ADVERTISEMENT

ലൈവ് സ്റ്റേജ് ഷോകൾ ഇല്ലാതായാൽ എന്തു ചെയ്യും എന്ന ആലോചന രമേഷ് പിഷാരടിയെ പിന്തുടർന്ന കാലമുണ്ടായിരുന്നു.  നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകുന്ന അവസ്ഥയിലാണു കോവിഡ് വന്നത്. ഇപ്പോൾ അത്തരമൊരാശങ്ക പിഷാരടിക്കില്ല. പഴയതുപോലെ സ്റ്റേജ് ഷോകളുടെ പൂക്കാലം വരുമെന്നും തന്റെ തമാശകൾ കേട്ട് ജനം ഇളകിമറിയുമെന്നും രമേഷ് പിഷാരടി കരുതുന്നില്ല. ‘തമാശകളുടെ ആയുസ്സ് മൊബൈൽ വന്നതോടെ ക്ഷണികമായി. ഇപ്പോൾ സിനിമ ഒരിടം തന്നിട്ടുണ്ട്. അതിൽ സന്തോഷമുണ്ട്. ഇനിയുള്ള യാത്രകൾ ഇങ്ങനെയാകാൻ ആഗ്രഹമുണ്ട് ’.  പുതിയതായി നായകനാവുന്ന സിനിമ ‘ നോ വേ ഔട്ടിനെക്കുറിച്ച് ’ പിഷാരടിവാചാലനായി . 

 

∙ തിരഞ്ഞെടുപ്പുകാലത്ത് പിഷാരടി  രാഷ്ട്രീയത്തിൽ ഓടിയിറങ്ങി. പഞ്ചാബിൽ മുഖ്യമന്ത്രിയായ ഭഗവന്ത് മാൻ അറിയപ്പെടുന്ന സ്റ്റാൻ‍‍ഡ‍പ്പ് കൊമേഡിയനാണ്. യുക്രെയ്നിൽ റഷ്യയെ ചെറുത്തു നിൽക്കുന്ന പ്രസിഡന്റ് സെലെൻസ്കിയും കൊമേഡിയനാണ്. പിഷാരടിക്കും രാഷ്ട്രീയത്തിൽ ഒന്ന് പയറ്റിക്കൂടെ ?

 

രാഷ്ട്രീയ പ്രവർത്തനം ഒരു അഡ്മിനിസ്ട്രേറ്റീവ് ജോലിയാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ മാത്രമാണ് രാഷ്ട്രീയത്തിലെത്തുമ്പോൾ നിങ്ങൾ പണ്ട് പോസ്റ്ററൊട്ടിച്ചിടുണ്ടോ പണ്ട് പൊലീസിന്റെ തല്ലുകൊണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കുന്നത്. പോസ്റ്ററൊട്ടിക്കുന്നത് നല്ല രാഷ്ട്രീയക്കാരനാകുന്നതിന്റെ മാനദണ്ഡമല്ല. ഞാൻ മുഴുവൻസമയ രാഷ്ട്രീയക്കാരനല്ല. കലാകാരനാണ്. രാഷ്ട്രീയത്തിലിടപെടാൻ ആ സമയത്തു തിരഞ്ഞെടുപ്പു വേണ്ടിവന്നുവെന്നു മാത്രം. എന്റെ അടുത്ത സുഹൃത്താണ് ധർമജൻ. അവനുവേണ്ടി പ്രചാരണത്തിനിറങ്ങി. ഞാൻ മുകേഷേട്ടനും ഇന്നസെന്റേട്ടനും വേണ്ടി പ്രചാരണത്തിനു പോയിട്ടുണ്ട്. അഭിഭാഷകരും എൻജിനീയർമാരും യോഗികളും വരെ രാഷ്ട്രീയത്തിലുണ്ടല്ലോ. അതുപോലൊന്നു മാത്രമാണു സ്റ്റാൻഡപ്പ് കൊമേഡിയൻ രാഷ്ട്രീയക്കാരനാകുന്നതും.

 

∙സ്റ്റേജ് ഷോകളിലെ മിന്നുന്ന കൊമേഡിയൻ ആയിട്ടും സിനിമയിൽ സ്വീകാര്യത കിട്ടാൻ വൈകിയോ ? 

 

സർഫ് കമ്പനി നാളെ ചായപ്പൊടി ഇറക്കിയാൽ എത്ര നല്ലതാണെങ്കിലും ആളുകൾ തുടക്കത്തിൽ അംഗീകരിക്കില്ല. ജനം കണ്ടിട്ടുള്ളതു മുഴുവൻ അവരുടെ  സോപ്പുപൊടിയാണ്. ഈ മാറ്റത്തിനു ജനത്തിന് ഒരു സമയം നൽകണം. നന്നായി പരസ്യം ചെയ്യുന്നയാൾ സിനിമയെടുത്താൽ പരസ്യം പോലെയുണ്ട് എന്ന് ആളുകൾ പറയും. സിദ്ദിഖ് ലാലുമാരോട് തുടക്കകാലത്ത് അവരുടെ പടം മിമിക്രിയാണെന്നു പറഞ്ഞവരുണ്ട്. 10–12 വർഷം മുൻപു ഞാൻ നായകനായ സിനിമ വന്നു. വിജയിച്ചില്ല. പക്ഷേ ഞാൻ തളർന്നില്ല. എന്റെ സ്റ്റേജ് ഷോകളുമായി ജീവിച്ച് കലാപരിസരത്തുതന്നെ തുടർന്നു സിനിമയിലെത്തി. ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ചു. സമയമെടുത്തു നമ്മൾ പ്രൂവ് ചെയ്താലെ രക്ഷയുള്ളൂ. 

mammootty-pishu

 

∙നോ വേ ഔട്ട് എന്ന പുതിയ ചിത്രം എന്തു പ്രതീക്ഷയാണ് നൽകുന്നത് ? 

 

വലിയ പ്രതീക്ഷയുള്ള സിനിമയാണ്. നല്ല അഭിനയപ്രാധാന്യമുള്ള സിനിമയാണ്. ശാരീരികമായി വളരെ ബുദ്ധിമുട്ടിയാണ് അഭിനയിച്ചത്. നിതിൻ ദേവിദാസ് എന്ന പുതുമുഖ സംവിധായകനാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തിരക്കഥയും നിതിന്റേതു തന്നെയാണ്. പല ജീവിതസാഹചര്യത്തിലും ചിലപ്പോൾ മനുഷ്യന് ആത്മഹത്യ ചെയ്യണം എന്ന തോന്നലുണ്ടാകും. എന്നാൽ അതിനെ മറികടക്കുന്നത് ഒരു നിർണായക തീരുമാനമാണ്. ഒരു  നിർണായക സാഹചര്യത്തിൽ മരണവുമായി മുഖാമുഖം നിന്ന് അതിനെ നേരിട്ടു കണ്ടു തോൽപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ‘ നോ വേ ഔട്ട് ’.

 

∙മമ്മൂട്ടിക്കൊപ്പം യാത്രകൾ, നിഴൽ പോലെ പിഷാരടിയും ഒപ്പം... എന്താണ് മമ്മൂട്ടിയുമായുള്ള സൗഹൃദം  പിഷാരടിക്ക് നൽകിയത് ?

psiahrody-3

 

മമ്മുക്കയോടു ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ( ഗാനഗന്ധർവൻ )  കഥയൊക്കെ പറഞ്ഞിരിക്കുന്ന സമയം. ആ സമയത്താണ് 2018 ൽ നാട്ടിൽ വലിയ വെള്ളപ്പൊക്കമുണ്ടാകുന്നത്. മമ്മൂക്ക ഒരു ഓണക്കാലത്ത് എന്നെ വിളിക്കുന്നു. പിഷാരടി, ഈ ഓണം വീട്ടിൽ തന്നെ ഉണ്ണണമെന്ന് നിനക്ക് നിർബന്ധമുണ്ടോയെന്നായിരുന്നു ചോദ്യം. ഒരു നിർബന്ധവുമില്ലെന്നു ഞാൻ പറഞ്ഞു. എങ്കിൽ കൂടെ വരാൻ വിളിച്ചു.  ഞാൻ ചില ക്യാംപിലൊക്കെ പോകും. അവരോട് സംസാരിക്കും. അവർ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവരാണ്. ഞാൻ എന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ല. നീ രണ്ടു വാക്കു സംസാരിച്ചാൽ അവർക്കതൊരു സന്തോഷമാകുമെന്നു പറഞ്ഞു. 

 

ആ യാത്രയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ മാർജിൻ മാറ്റിവരച്ചത്. എന്നെ സംബന്ധിച്ചിടത്തോളം വലിയ അദ്ഭുതമാണ് മമ്മൂക്ക. അദ്ദേഹത്തിനൊപ്പമുള്ള യാത്രകൾ എന്നെ ഓരോ തവണയും പുതുക്കുന്നുണ്ട്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ച സമയത്ത് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ഒരു തെറ്റായ കാര്യമല്ല. അതിൽ നിൽക്കണമെങ്കിൽ ഇറങ്ങി പ്രവർത്തിക്കണം. സിനിമയുടെ അഡ്രസുമായി അങ്ങോട്ടു പോകുന്നതാണ് പ്രശ്നം.

 

∙പിഷാരടിയുടെ കഥകളും ഉപകഥകളും വളരെ പ്രശസ്തമാണ്. കഥ പറഞ്ഞ് വെട്ടിലായ സംഭവങ്ങളുണ്ടോ ? 

 

കഥകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതല്ല. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട മിക്ക സംഭവങ്ങളിലും  ഒരു കഥയുണ്ട്. അതു ചിരിപ്പിക്കാൻ ഉപയോഗിക്കുമ്പോൾ ചില പൊടിപ്പും തൊങ്ങലും നിർദോഷമായി ചേർക്കും.

 

കഥകൾ തിരിച്ചടിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് ഒരു കഥ പറഞ്ഞു. അദ്ദേഹത്തിന്റെ അധ്യാപകനായ സതീശൻ മാസ്റ്ററുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. ഞാനത് ടിവി ഷോയ്ക്കിടെ എടുത്തിട്ടു. സതീശൻ മാസ്റ്റർക്ക് അപമാനമുണ്ടാകരുതെന്നു കരുതി ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നാക്കി കഥയങ്ങു മിന്നിച്ചു. ഷോ കഴിഞ്ഞപ്പോഴേ അവൻ വിളിച്ചു. സംഗതി പുലിവാലായി സാറിന്റെ യഥാർഥ പേര് ഗോപാലകൃഷ്ണൻ എന്നാണ് നിന്നോട് ഞാൻ സതീശൻ എന്ന പേരുമാറ്റിപ്പറഞ്ഞതാണ്. ഞാൻ ശരിക്കും പെട്ടു.

 

∙മലയാള സിനിമയിലെ ചിരിയുടെ ഗ്രാഫ് പിഷാരടി എങ്ങനെ വിലയിരുത്തുന്നു ? 

 

സിനിമയിലെ കോമഡിയുടെ വളർച്ച സമൂഹത്തിലെ കോമഡിയുടെ ലഭ്യതയുമായി ബന്ധപ്പെട്ടാണ്. സിനിമയിൽ കഥയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള  കോമഡി മാത്രമേ ഇന്നു പറയാൻ കഴിയൂ. കോമഡിക്കു വേണ്ടി ഒന്നും ഉണ്ടാക്കാൻ പറ്റില്ല. ഒരിക്കൽ ഒരാൾ എന്നോടു  പറഞ്ഞു നിങ്ങളുടെ സിനിമയിൽ കൂടുതലും മിമിക്രി കോമഡിയാണെന്ന്. അപ്പോൾ ഞാൻ ചോദിച്ചു മിമിക്രി കോമഡിയും സാദാ കോമഡിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്. അപ്പോൾ അദ്ദേഹം മിമിക്രിക്കാരുടെ സിനിമയിലെ കോമഡികൾ മിമിക്രിയായി വിലയിരുത്തുകയാണ്. സത്യത്തിൽ അതിനൊന്നും കൃത്യമായ നിർവചനങ്ങളില്ല. ചിരിവരുന്നതെല്ലാം കോമഡിയാണ്. മണ്ടത്തരം പറഞ്ഞാലും ചിരിപ്പിക്കാം.    കുറച്ചു കഴിയുമ്പോൾ ആളുകൾ നിങ്ങളെ മണ്ടനെന്നു വിലയിരുത്തും. 

 

നമ്മൾ പറയുന്ന തമാശയിൽ ഒരു ലെയറിലെങ്കിലും  എന്തെങ്കിലും ആലോചിക്കാനുണ്ടെങ്കിൽ അതൊരു സംഭവമാണ്. ചിരി നിർത്തിയ ശേഷമുണ്ടാകുന്ന ആ ചിന്തയാണ് ആ ചിരിയുടെ ആയുസ്സ് നീട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com