ADVERTISEMENT

‘ആർആർആർ’ എന്ന രാജമൗലി ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെതന്നെ വൻവിജയത്തിലേക്കു കുതിക്കുമ്പോൾ, അതിന്റെ മലയാളം പതിപ്പിൽ രാംചരണിനു ശബ്ദമായ ഷോബി തിലകനും കയ്യടി നേടുകയാണ്. തിലകൻ എന്ന അതുല്യ പ്രതിഭയുടെ മകനും നടനും പേരെടുത്ത ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ ശബ്ദം കൊടുക്കുന്ന നാലാമത്തെ രാജമൗലി ചിത്രമാണ് ആർആർആർ. രാംചരൺ എന്ന തെലുങ്കു സുന്ദരന് ഷോബി തിലകന്റെ ഘനഗംഭീരമായ ശബ്ദം ഇണങ്ങുമോ എന്ന സംശയം ചിലർക്കൊക്കെ ഉണ്ടായിരുന്നെകിലും സംഭാഷണം എഴുതിയ മങ്കൊമ്പ് ഗോപാലകൃഷ്‌ണന് ഷോബിയിൽ വിശ്വാസമായിരുന്നു.

മങ്കൊമ്പ് മലയാളത്തിലാക്കുന്ന അന്യഭാഷാ ചിത്രങ്ങൾക്കെല്ലാം ഷോബി ശബ്ദമാകാറുണ്ട്. ഒരു മൂളൽ കൊണ്ടുപോലും മലയാളിയെ വിസ്മയിപ്പിച്ച അച്ഛന്റെ മകൻ പഴശ്ശി രാജ എന്ന ചിത്രത്തിൽ ശരത്ത് കുമാറിന് ശബ്ദം നൽകിയതിലൂടെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. രാജമൗലിയും പ്രിയപ്പെട്ട മങ്കൊമ്പും രാംചരൺ എന്ന അഭിനയ വിസ്മയവും രാജ്യസ്നേഹവും എല്ലാം ഒത്തുചേർന്ന ആർആർആറിന് ശബ്ദമായതിന്റെ വിശേഷങ്ങളുമായി ഷോബി തിലകൻ മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.

‘രാജമൗലി സാറിന്റെ, ഞാൻ ശബ്ദം കൊടുക്കുന്ന നാലാമത്തെ സിനിമയാണ് ‘ആർആർആർ’. ആദ്യത്തെ സിനിമ ‘ഈച്ച’ ആയിരുന്നു അതിൽ കിച്ച സുദീപിനാണ് ശബ്ദം കൊടുത്തത്. പിന്നീട് ബാഹുബലി ഒന്നിനും രണ്ടിനും ഡബ്ബ് ചെയ്തു. രാംചരൺ തേജയ്ക്കു വേണ്ടിയാണ് ഇത്തവണ എന്റെ ശബ്ദം ഉപയോഗിച്ചത്. രാജമൗലി സാറിനു വേണ്ടി വർക്ക് ചെയ്യുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. അദ്ദേഹത്തിന്റെ മേക്കിങ് വളരെ ത്രില്ലിങ് ആയി തോന്നും. നല്ലൊരു സിനിമ ചെയ്‌തു എന്നൊരു ആത്മസംതൃപ്തിയുമുണ്ടാകും.

ഈ പടങ്ങളിലേക്കെല്ലാം ഞാൻ എത്തിപ്പെട്ടത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ സാറിലൂടെയാണ്. അദ്ദേഹം ഒരുപാട് അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. ‘ഈച്ച’ എന്ന സിനിമയ്ക്ക് ശബ്ദം കൊടുക്കാൻ പോയത് ഒരു സാധാരണ തെലുങ്കു പടം ചെയ്യാൻ പോകുന്ന ലാഘവത്തോടെയാണ്. പക്ഷേ അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. കുട്ടികൾക്കാണ് കൂടുതൽ ഇഷ്ടമായത്. മങ്കൊമ്പ് സർ സംഭാഷണം എഴുതുന്ന ചിത്രങ്ങൾ അന്യഭാഷാ ഡബ്ബ് സിനിമയാണെന്ന് തോന്നില്ല, മലയാളത്തിൽ ഇറങ്ങുന്ന ഒരു പുതിയ സിനിമ കാണുന്ന താല്പര്യത്തോടെ മലയാളികൾ അവ കാണാറുണ്ട്.

മങ്കൊമ്പ് സാറുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. ആദ്യമായി ഡബ്ബിങ്ങിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം എന്നിലേക്കെത്തിച്ചത് മങ്കൊമ്പ് സാറായിരുന്നു. പഴശ്ശിരാജ എന്ന സിനിമയിൽ ശരത് കുമാറിനു ശബ്ദം കൊടുക്കാൻ എന്റെ പേര് നിർദേശിച്ചത് മങ്കൊമ്പ് സാറാണ് അതുകൊണ്ടാണ് എനിക്ക് അങ്ങനെയൊരു ഭാഗ്യം കിട്ടിയത്. രാംചരണു വേണ്ടി ഞാനിതുവരെ ഡബ്ബ് ചെയ്തിട്ടില്ല എന്റെ ശബ്ദം അദ്ദേഹത്തിനു ചേരുമോ എന്ന് പലർക്കും സംശയമുണ്ടാകാം. ‘ആർആർആർ’ എന്ന സിനിമയിൽ രാംചരണിന്റെ കഥാപാത്രം വളരെ ബോൾഡ് ആയ, ആദ്യമൊരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ്. ബ്രിട്ടിഷുകാരെ അനുകൂലിക്കുന്നതു പോലെ ആദ്യം തോന്നും. അത്തരമൊരു ആളിന് സോഫ്റ്റ് വോയ്‌സ് ചേരില്ല എന്നു തോന്നിയതുകൊണ്ടായിരിക്കാം അദ്ദേഹം എന്നെ വിളിച്ചത്.

രാജമൗലി സാറിന്റെ പടങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ചർച്ചകൾ നടത്താറുണ്ട്. ഞാൻ, രാജമൗലി സാറിന്റെ അസിസ്റ്റന്റ് വിജയകുമാർ, മങ്കൊമ്പ് സാർ, മറ്റു ഡബ്ബിങ് ആർട്ടിസ്റ്റുകൾ, റെക്കോർഡ് ചെയ്യുന്നവർ ഒക്കെ ഇരുന്നാണ് മലയാളത്തിലേക്ക് വേണ്ടിയുള്ള ചർച്ച നടത്തിയത്. ഓരോ ഡയലോഗും മലയാളികൾ എങ്ങനെയെടുക്കുമെന്ന് ഞങ്ങൾ ചർച്ച ചെയ്യും. അന്യഭാഷാ ചിത്രങ്ങൾക്ക് എക്സ്പ്രഷൻ കുറച്ചു കൂടുതലാണ്. മലയാളികൾക്ക് അത്രയും വേണ്ട. വളരെ പവർഫുൾ സംഭാഷങ്ങളാണ് മങ്കൊമ്പ് സാർ എഴുതുക. ആ സിനിമയിൽ അതിന്റെ ആവശ്യമുണ്ട്. ‘ഈ നരിവേട്ട എത്ര നേരത്തേക്ക്’, ‘കുംഭസ്ഥലത്തു തന്നെ പ്രഹരിച്ച് തകർക്കാൻ വാ’ തുടങ്ങിയ സംഭാഷണങ്ങളിൽ ഈ വാക്കുകളൊന്നും നമ്മുടെ സംസാരഭാഷയിൽ ഉപയോഗിക്കുന്നതല്ല. വളരെ സ്വാഭാവികമായി സംസാരിക്കുന്ന കൂട്ടത്തിലാണ് മലയാളികൾ. പക്ഷേ ഇത്തരം വാക്കുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ ചിത്രത്തിന് ഉദ്ദേശിക്കുന്ന പവർ കിട്ടൂ. നടന്റെ ലിപ് സിങ്ക് കൂടി നോക്കണമല്ലോ. ഇന്ത്യക്കാരനാണെന്നതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. ബ്രിട്ടിഷുകാർക്ക് എതിരെ പോരാടുന്ന ഒരു പോരാളിയാണ് ഞാൻ എന്ന് ഇതിൽ ഡബ്ബ് ചെയ്തപ്പോൾ എനിക്കു തോന്നിപ്പോയി. രാജ്യസ്നേഹം ഉണർത്തുന്ന സംഭാഷണങ്ങൾ എഴുതിയതിന് മങ്കൊമ്പ് സാറിനോടാണ് നന്ദി പറയേണ്ടത്.

രാംചരൺ അസ്സലായി അഭിനയിച്ചിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങൾക്കു ഡബ്ബ് ചെയ്യുമ്പോൾ ലിപ് സിങ്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഒരു ഡബ്ബിങ് ആര്ടിസ്റ്റിന് ഏറ്റവും കൂടുതൽ വേണ്ടത് മികച്ച ടൈമിങ് ആണ്. അഭിനയിക്കുന്നത് നല്ലൊരു ആർട്ടിസ്റ്റാണെങ്കിൽ മാത്രമേ നമുക്ക് നല്ല ടൈമിങ് കിട്ടൂ. രാംചരണിനു വേണ്ടി ഡബ്ബ് ചെയ്തപ്പോൾ മീറ്റർ ശരിയായി പിന്തുടരാൻ കഴിഞ്ഞു. ക്രിക്കറ്റിൽ ബോൾ വരുമ്പോൾ നല്ല ടൈമിങ്ങോടെ ബാറ്റ് ചെയ്താൽ അത് സിക്സ് ആകും എന്ന് പറയുന്നതുപോലെയാണത്. ഈ സിനിമ ഇറങ്ങിയപ്പോൾ രാംചരൺ അടിപൊളി ആയി, നന്നായി ഡബ്ബ് ചെയ്തു എന്നിങ്ങനെ ഒരുപാട് പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. വളരെ സന്തോഷമുണ്ട്. ബാഹുബലി പോലെ തന്നെ ആർആർആറും ഇന്ത്യൻ സിനിമയുടെ ചരിത്രമാകും. രാജമൗലി സാറിന്റെ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ നമ്മളും ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കും.

ഞാനിപ്പോൾ ‘ദ്രോണ’ എന്ന കന്നഡ ചിത്രത്തിൽ കിച്ച സുദീപിനു വേണ്ടി ശബ്ദം കൊടുത്തുകൊണ്ടിരിക്കുകയാണ്. ജൂലൈയിൽ റിലീസ് ചെയ്യും. ഈച്ച ഉൾപ്പെടെ രണ്ടുമൂന്നു ചിത്രങ്ങളിൽ ഞാൻ സുദീപിനു ശബ്ദം കൊടുത്തിട്ടുണ്ട്. ദ്രോണയിൽ സുദീപിനു വേണ്ടി രണ്ടു തരത്തിലാണ് ശബ്ദം കൊടുക്കുന്നത്. ഒരു കഥാപാത്രത്തിന്റെ രണ്ടു തരത്തിലുള്ള മാനസികാവസ്ഥയാണ്. ആ ചിത്രത്തിന് രണ്ടുഭാഗങ്ങളുണ്ട്. ഒരു പുതിയ ചിത്രത്തിൽ ബിനോജ് എന്ന ഒരു താരത്തിന് വേണ്ടി ഒരു പ്രത്യേക രീതിയിൽ ശബ്ദം കൊടുത്തിട്ടുണ്ട്. അദ്ദേഹം ആ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ്.

റെജിൻ എസ്.ബാബു സംവിധാനം ചെയ്യുന്ന ‘പെൻഡുലം’ എന്നൊരു ചിത്രം കൂടി വരുന്നുണ്ട്. വിജയ് ബാബു ആണ് നായകൻ. കോവിഡിനു മുൻപ് അഭിനയിച്ച ചില പടങ്ങൾ റിലീസ് ചെയ്യാനുണ്ട്. എം.ജെ. രാധാകൃഷ്ണൻ സാർ അവസാനമായി ക്യാമറ ചലിപ്പിച്ച ‘അഷ്ടമുടി കപ്പിൾസ്’ എന്ന സിനിമയിലും ഞാൻ ഒരു വേഷം ചെയ്തിട്ടുണ്ട്. കുഞ്ഞുമോൻ താഹ ആണ് അത് സംവിധാനം ചെയ്തത്. എന്നെ ആദ്യമായി മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത് കുഞ്ഞുമോൻ താഹ ആണ്.

മോഹൻലാൽ –ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘റാം’ എന്ന ചിത്രത്തിൽ ഒരു പൊലീസ് വേഷം ചെയ്യുന്നുണ്ട്. ആ ചിത്രം റിലീസ് ചെയ്യുമ്പോൾ ലാലേട്ടനോടൊപ്പം എന്റെ വീട്ടിലെ മൂന്നുപേർ പൊലീസ് വേഷം ചെയ്തു എന്ന പ്രത്യേകത കൂടി ഉണ്ട്. അച്ഛനും ഷമ്മി ചേട്ടനും അദ്ദേഹത്തോടൊപ്പം പൊലീസ് വേഷം ചെയ്തിട്ടുണ്ട്. അത് ഞാൻ ലാലേട്ടനോടും സെറ്റിൽ പറഞ്ഞു. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കുടുംബ വിളക്ക്, മാതാവ്, അമ്മ അറിയാതെ, മഞ്ഞിൽ വിരിഞ്ഞ പൂവ് എന്നിങ്ങനെ ചില സീരിയലുകളിലും അഭിനയിക്കുന്നുണ്ട്‌. കോവിഡ് കാലത്ത് എല്ലാവരും ജോലി ഇല്ലാതെ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും വീണ്ടും സിനിമാരംഗവും സീരിയൽ രംഗവും ഉണർന്നുവരുന്നതിൽ സന്തോഷമുണ്ട്.’–ഷോബി തിലകൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com