ADVERTISEMENT

കുട്ടിക്കാലത്തു പോലും സിനിമക്കാരനാകണമെന്ന ആഗ്രഹം രാഹുൽ റിജി നായർക്ക് ഉണ്ടായിരുന്നില്ല. ബിടെക്കും എംബിഎയും കഴിഞ്ഞ് കോർപറേറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴും  അങ്ങനെ ഒരു ആഗ്രഹം തോന്നിയില്ല. എന്നാൽ 2012ൽ ഡൽഹിയിലെ ചില സുഹൃത്തുക്കൾ വഴി പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കു വന്ന അഭയാർഥികളുടെ പ്രശ്നങ്ങൾ അറിഞ്ഞു. അവരെക്കുറിച്ചു കൂടുതൽ അറിയണമെന്നു തോന്നി.  ആ പഠനം‘ഹ്യൂമൻ ബൗണ്ടറീസ്’ എന്ന ഡോക്യുമെന്ററിയിലേക്കാണു നയിച്ചത്. വമ്പൻ സ്വീകരതയായിരുന്നു അതിനു ലഭിച്ചത്. 

 

യുഎസ്, യുകെ ഉൾപ്പടെ രാജ്യങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ കഴിഞ്ഞു. അപ്പോഴാണു സിനിമയാണു തന്റെ വഴി എന്ന തോന്നൽ ആദ്യം മനസ്സിൽ എത്തിയത്. എന്നാൽ രാഹുൽ ജനശ്രദ്ധയിൽ എത്തിയത്  2017 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിലൂടെയാണ്. ആദ്യ സിനിമയായ ഒറ്റമുറി വെളിച്ചത്തിനു മികച്ച ഫീച്ചർ ഫിലിം ഉൾപ്പെടെ  4 പുരസ്കാരങ്ങൾ!  ‘കള്ളനോട്ടം’ എന്ന ചിത്രത്തിലൂടെ 2019 ൽ രാഹുൽ മികച്ച മലയാള ചിത്രത്തിനുള്ള  ദേശീയ  പുരസ്കാരവും നേടി. തിയറ്ററുകളിൽ പ്രദർശനം തുടങ്ങിയ പുതിയ ചിത്രം ‘കീട’ത്തിന്റെ വിശേഷങ്ങൾ മനോരമയുമായി സംവിധായകൻ പങ്കുവയ്ക്കുന്നു.

 

കീടത്തിലൂടെ  പറയുന്നത് ?

 

ഇതൊരു ത്രില്ലർ സിനിമയാണ്. സ്വകാര്യത എന്നത് ഇന്ന് ഇല്ലാതാകുന്നു. ‘ഡേറ്റാ മോഷണം’ എന്ന് മാധ്യമങ്ങളിൽ കാണുമ്പോൾ പലരുടെയും ചിന്ത ഇതു കൊണ്ട് എന്തു ചെയ്യാനാണ് എന്നാവും.  ഒരു വ്യക്തിയുടെ നിയന്ത്രണം മറ്റൊരാൾക്കു ഏറ്റെടുക്കാൻ ഇതു മാത്രം മതിയെന്നു ബോധ്യപ്പെടുത്തുന്നതാണു സിനിമ. സൈബർ സ്റ്റോക്കിങ്ങാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കീടത്തെ കണ്ണിൽ കാണാൻ കഴിയില്ല. എന്നാൽ ഒരു വലിയ പ്രദേശം നശിപ്പിക്കും. കീടം എന്ന പേരു നൽകിയത് ഇതിനാലാണ്.

 

ശ്രീനിവാസനുമായി ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ?

 

ശ്രീനി സാറിന്റെ ആരാധകനാണ് ഞാൻ. ഏറ്റവും കൂടുതൽ സ്വാധീനിച്ച നടനാണ്.  പല ദിവസങ്ങളിലും ആശുപത്രിയിൽ പരിശോധനയ്ക്കു പോയിട്ടാണു അദ്ദേഹം രാത്രി അഭിനയിക്കാൻ എത്തിയത്. രാത്രി 1 മണിക്കു പോലും മേക്കപ്പിൽ  സെറ്റിൽ എത്തും. ഒരു ദിവസം ഷൂട്ട് നീണ്ടുപോയി. ശ്രീനി സാറിനെ  ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ ഞാൻ ഡിന്നർ ബ്രേക്ക് കൊടുത്തില്ല. ഓരോരുത്തരായി പോയി ഭക്ഷണം കഴിച്ച് വരാൻ പറഞ്ഞു. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു. എന്നെ നേരത്തെ വിടാനാണ് പട്ടിണി കിടന്ന് പണിയെടുക്കുന്നതെങ്കിൽ അതു വേണ്ട. പോയി ആഹാരം കഴിക്കൂ. ഇടവേളകളിൽ അദ്ദേഹം പണ്ടത്തെ സിനിമാ കഥകൾ പറയും. സിനിമ പഠിക്കാത്ത എനിക്കു ഫിലിം സ്കൂളിൽ എത്തിയ ഫീൽ ആയിരുന്നു.

 

വീണ്ടും രജീഷ വിജയൻ നായികയായി എത്തുന്നു?

 

ഖോഖോ സിനിമയിൽ രജീഷയെ നായികയാക്കണമെന്നു ആദ്യം കരുതിയിരുന്നില്ല. പല പേരുകൾ മാറി മറിഞ്ഞാണു രജീഷയിലേക്കു എത്തിയത്. ഖോഖോ ഷൂട്ട് കഴിഞ്ഞപ്പോൾ രജീഷയെ നായികയാക്കി ഒരു സിനിമ കൂടി ചെയ്യണമെന്നു തോന്നിയിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് നടക്കുമെന്നു കരുതിയില്ല. കീടം സിനിമയുടെ ചിന്ത മനസ്സിൽ കടന്നു കൂടുന്നത് റിയൽ ലൈഫ് എക്സ്പീരിയൻസിൽ നിന്നാണ്. കഥ മനസ്സിൽ രൂപപ്പെട്ടപ്പോൾ ആദ്യം പറഞ്ഞത് രജീഷയോടാണ്.

സിനിമയിലൂടെ സാമൂഹിക മാറ്റമാണോ ലക്ഷ്യം?

 

സിനിമ സാമൂഹിക മാറ്റങ്ങൾക്ക് മുൻപിൽ എന്നും ഉണ്ടായിട്ടുന്നു.  സമുഹത്തിനു ഒരു സന്ദേശം നൽകാൻ മാത്രമാണ് ഉദ്ദേശമെങ്കിൽ സിനിമ ചെയ്യണ്ട. മറ്റു ചെലവു കുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കാം. ഒറ്റമുറി വെളിച്ചത്തിന്റെ കഥ എഴുതുമ്പോൾ വെളിച്ചം വില്ലനാകുന്നു എന്ന കൺസെപ്റ്റിൽ നിന്നും എഴുതി തുടങ്ങിയതാണ്. പക്ഷേ എത്തി നിന്നത് ആകട്ടെ ഭർത്തൃബലാത്സംഗം എന്ന വിഷയത്തിലും. മറ്റു സിനിമകളിലും ഇതു പോലെ ശക്തമായ സന്ദേശങ്ങളാണുള്ളത്.

 

കള്ളനോട്ടം സിനിമാ ചിത്രീകരണത്തിലെ പുതിയ പരീക്ഷണം ആയിരുന്നല്ലോ ?

 

പൂർണമായും ഗോ പ്രൊ ക്യാമറയിൽ ചിത്രീകരിച്ച സിനിമയാണ് 'കള്ളനോട്ടം'. റൈഡർമാരും ട്രാവൽ വ്‌ളോഗറുമാരുമൊക്കെ സാധാരണ ഉപയോഗിക്കുന്ന ക്യാമറയാണിത്. സിനിമയിൽ ക്യാമറയും മുഖ്യ കഥാപാത്രമാണ്. ആക്‌ഷൻ ക്യാമറയിൽ ഒരു മുഴുനീള സിനിമ പകർത്തുകയെന്നത് സാഹസം തന്നെയായിരുന്നു.ഛായാഗ്രാഹകൻ ടോബിൻ തോമസും എഡിറ്റർ അപ്പു ഭട്ടതിരിയും ചേർന്ന് ആ സാഹസത്തെ ഏറ്റെടുത്തു. ചില പരീക്ഷണങ്ങൾ നടത്തി. അതൊക്കെ വിജയിച്ചു എന്നാണ് കരുതുന്നത്.

 

പുരസ്കാരങ്ങൾ മുന്നോട്ടുള്ള സിനിമ ജീവിതത്തിനു പ്രചോദനം ആയിരുന്നോ?

 

ഒറ്റമുറി വെളിച്ചം പുരസ്കാരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.കഥയുമായി പലരേയും സമീപിച്ചു. ആരും സിനിമ നിർമിക്കാൻ തയാറായില്ല. വാണിജ്യ സിനിമകളെക്കാൾ ഇത്തരം സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു സമൂഹം ഉണ്ടാകുമെന്ന വിശ്വാസത്തിലാണു സിനിമയുമായി മുന്നോട്ടു പോയത്. നിർമാതാവിനെ കിട്ടാതായപ്പോൾ എന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയ സുഹൃത്തുക്കൾ എല്ലാവരും കൂടി സിനിമ നിർമിക്കാൻ തീരുമാനിച്ചു. 20 ലക്ഷം രൂപ മാത്രമായിരുന്നു നിർമാണ ചെലവ്.

 

ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തിരുന്നു. കൊൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ റോയൽ ബംഗാൾ ടൈഗർ പുരസ്കാരം കള്ളനോട്ടം നേടിയിരുന്നു. പലതരം പരീക്ഷണങ്ങൾ സിനിയയിൽ നടത്തുന്നതിനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്നതിനും പുരസ്കാരങ്ങൾ സഹായകമായിട്ടുണ്ട്.

 

സിനിമ മോഹങ്ങളുമായി വരുന്നവരോട് പറയാനുള്ളത്?

 

നൂറു ശതമാനം ആത്മാർഥമായി ഒരു കാര്യത്തിനായി പ്രയത്നിച്ചാൽ അത് നേടാൻ കഴിയും. ഞാൻ സിനിമ അവസരങ്ങൾ തേടി നടന്ന കാലത്തുള്ള പലരും ഇന്ന് സിനിമയിൽ ഇല്ല. അവർ മറ്റു മേഖലകൾ തേടി പോയി. എന്നാൽ അന്ന് വളരെ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ട് എന്നു തോന്നിയ പലരും സിനിമയിൽ നല്ല നിലയിൽ എത്തിയിട്ടുമുണ്ട്. തീവ്രമായ ആഗ്രഹവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയിക്കും. സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയായിരുന്നു ജോലി രാജിവച്ചത്. അതോടെ പൂർണ സമയവും സിനിമയ്ക്കു വേണ്ടി അധ്വാനിച്ചു. ആദ്യം പരാജയപ്പെട്ടേക്കാം. എന്നാൽ അവസാനം വിജയിക്കുക തന്നെ ചെയ്യും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com