ADVERTISEMENT

‘‘ഇത്രയ്ക്ക് ദുഷ്ടത്തരം പാടില്ലെടോ’’ - മേപ്പടിയാന്‍ കണ്ടു കഴിഞ്ഞതിനു ശേഷം ഇന്ദ്രന്‍സിനു ലഭിക്കുന്ന സന്ദേശങ്ങളിലധികവും ഇങ്ങനെയാണ്. സഹാനുഭൂതിയുടെ ഒരു കണിക പോലുമില്ലാത്ത ഹാജിയാരായി ഗംഭീര പ്രകടനം കാഴ്ച വച്ച ഇന്ദ്രന്‍സ് മേപ്പടിയാനിലൂടെ അഭിനേതാവെന്ന നിലയില്‍ തന്റെ ഗ്രാഫ് ഒരു പടി കൂടി ഉയര്‍ത്തി. ഏതു റേഞ്ചിലുള്ള കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമെന്ന് ഈ പ്രകടനത്തിലൂടെ അദ്ദേഹം ഒരിക്കല്‍ക്കൂടി തെളിയിച്ചു. വ്യത്യസ്തതമായ വേഷങ്ങളോട് അടങ്ങാത്ത ഭ്രമം സൂക്ഷിക്കുന്ന അഭിനേതാവ് എന്ന നിലയില്‍, ‘മേപ്പടിയാന്‍’ നല്‍കിയ സന്തോഷങ്ങളെക്കുറിച്ചും ചലഞ്ചിനെക്കുറിച്ചും മനസ്സു തുറന്ന് ഇന്ദ്രന്‍സ് മനോരമ ഓണ്‍ലൈനില്‍. 

 

കേട്ടപ്പോഴേ ഇഷ്ടം തോന്നി

aju-indrans

 

ഹോമിന്റെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകന്‍ വിഷ്ണു മോഹന്‍ എന്നെ കാണാന്‍ വരുന്നത്. ഹോമിന്റെ സെറ്റില്‍ വച്ചു ഞങ്ങള്‍ സംസാരിച്ചു. ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണെന്ന് അറിഞ്ഞപ്പോഴേ ഞാന്‍ സമ്മതം മൂളിയിരുന്നു. ഏതു കഥാപാത്രമാണ് ചെയ്യേണ്ടത് എന്നു പോലും അറിഞ്ഞില്ലെങ്കിലും സാരമില്ല, ഞാന്‍ ചെയ്യാം എന്നു പറഞ്ഞു. എങ്കിലും എന്റെ കഥാപാത്രത്തെക്കുറിച്ച് അവര്‍ വിവരിച്ചു. ഗ്രേ ഷേഡിലുള്ള കഥാപാത്രം ആണെന്നു മനസ്സിലായപ്പോള്‍ ഒന്നു മാറി ചെയ്യാന്‍ കിട്ടുന്ന അവസരമാണല്ലോ എന്നോര്‍ത്തു. അഭിനയസാധ്യതയുള്ള വേഷമാണെന്നറിഞ്ഞപ്പോള്‍ ആ കഥാപാത്രത്തോട് ഒരിഷ്ടം തോന്നി. 

vishnu-indrans

 

saiju

അങ്ങനെ ഒരാളുണ്ട്

 

saiju-indrans

ഉള്ളിലുള്ള ദുഷ്ടത്തരം ഒളിപ്പിച്ചു വച്ച് അഭിനയിക്കേണ്ട കഥാപാത്രമായിരുന്നു. വളരെ സൂക്ഷ്മമായി അതിനെ സമീപിക്കണം. പല യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥ എഴുതിയതെന്ന് ഡയറക്ടർ പറഞ്ഞിരുന്നു. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഞാൻ ചെയ്ത കഥാപാത്രത്തിന്റെ റഫറൻസൊക്കെ അദ്ദേഹം കൃത്യമായി തന്നിരുന്നു.

indrans-main

 

ആളുടെ മാനറിസങ്ങളും ശൈലികളുമെല്ലാം അദ്ദേഹം കൃത്യമായി പറഞ്ഞു തരും. അതു ഞാന്‍ ചെയ്തു. അതിനപ്പുറത്തേക്ക് ഞാനൊന്നും ചെയ്തിട്ടില്ലെന്നു തന്നെ പറയാം. ആ കഥാപാത്രം വലിയ ഈശ്വരവിശ്വാസിയാണെന്നൊക്കെ പറഞ്ഞിരുന്നു. സംവിധായകന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ എന്റേതായ രീതിയില്‍ അവതരിപ്പിച്ചു എന്നു മാത്രം. 

 

കണ്ടിട്ടു ദേഷ്യം തോന്നിയെന്ന് സുഹൃത്തുക്കള്‍

 

സിനിമ ഇറങ്ങിയപ്പോള്‍ എന്റെ കുറേ കൂട്ടുകാര്‍ വിളിച്ചു. ഭയങ്കര ദേഷ്യം തോന്നി എന്നാണ് അവര്‍ ആദ്യം പറഞ്ഞത്. ഭയങ്കര ദുഷ്ടനായിപ്പോയല്ലോ എന്നൊക്കെ പറഞ്ഞു. എന്തായാലും അവര്‍ക്ക് ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു. ചിലര്‍ക്ക് ഞാന്‍ അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ചെറിയൊരു ഞെട്ടലുണ്ടായെന്നു പറഞ്ഞു.

 

എന്റെ കുടുംബവും സിനിമ കണ്ടിരുന്നു. അവര്‍ അതു കാണാന്‍ പോകുന്നതിനു മുമ്പ് ഞാന്‍ ആ കഥാപാത്രത്തെക്കുറിച്ച് ചെറിയൊരു വിവരണം നല്‍കിയിരുന്നു, പുറമേയ്ക്ക് സാത്വികനായി തോന്നുമെങ്കിലും ആള് ഉള്ളില്‍ പണത്തോട് വലിയ കൊതിയുള്ളവനാണ് എന്ന്. ആ  ധാരണയോടെ തന്നെയാണ് അവര്‍ സിനിമ കണ്ടത്. എന്നാല്‍, പ്രതീക്ഷച്ചതിനേക്കാള്‍ റേഞ്ച് ഉണ്ടായിരുന്നെന്ന് സിനിമ കണ്ടതിനുശേഷം അവര്‍ പറഞ്ഞു. 

 

വിമര്‍ശനങ്ങളോട്

 

പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ സിനിമയ്ക്കെതിരെ വരുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു അഭിനേതാവാണ്. ലഭിക്കുന്ന കഥാപാത്രം നല്ല രീതിയില്‍ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. സദ്ഗുണനായ കഥാപാത്രത്തെ മാത്രമേ അവതരിപ്പിക്കൂ എന്നൊന്നും എനിക്കില്ല. മാറി മാറി അഭിനയിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ വരുന്നത് ഇഷ്ടമാണ്. ഞാന്‍ അത്രയേ നോക്കാറുള്ളൂ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com