാണ്. പിന്നെ കഥാപാത്രം ചന്ദനക്കടത്തുകാരൻ ആണെങ്കിലും സിനിമ കാണുമ്പോഴെ അതെക്കുറിച്ച് ഒരു വ്യക്തത ലഭിക്കൂ. 

fahadh-faasil-pushpa

 

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. അദ്ദേഹം എങ്ങനെയാണ് പുഷ്പയിലേക്കെത്തുന്നത് ?

 

ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലൻ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാർ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനതു ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. 

 

എന്താണ് ഫഹദിൽ കണ്ട പ്രത്യേകതകൾ ?

 

ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്. അദ്ദേഹത്തിന്റെ രീതികൾ എന്നെ വല്ലാതെ ആകർഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹം തന്റെ ഡയലോഗുകൾ സ്വയം എഴുതി പഠിച്ചാണ് പറയുന്നത്. ഭാഷ അറിയാത്ത ഒരു നടൻ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എനിക്കും സംവിധായകനും മറ്റു അണിയറപ്രർത്തകർക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയത്. 

 

കോവിഡ് കാലത്തെ ഷൂട്ടിങ് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു ?

 

ഇതൊരു വലിയ സിനിമയാണ്. മഹാമാരിയുടെ ആദ്യ ഘട്ടം പിന്നിട്ടപ്പോൾ 40 പേരടങ്ങുന്ന സംഘത്തെ വച്ചു മാത്രമെ ഷൂട്ട് ചെയ്യാൻ അനുമതി ലഭിച്ചുള്ളൂ. അതു കൊണ്ട് പിന്നെയും മാസങ്ങൾ ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. ഞങ്ങളുടെ ക്രൂവിൽ 300 ഒാളം പേരുണ്ടായിരുന്നു. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കാടുകളിലും മറ്റുമായിരുന്ന സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. എന്റെ കരിയറിൽ ഒരു സിനിമയ്ക്കായും ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിച്ചട്ടില്ല. കാടിന്റെ നടുവിൽ മറ്റ് വലിയ സാങ്കേതിക സംവിധാനങ്ങളൊന്നുമില്ലാതെയായിരുന്നു ചിത്രീകരണം. ക്യാംപുകളിലും മറ്റും മാസങ്ങളോളം താമസിച്ചായിരുന്നു പലരും ജോലി ചെയ്തത്. പക്ഷേ എന്നും ഒാർമിക്കുന്ന ഒരുപാട് പാഠങ്ങൾ പഠിപ്പിച്ച ഒരു അനുഭവമായിരുന്നു പുഷ്പ ഷൂട്ടിങ്. 

 

എന്തു കൊണ്ട് പുഷ്പ രണ്ടു ഭാഗങ്ങളായി ഇറക്കുന്നു ? ‘കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു’ എന്നതു പോലൊരു സസ്പെൻസ് പുഷ്പയിലും ഉണ്ടാകുമോ ?

 

സുകുമാറിന്റെ മനസ്സിലുള്ള സിനിമ വലുതായിരുന്നു.അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ ഇൗ സിനിമയിലൂടെ പറയാനുണ്ടായിരുന്നു. സസ്പെൻസ് ഉണ്ടാകുമോ എന്നൊന്നും ഇപ്പോൾ വെളിപ്പെടുത്താനാകില്ല. അതൊക്കെ സിനിമ കണ്ട് നിങ്ങൾ അറിയേണ്ടതാണ്. 

 

കേരളത്തിൽ ഇൗ സിനിമ ഷൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നോ ?

 

ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ പലതും ആതരിപ്പള്ളിയിൽ ഷൂട്ട് ചെയ്യാനിരുന്നതാണ്. പക്ഷേ കോവിഡ് വന്നതോടെ അതു അസാധ്യമായി. പക്ഷേ കേരളം എനിക്കേറെ ഇഷ്ടമുള്ള സ്ഥലമാണ്. ഇവിടുത്തെ ആളുകളുടെ സ്നേഹവും കരുതലും വലുതാണ്. അവർ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com