ADVERTISEMENT

പറവൂർ കണ്ണൻകുളങ്ങരയിലെ പഴയൊരു നാലുകെട്ടിൽ ഷൂട്ടിങ് പുരോഗമിക്കുന്നു. പുറത്ത് ഉച്ചവെയിൽ കത്തുമ്പോഴും, ഷൂട്ടിങ്ങിനു സെറ്റിട്ട മുറിയിൽ നേരം പുലരുന്നേയുള്ളൂ! ഇരുളും വെളിച്ചവും ഇഴചേരുന്ന മുറിയകവും ജനലഴികളിലൂടെ അരിച്ചു കയറുന്ന പുലർമഞ്ഞും ഇളംകാറ്റിൽ പാറിപ്പറക്കുന്ന കർട്ടണുമൊക്കെ ഒരുക്കുന്ന തിരക്കിൽ അണിയറ പ്രവർത്തകർ. ‘സ്റ്റാർട്, ക്യാമറ, ആക്‌ഷൻ’ എന്ന സംവിധായകന്റെ നിർദേശത്തിനൊപ്പം മുറിക്കുള്ളിലെ കിടക്കയിൽ തുറന്നു വച്ചൊരു പഴയ പെട്ടിയിലേക്കു ക്യാമറയുടെ ഫോക്കസ് ചുരുങ്ങുന്നു. പിന്നണിയിൽ ഗായകൻ പി.ജയചന്ദ്രന്റെ മധുരസ്വരം. ഫ്രെയിമിന്റെ സൗന്ദര്യം ആസ്വദിച്ച്, തനിക്കു മുന്നിലെ മോണിറ്ററിൽ കണ്ണുനട്ടിരിക്കുന്നതൊരു പുതുമുഖ സംവിധായകനാണ്. പേര് റസൂൽ പൂക്കുട്ടി. ഇന്ത്യൻ സിനിമയുടെ ശബ്ദം ഓസ്കർ വേദിയിലെത്തിച്ച റസൂൽ സംവിധായകനാവുന്ന ചിത്രം ‘ഒറ്റ’. തന്റെ പ്രഥമ സംവിധാന സംരംഭത്തെപ്പറ്റി റസൂൽ മനോരമയോടു സംസാരിക്കുന്നു.

 

∙‘ഒറ്റ’യിലേക്ക് എത്തിയത്?

resul-3

 

ഒരിക്കൽ മുംബൈയിലെ വാശിയിൽ ഞാനൊരു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വീട്ടിൽ നിന്ന് ഒളിച്ചോടുന്ന കുട്ടികളെ കണ്ടെത്തി തിരിച്ചു മാതാപിതാക്കൾക്കു കൈമാറുന്നൊരു പരിപാടി. ഒട്ടേറെ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്മമാർ.. കണ്ണീരും സന്തോഷവുമൊക്കെയായി വികാരനിർഭരമായ രംഗങ്ങൾ. ഇതിനെല്ലാമിടയിൽ കൂളായി, ഊർജസ്വലനായി ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്ന, ഒരു വ്യക്തിയും, ഹരിഹരൻ. മറ്റുള്ളവരിൽ നിന്നെല്ലാം വേറിട്ടു നിന്ന ആ മനുഷ്യനെപ്പറ്റി അന്വേഷിക്കണമെന്നു തോന്നി. ചോദിച്ചപ്പോൾ താനും മുന്നിലുള്ള കുട്ടികളെപ്പോലെ 3 തവണ വീട്ടിൽനിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു മറുപടി. 

 

എല്ലാ സൗകര്യങ്ങളുമുള്ള വീട്ടിൽ നിന്ന് ഒളിച്ചോടിയത് എന്തിനെന്ന് അദ്ദേഹത്തോടു ഞാൻ ചോദിച്ചു. ‘സ്വാതന്ത്ര്യം തേടി’ എന്നായിരുന്നു ഉത്തരം. എട്ടാം വയസ്സിൽ വീട്ടിൽനിന്ന് ഒളിച്ചോടിയ ആ കുട്ടി പിൽക്കാലത്ത്,  വീടുവിട്ടിറങ്ങിയ ഇരുപത്തയ്യായിരത്തിലേറെ കുരുന്നുകളുടെ രക്ഷകനായി മാറിയ ജീവിത കഥ എനിക്കു വിസ്മയമായി. വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ പുനരധിവാസത്തിനായി ‘സമതോൽ’ എന്ന സംഘടന സ്ഥാപിച്ച, ‘ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി’ എന്ന സ്ഥാപനത്തിന്റെ അമരക്കാരനായ ഹരിഹരന്റെ ജീവിതയാത്രയാണ് ‘ഒറ്റ’. ഒപ്പം ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒട്ടേറെപ്പേരുടെ കഥയും. എനിക്കൊപ്പം ചിത്രത്തിന്റെ നിർമാതാവിന്റെ റോളിലും ഹരിഹരനുണ്ട്.

 

resul-2

∙ ഹരിഹരന്റെ കഥ ഇത്രയേറെ മനസ്സിനെ സ്പർശിക്കാൻ കാരണം?

 

പഠനാവശ്യങ്ങൾക്കാണെങ്കിലും ഞാനും കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളെ പിരിഞ്ഞു വീടുവിട്ട ആളാണ്. ഇപ്പോഴും വീടുവിട്ടുനിൽക്കേണ്ടി വരുന്ന ആളാണ്. ഹോട്ടൽ മുറികളിലും സ്റ്റുഡിയോയിലുമായാണു ഞാനെന്റെ ജീവിതത്തിൽ കൂടുതൽ സമയവും ചെലവഴിച്ചിട്ടുള്ളത്. അതിനാൽ ഒറ്റപ്പെടൽ എന്തെന്ന് എനിക്കും നന്നായറിയാം. വീട് എന്ന സങ്കൽപത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. നമ്മൾ എവിടെ പോയാലും ആരൊക്കെ ആയാലും മാതാപിതാക്കളിലേക്കു മടങ്ങിയെത്താനുള്ള സ്ഥലമാണു വീട്. വേരുകളിലേക്കുള്ള മടക്കമാണ് അത്തരം യാത്രകളോരോന്നും. ഈ സിനിമ വീടെന്ന സങ്കൽപം കൂടിയാണു ചർച്ച ചെയ്യുന്നത്.  

 

∙ ആദ്യ സംവിധാന സംരംഭം മലയാളത്തിൽ?

 

ഇതിനോടകം ഒട്ടു മിക്ക ഇന്ത്യൻ ഭാഷകളിലെയും വിവിധ വിദേശഭാഷകളിലെയും സിനിമകളുടെ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സംവിധാനം ആഗ്രഹിച്ചപ്പോൾ ഒരുപാടു സിനിമാ ഓഫറുകളും മുന്നിലുണ്ടായിരുന്നു. ഒരു ബ്രിട്ടിഷ് സിനിമ, 2 ഹിന്ദി സിനിമകൾ ഒക്കെ അതിലുൾപ്പെടും. എന്നാൽ, എന്റെ നാടായ കൊല്ലം വിളക്കുപാറയ്ക്കടുത്ത്, അഞ്ചലിലെ അർച്ചന, ജയമോഹൻ തിയറ്ററുകളിൽ മലയാള ചിത്രങ്ങൾ കണ്ടു കണ്ടു സിനിമ കയ്യെത്തിപ്പിടിക്കാൻ ആഗ്രഹിച്ചൊരു ബാല്യമാണ് എന്റേത്. അതുകൊണ്ടുതന്നെ, ഇപ്പോഴും മാതൃഭാഷയിൽനിന്നൊരു സിനിമ എന്നെത്തേടിയെത്തിയാൽ എത്ര തിരക്കുണ്ടെങ്കിലും അതിനായി സമയം കണ്ടെത്താൻ ശ്രമിക്കും. ആദ്യ സംവിധാന സംരംഭം മലയാളത്തിലാകുന്നതിനു പിന്നിലും മലയാളി എന്ന വികാരം തന്നെ.  

 

∙ വൻ താരനിരയുണ്ട് ചിത്രത്തിൽ?    

 

ആസിഫ് അലി, അർജുൻ അശോകൻ, സത്യരാജ്, രോഹിണി, ശോഭന, ശ്യാമപ്രസാദ്, രൺജി പണിക്കർ, ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, ദിവ്യദത്ത തുടങ്ങി ഒട്ടേറെ പ്രമുഖതാരങ്ങൾ സിനിമയിലുണ്ട്. ഒപ്പം എന്റെ സഹോദരൻ ബൈജു പൂക്കുട്ടിയും പ്രധാന റോളിലെത്തും.

 

∙ ശോഭന വീണ്ടുമൊരു മലയാളം ചിത്രത്തിലേക്ക്?

 

പണ്ട് കുട്ടിക്കാലത്ത് ‘യാത്ര’ എന്ന സിനിമയൊക്കെ ടെൻഷനടിച്ചിരുന്നു കണ്ടിട്ടുണ്ട്. അന്ന് വിസ്മയത്തോടെ കണ്ടിരുന്ന താരങ്ങളിൽ പലരും പിൽക്കാലത്തു സിനിമയിൽ എത്തിയപ്പോൾ വലിയ സുഹൃത്തുക്കളായി. ശോഭന ആ ഗണത്തിലുള്ളയാളാണ്. കഥ കേട്ടതും ശോഭന അഭിനയിക്കാമെന്നു സമ്മതിച്ചു.    

 

∙ മുൻകാല നടി ജലജയുടെ മകളും ചിത്രത്തിലുണ്ട്?

 

അതിനു പിന്നിലൊരു കഥയുണ്ട്. ജീവിതത്തിൽ ഞാൻ ആദ്യമായി ഷൂട്ടിങ് കാണുന്നത് എന്റെ കുട്ടിക്കാലത്താണ്. വിളക്കുപാറയിൽ വീടിനടുത്തുള്ള എണ്ണപ്പനത്തോട്ടത്തിൽ ഒരു ഗാന ചിത്രീകരണമായിരുന്നു. അന്നു ഞങ്ങൾ കുട്ടികൾക്കു ഷർട്ടൊക്കെ വലിയ ആഡംബരമാണ്. കാക്കി ട്രൗസർ മാത്രമിട്ടു ഞാനും കൂട്ടുകാരോടൊപ്പം ഷൂട്ടിങ് കാണാൻ പോയി. ജലജയും സുകുമാരനുമാണു പ്രധാന അഭിനേതാക്കൾ. ഒരു പാറപ്പുറത്തു കൂടി ജലജ നടന്നു വരുന്നതാണു രംഗം. വളരെ വിസ്മയത്തോടെയാണ് അന്ന് ആ രംഗം കണ്ടു നിന്നത്. പിന്നീട് എനിക്ക് ഓസ്കർ ഒക്കെ കിട്ടിയ ശേഷം ഒരിക്കൽ ജലജയെ ബഹ്റൈനിൽ വച്ചു കണ്ടപ്പോൾ ഇക്കാര്യം ഞാൻ പറഞ്ഞു. അപ്പോൾ അവർ ആ ചിത്രം ഓർമിച്ചു പറഞ്ഞുതന്നു.  ജലജയുടെ മകൾ ദേവി ഈ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നുണ്ട്. മകളുടെ മുഖത്തേക്ക് ആദ്യമായി ക്യാമറ തിരിച്ചത് അമ്മയെ ആദ്യം കണ്ടതു പോലെ തന്നെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണ വേളയിലാണെന്നതും നിയോഗം.

 

∙ ശബ്ദരൂപകൽപനാ രംഗത്തുനിന്നു വിട്ടുനിൽക്കേണ്ടി വരുമോ?

 

ഒറ്റയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാകും വരെ താൽക്കാലിക ഇടവേള നൽകിയിരിക്കയാണ്. മേയ് പകുതിയോടെ അത്യാവശ്യ ജോലികളിലേക്കു മടങ്ങും. രണ്ടു ബ്രിട്ടിഷ് ചിത്രങ്ങൾ, ഒരു ബോളിവുഡ് ചിത്രം, പുഷ്പ 2, ആടുജീവിതം ഒക്കെ ഒരേ സമയം ഷൂട്ടിങ് നടന്നു കൊണ്ടിരിക്കയാണ്. എല്ലാവരും സുഹൃത്തുക്കളാണ്. അതിനാൽ, ചെറിയ ഇടവേളയെടുത്താലും ആരും പ്രശ്നമുണ്ടാക്കില്ല. ഒറ്റയുടെ പ്രധാന ഷെഡ്യൂൾ ഒക്ടോബറിലേയുള്ളൂ. അതിനു മുൻപു മറ്റു പ്രധാന ചിത്രങ്ങളുടെ ജോലികൾ തീർക്കാനുള്ള ശ്രമത്തിലാണ്.

 

ബ്രഹ്മാണ്ഡ ചിത്രങ്ങളിലേക്കു മലയാള സിനിമ വളരുന്നില്ലല്ലോ?

 

തീർച്ചയായും ഉണ്ടാകും. അത്തരമൊരു ചിത്രം മനസ്സിലുണ്ട്. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ല. ബ്രഹ്മാണ്ഡ ചിത്രങ്ങൾ എന്നതിനേക്കാൾ ലോകം അംഗീകരിക്കുന്ന സിനിമകൾ സൃഷ്ടിക്കാനാണു ശ്രമം വേണ്ടത്. ഒറ്റ അത്തരത്തിലൊരു ചിത്രമാകുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com