പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കും: ജന ഗണ മനയിലെ തമിഴരസി പറയുന്നു

nimisha-prithviraj
നിമിഷ അശോക്, പൃഥ്വിരാജ്
SHARE

തിയറ്ററിന് അകത്തും പുറത്തും കയ്യടികളാണ് ജന ഗണ മനയ്ക്ക്. പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമൂടിനും വിന്‍സിക്കും ശാരിക്കുമെല്ലാം കയ്യടി. ഈ ആസ്വാദന ആഘോഷങ്ങള്‍ക്കിടയില്‍ തിയറ്റര്‍ പൊടുന്നനെ നിശബ്ദമാകുന്നത് തമിഴരസിയെ കാണുമ്പോഴാണ്. തമിഴരസിയുടെ ഞെട്ടിപ്പിക്കുന്ന ജീവിതത്തിനു മുന്നില്‍ എല്ലാവരും പകച്ചു പോകും. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏതോ തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നു കരുതിയാല്‍ തെറ്റി. ഒരു മലയാളി യുവതിയുടെ ആദ്യ സിനിമയും കഥാപാത്രവുമായിരുന്നു അത്. തമിഴരസി ശ്രദ്ധിക്കപ്പെട്ടതിന്റെ ആവേശത്തിലാണ് മലപ്പുറം എടവണ്ണപ്പാറ വാഴക്കാട് സ്വദേശി നിമിഷ അശോക്. ആ കഥാപാത്രത്തെ പ്രേക്ഷകര്‍ക്കു മുന്നില്‍ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണെന്നത് മറ്റൊരു ഭാഗ്യം. ഒരു കോളജ് വിദ്യാർഥിനിയെ കോവിഡ് കാലം ബിഗ്‌സ്‌ക്രീനിലെത്തിച്ച കഥയാണ് നിമിഷയുടേത്.

∙ എങ്ങനെയാണ് നിമിഷ ജന ഗണ മനയില്‍ എത്തിയത്?

കോവിഡാണ് എന്നെ ജന ഗണ മനയില്‍ എത്തിച്ചതെന്നു പറയാം. കാലടിയില്‍ മലയാളം എംഎയ്ക്കു ശേഷം മഞ്ചേരിയില്‍ ബിഎഡിനു ചേര്‍ന്നു. പരീക്ഷ കോവിഡ് കാലത്തായിരുന്നു. ലോക്ഡൗണില്‍ വീട്ടിലിരിപ്പായി. അതുവരെ പഠനം തന്നെയായിരുന്നു. ഇടവേള ഉണ്ടായിട്ടേയില്ല. കൊറോണ വന്നില്ലായിരുന്നുവെങ്കില്‍ അധ്യാപനത്തിലേക്കോ പിഎച്ച്ഡിയിലേക്കോ തിരിഞ്ഞേനേ. വീട്ടില്‍ അടച്ചിരിപ്പ് വല്ലാതെ മടുത്തുതുടങ്ങിയിരുന്നു. എങ്ങനെയും പുറത്തിറങ്ങണമെന്ന ചിന്തയാണ് മനസ്സു നിറയെ. അപ്പോഴാണ് വഫാറയുടെ ഫോട്ടോ ഷൂട്ടുണ്ടാകുന്നതും അത് വൈറലാകുന്നതും. വൈറലെന്നല്ല, സംഭവം നാട്ടിലൊക്കെ ചെറുതല്ലാത്ത കോളിളക്കം സൃഷ്ടിച്ചു. അധ്യാപികയാകേണ്ടയാള്‍ എന്തിനാണ് ഫോട്ടോ ഷൂട്ടിനൊക്കെ പോകുന്നത് എന്ന നിലയിലുള്ള സദാചാര സംസാരങ്ങളായിരുന്നു. എന്നെ തടയാഞ്ഞത് അച്ഛനാണ്. ഇതൊക്കെ കേട്ട് നിര്‍ത്തിയാല്‍ തോറ്റു പോകുമെന്നായിരുന്നു അച്ഛന്റെ വാക്ക്.

nimisha-ashok-2

ഇതിനൊക്കെ മുന്‍പ് തുറമുഖം സിനിമയുടെ ഓഡിഷന് ഞാന്‍ പോയിട്ടുണ്ട്. സ്‌ക്രീന്‍ ടെസ്റ്റിനു പോയി. ലൈനൊക്കെ ഇട്ടു തന്ന് അഭിനയിച്ചു. പക്ഷേ പരിചയമില്ലല്ലോ അതൊന്നും. ചെയ്തതെല്ലാം പാളി എന്നു പറഞ്ഞാല്‍ മതിയല്ലോ. കാലടി സര്‍വകലാശാലയില്‍ എംഎയ്ക്കു പഠിക്കുമ്പോള്‍ തിയറ്റര്‍ ഒരു പേപ്പറാണ്. കോളജ് കാലത്ത് പല നാടകങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്. ആ ധൈര്യത്തിനാണ് തുറമുഖത്തിന്റെ ഓഡിഷന് പോയത്. അതോടെ സിനിമാ മോഹമെല്ലാം പോയിരുന്നു.

വഫാറ ഷൂട്ട് കഴിഞ്ഞ് മലപ്പുറത്തെ വീട്ടിലേക്ക് ഞാന്‍ മടങ്ങി മാസങ്ങള്‍ക്കുള്ളില്‍ പൃഥ്വിരാജ് പ്രൊഡക്‌ഷനില്‍നിന്ന് എനിക്കൊരു കോള്‍ വന്നു. ഫോട്ടോ അവര്‍ കണ്ടെന്നും ഉടന്‍ ഒരു വിഡിയോ അയച്ചു കൊടുക്കാനും പറഞ്ഞു. കുട്ടിയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പോയി കരഞ്ഞു പറയുന്ന വിഡിയോ ആയിരുന്നു വേണ്ടത്. അപ്പോള്‍ കൂടെ ആരുമില്ല. ഫോണിന്റെ ഫ്രണ്ട് ക്യാമറയിൽ ഒരു വിഡിയോ എടുത്ത് ഞാനയച്ചു. അവര്‍ ഉടന്‍ തന്നെ വിളിച്ചു. വിഡിയോ കണ്ടിട്ട് ഓക്കെയാണ് എന്നു തോന്നുന്നു, വേഗം കൊച്ചിയില്‍ എത്താന്‍ പറഞ്ഞു.

വഫാറ ഷൂട്ടിന്റെ സ്‌റ്റൈലിസ്റ്റായിരുന്ന അസാനിയ എന്റെ ഫോട്ടോ ലൈന്‍ പ്രൊഡ്യൂസറായ വിനീത് വിജയിനെ കാണിച്ചെന്നും അതുവഴിയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണിയിലേക്ക് അത് എത്തിയതെന്നുമെല്ലാം ഞാന്‍ പിന്നീടാണ് അറിയുന്നത്.

കൊച്ചിയില്‍ എത്തി സ്‌ക്രീന്‍ ടെസ്റ്റ് വേഗം പൂര്‍ത്തിയായ ശേഷം വെയ്റ്റു ചെയ്തു. ഉച്ചയോടെ ഡിജോ എത്തി ഓക്കെ പറഞ്ഞു സംസാരിച്ചു. പക്ഷേ പൃഥ്വിരാജിന്റെ കൂടെയാണ് അഭിനയിക്കേണ്ടത് എന്നൊന്നും പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞാല്‍ ഷൂട്ട് തുടങ്ങും. അന്നു തന്നെ ആര്‍ടിപിസിആര്‍ എടുക്കണം. അത് പോസിറ്റീവായാല്‍ അവസരം നഷ്ടപ്പെടും എന്നതായിരുന്നു വലിയ ടെന്‍ഷന്‍. പക്ഷേ ഭാഗ്യത്തിന് ഞാന്‍ നെഗറ്റീവായി. കൊറോണ ചതിച്ചില്ല.

∙ ജന ഗണ മനയില്‍ പൃഥ്വിരാജും നിമിഷയും നേര്‍ക്കുനേര്‍ അഭിനയിക്കുന്നതാണ് കഥാ സന്ദര്‍ഭം... പെട്ടെന്നത് അറിഞ്ഞപ്പോള്‍ പകച്ചോ?

പകയ്ക്കുമെന്നത് തീര്‍ച്ചയല്ലേ. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു എറണാകുളം പാതാളത്തെ ഷൂട്ടിങ്. കോടതി രംഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്. മേക്കപ്പുമിട്ട് രണ്ടു ദിവസം കോടതിക്കുള്ളില്‍ ഇരുന്നു. ശാരി മാഡം, വിന്‍സി അലോഷ്യസ്, ചിത്ര അയ്യര്‍, വൈഷ്ണവി, ദിവ്യാ കൃഷ്ണ തുടങ്ങിയവരെല്ലാമായി അടുപ്പത്തിലായി. എന്നെ ഓഡിഷന്‍ ചെയ്ത അസിസ്റ്റന്റ് ഡയറക്ടര്‍, കാണുമ്പോഴെല്ലാം ‘നന്നായി ചെയ്യണം’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു. രണ്ടു ദിവസം ഷൂട്ട് കണ്ടിരുന്നപ്പോള്‍ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ടു. അപ്പോഴാണ് പൃഥ്വിരാജുമായാണ് കോംബിനേഷനെന്ന വിവരം പറയുന്നത്. നല്ലതു പോലെ ടെന്‍ഷനായി.

