നെറ്റ്ഫ്ലിക്സ് ടേക്ക് ടെൻ: ടോപ് ടെന്നിൽ മുരളി

murali-3
SHARE

നെറ്റ്ഫ്ലിക്സിന്റെ ‘ടേക്ക് ടെൻ’ ഷോർട്ട്ഫിലിം മത്സരത്തിന്റെ ‘ടോപ് ടെൻ’ പട്ടികയിൽ പേരു കണ്ടപ്പോൾ മിന്നലടിച്ചു സൂപ്പർ പവർ കിട്ടിയ അവസ്ഥയായിരുന്നു മുരളി കൃഷ്ണന്. പഠിച്ചത് എൻജിനീയറിങ്, ജോലി ഫുട്ബോൾ കോച്ച്, ഇഷ്ടം എഴുത്തും സിനിമയും. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ മുരളി കൃഷ്ണന്റെ വഴികൾ എപ്പോളും സിനിമാക്കഥകൾ പോലെ വ്യത്യസ്തമായിരുന്നു. 

3 വർഷം മുൻപ് വിദേശത്തെ ജോലി രാജിവച്ച് നാട്ടിലേക്കു മടങ്ങിയതും ഇഷ്ടപ്പെട്ട കാര്യമായ എഴുത്തിനും സിനിമയ്ക്കുമൊപ്പം പോകാൻ തന്നെ. നെറ്റ്ഫ്ലിക്സ് ഇന്ത്യൻ വിഭാഗം എന്റർടെയ്ൻമന്റ് വെബ്സൈറ്റായ ഫിലിം കംപാനിയനുമായി ചേർന്ന് ഇന്ത്യയിലാകെ നടത്തിയ ‘ടേക്ക് ടെൻ’ ഷോർട് ഫിലിം മത്സരത്തിൽ ഇന്ത്യയിലെ അവസാന 10 പേരിലിടം നേടിയിരിക്കുകയാണ് ഈ തിരുവനന്തപുരത്തുകാരൻ. ആദ്യ പത്തു പേരിലെ ഒരേയൊരു മലയാളി. 

∙ ആദ്യ പത്തിലെ മലയാളി

നെറ്റ്ഫ്ലിക്സ് തന്നെ ഫണ്ട് നൽകി അവരുടെ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്താനുള്ള അവസരമായിരുന്നു ‘ടേക്ക് ടെ‍ൻ’. ഈ വർഷം ഫെബ്രുവരിയിലാണു നെറ്റ്ഫ്ലിക്സ് മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചത്. വ്യത്യസ്തമായ പ്രമേയങ്ങളെയും എഴുത്തുകാരെയും സംവിധായകരെയും കണ്ടെത്താനുള്ള മത്സരം. ‘മൈ ഇന്ത്യ’ എന്നതായിരുന്നു പ്രമേയം. ഇതിനെ അടിസ്ഥാനമാക്കി ഒരുക്കിയ 2 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട്ഫിലിം വിധികർത്താക്കളുടെ പ്രശംസ നേടി. പല ഘട്ടങ്ങളിലായി നടന്ന വിലയിരുത്തലിനു ശേഷം അവസാന പത്തിലെത്തി നിൽക്കുന്നു. ഇതിനു മുന്നോടിയായി ‘ഹോം’ എന്ന പ്രമേയത്തിൽ ചെയ്യേണ്ട ഷോർട്ട്ഫിലിമിന്റെ കഥയും അയച്ചു നൽകണമായിരുന്നു. 

രാജ്യമെമ്പാടു നിന്നും ലഭിച്ച ആയിരക്കണക്കിന് എൻട്രികളിൽ നിന്ന് ആദ്യം മികച്ച 200, പിന്നീട് മികച്ച 50 എന്നിങ്ങനെ പട്ടിക ചെറുതാക്കി. 50 പേരെ ഓൺലൈൻ ഇന്റർവ്യൂ നടത്തി. പിന്നീട് എണ്ണം കുറച്ച് 20 ആക്കി. അതിൽ നിന്നാണ് മികച്ച 10 എണ്ണം തിരഞ്ഞെടുത്തത്. 

∙ ജൂണിൽ ‘ഹോം’

മുരളി കൃഷ്ണൻ തന്നെ രചിച്ച ‘സോവിയറ്റ് സ്റ്റേഷന് കടവ്’ എന്ന പുസ്തകത്തിലെ ‘സ്റ്റോക്ക്ഹോം’ എന്ന കഥയാണ് ഹോം എന്ന പ്രമേയത്തിനായി തിരഞ്ഞെടുത്തത്. കഥയുടെ ചുരുക്കം ജൂറിക്കു നൽകി. ബേസിൽ ജോസഫ്, അനുപമ ചോപ്ര തുടങ്ങിയവരങ്ങുന്ന ജൂറിക്ക് പിന്നീട് വിശദമായ തിരക്കഥ നൽകി. ജൂണിൽ ഇതിന്റെ ഷൂട്ടിങ് തുടങ്ങും. തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കും 7 ലക്ഷം രൂപ വീതം നെറ്റ്ഫ്ലിക്സ് നൽകും. സിനിമാ മേഖലയിലെ വിദഗ്ധർ നയിക്കുന്ന 10 ദിന വർക്‌ഷോപ്പിൽ പങ്കെടുക്കാനും ഇവർക്ക് അവസരമുണ്ട്. പൂർത്തിയായ ശേഷം നെറ്റ്ഫ്ലിക്സിലൂടെ ഷോർട്ട്ഫിലിമുകൾ പ്രേക്ഷകർക്കു കാണാം.

∙ ഫണ്ടില്ലാതെ ചെലവ് ചുരുക്കി; ഇപ്പോൾ ചെലവ് നെറ്റ്ഫ്ലിക്സ് വക

തമിഴ്നാട്ടിലെ എൻജിനീയറിങ് പഠനത്തിനു ശേഷം മുരളി ദുബായിൽ ജോലി ചെയ്തു. എഴുത്തും സിനിമയും മനസിൽ നിന്നു വിട്ടുപോകാതെ ഇരുന്നപ്പോൾ വിദേശത്തെ ജോലി രാജിവച്ച് നാട്ടിലേക്ക്. മടങ്ങിയെത്തിയ ശേഷം  മുരളി വെറുതെയിരുന്നില്ല. ഫുട്ബോൾ കോച്ചായി ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ലൈസൻസ് നേടി. ക്ലബിന്റെ പരിശീലകനായി. ഫോട്ടോഗ്രഫിയിലും തൽപരനാണ്. കൂടുതൽ സമയവും എഴുത്ത് തന്നെ. ആറോളം ഹ്രസ്വ ചിത്രങ്ങളൊരുക്കിയിട്ടുണ്ട് മുരളി കൃഷ്ണൻ. ഡബ് ചെയ്യുന്നത് ചെലവേറിയ കാര്യമായതിനാൽ ഇതുവരെ ചെയ്തതെല്ലാം നിശബ്ദ ചിത്രങ്ങളാണ്. ആദ്യമായി ശബ്ദമുള്ള ഹ്രസ്വചിത്രമൊരുക്കുമ്പോൾ പണം മുടക്കുന്നത് നെറ്റ്ഫ്ലിക്സ്. തങ്ങളുടെ മനസിലെ ആശയങ്ങൾ പൂർണമായും സ്ക്രീനിലെത്തിക്കാമെന്ന പ്രതീക്ഷയിലാണു മുരളിയും ടീമും. 

ചുരുങ്ങിയ മുതൽ മുടക്കിൽ ഹ്രസ്വ ചിത്രങ്ങൾ നിർമിച്ച് മനസിൽ സിനിമയെന്ന സ്വപ്നവുമായി നടക്കുന്ന ഒട്ടേറെപ്പേർക്ക് പ്രചോദനമാവുകയാണ് മുരളിയുടെ നേട്ടം. കൈലാഷ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, ജയഹരി തുടങ്ങിയ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് മുരളിയുടെ സിനിമാ മോഹങ്ങൾ മുന്നോട്ടു പോകുന്നത്. തിരുവനന്തപുരത്ത് ശ്രീകാര്യത്താണ് മുരളിയുടെ വീട്. മേടയിൽ വീട്ടിൽ സുധാകരനാണ് പിതാവ്, അമ്മ പത്മകുമാരി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA