ജീത്തു ചേട്ടൻ ‘അനൂ’ എന്ന് വിളിക്കും, ഞങ്ങൾ മൂന്ന് പേരും ഓടിച്ചെല്ലും: അനു മോഹൻ അഭിമുഖം

anusree-anu-sithara
SHARE

‘ലാലേട്ടനുമൊത്ത് ഒരവധിക്കാലം അടിച്ചുപൊളിച്ചപോലെ’... ട്വൽത് മാനെപ്പറ്റി നടൻ അനു മോഹനു പറയാനുള്ളത് ഈ വിശേഷണമാണ്. ഒരു മാസത്തോളം ഒരുമിച്ചൊരു സെറ്റിൽ കുടുംബത്തോടൊപ്പം ഒരൊഴിവുകാലം ചെലവഴിച്ച് അതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ഷൂട്ടിങ്. ഇത്തരത്തിലാണ് ട്വൽത് മാൻ സിനിമയുടെ ലൊക്കേഷനെപ്പറ്റി ഓർക്കുമ്പോൾ തോന്നുന്നത്. കോവിഡ് മൂന്നാം തരംഗത്തിനു ശേഷം വന്ന ആ ചെറിയ വലിയ സിനിമയുടെ സെറ്റ് താരങ്ങളെല്ലാം ചേർന്ന് മീൻ പിടിച്ചും ബോട്ടിങ് നടത്തിയും ബാഡ്മിന്റൻ കളിച്ചും ഒരാഘോഷമാക്കി. ഒപ്പം കൂടാൻ മലയാളത്തിലെ സൂപ്പർ താരം മോഹൻലാലും മലയാളികൾക്ക് പുതിയൊരു ഉൾക്കാഴ്ച പകർന്ന സൂപ്പർ സംവിധായകൻ ജീത്തു ജോസഫും കൂടിയായപ്പോൾ ഏറ്റവുമധികം ആഘോഷിച്ച സിനിമാ ലൊക്കേഷൻ ആയിരുന്നു ട്വൽത് മാനിന്റേത് എന്ന് പറയുന്നു അനു മോഹൻ. ഏറെ പാരമ്പര്യമുള്ള സിനിമാതറവാട്ടിൽ നിന്നുവന്ന ഇളമുറക്കാരന് ഇപ്പോൾ കൈ നിറയെ ഹിറ്റ് ചിത്രങ്ങളാണ്. വീണുകിട്ടിയ ഒരിടവേളയിൽ ട്വൽത് മാന്റെ വിശേഷങ്ങൾ അനു മോഹൻ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു

‘ഒരു കുഞ്ഞു സിനിമയാണ് ഡേറ്റ് ഉണ്ടാകുമോ’? ജീത്തു ജോസഫ് ചോദിച്ചു

ട്വന്റി വൺ ഗ്രാംസിന്റെ ഷൂട്ട് കഴിഞ്ഞ് വീണ്ടും കുറച്ചുകാലം ലോക്ഡൗൺ ആയി വീട്ടിലിരിക്കുകയായിരുന്നു. ഇതിനു ശേഷം ഷൂട്ടിങ് ഒക്കെ പഴയപടിയായി വരുന്ന സമയത്താണ് സിദ്ധുവേട്ടൻ (സിദ്ധു പനക്കൽ) വിളിച്ചിട്ട് ‘അനു ഡേറ്റ് ഉണ്ടോ, ഉണ്ടെങ്കിൽ ജിത്തു ജോസഫ് സാർ വിളിക്കും’ എന്ന് പറഞ്ഞത്. ഞാനപ്പോള്‍ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ‘അനു, ഞാൻ ഒരു കുഞ്ഞു സിനിമ ചെയ്യാൻ പോവുകയാണ്, ഫോണിലൂടെ കഥ പറയുന്നില്ല എറണാകുളത്ത് വന്നു തിരക്കഥ ഒന്ന് വായിക്കൂ’ എന്ന് ജീത്തു സർ ഫോണിൽ വിളിച്ച് പറഞ്ഞു. ലാൽ സാർ (മോഹൻ ലാൽ) ആണ് പ്രധാന കഥാപാത്രം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീത്തു ജോസഫിന്റെ സിനിമ, ലാലേട്ടൻ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇതൊരു കുഞ്ഞു സിനിമയല്ലല്ലോ എന്ന് അപ്പോഴേ മനസ്സിൽ തോന്നി. ‌അങ്ങനെ ജീത്തു ചേട്ടന്റെ അടുത്തുചെന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് തിരക്കഥ വായിക്കാൻ തന്നു. സ്ക്രിപ്റ്റ് വായിച്ചു തുടങ്ങിയപ്പോൾത്തന്നെ ത്രില്ലടിച്ചു തുടങ്ങി, ട്വിസ്റ്റോടു ട്വിസ്റ്റ്. ഒറ്റയിരിപ്പിൽ അവിടെയിരുന്നു സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു. എല്ലാം നല്ല രസമുള്ള കഥാപാത്രങ്ങൾ. സിദ്ധാർഥ് എന്ന കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചത്. എനിക്ക് ഭയങ്കര സന്തോഷം തോന്നി.

jeethu-anu

ചെറിയ സിനിമയാണ് എന്നു പറഞ്ഞെങ്കിൽ പോലും ദൃശ്യം 2 കഴിഞ്ഞ് ആശീർവാദ് ഫിലിംസ്–ലാലേട്ടൻ–ജീത്തു സാർ എന്നിവർ ഒന്നിക്കുന്ന സിനിമയാണ്. കൂടാതെ ഞാൻ അറിയുന്നതും എന്നാൽ ഒപ്പം അഭിനയിച്ചിട്ടില്ലാത്തതുമായ പതിനൊന്നുപേരോടൊപ്പം അഭിനയിക്കാൻ കഴിയുന്നു. തിരക്കഥ എന്നെ ഒരുപാട് ത്രില്ലടിപ്പിച്ചു. ഞാൻ വീട്ടിലെത്തിയപ്പോൾ ജീത്തു സാർ എന്നെ വിളിച്ച് അഭിപ്രായം ചോദിച്ചു. ഞാൻ പറഞ്ഞു, ‘ഓക്കേ സാർ എനിക്കിത് ചെയ്യണം’. പിന്നീട് വലിയൊരു ഗ്രൂപ്പ് ഡിസ്കഷൻ നടന്നു, ചെറിയൊരു സംശയം ആണെങ്കിൽ പോലും അതിൽ ജീത്തു സാറിന്റെ വിശദീകരണവും ചർച്ചകളുമൊക്കെ നടന്നു. അതിന്റെയൊക്കെ ഫലമാണ് ഇപ്പോൾ കിട്ടുന്ന പോസിറ്റീവ് റിസൽട്ട്.

കുടുംബത്തോടൊപ്പം ഒരു പിക്‌നിക് പോലെ

ഷൂട്ടിങ്ങിനു മുൻപ് വർക്‌ഷോപ്പ് ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും ഓരോ ഷൂട്ടിങ് ലൊക്കേഷനിലും തിരക്കുകളിലും ആയിരുന്നു. ആദ്യം ഷൂട്ട് ചെയ്തത് ബസിനുള്ളിലെ സീൻ ആണ്. എറണാകുളത്ത് ആയിരുന്നു ഷൂട്ടിങ്. അവിടെവച്ചാണ് എല്ലാവരും തമ്മിൽ ആദ്യം കണ്ടത്. പക്ഷേ കുളമാവ് റിസോർട്ട് ലൊക്കേഷനിൽ വച്ചാണ് എല്ലാവരും നല്ല സുഹൃത്തുക്കളായത്. 28 ദിവസം അവിടെത്തന്നെ താമസിച്ച് ഷൂട്ട് ചെയ്തതാണ്. ജീത്തു സാർ, ആന്റണി ചേട്ടൻ, ഞാൻ, ശിവദ, ചന്തുനാഥ്‌ അങ്ങനെ ഞങ്ങളിൽ പലരും കുടുംബത്തോടൊപ്പമായിരുന്നു.

കോവിഡ് ടെസ്റ്റ് ചെയ്ത് അവിടെ കയറിയതിനു ശേഷം കോവിഡ് ബബിൾ പോലെ ആയിരുന്നു. ആരും പിന്നീട് പുറത്തുപോയില്ല. മറ്റാരും അവിടെ വന്നിട്ടുമില്ല. ആ സമയത്ത് അവിടെ വേറെ ഗെസ്റ്റ് ഒന്നുമുണ്ടായിരുന്നില്ല. കുടുംബത്തോടൊപ്പം ഒരു ഒത്തുചേരൽ പോലെ ആയിരുന്നു. കോവിഡ് കാലം കഴിഞ്ഞ് എല്ലാവർക്കും ഒരു റിഫ്രഷ്മെന്റ് കിട്ടി. ഷൂട്ടിങ് മിക്കപ്പോഴും രാത്രിയാണ്. പകൽ മിക്കവാറും ഫ്രീ ആയിരുന്നു. ഞാൻ, ചന്തു, അനുശ്രീ, അദിതി അങ്ങനെ പലരും ചേർന്ന് ചിലപ്പോൾ ഫിഷിങ്ങിനും ബോട്ടിങ്ങിനുമൊക്കെ പോയിരുന്നു. രാഹുലും ഞാനും ഉണ്ണിയും ബാഡ്മിന്റൺ കളിയും പൂളിൽ ചാട്ടവുമായിരുന്നു. അങ്ങനെ പകൽ ഫുൾടൈം ആസ്വദിച്ചിട്ട് രാത്രിയാകുമ്പോൾ ജീത്തു സാർ വന്നു വിളിക്കും: ്‘‘അവിടെ ഒരു ഷൂട്ടിങ് നടക്കുന്നുണ്ട്. ഒന്നു വന്ന് അഭിനയിച്ചിട്ടു പോകാമോ?’’. വൈകിട്ട് ആറുമണിയാകുമ്പോൾ ഞങ്ങൾ റിസോർട്ടിന്റെ പല സ്ഥലത്തായിരിക്കും. സ്കൂൾ കുട്ടികളെപ്പോലെ ഞങ്ങളെ തല്ലി ഓടിച്ചുവേണം ഷൂട്ടിങ്ങിനു എത്തിക്കാൻ. അത്തരത്തിൽ ഞങ്ങൾ ആസ്വദിച്ച ഒരു സെറ്റായിരുന്നു ട്വൽത് മാനിന്റേത്

chandu-anu

ക്ലൈമാക്‌സിനെക്കുറിച്ച് അറിയാമായിരുന്നോ ?

സിനിമയിൽ അഭിനയിച്ച എല്ലാവരും തിരക്കഥ മുഴുവൻ വായിച്ചിരുന്നു. എല്ലാവർക്കും ഷൂട്ട് തുടങ്ങുന്നതിനു മുൻപു തന്നെ കഥ അറിയാമായിരുന്നു. ഇത് അങ്ങനെ മറച്ചു വച്ച് ചെയ്യേണ്ട പ്ലോട്ട് അല്ല കാരണം ഈ പതിനൊന്നുപേർക്കും അവരുടേതായ കഥകളുണ്ട്. ആ ഒരു ഇമോഷൻ നമുക്ക് കിട്ടണമെങ്കിൽ കഥാ പശ്ചാത്തലം മുഴുവൻ നമുക്ക് അറിയണം. അതുകൊണ്ട് ഓരോ താരവും അവരവരുടെ കഥാപാത്രത്തെപ്പറ്റിയും മറ്റുള്ളവരെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കിയിട്ടാണ് അഭിനയിച്ചത്.

രസകരമായ ട്രോളുകൾ

ട്രോളുകൾ ഞങ്ങൾ വളരെ പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നത്. ട്രോളുകൾ ഇപ്പോൾ വരുന്നുണ്ടെങ്കിലും ഷൂട്ടിങ് ലൊക്കേഷനിൽ ഞങ്ങൾ പരസ്പരം ട്രോളുന്നുണ്ടായിരുന്നു. അതൊക്കെ തന്നെയാണ് ഇപ്പോൾ ഷെയർ ചെയ്തു വരുന്നത്. ദൃശ്യം മോഡൽ കൊലപാതകം എന്നു പറയുംപോലെ ഇനി ട്വൽത് മാൻ മോഡൽ ഗെയിം ആയിരിക്കും വൈറൽ ആവുക എന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. ട്രോളുകൾ വളരെ പോസിറ്റീവ് ആയി എടുത്താൽ മതി എന്നാണ് എന്റെ അഭിപ്രായം

anu-sree-anu

അനൂ എന്ന് വിളിക്കുമ്പോൾ

‘‘അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞാനും അനു സിത്താരയും അനുശ്രീയും ഓടിച്ചെല്ലും. അവിടെ ചെല്ലുമ്പോഴാണ് ഏത് അനുവാണ് എന്നു മനസ്സിലാകുന്നത് . അതൊക്കെ ഭയങ്കര രസമായിരുന്നു. ഈ ഒരു കൺഫ്യൂഷൻ സിനിമാസെറ്റിൽ മുഴുവൻ ഉണ്ടായിരുന്നു. മൂന്നുപേരെയും അനു എന്നാണു വിളിക്കുക. അപ്പോൾ അനു എന്ന് ആരു വിളിച്ചാലും മൂന്നുപേരും എഴുന്നേറ്റ് നോക്കുമായിരുന്നു.

ലാലേട്ടനോടൊപ്പം ഒരു അവധിക്കാലം

ഞങ്ങൾക്കെല്ലാവർക്കും ഒരു മാസത്തോളം ലാലേട്ടനോടൊപ്പം ചെലവഴിക്കാനായാണ് ഈ സിനിമയിൽ കിട്ടിയ ഏറ്റവും നല്ല കാര്യം. മറ്റു സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹം വന്ന് അഭിനയിച്ചിട്ടു പോവുകയല്ലേ ഉള്ളൂ. അധിക സമയം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ പറ്റില്ല. പക്ഷേ ഇവിടെ എല്ലാവരും ഒരുമിച്ചായിരുന്നല്ലോ. അദ്ദേഹത്തിനു വേണ്ടി ഒരുപാടുപേർ അവിടെ പല തരത്തിലുള്ള ഫുഡ് ഉണ്ടാക്കികൊണ്ടുവന്നു കൊടുക്കും. അതൊക്കെ ഞങ്ങൾക്കും അദ്ദേഹം ഷെയർ ചെയ്യും. ഞങ്ങൾ അവിടെ കുളത്തിൽനിന്ന് മീൻ പിടിച്ച് കുക്ക് ചെയ്തു ലാലേട്ടന് കൊണ്ടുക്കൊടുക്കും. ഒരുപാടു സമയം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞു. ഇതൊക്കെ വളരെ അപൂർവമായി കിട്ടുന്ന അവസരങ്ങളാണ്.

അദ്ദേഹം പെരുമാറുന്ന രീതി കണ്ട് അമ്പരന്നുപോയിട്ടുണ്ട്. ഞങ്ങളൊക്കെ ജനിക്കുന്നതിനു മുൻപു തന്നെ സിനിമയിൽ വന്നു, ഒരുപാട് എക്സ്പീരിയൻസ് ഉണ്ട്. എത്രയെത്ര മനുഷ്യരുമായി സഹവസിക്കാൻ കഴിഞ്ഞ ആളാണ്. എനിക്കു തോന്നുന്നു അത്രയധികം അനുഭവങ്ങൾ ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹം ഇത്രയ്ക്ക് കൂൾ ആയിരിക്കുന്നത്. ഇതിൽ കൂടുതൽ ശാന്തനാകാൻ കഴിയുന്നത് എങ്ങനെയെന്ന് അറിയില്ല. രാത്രി ഷൂട്ട് ഉള്ളപ്പോൾ ചിലപ്പോൾ അദ്ദേഹത്തിന്റെ ഷോട്ട് കഴിഞ്ഞു പോയാലും രാത്രി രണ്ടു മൂന്നു മണിക്കൊക്കെ അത്യാവശ്യത്തിനു ജീത്തു സാർ വിളിക്കുമ്പോൾ ഒരു മടിയുമില്ലാതെ ഓടി വരും. ചില ഷോട്ടിൽ ലാലേട്ടന്റെ ഷോൾഡർ മാത്രമേ ഉണ്ടാവൂ എന്നാലും നമ്മൾ തെറ്റിച്ചാലും ആ ഷോട്ട് ശരിയാകുന്നത് വരെ റിഹേഴ്സൽ ചെയ്യുക, കൗണ്ടർ ഡയലോഗ് പറഞ്ഞു കൂടെ നിൽക്കുക ഇതൊക്കെ കാണുമ്പോൾ അദ്ദേഹത്തോട് ബഹുമാനം കൂടുകയായിരുന്നു. ചില പുതിയ ആളുകളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ കാണുമ്പോൾ നമ്മൾ ലാലേട്ടനെയൊക്കെ പലപ്പോഴും ഓർത്തുപോകും

ജീത്തു ജോസഫ് എന്ന സംവിധായകൻ

ജീത്തു ജോസഫ് സാറിനോടൊപ്പം ആദ്യമായിട്ടാണ് വർക്ക് ചെയ്തത്. അദ്ദേഹം വിളിച്ചപ്പോൾ ആദ്യം എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു. വലിയ വിജയമായ ദൃശ്യം സിനിമകളുടെ സംവിധായകൻ, ലാലേട്ടനോടൊപ്പം അഭിനയിക്കുക, ഇത്രയും സഹതാരങ്ങൾ.. ഇതൊക്കെ ഓർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഉണ്ണി, ലിയോണ, സൈജു ചേട്ടൻ ഇവരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ അവിടെ എത്തിയപ്പോൾ എല്ലാവരും തമ്മിൽ നല്ല ബോണ്ട് ഉണ്ടായി. ജീത്തു സാർ ഒരു ചേട്ടനെപ്പോലെ എന്ത് തെറ്റിയാലും ക്ഷമയോടെ പറഞ്ഞു തരും. സംവിധായകൻ എന്ന് പറയുന്നതിനേക്കാൾ നമ്മുടെ വീട്ടിലെ ചേട്ടനെപ്പോലെ ചില സമയത്ത് ചൂടായി, ചില സമയത്ത് തമാശ രൂപത്തിൽ ആണ് പറഞ്ഞു തരുന്നത്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചത് വളരെ നല്ലൊരു അനുഭവവും ഭാഗ്യവുമാണ്.

ലൊക്കേഷൻ തമാശകൾ

ഒരു ദിവസം ഞങ്ങൾക്ക് ഷൂട്ടില്ലായിരുന്നു. അന്ന് ലാലേട്ടന്റെയും നന്ദു ഏട്ടന്റെയും ഭാഗമാണ് എടുത്തത്. അന്ന് ഞാനും ചന്തുവും ഓജോ ബോർഡ് കളിക്കാൻ പ്ലാൻ ചെയ്തു. ഞങ്ങൾ രാവിലെ മുതൽ പ്രേതകഥ പറഞ്ഞു ബിൽഡപ് ചെയ്തു പെൺകുട്ടികളെയെല്ലാം പേടിപ്പിച്ചു. അനു സിതാര, അനുശ്രീ, അദിതി ഒക്കെ നന്നായി പേടിച്ചു. രാത്രി ആയപ്പോൾ ഞങ്ങൾ ഒരു കോട്ടേജിൽ ഒത്തുകൂടി മെഴുകുതിരി കത്തിച്ചു വച്ച് മൊബൈൽ എല്ലാം ഓഫ് ചെയ്ത് വച്ച് കളി തുടങ്ങി. ചന്തു ഓരോ കാര്യങ്ങൾ പറഞ്ഞ് ഇവരെ പേടിപ്പിച്ചുകൊണ്ടിരുന്നു. ആ സമയത്താണ് ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ ജനാലയിൽ ആരോ മാന്തുന്ന ശബ്ദം കേട്ടത്. പരിപാടി പ്ലാൻ ചെയ്ത ഞങ്ങൾ പോലും ഞെട്ടിപ്പോയി. പിന്നെയാണ് കണ്ടത് ഷൂട്ടിങ്ങിനിടയിൽ ഓടിവന്ന് ജീത്തു സാർ ഞങ്ങളുടെ കളിയിൽ പങ്കു ചേരാൻ വന്നതാണ്. അത്രയ്ക്കും ആസ്വദിച്ച് വർക്ക് ചെയ്യുന്ന ഒരു സംവിധായകനാണ് അദ്ദേഹം. ഇത്പോലെ രസകരമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പൊ ശരിക്കും അതൊക്കെ മിസ് ചെയ്യുന്നു.

lal-anu

വാട്സാപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് അവിശുദ്ധ ബന്ധങ്ങൾ ഉണ്ടാകുന്നു എന്ന മുന്നറിയിപ്പ് സിനിമ നൽകുന്നുണ്ടോ?

സിനിമയെക്കുറിച്ച് ഒരുപാട് ട്രോളുകൾ വരുന്നുണ്ട്. ഞങ്ങൾ ഇതൊക്കെ ലൊക്കേഷനിൽ വച്ച് പറഞ്ഞു ചിരിച്ചിട്ടുള്ളതാണ്. ഫ്രണ്ട്‌സ് ഗ്രൂപ്പുകളിൽ ഉള്ളവർക്ക് പേടിയുണ്ടാകും എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പക്ഷേ എനിക്ക് പറയാനുള്ളത് സിനിമയെ തികച്ചും ആസ്വദിക്കാനുള്ള മാധ്യമമായി കണ്ടാൽ പോരെ എന്നാണ്. സിനിമയിൽ നടക്കുന്നതൊക്കെ നമ്മുടെ സ്വകാര്യ ജീവിതത്തിൽ നടക്കുമോ എന്നൊക്കെ ഭയന്ന് കഴിഞ്ഞാൽ ഒരു സിനിമയും കാണാൻ പറ്റില്ല. എഴുതി വയ്ക്കുന്ന കഥാപാത്രങ്ങൾ നമ്മൾ അഭിനയിക്കുന്നു എന്നേയുള്ളൂ.

പിന്നെ പ്രേക്ഷകരെ പഠിപ്പിക്കാനും ബോധവൽക്കരിക്കാനുമാണെങ്കിൽ ചരിത്ര സിനിമകൾ അല്ലെങ്കിൽ അത്തരത്തിലുള്ള സിനിമകൾ ഇറങ്ങാറുണ്ടല്ലോ. ഇത്തരത്തിലുള്ള ബന്ധങ്ങൾ ഗ്രൂപ്പുകളിൽ ഉണ്ടായേക്കും എന്നൊന്നും ആലോചിച്ച് പേടിക്കേണ്ട കാര്യമില്ല. പക്ഷേ വേറൊന്നുണ്ട്. നമ്മുടെ പങ്കാളിയെക്കാളും സുഹൃത്തിനേക്കാളും നമ്മെ മനസ്സിലാക്കുന്നത് ഇപ്പോൾ നമ്മുടെ ഗാഡ്‌ജെറ്റ് ആണ് എന്ന സത്യം. നമ്മൾ സോഷ്യൽ മീഡിയയിൽ എന്തു തിരയുന്നു, എന്തു വാങ്ങുന്നു എന്നതിനെ അടിസ്ഥാനമാക്കി നമ്മുടെ സ്വഭാവം വരെ മനസ്സിലാക്കുന്ന സോഫ്റ്റ്‌വെയർ ഉണ്ടല്ലോ. നമ്മളെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് നമ്മുടെ മൊബൈൽ ആണ് എന്നതാണ് ഈ സിനിമയിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. അത്രത്തോളം നമ്മുടെ ടെക്നോളജി വളർന്നു കഴിഞ്ഞു. ആ ഒരു വസ്തുത കഴിഞ്ഞാൽ സിനിമ ആസ്വദിക്കാനുള്ള ഒരു ഉപാധി ആയി കണ്ടാൽ മതി.

സിനിമയിലെ ജെന്റിൽമാൻ ആണല്ലോ, വെല്ലുവിളി നിറഞ്ഞ മറ്റൊരു കഥാപാത്രം കിട്ടിയെങ്കിൽ എന്നു തോന്നിയോ ?

എന്നെ ജീത്തു സാർ വിളിച്ചത് സിദ്ധാർഥ് എന്ന കഥാപാത്രത്തിനു വേണ്ടിത്തന്നെ ആയിരുന്നു. ഓരോ കഥാപാത്രവും ആരു ചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എന്റെ കഥാപാത്രം എനിക്ക് ഒരുപാടു ഇഷ്ടമായി. ബാക്കി എല്ലാവരുടെയും അവിഹിതം, കള്ളത്തരം ഒക്കെ ചന്ദ്രശേഖർ വന്നു പിടിക്കുന്നുണ്ട്. അപ്പോൾ തമാശയ്ക്ക് ചന്തുവൊക്കെ പറയും, ‘സർ ഇവനെ ഒന്നുകൂടി കുടഞ്ഞാൽ ഇവന്റെ യഥാർഥ സ്വഭാവം പിടികിട്ടും’ എന്ന്. എല്ലാവരും മോശം സ്വഭാവം എന്ന് പറഞ്ഞാൽ അതൊരു സുഖമില്ലാത്ത പരിപാടി ആയിപ്പോകും. ഒരു സമൂഹത്തിൽ എല്ലാവരും മോശക്കാരല്ലല്ലോ. പതിനൊന്ന് പേർക്കും പതിനൊന്ന് സ്വഭാവമാണ്. എന്റെയും ചന്തുവിന്റെയും കഥാപാത്രങ്ങവാണ് കൂടുതൽ തമ്മിൽ അടുപ്പമുള്ളത്. അതുകൊണ്ടായിരിക്കണം സിദ്ധാർഥ്, ജിതേഷിനെ സപ്പോർട്ട് ചെയ്യുന്നത്. വളരെ ഇഷ്ടപ്പെട്ട് ചെയ്ത ഒരു കഥാപാത്രമാണ് സിദ്ധാർഥ്.

anu-12thman

പുതിയ പ്രോജക്റ്റുകൾ

ജൂൺ 17 നു റിലീസ് ചെയ്യുന്ന ‘വാശി’ ആണ് അടുത്ത ചിത്രം. ഞാനും ശ്രീനാഥ്‌ ഭാസിയും ഒരുമിച്ച് അഭിനയിച്ച, അയ്യപ്പൻ എന്ന സംവിധായകന്റെ ഒരു ചിത്രം റിലീസ് ചെയ്യാനുണ്ട്. അടുത്ത ആഴ്ച ഞാനും അദിതി രവിയും ലീഡ് ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ജോഷി സാറിന്റെ അസോഷ്യേറ്റ് ആയിരുന്ന മനോജ് അരവിന്ദാക്ഷൻ ആണ് സംവിധാനം. ലണ്ടനിൽ ആണ് ലൊക്കേഷൻ അടുത്ത ആഴ്‌ച ലണ്ടനിലേക്ക് പോകും. വിനയ് ഫോർട്ട്, ജോണി ആന്റണി, ബിനു പപ്പു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അത് കഴിഞ്ഞു വന്നിട്ട് രാജുവേട്ടനോടൊപ്പം (പൃഥ്വിരാജ്) നാലാമത്തെ ചിത്രം ‘വിലായത്ത് ബുദ്ധ’ തുടങ്ങുന്നു. മറ്റു ചില ചിത്രങ്ങളുടെ ചർച്ച നടക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA