ഉമ്മ കൊണ്ടുള്ള മരണത്തിനു ശേഷം ഇതാ ‘അന്താക്ഷരി’ കൊണ്ടുള്ള ത്രില്ലർ; അഭിമുഖം

vipin-das
SHARE

അന്താക്ഷരി കളിച്ചുനോക്കാത്ത മലയാളികൾ ഉണ്ടാകില്ല എന്നാൽ അന്താക്ഷരിയിലൂടെ ഒരു സിനിമയുടെ കഥ പുരോഗമിക്കുന്നത് മലയാളത്തിൽ ആദ്യമായിട്ടായിരിക്കും. ഒരു ത്രില്ലർ സിനിമയിലാണ് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി നായകൻ തന്നെ അന്താക്ഷരി കളിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗൗരവതരമായ ഒരു കഥ വളരെ സരസമായി അവതരിപ്പിച്ച ‘മുദ്ദുഗൗ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ് ആണ് സൈജു കുറുപ്പിനെ നായകനാക്കി ‘അന്താക്ഷരി’യുമായി എത്തുന്നത്. ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ചിത്രത്തിന്റെ അവതരണം ഏറ്റെടുത്തതോടെ ‘അന്താക്ഷരിക്ക്’ മറ്റൊരു മാനം ലഭിച്ചു എന്ന് വിപിൻ പറയുന്നു. ആറുവർഷമായി പാടിയും പറഞ്ഞും ഒപ്പം കൊണ്ടുനടന്ന ‘അന്താക്ഷരി’യുടെ വിശേഷങ്ങളുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ വിപിൻ ദാസ് മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.  

‘അന്താക്ഷരി’ ഒടിടിക്ക് വേണ്ടി ചെയ്ത സിനിമ 

‘അന്താക്ഷരി’യുടെ ഷൂട്ടിങ് തുടങ്ങിയത് ആദ്യ കോവിഡ് ലോക്‌ഡൗണിനു േശഷമാണ്. തിയറ്ററുകൾ തുറക്കുമോ എന്നുപോലും അറിയാത്ത സമയമായിരുന്നു. അതുകൊണ്ടു ഒടിടി റിലീസിനു വേണ്ടിത്തന്നെയാണ് ഷൂട്ട് ചെയ്തത്. സിനിമാസ്കോപ്പിലല്ല, ഫുൾ സ്‌ക്രീനിൽ ആണ് അന്താക്ഷരി ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ തിയറ്ററുകൾ തുറന്നപ്പോൾ തിയറ്ററിൽ റിലീസ് ചെയ്താലോ എന്ന് ആലോചിച്ചിരുന്നു. പക്ഷേ ചെറിയ സ്റ്റാർ കാസ്റ്റ് ആണ്, ത്രില്ലർ ആണ്. അതുകൊണ്ടു കുടുംബ പ്രേക്ഷകർ വരുമോ എന്നു സംശയം ഉണ്ടായിരുന്നു. അപ്പോൾ സോണി ലിവിൽ നല്ലൊരു ഓഫർ കിട്ടി. അതുകൊണ്ട് ഒടിടിയിൽത്തന്നെ റിലീസ് ചെയ്യാം എന്നു തീരുമാനിച്ചു.

കോവിഡ് നിബന്ധനകൾ വലച്ചു 

ആദ്യ ലോക്ഡൗൺ കഴിഞ്ഞ് ഇളവുകൾ അനുവദിച്ചപ്പോളാണ് ചിത്രീകരണം തുടങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ഒരുപാടുണ്ടായിരുന്നു. ഒരു ഏരിയയിൽ ഒരാൾക്ക് കോവിഡ് ആയാലും ആ സ്ഥലം മുഴുവൻ കണ്ടെയ്ൻമെന്റ് സോൺ ആക്കും. രാവിലെ വന്നു ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞായിരിക്കും പൊലീസ് വന്നു നിർത്താൻ പറയുക. അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഒരുപാടു നേരിട്ടു. കോവിഡ് വന്നാൽ മരണം ഉറപ്പ് എന്നായിരുന്നു ആ സമയത്തെ ചിന്താഗതി. ഞങ്ങളുടെ ഇടയിലും ചിലർക്ക് കോവിഡ് ബാധിച്ചു. എല്ലാവരും ക്വാറന്റീനിൽ ആയി ഷൂട്ടിങ് തടസപ്പെട്ടു. അങ്ങനെ ഒരുപാടു പ്രശ്നങ്ങൾക്കിടയിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അന്താക്ഷരി.

ത്രില്ലറും അന്താക്ഷരിയും 

നോർമൽ ആയ ഒരു കഥയിൽ അബ്നോർമൽ ആയ ഒരു സാഹചര്യം ഉൾപ്പെടുത്താൻ താൽപര്യമുള്ള ഒരാളാണ് ഞാൻ. ഒരിക്കലും ചേരാത്ത ചില കാര്യങ്ങൾ മിക്സ് ആൻഡ് മാച്ച് ചെയ്യുന്നത് എന്റെ ഒരു ശീലമാണ്. ‘മുദ്ദുഗൗ’വിൽ കത്തിയും തോക്കും ആയി വരുന്ന ഒരാൾ ഒരു ഉമ്മ കൊണ്ട് മരണപ്പെടുന്നുണ്ട്. അത്തരത്തിലാണ് ഞാൻ ചിന്തിക്കുന്നത്.  ആർക്കും പ്രവചിക്കാൻ കഴിയാത്ത കുഞ്ഞു കുഞ്ഞു കാര്യങ്ങൾ എന്റെ സിനിമയിൽ ഉൾപ്പെടുത്താൻ എനിക്കിഷ്ടമാണ്. ഏത് സിനിമയെപ്പറ്റി ആലോചിച്ചാലും വളരെ വിചിത്രമായിട്ടാണ് എന്റെ മനസ്സിൽ കഥകൾ രൂപപ്പെടുന്നത്. 

അന്താക്ഷരി കളിക്കുന്ന പൊലീസ് 

അന്താക്ഷരിയിലെ നായകൻ ഫൺ ലവിങ് ആയ, വളരെ സന്തോഷവാനായി ജീവിക്കുന്ന ഒരു പൊലീസുകാരനാണ്. കുടുംബത്തോടൊപ്പം വളരെ സമാധാനപരമായി ജീവിക്കുന്ന, പ്രശ്നങ്ങളിലൊന്നും ചെന്നു ചാടാത്ത ഒരാൾ. അന്താക്ഷരി കളിക്കുന്നത് അയാളുടെ ഹോബിയാണ്. ഈ പൊലീസുകാരൻ ഒരു ഘട്ടത്തിൽ വളരെ സീരിയസ് ആയ ചില പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതാണ് കഥ. സൈജു കുറുപ്പാണ് നായകനായി അഭിനയിക്കുന്നത്. ഞാൻ ഈ കഥ എഴുതാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമായി. പല ഡ്രാഫ്റ്റുകളും എഴുതുകയും മാറ്റുകയും ചെയ്തു. അന്നു മുതൽ പല താരങ്ങളെയും ഈ കഥാപാത്രത്തിലേക്ക് സങ്കൽപിച്ചു നോക്കി. പല താരങ്ങളെയും സമീപിച്ചിരുന്നു. പക്ഷേ പലർക്കും ഈ കഥ മനസ്സിലായില്ല. അങ്ങനെയിരിക്കെയാണ് ഞാൻ സൈജു ചേട്ടനോട് കഥപറയുന്നത്. അദ്ദേഹം വളരെ പോസിറ്റീവ് ആയി പ്രതികരിച്ചു. ഞാൻ അദ്ദേഹത്തിനുവേണ്ടി തിരക്കഥയിൽ ചില മാറ്റങ്ങളൊക്കെ വരുത്തി അദ്ദേഹത്തിന്റെ സിനിമയാക്കി മാറ്റി.

ജീത്തു ജോസഫ് അവതരിപ്പിക്കുന്നു 

ഈ സിനിമ എഴുതിക്കഴിഞ്ഞപ്പോൾ ത്രില്ലർ സിനിമ ചെയ്യുന്ന ഒരാളെ തിരക്കഥ ഒന്നു കാണിക്കണമെന്നു തോന്നി. അങ്ങനെ എന്റെ ഒരു സുഹൃത്തു വഴിയാണ് ജീത്തു ചേട്ടനിലേക്ക് എത്തുന്നത്. അദ്ദേഹത്തിനു കഥ ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾ വേറൊരു പടം ചെയ്യാം എന്നൊക്കെ കരുതി കുറച്ചു ചർച്ചകൾ നടത്തിയിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. അദ്ദേഹം വേറൊരു പടം ചെയ്യാൻ പോവുകയും ഞാനും മറ്റു ചില തിരക്കുകളിൽ ആവുകയും ചെയ്തു. പക്ഷേ ഞാൻ വീണ്ടും കറങ്ങിത്തിരിഞ്ഞ് അന്താക്ഷരിയിൽ എത്തി. എന്റെ സുഹൃത്തുക്കൾ അൽ ജസാർ, അബ്ദുൽ ജബ്ബാർ എന്നിവരുടെ സുൽത്താൻ ബ്രദേഴ്സ് നിർമാണം ഏറ്റെടുത്തു. ഞങ്ങൾ ഒരു കുഞ്ഞു സിനിമ എന്ന നിലയിലാണ് തുടങ്ങിയത്. 

saiju-kurup-vipin

സിനിമ പൂർത്തിയായപ്പോൾ സൈജു ചേട്ടൻ പറഞ്ഞു, ‘നമുക്ക് ജീത്തു ചേട്ടനെ ഒന്നു കാണിക്കാം’. അങ്ങനെ ഞങ്ങൾ അദ്ദേഹത്തെ സിനിമ കാണിച്ചു. അദ്ദേഹത്തിന് സിനിമ ഇഷ്ടപ്പെട്ടു. അദ്ദേഹവും നിർമാണ പങ്കാളിയാകാം എന്ന തീരുമാനത്തിൽ എത്തി. ഹിറ്റ്‌ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ചേട്ടൻ ഞങ്ങളോടൊപ്പം വന്നതിനു ശേഷമാണ് സിനിമയ്ക്ക് പേരും പെരുമയും വന്നത്. അതിനു ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ കാണാൻ തയാറായതും സോണി ലിവ് അന്താക്ഷരി ഏറ്റെടുത്തതും. 

ആദ്യം ജീത്തു ചേട്ടനോട് കഥപറഞ്ഞപ്പോൾ അദ്ദേഹം ചില തിരുത്തുകൾ പറഞ്ഞിരുന്നു. പക്ഷേ ഞാൻ സിനിമ ചെയ്തപ്പോൾ അതൊക്കെ മറന്നുപോയിരുന്നു. പിന്നീട് ചിത്രം കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു, ‘അന്നു ഞാൻ പറഞ്ഞ തിരുത്തൊന്നും വരുത്തിയില്ല അല്ലേ. ഞാൻ പറഞ്ഞു. ‘‘ഇല്ല ചേട്ടാ. ഈ സിനിമ ഞാൻ മനസ്സിൽ കണ്ടതുപോലെ തന്നെ വരട്ടെ എന്ന് കരുതി.’’ അദ്ദേഹം പറഞ്ഞത് ആദ്യം കഥ വായിച്ചതിനേക്കാൾ നന്നായിട്ടുണ്ട് എന്നാണ്. ഒരു സംവിധായകനായ അദ്ദേഹം മറ്റുള്ളവരുടെ ക്രിയേറ്റിവിറ്റിയിൽ കയറി ഇടപെടുന്ന ആളല്ല. നമുക്കു വേണ്ട സഹായം എന്താണെങ്കിലും അത് ചെയ്തു തരികയും ചെയ്യും. ജീത്തു ചേട്ടൻ ഞങ്ങളുടെ കുഞ്ഞു സിനിമയുടെ ഭാഗമായതിൽ സന്തോഷവും നന്ദിയുമുണ്ട്. 

ലൊക്കേഷൻ 

തിരുവനന്തപുരത്ത് വിതുരയിലും പൊന്മുടിയിലും ആയിരുന്നു അന്താക്ഷരിയുടെ ലൊക്കേഷൻ. റബ്ബറും മറ്റു മരങ്ങളും കുന്നുകളും മലകളും നിറഞ്ഞ സ്ഥലമാണ്. അധികം ആൾത്തിരക്കില്ലാതെ ഷൂട്ട് ചെയ്യാൻ കഴിഞ്ഞു. പൊന്മുടിയിവെ ഒരു റിസോർട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.  ക്വാറന്റീൻ ആയപ്പോഴും കല്ലാറിന്റെ തീരത്തുള്ള റിസോർട്ടിൽ ആയിരുന്നു. അതുകാരണം ബോറടിക്കാതെ കഴിച്ചുകൂട്ടി. ലൈറ്റ് യൂണിറ്റ് ഒന്നുമില്ലാതെ ചെറിയൊരു ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചാണ് ചിത്രം ഷൂട്ട് ചെയ്തത്. ലൈറ്റ് വേണ്ടിടത്ത് ഞങ്ങൾ ബലൂൺ ലൈറ്റ് സ്വയം ഉണ്ടാക്കി. മൊത്തത്തിൽ സാഹസികതകൾ നിറഞ്ഞ ഷൂട്ടിങ് അനുഭവമായിരുന്നു.  

jeethu-vipin

‘മുദ്ദുഗൗ’ ഞാൻ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയ സിനിമ 

‘മുദ്ദുഗൗ’വിന് ഞാൻ പ്രതീക്ഷിച്ച വരവേൽപ് കിട്ടിയിരുന്നു. ആദ്യമായി വലിയൊരു ക്രൂവിനോപ്പം ഞാൻ ചെയ്ത സിനിമയാണ് അത്. ഒരുതരത്തിൽ അതൊരു പരീക്ഷണ ചിത്രമായിരുന്നു. 2016 ൽ ഉണ്ടായിരുന്ന സാങ്കേതികതകൾ ആ സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോഴും അത് കണ്ടിട്ട് പലരും വളരെ രസകരമായ മേക്കിങ് ആയിരുന്നു എന്ന മെസ്സേജ് അയക്കാറുണ്ട്. ആ സിനിമ വളരെ ചെറിയ ചെലവിൽ ചെയ്തതാണ്, നിർമാതാക്കൾക്ക് നഷ്ടമുണ്ടായില്ല.

എഴുത്തിനായി ആറു വർഷത്തെ ഇടവേള 

‘മുദ്ദുഗൗ’ ചെയ്ത് ആറു വർഷം കഴിഞ്ഞാണ് അന്താക്ഷരി വരുന്നത്. ഞാൻ ബ്രേക്ക് എടുത്തിട്ടില്ല. എപ്പോഴും പണിയിൽത്തന്നെ ആയിരുന്നു. അന്താക്ഷരിയുടെ മൂന്നു രീതിയിലുള്ള ഡ്രാഫ്റ്റുകൾ എഴുതുകയും അത് സിനിമയാക്കാൻ നോക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്ക് മറ്റുചില സിനിമകളുടെ ചർച്ചകൾ വന്നു. അതൊന്നും നടന്നില്ല. ഞാൻ വെറുതെ ഇരുന്നിട്ടില്ല. ഈ സമയമത്രയും പിന്തുണയുമായി എന്റെ ഭാര്യയും മാതാപിതാക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഭാര്യ അശ്വതി ജയകുമാറിന് തിരുവനന്തപുരത്ത് 'എ ജെയ്സ് അറ്റയർസ്' എന്നൊരു ബൊട്ടിക്‌ ഉണ്ട്. ഭാര്യയാണ് അന്താക്ഷരിയുടെ വസ്ത്രാലങ്കാരം ചെയ്തത്. എന്റെ കുറേ പരസ്യ ചിത്രങ്ങൾക്കും അവൾ തന്നെയാണ് കോസ്റ്റ്യൂം ചെയ്തത്. എന്റെ ലക്ഷ്യം സിനിമ തന്നെയാണെന്ന് കുടുംബത്തിനറിയാം. അവർ എന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുന്നവരാണ്.  ആറുവയസ്സുകാരി ഇഷ എന്ന മകളുമുണ്ട് ഞങ്ങൾക്ക്.

‘അന്താക്ഷരി’യുടെ പ്രതീക്ഷകൾ 

ഞാനിപ്പോൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. ആറുവർഷത്തിനു ശേഷം ഇറങ്ങുന്ന എന്റെ ചിത്രമാണ് എന്നുകരുതി അമിതാവേശമില്ല. എന്റെ മനസ്സിലുള്ളത് ഞാൻ പകർത്തിക്കഴിഞ്ഞു. ഇനിയുള്ളത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ചിത്രത്തെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ നല്ല രീതിയിൽ തന്നെ സ്വീകരിക്കും. അടുത്ത പടത്തിന്റെ തിരക്കിലായതുകൊണ്ടു മറ്റൊന്നും ആലോചിക്കാൻ ഇപ്പോൾ സമയമില്ല. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാത്തതുകൊണ്ടു ചിത്രത്തെപ്പറ്റി വലിയ ടെൻഷനുമില്ല.  

കൂടെ നിന്ന പ്രിയപ്പെട്ടവർ 

അന്താക്ഷരി എന്ന സ്വപ്നം യാഥാർഥ്യമാകാൻ എന്നോടൊപ്പം നിന്ന ഒരുപാടുപേരുണ്ട്. പ്രൊജക്ട് ഡിസൈനർ ജസീൻ അബ്ദുൽ ജബ്ബാർ ആണ് ഈ ചിത്രം മുഴുവൻ നിയന്ത്രിച്ചത്. ക്രിയേറ്റീവ് ഡയറക്ടർ ബിജേഷും ജസീനുമാണ് ഈ സിനിമ നിന്നുപോകാതെ മുന്നോട്ടു കൊണ്ടുപോയത്. സിനിമ പൂർത്തിയാക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അവരാണ്. സിനിമാട്ടോഗ്രഫി ചെയ്ത ബബ്‌ലു അജു, സംഗീതം ചെയ്ത അങ്കിത് മേനോൻ, എഡിറ്റർ ജോൺ കുട്ടി, സൗണ്ട് മിക്സ് ചെയ്ത വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ അരുൺ എസ്. മണി തുടങ്ങി അന്താക്ഷരിയുടെ വിജയകരമായ പ്രയാണത്തിന് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞു തീർക്കാൻ എനിക്ക് കഴിയില്ല. കുറേ മലയാളം ഹിറ്റ് ഗാനങ്ങൾ അന്താക്ഷരിക്ക് വേണ്ടി ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 

‘രാക്ഷസൻ’ സിനിമയുടെ സ്റ്റണ്ട് ഡയറക്ടർ വിക്കി മാസ്റ്റർ ആണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത്. സിനിമയുടെ പ്രൊമോഷൻ വേറൊരു ലെവലിൽ എത്തിയത് ജീത്തു ജോസഫ് ചേട്ടൻ ഞങ്ങളോടൊപ്പം ചേർന്നതിനുശേഷമാണ്. ഇഷിതാ സിങ്ങ്, സന്ദീപ് എന്ന രണ്ടു പുതുമുഖങ്ങൾ സിനിമയിലുണ്ട്. കോവിഡ് കാലത്ത് എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഞങ്ങളോടൊപ്പം സഹകരിച്ച സൈജു ചേട്ടൻ ഉൾപ്പടെ എല്ലാ പ്രിയപ്പെട്ട താരങ്ങളോടും നന്ദിയും കടപ്പാടുമുണ്ട്.       

ബേസിലും ദർശനയും ഞാനും 

എന്റെ അടുത്ത ചിത്രം 'ജയ ജയ ജയ ജയഹേ' പ്രഖ്യാപിച്ചു കഴിഞ്ഞു. നായികാപ്രാധാന്യമുള്ള ഒരു കോമഡി സിനിമയാണത്. ബേസിൽ ജോസഫ്, ദർശന എന്നിവരാണ് പ്രധാന താരങ്ങൾ. ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തുകഴിഞ്ഞു. ഞാനിപ്പോൾ ആ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഈ ചിത്രത്തിൽ എന്നോടൊപ്പം ഒരു കോറൈറ്റർ കൂടി ഉണ്ടാകും. മേയ് രണ്ടാം വാരത്തോടെ ഷൂട്ടിങ് തുടങ്ങാൻ കഴിയുമെന്ന് കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA