വൈദികൻ തിരക്കഥയെഴുതുന്ന ‘വരയൻ’

varayan
ഫാ.ഡാനി കപ്പൂച്ചിൻ, സിജു വിൽസൻ
SHARE

ഉപമകളിലൂടെയും കഥകളിലൂടെയും വലിയ കാര്യങ്ങൾ മനുഷ്യരെ പഠിപ്പിച്ച ക്രിസ്തുവാണു ചെറുപ്പം മുതലേ ഫാ.ഡാനിയുടെ ഹീറോ. ക്രിസ്തുവിന്റെ വഴിയിലേക്കു ജീവിതവും തിരിഞ്ഞപ്പോൾ ഇതേ കഥകൾ വഴി ഒട്ടേറെ മനുഷ്യജീവിതങ്ങളെയും സ്വാധീനിക്കാനായി. ഫാ.ഡാനി കപ്പൂച്ചിൻ എഴുതിയ കഥ സിനിമയായി റിലീസിനൊരുങ്ങുകയാണ്. ഒരു വൈദികൻ ഒരുക്കിയ തിരക്കഥയെന്ന അപൂർവതയോടെ സിജു വിൽസൻ നായകനായെത്തുന്ന ‘വരയൻ’ തിയറ്ററുകളിലെത്തുമ്പോൾ തിരക്കഥയൊരുക്കിയ ഫാ.ഡാനി തന്റെ കഥ പറയുന്നു. 

∙ വൈദിക ജീവിതത്തിൽ എപ്പോഴാണ് സിനിമ എന്ന ആഗ്രഹം മനസ്സിൽ തോന്നിയത് ? ഇതെങ്ങനെ സിനിമയായി..?

കുട്ടിക്കാലം മുതലേ കഥകൾ എന്നും മനസ്സിൽ ഉണ്ടായിരുന്നു. പിന്നീട് ക്രിസ്തുവിനെ കണ്ടതും കഥകളിലൂടെ കാര്യം പറയുന്ന ഒരാളായിട്ടാണ്. സുഹൃത്തുക്കളായ പല വൈദികരോടും എല്ലാകാലത്തും ചില കഥകൾ പറയുമായിരുന്നു. സുഹൃത്തായ ജിജോ ജോസഫിനോടു പറഞ്ഞ കഥയിൽ നിന്നാണു ‘വരയൻ’ പിറക്കുന്നത്. തുടർന്നു തിരക്കഥ തയാറാക്കാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചു സിജു വിൽസനോട് കഥ പറഞ്ഞു. വളരെ ആവേശത്തോടെയാണ് അദ്ദേഹവും കഥ ഉൾക്കൊണ്ടത്. സത്യം സിനിമാസിന്റെ എ.ജി.പ്രേമചന്ദ്രൻ നിർമാണം ഏറ്റെടുത്തതോടെ സിനിമ യാഥാർഥ്യമായി. ജിജോ ജോസഫ് തന്നെയാണു സംവിധായകനും. 

 ∙ സിനിമയിലെ പ്രധാന കഥാപാത്രമായ വൈദികനെ രൂപപ്പെടുത്താൻ സ്വീകരിച്ച മാർഗം എന്തായിരുന്നു? 

ഒരു യഥാർഥ സംഭവത്തിന്റെ പിൻബലം ഈ സിനിമയ്ക്കുണ്ട്. ഗുണ്ടകൾ വളഞ്ഞു നിന്ന് ഞങ്ങളുടെ 2 കപ്പൂച്ചിൻ വൈദികരെ മുട്ടിന്മേൽ നിർത്തി കൊന്ത ചൊല്ലിച്ച ഒരു സ്ഥലമുണ്ട്. ആദ്യം ഒന്നു ഞെട്ടിയ സംഭവം പിന്നീട് തമാശയായി കണക്കാക്കിയെങ്കിലും പക്ഷേ,എന്റെ മനസ്സിൽനിന്ന് അതു വിട്ടു പോയില്ല. അങ്ങനെ ഒരു നാട്ടിൽ ഒരു യുവ വൈദികൻ ചെന്നുപെടുന്നിടത്താണ് 'വരയൻ' ആരംഭിക്കുന്നത്. പിന്നെ എല്ലാം കീഴ്മേൽ മറിക്കുന്ന അയാളുടെ കളികളാണ്. 

∙ കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്ന, പ്രണയിക്കുന്ന വൈദികൻ എന്ന കഥാപാത്രത്തെ സഭയും സമൂഹവും അംഗീകരിക്കില്ല എന്ന ആശങ്ക ഉണ്ടോ?

കയ്യിൽ കിട്ടുന്ന എന്തും കുടിക്കുന്നവരോട് ചെത്തി ഇറക്കിയ പുതിയ കള്ള് കുടിക്കാൻ പറയുന്ന സുവിശേഷമാണ് അയാളുടേത്. ചീട്ടുകളിക്കാരോട് കളിയിൽ കള്ളക്കളി എടുക്കരുതെന്ന് പറയുന്ന സുവിശേഷം. വരയൻ അത്തരമൊരു സിനിമയും കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

പിന്നെ പ്രണയം; എന്തിനാണ് ഒരു പുരോഹിതനെ പ്രണയത്തിൽ നിന്ന് ഒഴിവാക്കുന്നത്? 

∙  സഭയും സമൂഹവും ബന്ധുക്കളും മറ്റും നൽകിയ പിന്തുണ എങ്ങനെയായിരുന്നു? അനുമതികൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?

സഭയുടെ അനുമതിയും ആശീർവാദവും ഈ സിനിമയ്ക്കുണ്ട്. ദൃശ്യ മാധ്യമങ്ങളോട് എന്നും പുരോഗമനപരമായ സമീപനമാണ് കപ്പൂച്ചിൻ സഭയ്ക്ക്.  ‘കൊല്ലം അസീസി’ എന്ന പ്രശസ്തമായ നാടകവേദി ഞങ്ങളുടേതാണ്. ഞങ്ങളുടെ നിരവധി യുവ വൈദികർ വളരെ അർഥവത്തായും കാര്യക്ഷമമായും സിനിമയെ സമീപിക്കുന്നവരാണ്.

∙ മുന്നോട്ടും സിനിമയിൽ സജീവമാകാനാണോ താൽപര്യം? 

തീർച്ചയായും; 'വരയൻ' മേയ് 20ന് റിലീസ് ആവുകയാണ്. ഞങ്ങളുടെ കൂട്ടുകെട്ടിൽ പുതിയ സിനിമകൾക്കുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA