ADVERTISEMENT

നാടകത്തില്‍നിന്നു സിനിമയിലേക്ക് ഓടിക്കയറിയവരിലേറെയും നമ്മെ നിരാശപ്പെടുത്തിയിട്ടില്ല. നാടകാഭിനയത്തിന്‍റെ നാടകീയത മാറ്റിവച്ച് സിനിമയുടെ സ്വാഭാവിക താളത്തിലേക്ക് മാറിയവര്‍ എക്കാലവും നമ്മെ അതിശയിപ്പിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കിതാ അപ്പുണ്ണി ശശി എന്ന നടനും. ആയിരക്കണക്കിനു വേദികള്‍ പിന്നിട്ട നാടക ജീവിതത്തിനിടയില്‍ 86 സിനിമകളില്‍ അഭിനയിച്ചെങ്കിലും ആ പേര് നമുക്കിടയില്‍ ചര്‍ച്ചയായത് പുഴു എന്ന സിനിമയിലൂടെയാണ്. കാസ്റ്റിങ്ങിന്റെ പതിവു രീതികളെയും അനുമാനങ്ങളെയും മാറ്റിയെഴുതാന്‍ പുതിയകാല സിനിമ തയാറായപ്പോള്‍ നമുക്കു കിട്ടിയ മികച്ച അഭിനേതാക്കളിലൊരാളായ അപ്പുണ്ണി ശശി സംസാരിക്കുന്നു.

ജീവിതത്തിന്‍റെ നൈസര്‍ഗികത

സ്കൂളില്‍ പഠിക്കുമ്പോഴാണ് കലാപ്രവര്‍ത്തനങ്ങളിലെത്തുന്നത്. കല ജനനം മുതല്‍ക്കേ ഉളളിലുണ്ടായിരുന്നിരിക്കണം. സ്കൂളിലും വീട്ടിലും നാട്ടിലുമൊക്കെ കല എനിക്കൊപ്പം കൂടി. ടേപ്പ് റെക്കോർഡറുകളുടെയും കാസറ്റുകളുടെയും കാലമാണന്ന്. അതൊക്കെ വാങ്ങിവച്ച് അതിലൊക്കെ വരുന്ന നാടകങ്ങളും സ്കിറ്റുകളും എന്‍റേതായ രീതിയില്‍ ചെയ്യാന്‍ തുടങ്ങി. കലയോട് കൂടുതല്‍ അടുത്തു തുടങ്ങി. ജീവിതത്തിന്‍റെ നൈസര്‍ഗികതയാണത്. അങ്ങനെ എന്നെപ്പോലെ നാടകങ്ങളിഷ്ടമുളളവരുടെ ഒരു കൂട്ടത്തിലെത്തപ്പെട്ടു. അതികായന്‍മാരുടെ ഒരു കൂട്ടം. അവിടെവച്ചാണ് അഭിനയം തേച്ചു മിനുക്കിത്തെളിയുന്നത്. അപ്പോഴും അതാണ് ജീവിതമാര്‍ഗമെന്ന ചിന്ത വന്നിട്ടില്ല. ഇരുപത് വയസ്സായതോടെ, ഇതല്ലാതെ മറ്റൊന്നും മനസ്സില്‍ തെളിയാതെ വന്നു. അങ്ങനെയാണ് തിരിച്ചറിഞ്ഞത് നാടകങ്ങളാണ് എന്റെ വഴിയെന്ന്.

ഇരുപത്തിയഞ്ച് കൊല്ലമായി നാടകങ്ങള്‍ക്കൊപ്പം യാത്ര തുടങ്ങിയിട്ട്. സാമ്പത്തികമായ പ്രതിസന്ധികളൊക്കെ നേരിടേണ്ടി വന്നപ്പോഴും പിടിച്ചുനിര്‍ത്തിയത് നാടകം തീരുമ്പോൾ കിട്ടിയ കയ്യടികളാണ്. ഏകാംഗ നാടകങ്ങളാണ് മിക്കതും. നാലു കഥാപാത്രങ്ങള്‍ വരെ ചെയ്തിട്ടുണ്ട്. വേദിയില്‍ ഒറ്റയ്ക്കു നിന്ന് നിറഞ്ഞാടുമ്പോള്‍ അടുത്തയിടം തേടി പോകാനുള്ള ഊര്‍ജമാകുന്നത് ആളുകളുടെ കയ്യടിയാണ്. അതൊരു ലഹരിയാണ്, മദ്യത്തേക്കാള്‍ വലിയ ലഹരി. ആ കയ്യടികളാണ് എന്നെ അഭിനേതാവാക്കിയത്.

appunni-mammootty

ജയപ്രകാശ് കുളൂര്‍ എന്ന പ്രതിഭയാണ് എന്‍റെ ഗുരു. അദ്ദേഹം ചിട്ടപ്പെടുത്തിയ, ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ രണ്ട് ഏകാംഗ നാടകങ്ങളാണ് ജീവിതത്തില്‍ വഴിത്തിരിവായത്. എന്റെ പേര് അപ്പുണ്ണി ശശി എന്നു തിരുത്തിയെഴുതപ്പെടുന്നത് അതോടെയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നാലായിരത്തോളം വേദികളിലാണ് കളിച്ചത്. അതുകഴിഞ്ഞ് പിന്നെ ഏറ്റവും പ്രസക്തമായത് ഭാര്യാഭര്‍തൃ ബന്ധത്തെ കുറിച്ചു പറയുന്ന, തിരഞ്ഞെടുപ്പ് എന്നു പേരിട്ട നാടകമാണ്.
സംഗീതം പോലും അകമ്പടിയില്ലാത്ത ഏകാംഗ നാടകം ഒരിക്കല്‍ ആളുകള്‍ക്കിഷ്ടപ്പെട്ടിട്ട് രണ്ടാമതും കളിപ്പിച്ചു. 2500 വേദികളില്‍ അത് അവതരിപ്പിച്ചിട്ടുണ്ട്. ആ നാടകത്തിലൂടെയാണ് മമ്മൂക്ക എന്നെ അറിയുന്നത്. അദ്ദേഹം ഒരുപാട് നല്ല വാക്കുകളോടെയാണ് ആ നാടകത്തെക്കുറിച്ചു സംസാരിച്ചത്. അന്നുതൊട്ടേ വലിയ അടുപ്പമുണ്ട് അദ്ദേഹത്തോട്. ജവാന്‍ ഓഫ് വെള്ളിമലയിലെ അഭിനയം കണ്ടും ഏറെ പ്രശംസിച്ചു. സിനിമയിലേക്കുള്ള അവസരങ്ങളുടെ വാതില്‍ വലിയ രീതിയില്‍ തുറക്കപ്പെടുന്നത് അതോടെയാണ്.

ആരാധനയോടെ കാണുന്ന മനുഷ്യന്‍

ജീവിതത്തില്‍ ആരാധന തോന്നിയ പുരുഷനാണ് മമ്മൂട്ടി. ഒന്നിച്ചഭിനയിക്കാന്‍ കിട്ടിയ അവസരങ്ങള്‍ അതുകൊണ്ടുതന്നെ അവിസ്മരണീയമാണ്. എന്നെക്കാള്‍ സിനിമാ രംഗത്ത് എത്രയോ ദൂരം മുന്‍പേ സഞ്ചരിച്ച വ്യക്തിയാണ് അദ്ദേഹം. എന്നിട്ടും ഓരോ സീനിലും എനിക്കു തന്ന പരിഗണന മറക്കാനാകില്ല. അഭിനയം പഠിപ്പിച്ചു തരികയായിരുന്നില്ല അദ്ദേഹം, മറിച്ച് നമ്മളെക്കൂടി ചേര്‍ത്തുപിടിക്കുകയായിരുന്നു. നമ്മളെക്കാള്‍ എത്രയോ അനുഭവസമ്പത്തുള്ള, ഒരുപാട് അംഗീകാരങ്ങള്‍ നേടിയൊരാള്‍ നമ്മളെക്കൂടി കരുതുമ്പോഴുള്ള ഒരു ഊര്‍ജമുണ്ടല്ലോ, അതാണ് എന്നെ കരുത്തനാക്കിയത്.

നിറഞ്ഞ സ്നേഹം പാര്‍വതിയോട്

പാര്‍വതി-അപ്പുണ്ണി ശശി ജോഡിയെ പല തരത്തിലാണ് ആളുകള്‍ വിലയിരുത്തുന്നത്. ചിലര്‍ പറയുന്നു താരതമ്യത്തിന് പ്രസക്തിയില്ല, അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷേ ഇവിടെ അളക്കേണ്ടത് രണ്ടു പേരുടെ അഭിനയമികവ് മാനദണ്ഡമാക്കിയല്ല. പാര്‍വതി സിനിമയില്‍ തന്‍റേതായ ഇടം നേടിയെടുത്ത അഭിനേത്രിയാണ്. അവര്‍ക്ക് മുന്‍പില്‍, ആര്‍ക്കൊപ്പം അഭിനയിക്കണമെന്നു തീരുമാനിക്കാനുള്ള ഒരു സാധ്യതയുണ്ട്. വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള, കുറഞ്ഞപക്ഷം അതേപ്പറ്റി പറയാനുള്ള സാധ്യത. പക്ഷേ പാര്‍വതി ഒരിക്കല്‍പ്പോലും അത് ചെയ്തില്ലെന്നു മാത്രമല്ല എന്നെ അങ്ങേയറ്റം സൗഹൃദത്തോടെ, സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി ആ പറച്ചിലുകളെയൊക്കെ അപ്രസക്തമാക്കുകയും ചെയ്തു. സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും ഒട്ടുമേ തണുത്തുപോകാത്ത ആത്മസമര്‍പ്പണവും അവര്‍ക്കുള്ളതുകൊണ്ടാണത്. ഇത്രയും വര്‍ഷം സിനിമയില്‍ അഭിനയിച്ചപ്പോഴും കിട്ടാത്ത തരത്തിലുള്ള പ്രേക്ഷക പ്രതികരണം എനിക്കു നേടിയെടുക്കാനായത് ഇങ്ങനെയൊരു ജോഡി ഉണ്ടായതുകൊണ്ടു കൂടിയാണ്.

അത് മസില്‍പിടുത്തമല്ല

കുട്ടപ്പന്‍ തനി നാടകക്കാരനാണ്. അയാളുടെ ജീവനും ജീവിതവും ജാതിയും മതവും രാഷ്ട്രീയവും എല്ലാം നാടകമാണ്. അതിലൂടെയാണ് ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ മാറ്റിനിര്‍ത്തിയിടത്തേക്കെല്ലാം അയാൾ തലയുയര്‍ത്തി കയറിച്ചെന്നത്. നാടകത്തിലൂടെ നേടിയെടുത്ത പേരിലും പ്രശസ്തിയിലും പുരസ്കാരങ്ങളിലും കൂടിയൊക്കെ തന്‍റെ തന്നെ നിലനില്‍പും വീണ്ടെടുപ്പും നടത്തുന്നയാളാണ് കുട്ടപ്പന്‍. അയാളത് അര്‍ഹിക്കുന്നുണ്ട്. ആരുടെയും മുന്‍പില്‍ തലകുനിക്കാനിഷ്ടമില്ല അയാള്‍ക്ക്. പ്രത്യേകിച്ച് കുട്ടന്‍ വര്‍മയ്ക്കു മുന്‍പില്‍. സ്വാഭാവികമായും അയാളുടെ മാനറിസങ്ങള്‍ അങ്ങനെതന്നെയായിരിക്കുമല്ലോ. അതൊരു മസില്‍പിടിത്തമല്ല, തലയുയര്‍ത്തിയുള്ള അയാളുടെ നടപ്പാണ്. നാടകക്കാരനായ ഞാന്‍ അങ്ങനെതന്നെയും സ്വതന്ത്ര വ്യക്തിയായും നിന്നുകൊണ്ട് സിനിമയുടെ രസച്ചരട് പൊട്ടാതെ അഭിനയിക്കണമായിരുന്നു. അതൊരു വെല്ലുവിളിയായിരുന്നു.

appunni-parvathy

ഹൃദയത്തില്‍ നിന്നുള്ള കയ്യടി

നാടകങ്ങള്‍ കാണാറുള്ള, നാടകക്കാരനെ ഇഷ്ടമുള്ള, സിനിമയോടൊപ്പം അവരുടെകൂടെയും ജീവിക്കുന്ന രഞ്ജിത് സര്‍ ആണ് സിനിമയിലേക്ക് എന്നെ കൈപിടിക്കുന്നത്. പാലേരി മാണിക്യം എന്ന സിനിമയ്ക്കായി അദ്ദേഹം ഒരു ക്യാംപ് സംഘടിപ്പിച്ചു. അറുനൂറു നാടകക്കാര്‍ പങ്കെടുത്ത ക്യാംപില്‍നിന്ന് അവസാന ഘട്ടത്തില്‍ ആറു പേരിലൊരാളായി ഇടം നേടാനായി. മാണിക്യത്തിന്‍റെ സഹോദരനായിട്ടായിരുന്നു അഭിനയിച്ചത്. അതാണ് പുറത്തിറങ്ങിയ ആദ്യ സിനിമ. ആയിരത്തിലൊരുവന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി മൂവിക്യാമറയ്ക്കു മുന്‍പിലെത്തിയത്. പക്ഷേ ഏഴു വര്‍ഷം കഴിഞ്ഞാണ് ആ സിനിമ പുറത്തുവരുന്നത്. അതില്‍ നമ്മളുണ്ടായിരുന്നുമില്ല.

അന്നു തൊട്ടിന്നോളം 86 സിനിമകളിലാണ് അഭിനയിച്ചത്. എങ്കിലും റത്തീന എന്ന സംവിധായികയും പുഴു എന്നൊരു സിനിമയും വരെ കാത്തിരിക്കേണ്ടി വന്നു സിനിമ പ്രേക്ഷകരുടെ ചര്‍ച്ചകളിലിടം നേടുന്ന ഒരു സിനിമയിലെത്താന്‍. സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ഹര്‍ഷാദ് ആണ് സിനിമയിലേക്ക് എന്റെ പേര് പറയുന്നത്. അതുകൊണ്ട് എന്‍റെ രക്ഷകനായിട്ടാണ് ഞാന്‍ ഹര്‍ഷാദിനെ കാണുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകളെ അംഗീകരിച്ച റത്തീനയ്ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി. സിനിമയിലെ ഓരോ പിന്നണി പ്രവര്‍ത്തകരും അത്രയും കരുതലോടെയാണ് പെരുമാറിയത്. അത് മറക്കാനാകില്ല. ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു അന്തരീക്ഷമായിരുന്നു ഈ സിനിമയില്‍. അതുകൊണ്ടു കൂടിയാകണം സീനുകളൊന്നും അധികം ടേക്കുകളൊന്നുമില്ലാതെ എടുക്കാനായത്. പല സീനുകളും പൂര്‍ത്തിയാക്കുമ്പോള്‍ അവര്‍ കയ്യടികളുമായി അടുത്തുണ്ടായിരുന്നു.

അവര്‍ക്ക് മുഖത്തേറ്റ അടിയാണിത്

ജാതിയും കറുപ്പും എക്കാലത്തും എല്ലായിടത്തും വിഷയമാണ്. എനിക്കുമുണ്ടായിട്ടുണ്ട് അനുഭവങ്ങള്‍. പക്ഷേ അത് എന്നെ ബാധിക്കുന്നത്ര തീവ്രമായിട്ടായിരുന്നില്ല. അല്ലെങ്കില്‍ അത് ഞാന്‍ മൈന്‍ഡ് ചെയ്തിരുന്നേയില്ലെന്നും പറയാം. പുഴു സംസാരിക്കുന്ന വിഷയം കൂടിയാണിത്. ജാതിവെറിയുള്ളവരുടെ മുഖത്തടിക്കുന്നതാണ് പുഴുവിലെ ഓരോ ഡയലോഗും. പുഴു സംസാരിക്കുന്നത് എക്കാലവും പ്രസക്തമായ വിഷയത്തെ കുറിച്ചാണ്.

ഞാന്‍ വളരെ ഗൗരവത്തോടെ നാടകത്തെ കാണുന്ന, അത്തരം വേദികളില്‍ മാത്രം നാടകം ചെയ്യുന്ന ഒരാളാണ്. അത്യാവശ്യം നല്ല പ്രതിഫലം തരാത്ത, നല്ല ഓഡിയന്‍സില്ലാത്ത ഇടങ്ങളിലേക്ക് നാടകവുമായി ഞാന്‍ പോകാറില്ല. എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന നാടകക്കാരന്‍റെ ജീവിതരീതിയല്ല എന്‍റേത്. ആ തീരുമാനവും ആ വേദികള്‍ തരുന്ന അന്തരീക്ഷവുമൊക്കെ എന്നെ അത്തരം വേര്‍തിരിവുകളില്‍ നിന്നൊക്കെ സംരക്ഷിച്ചിട്ടുണ്ടാകാം. അതാവും ജാതിയുടെയോ നിറത്തിന്‍റെയോ പേരില്‍ വ്യക്തിപരമായി നീറ്റുന്ന ഒരനുഭവം എനിക്കുണ്ടാകാത്തത്.

സിനിമയോ നാടകമോ

അഭിനയത്തോടാണ് അഭിനിവേശം. ആത്യന്തികമായി ഞാനൊരു നടനാണ്. സിനിമയെന്നോ നാടകമെന്നോ വേര്‍തിരിവ് വയ്ക്കാനാകില്ല. ജീവിതത്തിനും കരിയറിനും അതത്രയ്ക്കു നല്ലതല്ല. നാടകവും സിനിമയും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. എനിക്കു സിനിമ കിട്ടുമ്പോള്‍ ചെയ്യുന്നു, അത്രേയുള്ളൂ. നാടകം ഒരിക്കലും ഉപേക്ഷിക്കാനാകില്ല. എപ്പോള്‍ വേണമെങ്കിലും വേദിയില്‍ കയറാനുള്ള ആത്മവിശ്വാസമുണ്ടെനിക്ക്. സിനിമകളുടെ ഇടവേളകളില്‍ പോലും എനിക്കു പോയി നാടകം ചെയ്യാമെന്ന വിശ്വാസമുണ്ട്. രണ്ടിലും അഭിനയിക്കുമ്പോള്‍ ഒരു മീറ്ററുണ്ട്. അതങ്ങ് മനസ്സിലാക്കിയെടുത്താല്‍ പ്രശ്നമില്ല. ഇക്കാലയളവിനിടയില്‍ ഞാനത് മനസ്സിലാക്കിയെന്നാണ് കരുതുന്നത്. പ്രേക്ഷകരാണല്ലോ അത് പറയേണ്ടത്. പുതുക്കിയെടുക്കാനുള്ള മനസ്സ് എപ്പോഴുമുണ്ട്. അഭിനയത്തോട് ആര്‍ത്തിയാണെനിക്ക്.

നാടകം ചെയ്തു തീരുമ്പോഴുള്ള കയ്യടി ആസ്വദിക്കുന്നത്രയും തന്നെ സിനിമ പുറത്തുവന്നപ്പോള്‍ മുതലുള്ള പ്രതികരണവും ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഫോണ്‍ കോളുകളും അഭിമുഖങ്ങളും എഴുത്തുകളുമൊക്കെ എന്നിലെ വ്യക്തിയെ ആസ്വദിപ്പിക്കുന്നുണ്ട്, ഊര്‍ജ്ജം പകരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com