‘അന്ന് ഇടി വാങ്ങി, ഇന്ന് ഒപ്പം നിന്ന് ഇടി കൊടുത്തു’; നടൻ ജയശങ്കർ അഭിമുഖം

SHARE

സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷപ്പകർച്ചകളിലാണ് ജയശങ്കർ കാരിമുട്ടം എന്ന നടനെ പ്രേക്ഷകർ തിരിച്ചറിയുക. ആമ്മേനിലെ വിഷക്കോൽ പാപ്പി, മഹേഷിന്റെ പ്രതികാരത്തിലെ സകല പ്രശ്നങ്ങളുടെയും തുടക്കക്കാരനായ കഥാപാത്രം, പ്രേമത്തിലെ ചൊറിയൻ പ്യൂൺ, ദൃശ്യം 2ൽ ജോർജുകുട്ടിയെ സഹായിക്കാൻ മനസലിവു കാണിച്ച കുഴിവെട്ടുകാരൻ എന്നിങ്ങനെ വൈവിധ്യമേറിയ വേഷങ്ങളിൽ പ്രേക്ഷകശ്രദ്ധ നേടിയ താരത്തിന്റെ തലവര തെളിഞ്ഞത് സത്യത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു. 1994 മുതൽ സിനിമയിലുണ്ടായിരുന്നിട്ടും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും സിനിമകളിലൂടെയാണ് ജയശങ്കറിലെ നടനെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. കോവിഡിനു ശേഷം തിയറ്ററുകൾ വീണ്ടും സജീവമായപ്പോൾ ഒരുത്തി, മകൾ, വരയൻ എന്നിങ്ങനെ തുടർച്ചയായ മൂന്നു ഹിറ്റ് ചിത്രങ്ങളിലൂടെ ജയശങ്കർ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കൊപ്പമുള്ള യാത്രയിലെ കയറ്റിറക്കങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും മനസു തുറന്ന് ജയശങ്കർ കാരിമുട്ടം മനോരമ ഓൺലൈനിൽ. 

അന്ന് ഇടി വാങ്ങി, ഇന്ന് ഒപ്പം നിന്ന് ഇടി കൊടുത്തു

1994ൽ പുറത്തിറങ്ങിയ വധു ഡോക്ടറാണ് എന്ന ജയറാം ചിത്രമാണ് എന്റെ ആദ്യ സിനിമ. അതിൽ ജയറാമിന്റെ കയ്യിൽ നിന്നു ഇടി വാങ്ങിയാണ് തുടക്കം. അതിനുശേഷം ഇപ്പോഴാണ് അദ്ദേഹത്തെ നേരിൽ കാണുന്നതും ഒപ്പം അഭിനയിക്കുന്നതും. മകൾ എന്ന സിനിമയിൽ ജയറാമിന്റെ ആത്മസുഹൃത്തായാണ് വേഷം. ക്ലൈമാക്സിൽ നല്ലൊരു സംഘട്ടനവുമുണ്ട്. എന്നെ ഒരു മുഴുനീള വേഷത്തിൽ പലരും പ്രതീക്ഷിച്ചില്ല. ഒരുപാടു പേർക്ക് എന്നെ ജയറാമിനൊപ്പം സ്ക്രീനിൽ കണ്ടപ്പോൾ അദ്ഭുതമായിരുന്നു. സെറ്റിലെത്തിയപ്പോൾ ഞാൻ ജയറാമിന്റെ അടുത്തേക്കു ചെന്ന് പരിചയം പുതുക്കി. '28 വർഷമായല്ലേ!' എന്ന് അദ്ഭുതത്തോടെ അദ്ദേഹം പറഞ്ഞു. രസകരമായിരുന്നു ആ കൂടിച്ചേരൽ. 

'വല്യപ്പനല്ല, ഇതിൽ ചെറുപ്പക്കാരൻ'

മകളിലെ കഥാപാത്രത്തിലേക്ക് വിളിച്ചപ്പോൾ എനിക്ക് അദ്ഭുതമൊന്നും തോന്നിയില്ല. കാരണം, സത്യേട്ടൻ എന്റെ അടുത്ത് അങ്ങനെയാണ് പെരുമാറിയിട്ടുള്ളത്. ഞാൻ പ്രകാശൻ ചെയ്യുമ്പോഴും അതു കഴിഞ്ഞ് പോരുമ്പോഴും അതിന്റെ നൂറാം ദിവസം ആഘോഷത്തിൽ കണ്ടപ്പോഴും എനിക്കൊരു സൂചന തന്നിരുന്നു. അടുത്ത സിനിമയിൽ ഒരു മുഴുനീള വേഷമുണ്ടെന്ന്! സിനിമയുടെ കാര്യം പറയാൻ വേണ്ടി വിളിച്ചപ്പോൾ ആദ്യം പറഞ്ഞത്, 'ഇത് അൽപം ചെറുപ്പക്കാരനാണ്, വല്യപ്പനല്ല' എന്നാണ്. പിന്നെ, ഈ സിനിമയിൽ പാട്ടും ഫൈറ്റും ഒക്കെ ഉണ്ടായിരുന്നു. മുമ്പ് കരാട്ടെ പഠിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കു വേണ്ടി അതെല്ലാം ഒന്നു കൂടെ പൊടി തട്ടിയെടുത്തു. 

ഒരുത്തിയിലെ ഓട്ടം

നവ്യ നായരുടെ ബാഗ് മോഷ്ടിക്കുന്ന കള്ളനായിട്ടാണ് ഒരുത്തിയിൽ. അതിൽ ബൈക്ക് സ്റ്റണ്ടും ദൈർഘ്യമുള്ള ഓട്ടവുമുണ്ട്. പത്തു പതിനഞ്ചു ദിവസം ഓട്ടവും ചാട്ടവും തന്നെയായിരുന്നു. വളരെ അപകടകരമായ രംഗങ്ങളായിരുന്നു അതെല്ലാം. ഡ്യൂപ്പില്ലാതെയാണ് അതെല്ലാം ചെയ്തത്. നവ്യ ശരിക്കും കഷ്ടപ്പെട്ടു. എനിക്ക് ഓട്ടം അങ്ങനെ പ്രശ്നം അല്ലാത്തതുകൊണ്ട് വലിയ പരുക്കകളില്ലാതെ ചെയ്തു. ബൈക്ക് സ്റ്റണ്ട് നന്നായി ഉണ്ടായിരുന്നു. ആ ട്രാഫിക്കിന് ഇടയിലൂടെയാണ് ഷൂട്ട് ചെയ്തത്. ഫൈറ്റ് മാസ്റ്റർ ഗംഭീരമായി ഇടപെടുന്ന വ്യക്തി ആയിരുന്നു. അങ്ങനെ അറിയാതെ ചെയ്തു പോയതാണ്. പിന്നെ, സംവിധായകൻ വി.കെ.പിയുടെ പ്രോത്സാഹനം. നല്ല ഷോട്ട് കിട്ടിയാൽ അദ്ദേഹം ഉറക്കെ അഭിനന്ദിക്കും. അതെല്ലാം ആ റോൾ ഗംഭീരമാക്കാൻ സഹായിച്ചു. 

സിറ്റി ഓഫ് ഗോഡിലൂടെ വന്ന അവസരം

സിറ്റി ഓഫ് ഗോഡിന്റെ എഴുത്തുകാരൻ ബാബു ജനാർദ്ദനൻ എന്റെ സുഹൃത്താണ്. ആ സിനിമയിൽ ഒരു കഥാപാത്രം ചെയ്യുന്നതിനായി അദ്ദേഹം എന്നെ ലിജോ ജോസ് പെല്ലിശേരിയുടെ അടുത്തേക്കു കൊണ്ടുപോയി. രോഹിണിയുടെ ഭർത്താവായ ആണ്ടി എന്ന കഥാപാത്രത്തെ ചെയ്യാനാണ് എന്നെ പരിഗണിച്ചത്. എന്നെ നേരിട്ടു കണ്ടപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. അങ്ങനെ ഷൂട്ടിങ് ദിവസം സെറ്റിലെത്തി. ഫിലിം ക്യാമറയിലാണ് അത് ഷൂട്ട് ചെയ്തത്. അതിൽ കൂടുതൽ ഷോട്ടുകളും ക്യാമറ കയ്യിൽ പിടിച്ചെടുത്തതാണ്. ഇന്നത്തെ പോലെ ഡിജിറ്റൽ ക്യാമറയല്ല. ഒത്തിരി റിസ്ക് എടുത്തു ചെയ്ത സിനിമ ആയിരുന്നു അത്. റിഹേഴ്സലിന്റെ സമയത്ത് അദ്ദേഹം കുറച്ചു കറക്ഷൻസ് പറഞ്ഞു. പിന്നെ, ഞാൻ ആ കഥാപാത്രത്തിലേക്ക് കേറി. അതിനുശേഷം വലിയ കറക്ഷൻസൊന്നും പറയേണ്ടി വന്നില്ല. അദ്ദേഹം വലിയ ഹാപ്പിയായിരുന്നു. അടുത്ത പടത്തിൽ എനിക്കൊരു ഗംഭീര വേഷമുണ്ടെന്ന് പറഞ്ഞു. അതാണ് ആമ്മേനിലെ വിഷക്കോൽ പാപ്പി. 

എന്റെ പേര് പലർക്കും അറിയില്ല

പ്രേക്ഷകർ മാത്രമല്ല, സിനിമക്കാർക്കു വരെ എന്റെ പേര് അത്ര രജിസ്റ്റർ ആയിട്ടില്ല. ചിലർ ജയകൃഷ്ണൻ എന്നാണ് വിളിക്കാറുള്ളത്. സെറ്റുകളിൽ പോലും 'ആ വിഷക്കോൽ എവിടെ' എന്നാകും ചോദിക്കുക. സിനിമാക്കാർ തന്നെ കാണുമ്പോൾ പറയും, ആളെ അറിയാം... പരിചയമുണ്ട്... പക്ഷേ, പേര് അറിയില്ല എന്ന്. സിനിമാചർച്ചകളിലും അങ്ങനെ തന്നെ. എന്റെ കഥാപാത്രങ്ങളെയാണ് അവർക്കു പരിചയം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ, പേര് മാറ്റാനൊന്നും എനിക്ക് താൽപര്യമില്ല. പലരും പറഞ്ഞു, കുടുംബപ്പേരു കൂടി പേരിനൊപ്പം ചേർക്കാൻ. ജയശങ്കർ കാരിമുട്ടം എന്നാണ് ഇപ്പോൾ ഞാൻ പറയാറുള്ളത്. ഫെയ്സ്ബുക്ക് പേജും ഈ പേരിലാണ്. 

കോമഡി എന്നാൽ കാട്ടിക്കൂട്ടലല്ല

അഭിനയം എനിക്ക് പാഷനായിരുന്നു. സിനിമ എന്നത് പിന്നീട് വന്നതാണ്. നാടകമായിരുന്നു കൂടുതൽ ചെയ്തുകൊണ്ടിരുന്നത്. ഗൗരവത്തോടെയാണ് അഭിനയത്തെ സമീപിച്ചിരുന്നത്. സിനിമയിൽ തുടങ്ങിയ സമയത്ത് കോമഡി എന്നു പറയുന്നത് ഓടിച്ചാടി നടന്നൊക്കെ ചെയ്യേണ്ടിയിരുന്നു. അങ്ങനെ ചെയ്തിരുന്നവർക്കായിരുന്നു അവസരം. എന്നോടും അങ്ങനെയൊക്കെ ചെയ്യാനായിരുന്നു പറയാറുള്ളത്. പക്ഷേ, അതെന്റെ രീതിയായി എനിക്ക് തോന്നിയിട്ടില്ല. എനിക്കതൊക്കെ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയൊരു അംഗവിക്ഷേപം ഇല്ലാതെ കോമഡി എങ്ങനെ ചെയ്യാമെന്നായിരുന്നു ഞാൻ അന്വേഷിച്ചത്. നല്ല രീതിയിൽ പെർഫോം ചെയ്യണമെന്ന വാശി അന്നേ ഉണ്ടായിരുന്നു. അതിനു സാധ്യതയില്ലാത്ത വേഷങ്ങൾ വരുമ്പോൾ ഒട്ടും തൽപര്യം തോന്നിയില്ല. അതുകൊണ്ട് കുറച്ചു നാൾ അത്തരം വേഷങ്ങൾ വേണ്ടെന്നു വച്ചു മാറി നിന്നിട്ടുണ്ട്. പിന്നെ, എങ്ങനെയാണെന്നറിയില്ല... നല്ല വേഷങ്ങൾ എന്നെ തേടി വന്നു. ആമ്മേൻ ഒക്കെ അങ്ങനെ സംഭവിച്ചതാണ്. ഇപ്പോഴത്തെ ആക്ടിങ് പാറ്റേൺ ഏറെ മാറി. കുറച്ചു കൂടെ സൂക്ഷ്മമായി. അന്നത്തെ സിനിമ എന്നെ ഡിമാൻഡ് ചെയ്യുന്നില്ലെന്നു തോന്നിയിരുന്നു. 

ഇടിച്ചു കയറാൻ എനിക്ക് അറിയില്ല

അവസരങ്ങൾ ചോദിച്ചു പോകാറില്ല. കാസ്റ്റിങ് എന്നത് ഗൗരവമായി ചെയ്യേണ്ട ഒന്നാണെന്നാണ് എന്റെ വിശ്വാസം. ഒരാൾ ചോദിച്ചു എന്നതുകൊണ്ട് ഒരു കഥാപാത്രത്തെ നൽകാൻ കഴിയില്ലല്ലോ. അതിനു യോജിക്കുകയും വേണം. നല്ലൊരു ക്യാരക്ടർ ചെയ്യാൻ കിട്ടുന്നില്ലല്ലോ എന്നൊരു സങ്കടം മുമ്പ് ഉണ്ടായിരുന്നു. കാരണം ഞാൻ അതു ചെയ്തു കണ്ടു കഴിഞ്ഞാലല്ലേ സംവിധായകർക്ക് എന്റെ മേൽ ഒരു ആത്മവിശ്വാസം വരൂ. സിനിമയിലേക്കു ഞാൻ ശ്രമിച്ചില്ല എന്നല്ല അതിനർഥം. ഞാൻ എന്നെത്തന്നെ നവീകരിക്കാൻ ശ്രമിക്കുകയും അഭിനയത്തിൽ മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ സ്വയം പരിശീലിച്ചുമാണ് എന്റെ ശ്രമങ്ങൾ തുടർന്നത്. അഭിനേതാക്കൾക്ക് ഒരുപാട് എക്സ്പോഷർ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. അപ്പോൾ സിനിമയ്ക്ക് ഫ്രഷ്നസ് ലഭിക്കും. 

 

ടെലിവിഷനല്ല, എന്റെ പാഷൻ സിനിമ

ടെലിവിഷനിൽ ഒരുപാട് അവസരങ്ങൾ വന്നിരുന്നു. പക്ഷേ, ഞാനൊന്നിനും പോയില്ല. ഞാൻ കൂടുതലും നാടകത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. മിമിക്രി എനിക്ക് അങ്ങനെ കഴിയില്ല. ടെലിവിഷൻ കോമഡി രംഗത്ത് നല്ല കിടിലൻ കക്ഷികളുണ്ട്. അവർക്കൊപ്പം കൗണ്ടർ അടിച്ച് നിൽക്കാൻ എനിക്ക് കഴിയണമെന്നില്ല. പറ്റാത്ത പരിപാടിക്ക് പോകാതിരിക്കുന്നതല്ലേ നല്ലത്. എനിക്ക് എപ്പോഴും സിനിമയാണ് ആഗ്രഹം. ടെലിവിഷൻ പരിപാടിക്കു നിന്നാൽ എല്ലാ മാസവും കൃത്യം ഡേറ്റുകൾ അവർക്ക് കൊടുക്കേണ്ടി വരും. അതുമൂലം ചിലപ്പോൾ നല്ല സിനിമ നഷ്ടപ്പെട്ടേക്കാം. അതു എനിക്ക് വിഷമമാണ്. അതുകൊണ്ട് ടെലിവിഷൻ പരിപാടികൾക്ക് നിൽക്കാറില്ല. 

അഭിനയം അത്ര സിംപിൾ പരിപാടി അല്ല

അഭിനയം എന്നത് ലളിതമായൊരു പരിപാടിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ മുഖത്തെ പേശികളെ, നമുക്ക് ആവശ്യമുള്ള തരത്തിൽ ചലിപ്പിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമായി ഞാൻ വിശ്വസിക്കുന്നില്ല. പല ആക്ടിങ് സ്കൂളുകളിലും അതിനു സഹായിക്കുന്ന ടെക്നിക്കുകൾ പരിശീലിപ്പിക്കാറുണ്ട്. ഞാൻ പഠിച്ചെടുത്തത് നാടകത്തിൽ നിന്നാണ്. നാടകം ചെയ്തുകൊണ്ടിരുന്നപ്പോൾ സിനിമയിൽ അഭിനയിച്ചു കൂടെയെന്ന് പലരും ചോദിച്ചിട്ടുണ്ട്. അന്ന് സിനിമ എന്നു പറയുന്നത് എനിക്ക് തികച്ചും അപ്രാപ്യമായ മേഖലയായിരുന്നു. ബാബു ജനാർദ്ദനുമായുള്ള സൗഹൃദമാണ് എന്നെ സിനിമയിലെത്തിച്ചത്. 

അദ്ദേഹവും ഞങ്ങളുടെ കൽപ്പന വായനശാലയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അദ്ദേഹം ആദ്യം സിനിമയിലെത്തി. പിന്നാലെ ഞാനും. ഞാൻ വന്ന കാലത്തെ സിനിമ പോലെയല്ല ഇന്നത്തെ സിനിമ. പണ്ടത്തേക്കാൾ കാസ്റ്റിങ്ങിൽ ഇപ്പോൾ സംവിധായകർ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. പണ്ട് കൂടുതൽ ദൃശ്യപരതയുള്ളവരെയാണ് പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോൾ ചെറിയ കഥാപാത്രങ്ങൾ ആണെങ്കിൽ പോലും അതിനു അനുയോജ്യരായവരെ തേടിപ്പിടിക്കും. ആ ഫ്രഷ്നസ് സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ എനിക്ക് നല്ല വേഷങ്ങൾ ലഭിക്കുന്നുണ്ട്. അന്യഭാഷകളിലും അഭിനയിക്കണമെന്നാണ് ആഗ്രഹം. പ്രതീക്ഷയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA