ADVERTISEMENT

ഡിറ്റക്റ്റീവ് മനസ്സുളള ഡോക്ടർ നയന, ഒരുപാട് അന്തഃസംഘർഷങ്ങൾ ഉള്ളിലൊതുക്കി ഭർത്താവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പണിപ്പെടുന്ന മെറിൽ, രണ്ടാം വരവിൽ ശിവദ വെടിപ്പായി അവതരിപ്പിച്ച രണ്ടു കഥാപാത്രങ്ങൾ.  സു സു സുധി വാത്മീകം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ശിവദ.  മലയാളികൾക്ക് അടുത്ത വീട്ടിലെ പെൺകുട്ടി. മലയാളികൾ തന്നെ അത്തരത്തിൽ കാണുന്നത് സന്തോഷമെങ്കിലും ഒരു കലാകാരി എന്ന നിലയിൽ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ താൽപര്യമുണ്ടെന്ന് ശിവദ പറയുന്നു. 

 

ഏറെ ആരാധിച്ചിരുന്ന മഞ്ജു വാരിയരോടൊപ്പവും മോഹൻലാലിനൊപ്പവും സ്ക്രീൻസ്പേസ് പങ്കിടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. ട്വൽത് മാനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ ചിത്രത്തിൽ യുവതാരങ്ങളിൽ എല്ലാവർക്കും ഏറെ ഇഷ്ടമായത് ശിവദയുടെ ഡോക്ടർ നയനയെ ആണെന്നാണ് പ്രേക്ഷകവിലയിരുത്തൽ.  ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന തനിക്ക് കിട്ടിയ കരുത്തുറ്റ കഥാപാത്രങ്ങളുടെ വിജയാഹ്ലാദവുമായി നയന മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.  

 

meri-awas-suno

ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വീകരിച്ചതിൽ നന്ദി

 

ഞാൻ സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തതിനു ശേഷം തിരിച്ചുവരാൻ ഇരുന്നപ്പോഴാണ് 'മേരി ആവാസ് സുനോ'യും 'ട്വൽത്ത് മാനും' കിട്ടുന്നത്.  ആ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. അതിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നു എന്നുപറയുമ്പോൾ ശരിക്കും പറഞ്ഞാൽ വളരെയധികം സന്തോഷമായി.  മേരി ആവാസ് സുനോ കണ്ടിട്ട് ഒരു സ്ത്രീ എനിക്കൊരു മെസ്സേജ് അയച്ചിരുന്നു "ശിവദ അഭിനയിച്ച കഥാപാത്രത്തിന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ് ഞാൻ.  എനിക്ക് ഒരുപാടു ഫീൽ ചെയ്തു.  ഞാൻ എന്നെത്തന്നെയാണ് സിനിമയിൽ കണ്ടത്" എന്നാണ് അവർ പറഞ്ഞത്.  അവർക്ക് അത്തരത്തിൽ ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ കഴിഞ്ഞു എന്ന തരത്തിലുള്ള പ്രതികരണങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്.  

 

എന്നെ വിശ്വസിച്ച് മെറിൽ എന്നൊരു കഥാപാത്രം എനിക്ക് പ്രജേഷേട്ടൻ തന്നു. വളരെ പ്രഗത്ഭരായ മഞ്ജു ചേച്ചി, ജയേട്ടൻ എന്നിവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. എനിക്ക് അത് ഇഷ്ടമുള്ള രീതിയിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം പ്രജേഷേട്ടൻ തന്നിരുന്നു. സുധി വാത്മീകം കഴിഞ്ഞ് എനിക്ക് കിട്ടിയതിൽ ഏറ്റവും നല്ല കഥാപാത്രമാണ് മെറിൽ എന്ന് ഒരുപാടുപേർ എന്നോട് പറഞ്ഞിരുന്നു. നന്നായി ചെയ്തു എന്നാണു എല്ലാവരും പറയുന്നത്. ഇങ്ങനെയൊരു റോൾ എന്നെ വിശ്വസിച്ച് ഏൽപ്പിച്ച പ്രജേഷേട്ടനോട് നന്ദി പറയുന്നത് തീരെ കുറഞ്ഞുപോകും എന്ന് തോന്നുന്നു.  അദ്ദേഹത്തോട് ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്. 

     

മഞ്ജു വാരിയരോടോപ്പം ആദ്യമായി 

 

12th-man-team

മഞ്ജു ചേച്ചിയോടൊപ്പം (മഞ്ജു വാരിയർ) ആദ്യമായിട്ടാണ് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്.  അഭിനയിക്കുന്നത് മാത്രമല്ല ഞാൻ ചേച്ചിയെ ആദ്യമായി കാണുന്നത് ഈ സിനിമയിൽ അഭിനയിക്കുമ്പോഴാണ്. ചേച്ചിയുടെ പടങ്ങളൊക്കെ കണ്ട് ആരാധന തോന്നി വളർന്ന എനിക്ക് ചേച്ചിയോടൊപ്പം അഭിനയിക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു.  മേരി ആവാസ് സുനോ യുടെ ആദ്യത്തെ ഷോട്ടും സീനുമൊക്കെ ചേച്ചിയോടൊപ്പമായിരുന്നു. സ്‌ക്രീനിൽ ചേച്ചിയുടെ മാജിക് നമ്മൾ കണ്ടിട്ടുണ്ട് അത് നേരിട്ട് കാണാൻ കഴിയുന്നതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു.  പക്ഷേ ചേച്ചി ആദ്യം കാണുമ്പോൾ തന്നെ പേരൊക്കെ വിളിച്ച് വളരെ പരിചിതരെപ്പോലെ ആണ് സംസാരിച്ചത്.  അപ്പൊത്തന്നെ സമാധാനമായി. ആദ്യമായി ചെയ്ത സീന്‍ നല്ല ടെൻഷൻ എടുത്ത് ചെയ്തതാണ്. എന്റെ മുഖത്ത് ടെൻഷനും വിഷമവും ഒക്കെ വേണ്ട സീൻ ആയിരുന്നു അത്.  ആ മൂഡിൽ ചെയ്തതുകൊണ്ട് ആ സീൻ കറക്ടായി എന്ന് പ്രജേഷേട്ടൻ പിന്നീട് തമാശ പോലെ പറഞ്ഞു.  പ്രജേഷേട്ടൻ വളരെ കൂൾ ആയ, സപ്പോർട്ടീവ് ആയ സംവിധായകനാണ്.

 

നിർവചിക്കാനാകാത്ത ജയസൂര്യ 

 

ജയേട്ടനോടൊപ്പമാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത്.  ഓരോ ചിത്രത്തിന് വേണ്ടിയും ഒരുപാടു ഹോം വർക്ക് ചെയ്തിട്ട് വരുന്ന ആളാണ് അദ്ദേഹം.  അദ്ദേഹത്തിന്റെ ഭാര്യയുടെ കഥാപാത്രം ചെയ്യുമ്പോൾ അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നോക്കിയിട്ടു വേണം എനിക്ക് റിയാക്റ്റ് ചെയ്യാൻ.  അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് ഇപ്പൊ എനിക്ക് ഒരുപാട് കംഫർട്ടബിൾ ആണ്.  ആദ്യമായി ഒരുമിച്ച് അഭിനയിച്ചപ്പോൾ അദ്ദേഹം നന്നായി സപ്പോർട്ട് ചെയ്തിരുന്നു.  അദ്ദേഹം എന്നോട് അന്ന് പറഞ്ഞത് "നീ അഭിനയിക്കുമ്പോൾ അതെന്റെ ഉള്ളിൽ തട്ടുന്നുണ്ടെങ്കിൽ അത് പ്രേക്ഷകരുടെ ഉള്ളിലും കേറും" എന്നാണ്.  അന്ന് അത് മനസ്സിലായില്ലെങ്കിലും ഇപ്പോൾ അദ്ദേഹം പറഞ്ഞതിന്റെ അർഥം എനിക്ക് മനസിലാകും.  ജയേട്ടനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വളരെ നല്ലൊരു സൗഹൃദമുണ്ട്.

sanal-2

 

ട്വൽത്ത് മാനിലെ നയന 

 

ജീത്തു ജോസഫ് സാറിനൊപ്പം ‘ലക്‌ഷ്യം’ എന്ന സിനിമയിൽ വർക്ക് ചെയ്‌തിട്ടുണ്ട്. ട്വൽത് മാനിലേയ്ക്ക് വിളിക്കുന്നത് ജീത്തു ചേട്ടനാണ്. ‘ശിവദാ ഒരു കൊച്ചു മൂവി ചെയ്യുന്നുണ്ട് അതിൽ ഒരു കഥാപാത്രം ചെയ്യണം’ എന്ന് പറഞ്ഞു.  ഞാൻ പറഞ്ഞു: ‘ഓക്കേ സർ’. അപ്പോൾതന്നെ മനസ്സിൽ ഈ ചിത്രത്തെക്കുറിച്ചുള്ള ചെറിയ പെയിന്റിങ് വരച്ചുതുടങ്ങി പിന്നീട് ക്യാൻവാസ് വലുതാവുകയായിരുന്നു.  പിന്നീടാണ് അദ്ദേഹം ചിത്രത്തിന്റെ നിര്‍മാണം ആശീർവാദ് പ്രൊഡക്‌ഷൻസ് ആണെന്നു പറയുന്നത്. ലാലേട്ടൻ ആണ് നായകൻ എന്നറിഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു.  

 

ലൂസിഫറിൽ അഭിനയിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം കോമ്പിനേഷൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല.  ട്വൽത് മാനിൽ അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള വേഷം ചെയ്യാൻ കഴിഞ്ഞു.  ശരിക്കും കോളജിലേക്ക് മടങ്ങിപ്പോയതുപോലെ ആയിരുന്നു.  ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നല്ലോ.  ഇത്രയധികം സന്തോഷിച്ചതും മിസ് ചെയ്തതുമായ ഒരു സെറ്റ് വേറെ ഇല്ല.  ആദ്യം ചെല്ലുമ്പോൾ പേടി ആയിരുന്നു കാരണം പലരെയും നേരിട്ട് അറിയില്ല.  പക്ഷേ അവിടെ ചെന്ന് കഴിഞ്ഞു എല്ലാവരും കൂട്ടായി.  ഫുൾ ടൈം കളിതമാശ പറഞ്ഞു ചിരിച്ച് ആസ്വദിച്ചാണ് വർക്ക് ചെയ്തത്.  ലാലേട്ടൻ, ജീത്തു സർ, നന്ദു ചേട്ടൻ എല്ലാവരും ഞങ്ങളോടൊപ്പം കൂടി.  ‘രാത്രി ഷൂട്ട് നടക്കുന്നുണ്ട് എല്ലാവരും ഒന്ന് വന്നു അഭിനയിച്ചിട്ട് പോയാൽ നന്നായിരുന്നു എന്ന്’ ഇടയ്ക്ക് ജിത്തു സാറിന് ഓർമ്മിപ്പിക്കേണ്ടി വന്നു.  ട്വൽത് മാൻ ഒരുപാടു ആസ്വദിച്ച് ചെയ്ത സിനിമയാണ്.  ദൃശ്യം ഒന്നും രണ്ടും കണ്ട് വളരെ ആസ്വദിച്ച എനിക്ക് ഈ ഒരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷമുണ്ട്.  കഥാപാത്രത്തെക്കുറിച്ച് നല്ല  പ്രതികരണങ്ങളാണ് കിട്ടുന്നത്.     

 

ലാലേട്ടൻ കൂളാണ്‌ 

 

ഞാൻ ആദ്യമായിട്ടാണ് അദ്ദേഹത്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നത്.  അദ്ദേഹം ആദ്യമേ ചെയ്യുന്നത് എല്ലാവരോടും സൗഹൃദത്തോടെ പെരുമാറി കംഫർട്ടബിൾ ആക്കും എന്നതാണ്.  അദ്ദേഹം ഒരൊറ്റ ടേക്കിൽത്തന്നെ ഡയലോഗ് പറഞ്ഞ് അഭിനയിച്ചങ്ങനെ പോകും.  നമ്മൾ ഒക്കെ കണ്ട് അന്തം വിട്ടിരിക്കും. ക്യാമറ ഓഫ് ആകുമ്പോൾ  ഞങ്ങളോടൊപ്പം ഇരുന്നു തമാശ പറഞ്ഞു രസിപ്പിക്കും. ഇടക്ക് ഞങ്ങൾ പറയുമായിരുന്നു, ‘ലാലേട്ടന് അറിയില്ലെന്നു തോന്നുന്നു ലാലേട്ടൻ ആരാണെന്ന്.  വളരെ ഡൗൺ ടു എർത്ത് ആണ് ലാലേട്ടൻ.      

 

അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജ്  

 

മലയാളത്തിൽ ഞാൻ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ എല്ലാം പോസിറ്റീവ് ആണ്.  എന്നെ അത്തരത്തിൽ കാണാനാണ് മലയാളികൾക്ക് ഇഷ്ടം. ഞാൻ ചെയ്ത കഥാപാത്രങ്ങൾ അത്തരത്തിൽ ഇഷ്ടപ്പെടുന്നതിൽ സന്തോഷമുണ്ട് ഒരു നടി എന്ന  നിലയിൽ വിജയം തന്നെയാണത്.  അത് കേൾക്കുന്നതും ഇഷ്ടമാണ്. തമിഴിൽ ഞാൻ നെഗറ്റീവ് ഷെയ്ഡിൽ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഈ ഒരു ഇമേജ്  മാറ്റണമെന്ന് ആഗ്രഹമുണ്ട്.  കൂടുതൽ വെറൈറ്റി റോളുകൾ കിട്ടിയത് തമിഴിലാണ്.  മലയാളത്തിലും മുഴുവൻ മേക്ക് ഓവറിൽ പുതിയൊരു ഷെയ്ഡുള്ള കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ട്. 

 

നടി, ഭാര്യ, അമ്മ; റോളുകൾ എല്ലാം ഭംഗിയായി 

 

മകൾ അരുന്ധതി ഉണ്ടായ ശേഷം അവളാണ് എന്റെ ദിനചര്യകൾ നിയന്ത്രിക്കുന്നത്.  മുൻപ് ഞാൻ എന്റെ എല്ലാകാര്യങ്ങളും മുന്നേ പ്ലാൻ ചെയ്തിരുന്നു. ഇപ്പോൾ അവൾക്ക് കംഫർട്ടബിൾ ആകുന്ന രീതിയിൽ ആണ് ഞാൻ എന്റെ കാര്യങ്ങൾ ചാർട്ട് ചെയ്യുന്നത്.  ഇപ്പോൾ എല്ലാ കാര്യങ്ങളും വരുന്ന രീതിയിൽ സ്വീകരിക്കുകയാണ് ചെയ്യുന്നത്.  ഞാൻ ഷൂട്ടിന് പോകുമ്പോൾ മകളെയും കൊണ്ടുപോകാറുണ്ട്. മുൻപ് അമ്മ കൂടെ വരും ഇപ്പോൾ അമ്മയും മകളും ഒപ്പം വരും എന്ന മാറ്റമുണ്ട്.  ഷൂട്ടിന്റെ ഇടവേളയിൽ അവളുടെ അടുത്ത് ഓടി വരുമ്പോൾ കിട്ടുന്ന ഒരു ചിരിയും കെട്ടിപ്പിടിത്തവുമൊക്കെ മതി ജീവിതം ധന്യമാക്കാൻ. ഞാനും ഭർത്താവ് മുരളിയും അവരവരുടെ ജോലികളിൽ തിരക്കിലാണ്.  ഇതിനിടയിൽ ഒരുമിച്ചുണ്ടാകാനും മകളോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കാറുണ്ട്.  ജോലിയുടെ സ്ട്രെസ് കുടുംബത്തെത്തുമ്പോൾ മറക്കുകയാണ് ചെയ്യുന്നത്.

 

പുതിയ ചിത്രങ്ങൾ

 

എസ്.ജെ. സൂര്യ സാറിനൊപ്പം ചെയ്ത തമിഴ് ചിത്രം 'ഇരവാക്കാലം' ആണ് റിലീസ് ആകാനുള്ളത്.  അശോക് സെൽവനോടൊപ്പം ചെയ്ത 'നിത്തം ഒരു വാനം' എന്നൊരു ചിത്രം കൂടി റിലീസ് ആകാനുണ്ട്.  രാജൻ മാധവ് സാറിനൊപ്പം ഘട്ടം, സംവിധായകൻ കാർക്ക് സാറിനൊപ്പം ഒരു പ്രോജക്റ്റ് എന്നിവ ചെയ്യാനുണ്ട്.  പുതുമുഖ സംവിധായകൻ അജിത്ത് ചെയ്യുന്ന ഇടുമൻ കാരി എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.  ഫീമെയിൽ ഓറിയന്റഡ് സിനിമയാണ്.  ജയ്‌,  ഐശ്വര്യ രാജേഷ് എന്നിവർക്കൊപ്പം മറ്റൊരു പ്രൊജക്റ്റും നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com