ADVERTISEMENT

കൊട്ടാരക്കര ശ്രീധരൻ നായർ എന്ന ഇതിഹാസ കലാകാരന്റെ മക്കളും കൊച്ചുമക്കളും അദ്ദേഹത്തിന്റെ പാത തന്നെ പിന്തുടർന്ന് അഭിനയരംഗത്തെത്തിയിരുന്നുവെങ്കിലും ഇളമുറക്കാരനായ അനു മോഹന് അഭിനയത്തിലായിരുന്നില്ല താൽപര്യം. ഇഷ്ടജോലി നേടി ബെംഗളൂരുവിൽ താമസം തുടങ്ങിയ അനുവിന് പക്ഷേ അപ്പൂപ്പന്റെ കലാപാരമ്പര്യം പിന്തുടരാൻ തന്നെയായിരുന്നു വിധി. ആകസ്മികമായി മമ്മൂട്ടിയുടെ ‘ചട്ടമ്പിനാട്’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് അനു മോഹനും സിനിമയിൽ ഹരിശ്രീ കുറിച്ചു. 

 

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ സുജിത്തിലൂടെയാണ് അനു പ്രേക്ഷക ഹൃദയങ്ങളിൽ കടന്നുകൂടിയത്. ‘21 ഗ്രാംസ്’, ‘ലളിതം സുന്ദരം’ എന്നീ രണ്ടു ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണിപ്പോൾ അനു മോഹൻ. ‘ട്വെൽത്ത് മാനും’ ‘വാശി’യും റിലീസ് ചെയ്യുന്നതിന് പിന്നാലെ, അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്നചിത്രമായിരുന്ന ‘വിലായത്ത് ബുദ്ധ’യിലും അനു മോഹൻ ഒരു കഥാപാത്രമാകുന്നുണ്ട്. തന്റെ സിനിമാ സ്വപ്‌നങ്ങളും സന്തോഷവും പങ്കുവച്ച് അനു മോഹൻ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.  

 

anu-mohan-family

ചെറുപ്പം മുതൽ സിനിമാഭിനയം മനസ്സിൽ ഉണ്ടായിരുന്നോ ?

 

എന്റെ കുട്ടിക്കാലത്ത് നാടകവും സിനിമയുമൊക്കെ തന്നെയായിരുന്നു വീട്ടിലെ സംസാരം. സത്യം പറഞ്ഞാൽ എനിക്ക് ചെറുപ്പത്തിൽ അഭിനയമോഹമൊന്നും ഇല്ലായിരുന്നു. പക്ഷേ സിനിമ എന്ന പ്രോസസ് എനിക്കിഷ്ടമായിരുന്നു. ഭയങ്കര സ്റ്റേജ് ഫിയർ ഉള്ള ആളായിരുന്നു. ആർട്സ് ഡേ ദിവസം ഞാൻ സ്കൂളിൽ പോകില്ല. കർട്ടൻ വലിക്കാൻ പോലും സ്റ്റേജിൽ കയറാൻ പേടിയായിരുന്നു. ഞാൻ പടം വരയ്ക്കുമായിരുന്നു അതുകൊണ്ട് അതിന്റെ ഒരു കോഴ്‌സ് പഠിച്ച് ബെംഗളൂരുവിൽ ജോലിക്ക് കയറി. ഒന്നര വർഷം ജോലി ചെയ്തു. അതു കഴിഞ്ഞാണ് ‘ഓർക്കുട്ട് ഒരു ഓർമക്കൂട്ട്’, ‘തീവ്രം’ ഒക്കെ ചെയ്തത്. എന്റെ സുഹൃത്തുക്കളുടെ ചിത്രം ആയതുകൊണ്ട് ‘ഓർക്കുട്ട്’ ചെയ്യുമ്പോൾ അത്ര സീരിയസ് ആയിരുന്നില്ല. പക്ഷേ തീവ്രം ചെയ്തപ്പോൾ അതിന്റെ തിരക്കഥാരചന മുതൽ ചിത്രം തിയറ്ററിൽ എത്തുന്നതുവരെ രൂപേഷ് ഏട്ടനോടൊപ്പം ഉണ്ടയായിരുന്നു. അത് എന്നെ ഒരുപാട് സ്വാധീനിച്ചു. ‘തീവ്രം’ മുതലാണ് ഇതാണ് എന്റെ പ്രഫഷൻ എന്നു തിരിച്ചറിഞ്ഞത്. 

 

സിനിമാ കുടുംബത്തിൽനിന്ന് അഭിനയത്തിലേക്ക് എത്താൻ എളുപ്പമല്ലേ ?

 

ബാലതാരമായുള്ള ഓഫർ ഒന്നും വന്നിട്ടില്ല. സിനിമയിലേക്കു വരാൻ എളുപ്പമാണോ എന്നു ചോദിച്ചാൽ അതെ. പക്ഷേ സൗഹൃദത്തിന്റെ പേരിലുള്ള ഓഫർ ഒക്കെ ഒന്നുരണ്ടു സിനിമ കഴിയുമ്പോൾ തീരും. പിന്നെ നമ്മുടെ കഴിവിന് അനുസരിച്ചേ സിനിമ നമ്മെത്തേടി വരൂ. നമ്മൾ ചെയ്ത സിനിമകൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടണം, ആരുടെ മകനാണെന്നു പറഞ്ഞിട്ടും കാര്യമില്ല നമുക്ക് അഭിനയിക്കാൻ അറിയാമെങ്കിൽ മാത്രമേ സംവിധായകർ തേടി വരൂ.

anu-lal

 

‘ചട്ടമ്പിനാട്’ എന്ന സിനിമയിലാണ് ആദ്യം ഞാൻ തലകാണിക്കുന്നത്. തിരുവനന്തപുരത്താണ് അന്നു ഞങ്ങൾ താമസിക്കുന്നത്. ഞാൻ തിരുവനന്തപുരത്തു വീട്ടിൽ എത്തിയപ്പോൾ അവിടെ ആരുമില്ല. ‘അമ്മ, ചേട്ടൻ, അമ്മാവൻ എല്ലാവരും ചട്ടമ്പിനാടിന്റെ സെറ്റിലാണ്. അങ്ങനെ ഞാനും അവിടേക്ക് പോയി. ആ സമയത്ത് അവർ മമ്മൂക്കയുടെ ചെറുപ്പം അഭിനയിക്കാൻ ഒരു പയ്യനെ തേടുകയായിരുന്നു. ഞാൻ ചെല്ലുമ്പോൾ മമ്മൂക്ക കാരവനിലേക്ക് കയറുകയാണ്. ഞാൻ അമ്മയോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആരോ വന്നു പറഞ്ഞു, ‘എന്നെ മമ്മൂക്ക വിളിക്കുന്നു’ എന്ന്. 

 

അപ്പൊ ഞാൻ ഓർത്തു, എന്നെ മമ്മൂക്ക വിളിക്കേണ്ട കാര്യമില്ലല്ലോ? ഞാൻ ചേട്ടനോട് പറഞ്ഞു, ‘ചേട്ടൻ പോയി നോക്ക്, ചേട്ടനെ ആകുമെന്ന്’. ചേട്ടൻ മമ്മൂക്കയുടെ അടുത്ത് പോയിട്ട് വന്നു പറഞ്ഞു, ‘എടാ നിന്നെ ആണ് മമ്മൂക്ക വിളിച്ചത്.’ ഞാൻ മമ്മൂക്കയുടെ കാരവനിലേക്ക് ചെന്നു. ‘നമ്മളെയൊക്കെ കണ്ടാൽ മൈൻഡ് ചെയ്യില്ല അല്ലേ’ എന്നാണ് മമ്മൂക്ക എന്നെ കണ്ടപ്പോൾ ആദ്യം ചോദിച്ചത്. പിന്നെ ഞാൻ പഠിച്ച കാര്യങ്ങളൊക്കെ ചോദിച്ചു. ഒടുവിൽ ഷാഫിക്കയും ആന്റോ ചേട്ടനും വന്നു ഷോട്ട് റെഡി എന്ന് പറഞ്ഞപ്പോൾ മമ്മൂക്ക അവരോട് ‘ഇവൻ മതി’ എന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോയി. 

 

പിന്നെയാണ് എന്നോട് അവർ കാര്യം പറഞ്ഞത്, മമ്മൂക്കയുടെ ചെറുപ്പകാലം ഞാൻ ചെയ്യണം. ഞാൻ പേടി കാരണം ‘ഇല്ല’ എന്നാണു പറഞ്ഞത്. പക്ഷേ അവർ എന്നെ നിർബന്ധിച്ച് സമ്മതിപ്പിച്ചു. പേടി കാരണം ഞാൻ അപ്പൊത്തന്നെ വീട്ടിലേക്കു പോയി. പിന്നെ അച്ഛൻ വിളിച്ചിട്ട്, നീ എന്തുപണിയാണ് കാണിച്ചത്, അവരോടു സമ്മതിച്ചിട്ട് വീട്ടിൽ പോയി ഇരുന്നാൽ പറ്റുമോ, ഉടനെ ഇങ്ങു വരണം എന്നു പറഞ്ഞു. ഞാൻ വീണ്ടും സെറ്റിലേക്ക് പോയി. പക്ഷേ വിചാരിച്ചതിനേക്കാൾ എളുപ്പത്തിൽ അത് ചെയ്യാൻ പറ്റി. അതിനു ശേഷമാണു ഓർക്കുട്ട് എന്ന ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. ഓർക്കുട്ട് ചെയ്യുന്ന സമയത്താണ് രൂപേഷ് ഏട്ടനുമായി സൗഹൃദം ഉണ്ടാകുന്നതും അത് തീവ്രത്തിലേക്ക് എത്തിച്ചതും.

anu-mohan-manju

 

21 ഗ്രാംസിലേക്ക് എത്തിയത് 

 

ബിബിൻ കൃഷ്ണ എന്നെ കഥപറയാൻ വിളിക്കുമ്പോൾ ഞാൻ ‘ലളിതം സുന്ദര’ത്തിന്റെ ഷൂട്ടിൽ ആയിരുന്നു. ഒരു പൊലീസ് വേഷമാണ് എന്നാണ് ബിബിൻ പറഞ്ഞത്. ‘അയ്യപ്പനും കോശി’യും കണ്ടിട്ടാണ് പൊലീസ് വേഷവുമായി ബിബിൻ എത്തിയത് എന്നെനിക്കു തോന്നി. ഞാൻ ബിബിനോട് ഒരു ഔട്ട്‌ലൈൻ പറയാൻ പറഞ്ഞു. ബിബിൻ സ്ക്രിപ്റ്റ് തന്നെ വായിക്കുവാൻ തന്നു. തിരക്കഥ വായിച്ചപ്പോൾ എനിക്ക് ഒരുപാട് രസകരമായി തോന്നി. ഓരോ സീക്വൻസും കഴിയുമ്പോൾ അടുത്തത് എന്താണ് എന്ന ആകാംക്ഷ എന്നിലുണ്ടായി. കുറ്റവാളി ആരാണ് എന്ന് അന്വേഷിച്ച് ക്ലൈമാക്സിൽ എത്തിയപ്പോൾ വളരെ വ്യത്യസ്തമായ ഒരു സിനിമയായിരിക്കും ഇതെന്ന് എനിക്കുതോന്നി.

 

കോവിഡ് സമയത്ത് ഞാൻ ഒടിടിയിൽ ഒരുപാടു ത്രില്ലർ സിനിമകൾ കണ്ടിരുന്നു. മിക്കതും ഒരേപോലെ ആയിരുന്നു. പക്ഷേ ബിബിന്റെ തിരക്കഥ വളരെ വ്യത്യസ്തമായിരുന്നു. പുതിയൊരു കഥാപാത്രത്തെക്കൊണ്ടു വരാതെ ആദ്യം മുതൽ ഉള്ള ഒരാളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുക. എസ്ഐ സണ്ണി തരകൻ എന്ന കഥാപാത്രം എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു. അയ്യപ്പനും കോശിയും വളരെ ലൈറ്റ് ആയ മൂഡുള്ള സിനിമയായിരുന്നു. അതിലെ പൊലീസ് സ്റ്റേഷനിൽ എല്ലാവരും ചേച്ചിയും ചേട്ടനും ഒക്കെയായിരുന്നു. പക്ഷേ 21 ഗ്രാംസിൽ വളരെ സീരിയസായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ ഒപ്പം നിന്ന് അന്വേഷണത്തിൽ പങ്കാളിയാകുന്ന പൊലീസ്കഥാപാത്രം എനിക്ക് ഒരുപാട് ത്രില്ലിങ് ആയി തോന്നി. ആ ഒരു ത്രില്ല് ആണ് ഈ ചിത്രം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.

 

ലളിതം സുന്ദരത്തിലെ അനിയൻ കുട്ടൻ 

 

ലളിതം സുന്ദരത്തിലെ അനിയൻ കുട്ടനായ ജെറി ഒരുപാട് ലാളന അനുഭവിച്ച് വളർന്ന കുട്ടിയാണ്. ചേട്ടനും ചേച്ചിയും വരെ മകനെപ്പോലെയാണ് അവനെ കണ്ടിരുന്നത്. അവൻ അതുകൊണ്ടുതന്നെ വാശിക്കാരനായാണ് വളർന്നത്. ആഗ്രഹിച്ച സാധനം കിട്ടിയില്ലെങ്കിൽ പൊട്ടിത്തെറിക്കുന്ന കുട്ടി. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ പൊടുന്നനെ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ വരുമ്പോൾ അവൻ ചേട്ടനെപ്പോലും തല്ലാൻ മടിക്കുന്നില്ല. തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മനസ്സിലിട്ട് ഊതിപ്പെരുക്കി വലുതാകുന്ന മനുഷ്യരുടെ രീതിയെപ്പറ്റിയാണ് ഈ സിനിമയിൽ പറയുന്നത്. അങ്ങനെയുള്ള ഒരുപാടു കുടുംബങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. 

 

മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കുക എന്ന ആഗ്രഹമാണ് ലളിതം സുന്ദരത്തിൽ എത്തിച്ചത് 

madhu-anu-mohan

 

അയ്യപ്പനും കോശിയും ഷൂട്ട് തീരാറായപ്പോൾ അതിൽ അഭിനയിച്ച അജി ജോൺ ആണ് മധു ചേട്ടൻ മഞ്ജു ചേച്ചിയെ വച്ച് സിനിമ എടുക്കുന്നുവെന്ന കാര്യം പറയുന്നത്. മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കണം എന്നുള്ളത് എന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. ഞാൻ മധു ചേട്ടനെ വിളിച്ചിട്ട്, ‘ചേട്ടാ സിനിമയിൽ എനിക്കൊരു കഥാപാത്രം ഉണ്ടാകുമോ’ എന്ന് ചോദിച്ചു. അപ്പോഴേക്കും ‘അയ്യപ്പനും കോശിയും’ റിലീസ് ചെയ്തിരുന്നു. മധു ചേട്ടൻ പറഞ്ഞു ‘ഇതിൽ അനുവിന് പറ്റിയ കഥാപാത്രം ഇല്ല. ആകെയുള്ളത് മഞ്ജുവിന്റെ അനിയൻ ആകുന്ന വേഷം ആണ്. അത് വളരെ ചെറുപ്പം തോന്നുന്ന ഒരാൾ വേണം. അവന്റെ ഫ്ലാഷ് ബാക്ക് ഒക്കെ കാണിക്കാൻ ഉള്ളതാണ്.’ 

12th-man

 

മധുച്ചേട്ടന്റെ മനസ്സിൽ അയ്യപ്പനും കോശിയിലെ സുജിത്തിന്റെ രൂപമായിരുന്നു. ശരി ചേട്ടാ എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചെങ്കിലും എന്റെ ചെറുപ്പമായി തോന്നുന്ന ലുക്കിലെ കുറച്ചു ചിത്രങ്ങൾ ചേട്ടന് അയച്ചുകൊടുത്തു. ഞാൻ ക്ലീൻ ഷേവ് ചെയ്‌താൽ ചെറുപ്പം പിടിക്കാം എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. ഫോട്ടോസ് കണ്ട മധു ചേട്ടൻ എന്നെ വിളിച്ചിട്ട് നമുക്കൊന്നു കാണാം അനു എന്ന് പറഞ്ഞു. ഞാൻ ക്ലീൻ ഷേവ് ഒക്കെ ചെയ്‌തു കുട്ടപ്പനായാണ് പോയത്. എന്നെ കണ്ട് മധു ചേട്ടൻ, ‘നീ ഓക്കേ ആണല്ലോ’ എന്ന് പറഞ്ഞു. 

 

തിരക്കഥ വായിച്ചപ്പോഴാണ് ഇത്രയും പ്രധാനപ്പെട്ട കഥാപാത്രമാണെന്നു മനസ്സിലായത്. പിന്നെ ടെൻഷനായി. കൂടെ ഉള്ളത് വർഷങ്ങളുടെ അനുഭവപരിചയമുള്ള ബിജു ചേട്ടൻ, മഞ്ജു ചേച്ചി, സുധീഷേട്ടൻ, സൈജു ചേട്ടൻ ഒക്കെയാണ്. ലൊക്കേഷനിൽ വച്ചാണ് ആദ്യമായി മഞ്ജു ചേച്ചിയെ കാണുന്നത്. ചേച്ചി വളരെ കൂൾ ആയ, ഊർജസ്വലയായ ഒരു വ്യക്തിയാണ്. സിനിമയിലെ കുട്ടിത്താരമായ കുട്ടിത്തെന്നലിനേക്കാൾ കുട്ടിത്തമുള്ള മഞ്ജു ചേച്ചി. ആദ്യത്തെ സീൻ എടുത്തപ്പോൾ ടെൻഷൻ കാരണം കുറച്ചു കൂടുതൽ ടേക്ക് പോയിരുന്നു. ‘അനു, ടെൻഷൻ ആകണ്ട നമ്മൾ ഒരു കുടുംബമല്ലേ. ഈസി ആയി ചെയ്യൂ’ എന്ന് മഞ്ജു ചേച്ചി വന്നു പറഞ്ഞു. 

 

രണ്ടാമത്തെ ദിവസം മുതൽ ഞാൻ ട്രാക്കിലായി. സിനിമയിൽ കാണുന്നപോലെ ഒരു കുടുംബം പോലെ ഞങ്ങൾ ആ ഷൂട്ട് തീരുന്നതുവരെ അവിടെ കഴിഞ്ഞു. മധു ചേട്ടൻ വളരെ സിംപിൾ ആയ മനുഷ്യനാണ്. വളരെ സ്നേഹത്തോടെയാണ് എല്ലാവരോടും ഇടപെടുന്നത്. നല്ല ഹ്യൂമർ സെൻസ് ഉള്ള ആളാണ് ചേട്ടൻ. സിനിമയിലെ ഓരോ സീക്വൻസിനെപ്പറ്റിയും ചേട്ടന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അയ്യപ്പനും കോശിയും ഒരുമിച്ച് ചെയ്തതുകൊണ്ട് ബിജു ചേട്ടനുമായി നല്ല സൗഹൃദമുണ്ടായിരുന്നു.  കഴിവുള്ള താരങ്ങൾ അഭിനയിക്കുന്നത് കണ്ടു റിയാക്റ്റ് ചെയ്‌താൽ മാത്രം മതി, നമ്മുടെ അഭിനയവും ശരിയാകും. ലളിതം സുന്ദരം എനിക്കൊരു കംഫർട്ട് സോൺ ആയിരുന്നു.

 

ഐഡന്റിറ്റി തന്ന വേഷം സുജിത്ത് 

   

അയ്യപ്പനും കോശിയും ചെയ്തു കഴിഞ്ഞപ്പോഴാണ് ഒരു നടനായി എന്നെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയത്. അതിനു മുൻപ് ചില സിനിമകൾ ചെയ്തിട്ടുണ്ടങ്കിലും അത് ഞാനാണെന്ന് ആർക്കും അറിയില്ല. സുജിത്ത് എന്ന കഥാപാത്രം വന്നത് മുതലാണ് അനു മോഹൻ ചെയ്ത കഥാപാത്രമാണ് അത് എന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയത്.

 

നല്ല വേഷങ്ങൾ കാത്തിരുന്നു

 

സിനിമയിൽനിന്ന് ഞാൻ ഇടവേള എടുത്തതല്ല നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുകയായിരുന്നു. ഒരുപാട് തിരക്കഥകൾ നമ്മെ തേടി വന്നാലേ നമുക്ക് നല്ലത് തിരഞ്ഞെടുക്കാൻ കഴിയൂ. എന്റെ അടുത്ത് അധികം സ്ക്രിപ്റ്റുകൾ വന്നിട്ടില്ല. വന്നത് എനിക്ക് ഇഷ്ടപ്പെട്ടുമില്ല. അതാണ് മൂന്നരവർഷത്തെ ഒരു ഗ്യാപ് വന്നത്.

 

ജെറിയെ എനിക്ക് മനസ്സിലാകും 

 

ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ എനിക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കഥാപാത്രം ജെറി ആണ്. എല്ലാമെന്നല്ല, പക്ഷേ ഞാനും വീട്ടിലെ ഇളയ കുട്ടി, ചേട്ടനുമായിട്ടുള്ള സൗന്ദര്യപ്പിണക്കങ്ങൾ, അമ്മയോട് വാശി പിടിക്കുന്നത്, ഞാൻ പറയുന്നതാണ് ശരി എന്നുള്ള തോന്നൽ. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിൽ എന്റെ വ്യക്തിജീവിതവുമായി സാദൃശ്യം തോന്നി. തീവ്രം ചെയ്യുന്ന സമയത്ത് എനിക്ക് 22 വയസ്സാണ്. തീവ്രത്തിലെ രാഘവൻ കല്യാണം കഴിച്ച ഒരു ഓട്ടോ ഡ്രൈവർ ആണ്. അയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇതൊന്നും എനിക്ക് ഒട്ടും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു. രൂപേഷ് ഏട്ടൻ ആണ് കോൺഫിഡൻസ് തന്ന് എന്നെക്കൊണ്ട് അത് ചെയ്യിച്ചത്.

 

അയ്യപ്പനും കോശിയിലെ സുജിത്ത് ചെയ്യുമ്പോൾ പോലും ഒരു പൊലീസ് ഓഫിസർ എങ്ങനെയായിരിക്കും പെരുമാറുക എന്ന് അറിയില്ലായിരുന്നു. പക്ഷേ സച്ചിയേട്ടൻ പറഞ്ഞു, നീ പൊലീസ് സിനിമകൾ ഒന്നും കണ്ടു നോക്കണ്ട. ഇത് അങ്ങനെയുള്ള ഒരു കഥയാണ്. അവിടെ യാതൊരു പ്രശ്നങ്ങളുമില്ലാതെ സ്മൂത്തായി പോകുന്ന പൊലീസ്‌ സ്റ്റേഷൻ ആണ്. അവിടെയുള്ള പൊലീസുകാർ നിന്റെ അച്ഛനെയും ചേട്ടനെയും പോലെയാണ്. അതുകൊണ്ടു ഞാൻ വേറെ റഫറൻസ് ഒന്നും നോക്കിയില്ല. ആ കഥാപാത്രം നന്നായി സ്വീകരിക്കപ്പെട്ടു.

 

അപ്പൂപ്പനെ കണ്ടിട്ടില്ല, അപ്പൂപ്പന്റെ സിനിമകൾ എന്നെ വിസ്മയിപ്പിച്ചു

 

അപ്പൂപ്പനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടിട്ടില്ല. പക്ഷേ അപ്പൂപ്പന്റെ സിനിമകളെക്കുറിച്ച് കേട്ടാണ് ഞാൻ വളർന്നത്. ചേട്ടന് ഒരു വയസ്സാകാറായപ്പോഴാണ് അപ്പൂപ്പൻ മരിച്ചത്. വേലുത്തമ്പി ദളവ, ചെമ്മീൻ, അരനാഴിക നേരം ഒക്കെ അഭിനയിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ അമ്മൂമ്മയും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്.  അരനാഴിക നേരം അഭിനയിക്കുമ്പോൾ അപ്പുപ്പൻ വീട്ടുകാരെ പറ്റിക്കാൻ സിനിമയിലെ കോസ്റ്റ്യമിൽ വീട്ടിൽ വന്നു ഭിക്ഷ ചോദിച്ചു. അമ്മൂമ്മ ഭിക്ഷ കൊടുക്കാൻ നേരം കൈവെള്ള കണ്ടിട്ടാണ് ആളെ തിരിച്ചറിഞ്ഞത്. അങ്ങനെ കുറേ കഥകൾ പറയാറുണ്ട്. അപ്പൂപ്പൻ വേലുത്തമ്പി ദളവയുടെ ഫാൻ ആയിരുന്നു. ആ സിനിമ ചെയ്യുമ്പോൾ അപ്പൂപ്പൻ മണ്ണടി ക്ഷേത്രത്തിൽ പോയി ദളവയുടെ വാൾ കണ്ടിട്ട് അതേ തൂക്കത്തിലും രൂപത്തിലുമുള്ള വാളുണ്ടാക്കി അത് വീട്ടിൽ പൂജവച്ചതിനു ശേഷമാണു സിനിമയിൽ അഭിനയിച്ചത്.  ഞാൻ ഒരു നടനായതു ശേഷം അപ്പൂപ്പന്റെ സിനിമകൾ കൂടുതൽ സീരിയസ് ആയി കണ്ടുതുടങ്ങി. ഇപ്പോഴാണ് എനിക്ക് അപ്പൂപ്പന്റെ സിനിമകൾ കൂടുതൽ മനസ്സിലാകാൻ തുടങ്ങിയത്.

 

രണ്ടു ഹിറ്റ് ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ആയി 

 

രണ്ടു ഹിറ്റ് ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ആവുക എന്നത് ഒരു നടന് വളരെ അപൂർവമായി കിട്ടുന്ന ഭാഗ്യമാണ്. ലളിതം സുന്ദരം ഒടിടിയിൽ ഇറങ്ങി ഹിറ്റ് ആയപ്പോൾ 21 ഗ്രാംസ് തിയറ്ററിൽ നന്നായി ഓടുന്നു. രണ്ടിലും വളരെ എക്സ്പീരിയൻസ് ഉള്ള താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. രണ്ടു സിനിമയിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ഒരുപാട് പേർ വിളിക്കുന്നുണ്ട്. ലളിതം സുന്ദരം കണ്ടിട്ട് അവരുടെ വീടുപോലെ തോന്നി എന്ന് ഒരുപാടു പേര് വിളിച്ചു പറഞ്ഞു. സിനിമ കണ്ടപ്പോഴാണ് എന്റെ ചേട്ടനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ തോന്നിയത് എന്നു പറഞ്ഞവരുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്. 21 ഗ്രാംസ് ഒരു ചെറിയ ടീമിനെ വച്ച് ചെയ്ത സിനിമയാണ്. സംവിധായകൻ ബിബിൻ കൃഷ്ണ പുതുമുഖമാണ്. അത്തരമൊരു സിനിമ തിയറ്ററിൽ നല്ല രീതിയിൽ സ്വീകരിക്കപ്പെടുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. ആദ്യം തിയറ്ററുകളും ഷോയും കുറവായിരുന്നു. പക്ഷേ ആളുകൾ കണ്ടു പ്രതികരണങ്ങൾ വന്നപ്പോൾ കൂടുതൽ തിയേറ്ററും ഷോയും കിട്ടി. സിനിമ നല്ലതാണെങ്കിൽ എല്ലാവരും സ്വീകരിക്കും എന്നാണ് മനസ്സിലാകുന്നത്.    

 

ട്വെൽത്ത് മാനും വാശിയും വരുന്നു 

 

ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ട്വെൽത്ത് മാൻ ആണ് ഇനി ഇറങ്ങാൻ പോകുന്നത്. അതിനു പിന്നാലെ ടൊവിനോ നായകനാകുന്ന വാശി റിലീസ് ആകും. ഞാനും ശ്രീനാഥ്‌ ഭാസിയും അഭിനയിച്ച ഒരു ചിത്രവും വരുന്നുണ്ട് . ജീൻ വാൽ ജീൻ എന്ന ചിത്രം ഷൂട്ട് തുടങ്ങാനുണ്ട്. ലണ്ടനിലാണ് ലൊക്കേഷൻ. പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിലും ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. സച്ചിയേട്ടന്റെ അസോഷ്യേറ്റ് ആയിരുന്ന ജയൻ നമ്പ്യാർക്ക് വേണ്ടി സച്ചിയേട്ടൻ എഴുതാനിരുന്ന തിരക്കഥയാണ് അത്. ആ സിനിമ ജൂണിൽ തുടങ്ങാൻ പ്ലാനുണ്ട്. ഇതൊക്കെയാണ് പുതിയ വിശേഷങ്ങൾ. അച്ഛൻ പണ്ടേ പറയുമായിരുന്നു ‘നീ ഇഷ്ടപ്പെട്ടത് ചിലപ്പോൾ നാളെ കിട്ടും, അല്ലെങ്കിൽ പത്തുവർഷത്തിനു ശേഷമായിരിക്കും കിട്ടുക. എങ്കിലും നീ ശ്രമിച്ചുകൊണ്ടേയിരിക്കണം.’ അതുപോലെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ സന്തോഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com