ADVERTISEMENT

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷം... ഒരു ഒൻപതാം ക്ലാസുകാരന് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറത്തെ ഓഫറായിരുന്നു വസുദേവ് സജീഷ് എന്ന കൗമാരപ്രതിഭയെ തേടിയെത്തിയത്. അഭിനയിക്കേണ്ടത് മമ്മൂട്ടിക്കൊപ്പമാണെന്ന് അറിഞ്ഞപ്പോൾ ടെൻഷനെക്കാൾ ആവേശമായിരുന്നുവെന്ന് വസുദേവ്. നേരിട്ടു കണ്ടപ്പോൾ പരിചയപ്പെടലിന്റെ ആദ്യമണിക്കൂറുകൾക്കു ശേഷം വസുദേവ് ആകെ മമ്മൂട്ടിക്കുട്ടിയായി. വർത്തമാനവും ഫോട്ടോയെടുക്കലും അഭിനയം പഠിക്കലും ഒക്കെയായി എല്ലാ നേരവും മമ്മൂട്ടിക്കൊപ്പം.

ആ സ്വാതന്ത്ര്യത്തിൽ, ഷൂട്ടിന്റെ അവസാന ദിവസം വസുദേവ് മമ്മൂട്ടിക്കൊരു സമ്മാനവും കരുതി വച്ചു. അപ്രതീക്ഷിതമായി തന്റെ കുഞ്ഞ് ആരാധകനിൽനിന്നു സമ്മാനം കിട്ടിയപ്പോൾ സ്വതസിദ്ധമായ പരുക്കൻ ശൈലിയിൽ ആ മമ്മൂട്ടിച്ചോദ്യമെത്തി: ‘‘എനിക്ക് സമ്മാനം വാങ്ങിത്തരാനൊക്കെ നീ വളർന്നോടാ!’’ എന്ന്. പിന്നെ, വസുദേവിനെ ചേർത്തു പിടിച്ചു. പുഴുവിനെക്കുറിച്ചു പറയുമ്പോൾ വസുദേവ് സജീഷ് എന്ന കുട്ടിത്താരത്തിന് പങ്കുവയ്ക്കാൻ ഒരിക്കലും മറക്കാനാവാത്ത ഇത്തരം ഒരുപാടു നിമിഷങ്ങളുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയരംഗത്തെത്തിയ വസുദേവ് ഇതുവരെ എട്ടു ചിത്രങ്ങളിൽ അഭിനയിച്ചു. 2019 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി. എങ്കിലും പുഴു എന്ന ചിത്രവും അതിലെ കഥാപാത്രവും വസുദേവ് സജീഷ് എന്ന കിച്ചുവിനു വളരെ സ്പെഷലാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി വസുദേവ് മനോരമ ഓൺലൈനിൽ.

ഓഡിഷൻ വഴി പുഴുവിലേക്ക്

കാസ്റ്റിങ് കോൾ കണ്ട് അച്ഛനാണ് ഫോട്ടോ അയച്ചത്. അവർ വിളിച്ചു. രണ്ടു ഘട്ടമായിട്ടായിരുന്നു ഓഡിഷൻ. സിനിമയിലെ തന്നെ ഒരു രംഗവും പിന്നെ അധ്യാപികയുമായി വഴക്കിടുന്ന ഒരു രംഗവുമാണ് ചെയ്യിച്ചത്. ഓഡിഷൻ കഴിഞ്ഞപ്പോൾത്തന്നെ സംവിധായിക രത്തീന ആന്റി പറഞ്ഞിരുന്നു എന്റെ വേഷം മമ്മൂക്കയ്ക്കൊപ്പം ആണെന്ന്. അതു കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു. പിന്നെ, കുറച്ചു ടെൻഷനും. പക്ഷേ, സെറ്റിൽ മമ്മൂക്ക വളരെ കൂളായിരുന്നു. എല്ലാം പറഞ്ഞു തരും. ഷോട്ട് കഴിഞ്ഞാൽ പിന്നെ, ഞങ്ങൾ രണ്ടു പേരും ഇരുന്നു സംസാരിക്കും. കാറും ക്യാമറയും മമ്മൂക്കയുടെ പേരക്കുട്ടി മറിയവുമൊക്കെയായിരിക്കും മിക്കവാറും ഞങ്ങളുടെ വിഷയങ്ങൾ.

ആ സീനിൽ ഞാൻ ശരിക്കും കരഞ്ഞു പോയി

ഒരു സീനിൽ മമ്മൂക്ക എന്നെ ശരിക്കും കരയിച്ചുകളഞ്ഞു. സിനിമയിലെ വളരെ പ്രധാനപ്പെട്ട രംഗമാണത്. രാത്രി എന്റെ അടുത്തു വന്നിരുന്ന് മമ്മൂക്ക വളരെ ഇമോഷനലായി സംസാരിക്കുന്ന ഭാഗമുണ്ട്. അതെടുക്കുമ്പോൾ, മമ്മൂക്കയുടെ അഭിനയവും വോയ്സ് മോഡുലേഷനും കണ്ടിട്ട് ഞാൻ ശരിക്കും കരഞ്ഞു പോയി. മമ്മൂക്കയെ കെട്ടിപ്പിടിക്കാനൊക്കെ എനിക്ക് പേടിയായിരുന്നു. എത്ര സീനിയറായ നടനാണ് അദ്ദേഹം! ഞാൻ മമ്മൂക്കയുടെ വലിയ ആരാധകനുമാണ്. എങ്ങനെ ചെയ്താൽ നന്നാകുമെന്ന് അദ്ദേഹത്തിന് അറിയാം. അതുപോലെ അദ്ദേഹം പറഞ്ഞു തരും. അതുകൊണ്ട് ആ ഇമോഷനൽ രംഗങ്ങൾ അധികം ടേക്ക് പോകാതെ ചെയ്യാൻ കഴിഞ്ഞു.

puzhu-3

അച്ചോൾ പഠിപ്പിച്ചു തന്ന ഗെയിം

പാർവതി ചേച്ചിയും നല്ല കൂട്ടാണ്. സിനിമയിൽ ഞങ്ങൾ രണ്ടു പേരും ഒരു ഗെയിം കളിക്കുന്ന രംഗമുണ്ട്. സത്യത്തിൽ എനിക്ക് ആ ഗെയിം കളിക്കാൻ അറിയില്ല. പാർവതി ചേച്ചിയാണ് പഠിപ്പിച്ചു തന്നത്. സിനിമയിൽ പക്ഷേ, ഞാൻ അച്ചോളിന് (പാർവതിയുടെ കഥാപാത്രം) ആ ഗെയിം പഠിപ്പിച്ചുകൊടുക്കുന്ന രീതിയിലാണ്. ആദ്യത്തെ ടേക്ക് അത്ര ഓകെ ആയില്ല. പിന്നെ, എന്നെ ചേച്ചി റൂമിലേക്കു കൊണ്ടുപോയി അതു പഠിപ്പിച്ചു തന്നു. ഫാമിലി ഫോട്ടോയിലെ മമ്മൂക്കയുടെ നേരെ വെടി വയ്ക്കുന്ന രംഗം ഒരുപാട് ടേക്ക് പോയിരുന്നു. രാത്രി മൊത്തം കുറേ ഷൂട്ട് ചെയ്തിട്ടാണ് ആ ഷോട്ട് കിട്ടിയത്. ഞാൻ ചെയ്തിട്ട് കറക്ടായില്ല. സെറ്റിലെ പലരും ചെയ്തു നോക്കി. അതൊന്നും ശരിയായില്ല. ഒടുവിൽ രത്തീനാന്റിയുടെ ഷോട്ട് ആണ് കറക്ട് ആയത്.

കിച്ചുവിന്റെ മാനറിസങ്ങൾ

സിനിമയിൽ എന്റെ കഥാപാത്രം മമ്മൂക്കയുമൊത്തുള്ള രംഗങ്ങളിലെല്ലാം ഒരു പ്രത്യേക മാനറിസം പിന്തുടരുന്നുണ്ട്. മുന്നിൽ കൈ കെട്ടിയാണ് മിക്കവാറും എല്ലാ രംഗങ്ങളിലും ഞാൻ വരുന്നത്. അത് തിരക്കഥാകൃത്തുക്കളിലൊരാളായ ഹർഷാദിക്ക പറഞ്ഞു തന്നതാണ്. അച്ഛനെ പേടിയുമാണ്, എന്നാൽ ഇഷ്ടവുമാണ്. ഇക്കാര്യം അഭിനയത്തിൽ വരണമെന്നാണ് എന്നോടു പറഞ്ഞത്. സൂക്ഷ്മമായി വേണം അത് അഭിനയിക്കാനെന്ന് ഹർഷാദിക്ക പറഞ്ഞിരുന്നു. ഒന്നും ഓവർ ആയി ചെയ്യരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുമായിരുന്നു.

മമ്മൂക്കയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ്

എല്ലാവരും എന്നോടു ചോദിക്കുന്നത് മമ്മൂക്കയെക്കുറിച്ചാണ്. സെറ്റിൽ വച്ച് ഞങ്ങൾ കുറെ സെൽഫിയെടുത്തു. ഇടയ്ക്ക് മമ്മൂക്ക ചോദിക്കും, നീയെന്തിനാടാ ഇത്രയും ഫോട്ടോ എടുത്തു കൂട്ടുന്നേ എന്ന്. ഇതൊക്കെയല്ലേ ഒരു രസം എന്ന് ഞാനും പറയും. മമ്മൂക്കയുടെ കുറെ ഫോട്ടോസ് ഉണ്ട് എന്റെ കയ്യിൽ. ഫോട്ടോ എടുക്കുമ്പോൾ കുറച്ച് ടിപ്സ് ഒക്കെ തരും. എങ്ങനെ ഫോട്ടോ എടുക്കണം, ക്യാമറ എങ്ങനെ പിടിക്കണം അങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞു തരും. അവസാനത്തെ ദിവസം ഞാൻ മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് കൊടുത്തു. ‘‘നീയെനിക്ക് ഗിഫ്റ്റ് തരാറായോടാ’’ എന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം. ഞാൻ ചിരിച്ചു. മമ്മൂക്ക ഇടാറുള്ളതു പോലുള്ള, നിറയെ പൂക്കളുള്ള ഷർട്ടാണ് ഞാൻ കൊടുത്തത്.

mammootty-vasudev

പാട്ടും പാടി നടക്കുന്ന മമ്മൂക്ക

മമ്മൂക്ക സെറ്റിൽ വന്നാൽ പിന്നെ സമ്പൂർണ നിശബ്ദതയാണ്. സിനിമയിൽ കിച്ചു നിൽക്കില്ലേ... അതുപോലെയാകും എല്ലാവരും. കുറച്ചു കഴിയുമ്പോൾ എല്ലാം നോർമൽ ആകും. മമ്മൂക്ക പാട്ടൊക്കെ പാടിയാണ് സെറ്റിൽ നടക്കുക. പഴയ പാട്ടുകളാണ് കൂടുതലും പാടുക. ഒരിക്കൽ മമ്മൂക്കയുടെ സ്വന്തം ക്യാമറ സെറ്റിൽ കൊണ്ടു വന്നു. അന്ന് സെറ്റിലെ കുറെ വിഷ്വൽസ് അദ്ദേഹം തന്നെ ഷൂട്ട് ചെയ്തു. ക്യാമറാമാൻ‍ തേനി ഈശ്വർ സാറിന് ക്യാമറയുടെ ടെക്നിക്കുകൾ ഒക്കെ അന്ന് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ക്യാമറ, ടെക്നോളജി, കാർ എന്നു വേണ്ട എല്ലാ വിഷയങ്ങളിലും മമ്മൂക്ക പുലിയല്ലേ!

അങ്ങനെ ആ സ്വപ്നം സത്യമായി

പണ്ടൊരിക്കൽ മമ്മൂക്കയെ ഡബിങ് സ്റ്റുഡിയോയിൽ വച്ചു കണ്ടിട്ടുണ്ട്. അന്നൊരു ഫോട്ടോ എടുത്തിരുന്നു. ഭാസ്കർ ദ റാസ്കൽ എന്ന ചിത്രമൊക്കെ കാണുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട്, അദ്ദേഹത്തിനൊപ്പം ഒരു വേഷം ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന്. അതിപ്പോൾ സത്യമായി. ആദ്യമായി അഭിനയിച്ച ചിത്രം ഗോൾഡ് കോയിൻസ് ആണ്. അതിലും എന്റെ കഥാപാത്രത്തിന്റെ പേര് കിച്ചു എന്നായിരുന്നു. എന്നെ വീട്ടിൽ വിളിക്കുന്നതും കിച്ചു എന്നാണ്. പിന്നെ, എബി എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. വിജയ് സൂപ്പറും പൗർണമിയും, ഗൗതമന്റെ രഥം, സുല്ല്, കള്ളനോട്ടം, മാലിക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സുല്ല്, കള്ളനോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഇപ്പോൾ ഇടപ്പള്ളി അമൃതവിദ്യാലയത്തിൽ ഒൻപതിലാണ് പഠിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com