‘മമ്മൂക്കയ്ക്കു മെസേജ് അയച്ചു വെറുപ്പിച്ച ആ ആൾ’; ‘പുഴു’ സംവിധായിക അഭിമുഖം

ratheena-mammootty-1
SHARE

ഒരു പതിറ്റാണ്ട് മുൻപ്.. നടൻ മമ്മൂട്ടിയുടെ സെറ്റുകളിൽ സ്ഥിരമായി എത്തിയിരുന്നു, ‘ശല്ല്യക്കാരിയായ’ ഒരാധിക. ആരാധനയെന്നാൽ ഇടിച്ചു കയറിയുള്ള ‘ആക്രമണം’ ഒന്നുമില്ല. മമ്മൂക്കയുടെ നോട്ടമെത്തുന്നിടത്തൊക്കെ കക്ഷി ഉണ്ടാകും. സെറ്റിലൊക്കെ വെറുതെ ചുറ്റിക്കറങ്ങിയങ്ങനെ നിൽക്കും. ഇടയ്ക്കു മൊബൈൽ നമ്പറിലേക്കു മെസേജുകൾ അയക്കും. ഒടുവിലൊരു ദിവസം, ആ മുഖം നടന്റെ ശ്രദ്ധയിൽ പതിഞ്ഞു. ‘ഏതാണാ കുട്ടി, പതിവായി ഇവിടെത്തന്നെയാണല്ലോ?’ എന്നായി ചോദ്യം. സെറ്റിലുള്ളവർ ആളെ മുന്നിൽ ഹാജരാക്കിയപ്പോൾ ആരാധിക സത്യം വെളിപ്പെടുത്തി. ‘ഞാനാണു സ്ഥിരമായി മമ്മൂക്കയ്ക്കു മെസേജുകൾ അയച്ചു വെറുപ്പിക്കുന്ന ആ ആൾ.’ പിന്നാലെ ഒരാവശ്യം. എനിക്കു മമ്മൂക്കയെ വച്ചൊരു പടം ചെയ്യണം! ആരാധികയുടെ പേരു പി.ടി.റത്തീന. 

10 വർഷങ്ങൾക്കിപ്പുറം റത്തീനയുടെ ചിത്രത്തിലെ നായകനായി മമ്മൂട്ടി അഭിനയിക്കുക മാത്രമല്ല, ‘പുഴു’ എന്ന ആ ചിത്രം നിർമിക്കുകയും ചെയ്യുന്നു. ഒരു സംവിധായികയുടെ ചിത്രത്തിൽ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നു എന്നതു മാത്രമല്ല പുഴുവിന്റെ പ്രത്യേകത, ഇന്നോളം ചെയ്തിട്ടില്ലാത്ത ഒരു റോളിൽ എത്തുന്നു എന്നതു കൂടിയാണ്. മമ്മൂക്കയിലേക്കും ആദ്യ സിനിമയിലേക്കുമുള്ള തന്റെ യാത്രയെപ്പറ്റി റത്തീന മനോരമയോട്..

മമ്മൂക്കയോട് ആദ്യം പറഞ്ഞ കഥ പുഴുവിന്റെയല്ല. മറ്റൊരു കഥയാണ്. പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. തിരക്കഥയെഴുതാനും പറഞ്ഞു. എന്നാൽ, കുഞ്ഞുമകനുള്ളതിനാൽ അവന്റെ കാര്യങ്ങൾ മാറ്റിവച്ചു തിരക്കഥയെഴുതാൻ പ്രയാസമായിരുന്നു. തിരക്കഥാ രചന മറ്റാരെയെങ്കിലും ഏൽപിക്കണമെന്നുണ്ടെന്നു ഞാൻ പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മമ്മൂക്ക ‘ഉണ്ട’ എന്ന ചിത്രത്തിന്റെ സെറ്റിലേക്കു വിളിച്ചു വരുത്തി തിരക്കഥാകൃത്ത് ഹർഷാദിനെ പരിചയപ്പെടുത്തി. ഞങ്ങൾ ഒരുമിച്ചിരുന്ന് തിരക്കഥയെഴുതി വന്നപ്പോൾ സംഭവം വലിയൊരു പ്രോജക്ട് ആയി. കോവിഡ് വിലക്കുകൾ രൂക്ഷമായിരുന്നതിനാൽ അപ്പോൾ ആ ചിത്രം  ചെയ്യാനാകുമായിരുന്നില്ല. അങ്ങനെ അതു മാറ്റിവച്ചു. ആ സമയത്താണു തന്റെ കയ്യിൽ ഒരു കഥയുണ്ടെന്നു ഹർഷാദിക്ക പറഞ്ഞത്. വായിച്ചപ്പോൾ എനിക്കു നന്നായി ഇഷ്ടപ്പെട്ടു. കഥ കേട്ടയുടൻ മമ്മൂക്കയ്ക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണു പുഴു രൂപപ്പെട്ടത്. തിരക്കഥാകൃത്തുക്കളായി ഇടയ്ക്കു ഷാർഫുവും സുഹാസുമെത്തി. ഫൈനൽ ഡ്രാഫ്റ്റ് ആകും വരെ മമ്മൂക്കയുമായി പല തവണ സായാഹ്ന തിരക്കഥാ ചർച്ചകള്‍ നടത്തിയിട്ടുണ്ട്. ഏറെ ആസ്വദിച്ച ദിനങ്ങളാണവ. ചിത്രത്തിൽ വളരെ വ്യത്യസ്തമായ റോളിലാണ് മമ്മൂക്ക എത്തുന്നത്.      

∙ ഹാർഡ് കോർ മമ്മൂക്ക ഫാൻ?

തീർച്ചയായും അതേ! പ്ലസ് ടു കാലഘട്ടത്തിലാണു സിനിമ തലയ്ക്കു പിടിക്കുന്നത്. അന്നൊക്കെ തിരക്കഥയെഴുത്തായിരുന്നു മെയിൻ. അന്നും എന്റെ കഥകളിൽ ഒരേയൊരു നായകനേയുള്ളൂ, മമ്മൂക്ക. നമ്മുടെ ചിന്തകൾ പോലും അദ്ദേഹത്തെ ചുറ്റിപ്പറ്റിത്തന്നെ. എങ്ങനെയോ സിനിമയിൽ എത്തി. എന്നാൽ, പുഴുവിനു മുൻപ് ഒരിക്കൽപ്പോലും മമ്മൂക്കയോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചില്ല. അതിനാൽ, മറ്റു സിനിമകളിൽ ജോലി ചെയ്യുമ്പോഴും എങ്ങനെയും മമ്മൂക്കയിലേക്കെത്തുക എന്നതായിരുന്നു ലക്ഷ്യം. നിരന്തരശ്രമങ്ങളുടെ ഫലമായി മമ്മൂക്കയിലേക്കും അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലേക്കും ഒരു എൻട്രി കിട്ടി. ഏറെ വർഷങ്ങളായി മനസ്സിലുള്ള ആഗ്രഹത്തിനൊപ്പം അദ്ദേഹത്തിനു പറ്റുന്ന കഥയും സാഹചര്യങ്ങളും ഒത്തു വന്നു. ആ സിനിമ സംഭവിച്ചു. അങ്ങനെയാണു ഞാനിതിനെ കാണുന്നത്.   

puzhu-movie

∙ റിലീസ് ചെയ്യും മുൻപു തന്നെ ‘പുഴു’ പ്രേക്ഷക ചർച്ചകളിൽ നിറയുന്നു. എന്താണ് ഭാവി പ്രതീക്ഷകൾ?

പുഴുവിന് അങ്ങനെയൊരു ഭാഗ്യം ലഭിച്ചു. സാധാരണഗതിയിൽ ചിത്രം റിലീസ് ചെയ്ത ശേഷാമാണു ചിത്രത്തെപ്പറ്റിയും സംവിധായകരെപ്പറ്റിയുമൊക്കെ ചോദ്യങ്ങളും അഭിപ്രായങ്ങളും ഉണ്ടാവുക. എന്നാൽ, ഇപ്പോൾ എവിടെച്ചെന്നാലും ‘പുഴുവിന്റെ സംവിധായിക’ എന്നു പറയുമ്പോൾത്തന്നെ തിരിച്ചറിയപ്പെടുന്നു. അതു വലിയൊരു ഭാഗ്യമായി കാണുന്നു. പുതിയ മികച്ച പ്രോജക്ടുകൾ ഉണ്ടാകും എന്നാണു പ്രതീക്ഷ. സിനിമ വിട്ടുള്ള ചിന്തകളില്ല. സംവിധാനവും നിർമാണവും ഒക്കെ പദ്ധതികളാണ്. അതിനായി പ്രയത്നിക്കാനാണു തീരുമാനം. 

∙ ആദ്യ സിനിമ തന്നെ ഒടിടിയിൽ. അതും ഒടിടി റീലീസിനെച്ചൊല്ലി ഇത്രയേറെ വിവാദങ്ങൾ ഉണ്ടാകുന്ന സമയത്ത്?

എന്റെ ആദ്യ ചിത്രം തിയറ്ററിൽ കാണണം എന്ന ആഗ്രഹം ഏതൊരാളെപ്പോലെയും എനിക്കും ഉണ്ടായിട്ടുണ്ട്. ഇല്ലെന്നു പറയാനാവില്ല. എന്നാൽ കാലഘട്ടത്തിന്റെ മാറ്റങ്ങൾ നാം ഉൾക്കൊണ്ടേ തീരൂ. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ അനുഗ്രഹമായിരുന്നു. അതുകൊണ്ടാണു സിനിമകൾ ആ കാലത്തും നമ്മോടൊപ്പം ഉണ്ടായിരുന്നത്. എല്ലാ മാറ്റവും നല്ലതിനാണെന്ന ചിന്തയാണെനിക്ക്. വിലക്കുകളെ പറ്റിയൊന്നും ചിന്തിച്ചിട്ടില്ല. സിനിമ തിയറ്ററിലൂടെയായാലും ഒടിടിയിലൂടെയായാലും പ്രേക്ഷകരിലെത്തുക എന്നതാണു പ്രധാനം. അവരതു കാണണം, അഭിപ്രായം പറയണം. അതു മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. 

ratheena-mammootty

∙ മുസ്‌ലിം സമുദായത്തിൽനിന്ന് സിനിമയിലേക്കുള്ള യാത്ര ദുഷ്കരമായിരുന്നോ?    

കർശന ചട്ടക്കൂടുകളിൽ നിന്നു വളർന്നയാളല്ല ഞാൻ. കുറച്ചു കൂടി സ്വാതന്ത്ര്യമുള്ള കുടുംബത്തിൽനിന്നാണ്. എന്റെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാനുള്ള യാത്രയ്ക്ക് എല്ലാ പിന്തുണയും ബാപ്പയുൾപ്പെടെ ഉള്ളവരിൽനിന്നു കിട്ടിയിട്ടുണ്ട്. എനിക്കു സിനിമ പഠിക്കാൻ പോകണമെന്നു ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. അതുകൊണ്ട് എന്നെ അതിനു വിട്ടില്ല എന്നേയുള്ളൂ. പഠിച്ചു തുടങ്ങിയതു പലതും പൂർത്തിയാക്കാത്ത ആളാണു ഞാൻ. എഡിറ്റിങ്ങും ഗ്രാഫിക്സുമെല്ലാം പഠിക്കാൻ പോയ ആളാണ്. എന്നാൽ ഇക്കാര്യത്തിലൊന്നും മാതാപിതാക്കൾ ഇടപെടുകയോ വിലക്കുകയോ ഒന്നും ചെയ്തിട്ടില്ല. എന്റെ ആദ്യ സിനിമ ചെയ്യുന്നതു പോലും വിവാഹത്തിനു ശേഷമാണ്. എന്നാൽ, ആദ്യകാലത്തു ലക്ഷ്യത്തിലേക്കുള്ള യാത്ര വിചാരിച്ചതു പോലെ ഫലവാത്താകാതിരുന്നപ്പോൾ ചിലരെങ്കിലും നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്. 

∙ മലയാള സിനിമയിലെ സ്ത്രീകളുടെ തൊഴിൽസാഹചര്യങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വരാത്തതിനെപ്പറ്റി?

നടിമാരും ടെക്നീഷൻമാരും ഉൾപ്പെടെ ഒട്ടേറെ വനിതകൾ ജോലി നോക്കുന്നുണ്ട് മലയാളസിനിമയിൽ. നിലവിലെ സാഹചര്യങ്ങളിൽ അവർ സുരക്ഷിതരല്ല എന്നതു കൊണ്ടാണല്ലോ ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിച്ചതും മേഖലയിലെ സ്ത്രീകൾ അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയിച്ചതും. അപ്പോൾ എന്തായിരുന്നോ കമ്മിഷന്റെ ലക്ഷ്യം അതു നിറവേറപ്പെടണം. ആ റിപ്പോർട്ട് എന്താണെന്ന് അറിയാനുള്ള അവകാശം സിനിമമേഖലയിലും പുറത്തുമുള്ള ഒരോ സ്ത്രീയ്ക്കുമുണ്ട്. 

ratheena

∙ സിനിമയെന്ന പുരുഷകേന്ദ്രീകൃത ലോകത്തെ സംവിധായിക എന്ന നിലയിൽ എങ്ങനെ കാണുന്നു?     ‌

ഒരു കൂട്ടം പുരുഷൻമാർക്കിടയിൽ ‘എനിക്കു സാധിക്കും’ എന്നു തെളിയിക്കുക വളരെ വളരെ പ്രയാസകരമായ കാര്യം തന്നെയാണ്. ആദ്യ കാലങ്ങളിൽ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. ‘പുഴു’ ചെയ്തപ്പോഴേക്കും എന്റെ കഴിവിൽ വിശ്വാസമുള്ള ഒരുകൂട്ടം ആളുകളെ എനിക്കു ചുറ്റും കിട്ടി. മമ്മൂക്കയും പാർവതിയുമുൾപ്പെടെ എന്നെ വിശ്വാസമുള്ള നടീ നടൻമാരും എഴുത്തുകാരും ടെക്നീഷൻമാരുമെല്ലാം കട്ടയ്ക്കു കൂടെ നിന്നതിനാൽ വലിയ പ്രയാസമൊന്നുമുണ്ടായില്ല. എന്നാൽ ഇനിയങ്ങോട്ടും അങ്ങനെയായിക്കൊള്ളണം എന്നുമില്ല. നമ്മെപ്പറ്റിയുള്ള സംശയങ്ങൾ നിരന്തരം ദൂരീകരിക്കുകയും നമ്മെത്തന്നെ വീണ്ടും വീണ്ടും പ്രൂവ് ചെയ്യുകയും വേണ്ടി വരും എന്നുറപ്പാണ്. ഒരു ചിത്രം ചെയ്തു എന്നതു കൊണ്ടു മാത്രം എന്റെ മുൻപിൽ റോസപ്പൂക്കൾ വിതറിയ വഴി തെളിഞ്ഞു വരില്ല എന്നും എനിക്കറിയാം. ഏതായാലും ഇവിടെ വരെയെത്തിയില്ലേ, പിടിച്ചു നിൽക്കാം.     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA