തട്ടത്തിൻ മറയത്ത് എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ ഷോപ്പിങ് മാളിലും വഴിയിലും ക്യാംപസിലുമെല്ലാം കുട്ടികൾ തിരഞ്ഞത് അതിലുള്ളതുപോലൊരു പ്രണയമായിരുന്നു. മിന്നായം പോലെ മനസ്സിലേക്കു കടന്നുവരുന്നൊരു പ്രണയം ! വിനീത് ശ്രീനിവാസന്റെ മനസ്സിലെ പ്രണയം അത്രയേറെ മനോഹരമായിരുന്നു. വർഷങ്ങൾക്കു ശേഷം വിനീത് ഹൃദയം തുറക്കുമ്പോൾ കുട്ടികൾ കാണുന്നതു പ്രണയത്തിന്റെയും നൊസ്റ്റാൾജിയയുടെയും കടലാണ്. വളരെ പതുക്കെ ചിരിക്കുകയും വാക്കുകളിൽ മിതത്വം പാലിക്കുകയും ചെയ്യുന്ന ഒരാളുടെ മനസ്സിൽ ഇത്രയേറെ മനോഹരമായ പ്രണയ തീരമുണ്ടെന്നു നാം തിരിച്ചറിയുന്നു.
പ്രണവിനെക്കുറിച്ചാവട്ടെ ആദ്യം...
പ്രണവിന്റെ ഉള്ളിലെന്താണെന്ന് ആർക്കും മനസ്സിലാകില്ല. എപ്പോഴും പ്രസന്നമായൊരു ചിരിയുണ്ടാകും. ഒരുമിച്ചു ജോലി ചെയ്തിട്ടും പ്രണവിനെ എനിക്കു മനസ്സിലായിട്ടില്ല. സിനിമയിലൂടെ മാത്രമേ ഞാനും പ്രണവിനെ കണ്ടിട്ടുള്ളു. അങ്ങനെയല്ലാതെ ഞാൻ പ്രണവിനെ അടുത്തു കണ്ടിട്ടുള്ളത് രണ്ടോ മൂന്നോ തവണയാണ്. ലാലങ്കിളിന്റെ ബർത്ഡേയ്ക്കും താരസംഘടനയായ അമ്മയുടെ ഒരു ഷോയ്ക്കും. പ്രണവിന്റെ നടത്തം, പ്രത്യേക രീതിയിലുള്ള തലയാട്ടൽ, വെറുതെ ഇരിക്കുമ്പോഴുള്ള മാനറിസങ്ങൾ, സംസാരിക്കുമ്പോഴുള്ള പ്രത്യേക രീതി എല്ലാറ്റിനുമപ്പുറം വളരെ ക്യൂട്ടായ ലുക്. അതാണ് എന്നെ പ്രണവിലേക്ക് എത്തിച്ചത്. അതെല്ലാം ഈ സിനിമയിൽ പ്രണവ് കൊണ്ടുവരികയും ചെയ്തു. എന്നാൽ, കല്യാണിയെ എനിക്കു നന്നായി അറിയാം. പണ്ടു ചെന്നൈയിൽ ഒരേ ഫ്ളാറ്റിലാണ് അച്ഛനും പ്രിയനങ്കിളും താമസിച്ചിരുന്നത്. അന്നു കാണുമായിരുന്നു.

പ്രണവ്, കല്യാണി ജോടിയെപ്പറ്റി...
ക്യാംപസ് സിനിമ ചെയ്യാത്ത നല്ല ഫ്രഷ് ആയവരെക്കൊണ്ടു ചെയ്യിക്കാമെന്നാണു തീരുമാനിച്ചത്. അപ്പോൾ ഇവർ രണ്ടുപേരും മനസ്സിൽ വന്നു. പ്രണവ് ഇതുവരെ ചെയ്തതു ആക്‌ഷനും ഗൗരവമേറിയ സിനിമകളുമാണ്. അതൊന്നുമില്ലാതെ ഒരു വലിയ കുട്ടിയായി പ്രണവിനെ അവതരിപ്പിക്കാൻ തോന്നി. തട്ടത്തിൽ മറയത്തിൽ വന്നത് അതുവരെ കണ്ട കലിപ്പുള്ള നിവിൻ പോളി അല്ലായിരുന്നല്ലോ. സിനിമകളിലൂടെയാണ് ദർശനയെയും ഞാൻ കണ്ടതും ഈ സിനിമയിൽ വേണമെന്നു തോന്നിയതും. ദർശനയുടെ മുഖം ഭയങ്കര എക്സ്പ്രസീവാണ്.

മൂന്നു മണിക്കൂറോളം നീളുന്നൊരു സിനിമ റിസ്കായിരുന്നില്ലേ.
രഞ്ജൻ ഏബ്രഹാം എന്ന എഡിറ്ററുടെ മികവാണത്. വലിയ സിനിമകൾ ചെയ്തു പരിചയമുള്ള അദ്ദേഹം പ്രത്യേക രീതിയിലാണു സിനിമ എഡിറ്റ് ചെയ്യാറ്. ആദ്യം നന്നായി ട്രിം ചെയ്യും. പിന്നീടു പലതും കൂട്ടിച്ചേർത്തു മനോഹരമാക്കും. ആദ്യം കണ്ട ആരും മടുപ്പിക്കുന്നില്ല എന്നു പറഞ്ഞതായിരുന്നു ധൈര്യം.
സംഗീതംകൊണ്ടു നിറച്ചിരിക്കുകയാണല്ലോ.
പാട്ടും സംഗീതവുമില്ലാതെ ഈ കഥ പറയാനാകില്ല. കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പാട്ട് പൊട്ടിവീഴുന്നതുപോലെ തോന്നരുതെന്നു നിർബന്ധമുണ്ടായിരുന്നു. പാട്ട് അറിയാതെ വരികയും പോവുകയും വേണം. സംഗീത സംവിധായകൻ ഹിഷാം ആ മനസ്സോടെയാണ് ഈ സിനിമയുടെ സംഗീതം ചെയ്തതും. എന്റെ ജീവിതവും പാട്ടും വളരെ ചേർന്നു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഞാൻ കാണുന്നതും അത്തരമൊരു കണ്ണിലൂടെയാകും.

വിനീതിന്റെ ഭാര്യ ദിവ്യയും പാടിയല്ലോ.
കോവിഡ് കാലത്ത് ദിവ്യയൊരു പാട്ടു പാടിയിരുന്നു. ഹിഷാമാണതു സംഗീത സംവിധാനം ചെയ്തത്. ഈ സിനിമ വന്നപ്പോൾ ചോദിച്ചു, നമുക്കു ദിവ്യയുടെ സ്വരം പരീക്ഷിച്ചു കൂടേ എന്ന്. ആ ശബ്ദം ചേരുമെന്നു തോന്നിയപ്പോൾ ഉപയോഗിച്ചു. ഈ സിനിമയിൽ ചിത്രച്ചേച്ചി പാടിയ പാട്ട് അവരല്ലാതെ ആരു പാടിയാലും ഇതുപോലെ ആളുകളിൽ എത്തില്ല.
ശ്രീനിവാസൻ എന്തു പറഞ്ഞു.
പാട്ടു കേട്ട ശേഷം അച്ഛൻ പറഞ്ഞു ദിവ്യ നന്നായി പാടിയിട്ടുണ്ടെന്ന്. ഇതുവരെ എന്റെ സിനിമയിലെ പാട്ടുകളെക്കുറിച്ച് അച്ഛൻ ഒന്നും എന്നോടു പറഞ്ഞിട്ടില്ല. തിരഞ്ഞെടുത്തതു ശരിയായിരുന്നു എന്നു മനസ്സിലായി.
എങ്ങനെയാണ് ഈ സിനിമയുടെ ചിന്ത വന്നത്.
ഒരാൾ അയാൾ കടന്നുവന്ന കാലം മായ്ച്ചു കളയുകയും പെട്ടെന്നു പുതിയൊരു ജീവിതം തുടങ്ങുകയും ചെയ്താൽ എങ്ങനെയിരിക്കുമെന്ന ചോദ്യത്തിൽനിന്നാണ് ഈ സിനിമ ഉണ്ടാകുന്നത്. അത് ഒരു സുപ്രഭാതത്തിൽ ചെയ്യാനാകില്ലെന്നറിയാം. എന്നാലും അതുണ്ടായാൽ എന്താകുമെന്നായിരുന്നു ചോദ്യം. നമ്മളെല്ലാം കഴിഞ്ഞ കാലത്തേക്കു മടങ്ങുമ്പോൾ ഒരുപാടു സന്തോഷങ്ങൾ കാണും. മനോഹരമായ ഓർമകളുണ്ടാകും. ആ ആലോചനയാണു ഹൃദയത്തിലേക്കെത്തിയത്.