nimisha-ashok

പൃഥ്വിരാജ് സെറ്റിലേക്ക് വരുന്നതും അഭിനയിക്കുന്നതും പോകുന്നതുമെല്ലാം ഈ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കും. പ്രത്യേകിച്ച് കോടതിയിലെ സമ്മര്‍ദ്ദമേറിയ രംഗങ്ങളും മറ്റും. പൃഥ്വിരാജാണ് മുന്നില്‍ എന്നതിന്റെ ടെന്‍ഷന്‍ ആലോചിച്ചാണ് മാറ്റിയത്. മുന്നില്‍ ആരാണെന്നത് നോക്കാതെ അഭിനയിച്ച നാടകത്തിലെ അനുഭവം ധൈര്യം തന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.

∙ എന്തായിരുന്നു ആദ്യ ഷോട്ട്?

സിനിമയില്‍ കണ്ട അതേ ഷോട്ട് തന്നെ. എന്റെ പേര് എന്താണെന്നു ചോദിക്കുന്നത്. പക്ഷെ അതിനു മുമ്പുള്ള ദിവസങ്ങളില്‍ എന്റെ കഥാപാത്രം സീനിലുണ്ട്. കഥാപാത്രവും സന്ദര്‍ഭവും കേട്ടപ്പോള്‍ ഞാന്‍ ജിഷയെയും ആസിഫയേയുമെല്ലാം ഓര്‍ത്തു. തമിഴരസിയുടെ മകള്‍ ബലാത്സംഗത്തിലൂടെ കൊല്ലപ്പെട്ടതാണ്. എന്റെ വീട്ടിലാണത് സംഭവിക്കുന്നതെങ്കില്‍ എന്ന ചിന്തയെല്ലാം എനിക്കുണ്ടായി. ആ ദിവസങ്ങളില്‍ ഷൂട്ട് ചെയ്യുന്ന ഭാഗങ്ങളും സംസാരങ്ങളുമെല്ലാം ഇത്തരം അക്രമണങ്ങളെ കുറിച്ചായിരുന്നു. ഓരോ സംഭവം കേൾക്കുമ്പോഴും അത് എനിക്കു കൂടുതല്‍ ആഘാതമുണ്ടാക്കുന്നുണ്ടായിരുന്നു. അറിയാതെ എന്നില്‍ ഒരു ട്രോമ രൂപപ്പെട്ടിരുന്നു.

ഷോട്ടെടുത്തു കഴിഞ്ഞപ്പോള്‍, തമിഴാണോ എന്നു പൃഥ്വിരാജ് ചോദിച്ചു. അല്ല മലയാളിയാണെന്നു പറഞ്ഞു. നന്നായി ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി.

∙ ഡിജോയുടെ സംവിധാനത്തില്‍ ആദ്യ സിനിമ. അതും സൂപ്പര്‍ഹിറ്റ്?

ഡിജോ കൃത്യമായി പറഞ്ഞു തന്നു. ആ ലൊക്കെഷന്‍ മൊത്തത്തില്‍ പ്രഫഷനലായിരുന്നു. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരായിരുന്നു. ആ ഗൗരവത്തിലേക്ക് നമ്മളും അറിയാതെ പങ്കുചേര്‍ന്നു പോകും. നല്ല ഫീഡ്ബാക്കായിരുന്നു ഓരോ ഷോട്ടിനും ലഭിച്ചത്. സുരാജേട്ടനും ശാരി മാഡവുമെല്ലാം ഷോട്ട് കഴിഞ്ഞപ്പോള്‍ അഭിനന്ദിച്ചു. ഡിജോയും അഭിനന്ദിച്ചിരുന്നു. കഠിനാധ്വാനം ചെയ്യുന്നയാളാണ് ഡിജോയെന്ന് സിനിമ കാണുന്ന എല്ലാവര്‍ക്കും ബോധ്യപ്പെടും. ആദ്യ സിനിമയില്‍ത്തന്നെ ഇത്രയും നല്ല വേഷവും കണ്ടവര്‍ ആരും മറക്കാത്ത സ്‌ക്രീന്‍ സ്‌പേസും തന്ന ഡിജോയോട് ഏറെ നന്ദിയുണ്ട്. ഇത്രയും നന്നായി അദ്ദേഹം ചെയ്ത സിനിമ ആദ്യ സിനിമയായതില്‍ ഏറെ അഭിമാനിക്കുന്നു.

∙ നിമിഷയെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോഴോ?

ഞാന്‍ ആദ്യ ഷോയ്ക്ക് പോയില്ല. സിനിമ റിലീസാകുന്നുണ്ടെന്നോ ഞാനതില്‍ ഉണ്ടെന്നോ പോസ്റ്റുകള്‍ പോലും ഇട്ടില്ല. റിലീസ് ദിവസം ഉച്ചയടെ നാട്ടില്‍നിന്ന് അമ്മ വിളിച്ചു. സിനിമ കണ്ട പലരും അമ്മയെ വിളിക്കുകയും അഭിനന്ദനിക്കുകയും ചെയ്തു. മലപ്പുറത്ത് വാഴക്കാടാണ് എന്റെ നാട്. പൃഥ്വിരാജ് ഫാന്‍സ് ഏറെയുള്ള സ്ഥലമാണ്. അവരെല്ലാം ആദ്യ ഷോ തന്നെ കണ്ടു. അവര്‍ക്ക് സിനിമയില്‍ എന്നെ കണ്ടത് വലിയ സര്‍പ്രൈസായി. നാട്ടിലെ വാട്സാപ് ഗ്രൂപ്പിലൊക്കെ അവരത് ആഘോഷിച്ചപ്പോഴാണ് എനിക്ക് സിനിമ കാണാന്‍ ധൈര്യമുണ്ടായത്. സിനിമയുടെ ഏതു ഭാഗത്താണ് ഞാനെത്തുന്നത് എന്നൊന്നും അറിയാതെ ഞാന്‍ നെഞ്ചിടിപ്പോടെ ഇരുന്നു. ഞാനുള്ള രംഗം എത്തിയപ്പോള്‍ തിയറ്ററിലുണ്ടായ നിശബ്ദത എനിക്ക് മറക്കാനാവില്ല. ബിഗ്‌സ്‌ക്രീനില്‍, അത്രയും വലുപ്പത്തില്‍ ഞാന്‍ എന്നെ കാണുകയാണ്. പാളിപ്പോകാതെ വേഗം രംഗം തീരണേയെന്നായിരുന്നു മനസ്സില്‍. കണ്ടു തീര്‍ന്നതും ആശ്വാസത്തോടെ കയ്യിലിരുന്ന വെള്ളം എടുത്തു കുടിച്ചു.

∙ ജന ഗണ മന കൈകാര്യം ചെയ്യുന്ന വിഷയം കാഴ്ചക്കാരി എന്ന നിലയില്‍ നിമിഷയെ സ്പര്‍ശിച്ചോ?

തീര്‍ച്ചയായും. ഞാന്‍ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് രോഹിത് വെമുല ഇന്‍സ്റ്റിറ്റ്യൂഷനല്‍ മര്‍ഡര്‍ ചെയ്യപ്പെടുന്നത്. കാലടിക്കു തൊട്ടടുത്താണ് പെരുമ്പാവൂര്‍. നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷ ബലാത്സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും അതേ കാലത്താണ്. സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം എല്ലാവര്‍ക്കും മനസ്സിലാകുന്നതാണ്, അതാണ് ആ സിനിമയുടെ വിജയവും ധൈര്യവും.

∙ നിമിഷ ഇനി?

സ്‌കൂള്‍ കാലത്ത് അത്‌ലീറ്റായിരുന്നു. അന്നുമുതലേ നന്നായി വ്യായാമം ചെയ്യാറുണ്ടായിരുന്നു. കോളജിലെത്തിയപ്പോള്‍ അതെല്ലാം മുടങ്ങിയിരുന്നു. ഇപ്പോള്‍ വര്‍ക്കൗട്ടും പരിശീലനങ്ങളും സീരിയസായി ചെയ്യുന്നുണ്ട്. പരസ്യചിത്രങ്ങളില്‍ പലതിലും ഇതിനിടയില്‍ അഭിനയിച്ചു. ജന ഗണ മനയ്ക്കു ശേഷം ഈ കരിയറില്‍ കൂടുതല്‍ ധൈര്യം തോന്നുന്നുണ്ട്. തമിഴില്‍നിന്ന് ചില ഓഫറുകളുണ്ട്. പ്രെോജക്ടുകള്‍ കേള്‍ക്കുന്നുണ്ട്. ഓഡിഷനുകള്‍ക്ക് പോകുന്നുണ്ട്. ജന ഗണ മന കണ്ട് എന്നെ തിരിച്ചറിഞ്ഞ് ദിവസവും മെസേജുകളും കോളുകളും ലഭിക്കുന്നു. ആ സന്തോഷത്തിലാണ് ഇപ്പോള്‍ ഞാന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA