ഞാനൊരു പഞ്ചപാവം, കലിപ്പത്തി ലുക്ക് മാത്രമേ ഒള്ളൂ: ട്വൽത് മാനിലെ ഫിദ അഭിമുഖം

leona-leeshoy
SHARE

വളരെ നിഗൂഢമായ ചിരിയുടെ ഉടമയാണ് ട്വൽത് മാനിലെ ഫിദ. അത്തരമൊരു ചിരിയുള്ള താരത്തെ തേടിനടന്ന ജീത്തു ജോസഫ് എത്തി നിന്നത് ലിയോണ ലിഷോയ് എന്ന താരത്തിലാണ്. റാം എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ച സമയത്താണ് ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി ഒരു കൊച്ചു ചിത്രം ചെയ്യാമെന്ന് ജീത്തു ജോസഫ് തീരുമാനിക്കുന്നത്. നീണ്ട ഒരു താരനിര തന്നെ അണിനിരന്ന ചിത്രത്തിൽ ആരാകണം ഫിദ എന്ന ചോദ്യത്തിന് റാമിൽ അഭിനയിച്ച ലിയോണയെ തിരഞ്ഞെടുക്കാൻ ജീത്തുവിന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.

ഒരിക്കൽ കയ്ച്ച വിവാഹജീവിതം പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രയായ, എന്തും വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത, ഉറച്ച തീരുമാനങ്ങളുള്ള ഫിദയായി അങ്ങനെ ലിയോണ മാറി. ‘നിന്നിലെവിടെയൊക്കെയോ ഒരു ഫിദയുണ്ട്’ എന്ന് ജീത്തു ജോസഫ് ഇടയ്ക്കിടെ പറയുമായിരുന്നു എന്ന് ലിയോണ പറയുന്നു. പത്തുവർഷത്തിലേറെയായി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് ലിയോണ ഇവിടെത്തന്നെയുണ്ട്, എന്നിട്ടും ശ്രദ്ധിക്കപ്പെടാൻ കുറച്ചു താമസിച്ചോ എന്ന ചോദ്യത്തിന്, ‘ഒട്ടും തിടുക്കമില്ല, ഇനിയും സമയമുണ്ടല്ലോ’ എന്നാണ് ലിയോണ മറുപടി പറയുന്നത്. വിവാഹം ഒരു വ്യക്തിയുടെ പ്രാഥമിക ആവശ്യമായി മാറരുത് എന്ന അഭിപ്രായമുള്ള ലിയോണ ട്വൽത് മാന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

ഫിദയുടെ ചിരി

ജീത്തു സാറും ലാലേട്ടനും ഒരുമിക്കുന്ന റാം എന്ന സിനിമയിൽ ഞാൻ ഒരു വേഷം ചെയ്യുന്നുണ്ട്. അതിന്റെ ഷൂട്ടിങ് ഇടയ്ക്ക് നിർത്തിവച്ചു. ജീത്തു സാർ ഒരു ദിവസം എന്നെവിളിച്ചു, ‘‘ലിയോണ, റാം ഇനിയിപ്പോ ഉടനെ തുടങ്ങാൻ പറ്റില്ല. ഒടിടിക്കു വേണ്ടി ഒരു ചെറിയ പടം ചെയ്യുന്നുണ്ട്. അതിൽ ലിയോണ ഒരു വേഷം ചെയ്യണം’’ എന്നുപറഞ്ഞു. കഥ പറഞ്ഞാൽ പറ്റില്ല, ലിയോണ വന്നു സ്ക്രിപ്റ്റ് വായിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അതിൽ രണ്ടു കഥാപാത്രങ്ങളിൽ ഏതു വേണമെങ്കിലും ചെയ്യാം. പക്ഷേ ഫിദ എന്ന കഥാപാത്രമാണ് എന്റെ മനസ്സിൽ എന്നാണ് അദ്ദേഹം പറഞ്ഞത്.

ജീത്തു സാർ എന്നോടു പറഞ്ഞത്, ലിയോണയുടെ ഒരു ചിരിയുണ്ട്, അത് ഈ കഥാപാത്രത്തിന് വേണം എന്നാണ്. സത്യം പറഞ്ഞാൽ ആ ചിരി ഏതാണെന്ന് എനിക്കറിയില്ല. അതുതന്നെ എനിക്ക് ഭയങ്കര ചാലഞ്ചിങ് ആയിരുന്നു. ഫിദയുടെ ബേസിക് സ്വഭാവം പറഞ്ഞുതന്നിട്ട് അവളെ എങ്ങനെ അവതരിപ്പിക്കണം എന്നുള്ളതിന്റെ മുഴുവൻ സ്വാതന്ത്ര്യവും ജീത്തു സാർ എനിക്ക് തന്നിരുന്നു. ഫിദ വളരെ ബോൾഡ് ആയ ഒരു കഥാപാത്രമാണ്. സത്യസന്ധതയാണ് അവളുടെ ആത്മവിശ്വാസം. സമൂഹത്തെപ്പറ്റി അവൾക്ക് ചിന്തയില്ല.

സുഹൃത്തുക്കൾക്കിടയിലേക്ക് ഒരു അപരിചിതൻ വരുമ്പോൾ, മറ്റെല്ലാവരും അയാളെ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ ഫിദ അയാൾ ആരാണെന്നു മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്. അയാൾ അവിടെ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ അത് അയാളുടെ സ്വഭാവവും സ്വാതന്ത്ര്യവുമാണ് എന്നാണ് അവൾക്കു തോന്നുന്നത്. എല്ലാവരെയും ഓപ്പൺ ആയി സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നും ഒളിക്കാൻ ഇല്ലാത്ത ആളാണ് ഫിദ. അത്യാവശ്യം വായ നോക്കാനും ഫിദ ഓക്കേ ആണ്. ഒരു കഥാപാത്രം ചെയ്തു തുടങ്ങുമ്പോൾ ഒരു പേടി ഉണ്ടാകുമെങ്കിലും ഷൂട്ടിങ് പുരോഗമിക്കുമ്പോൾ ആ കഥാപാത്രത്തെ കൂടുതൽ മനസ്സിലാക്കി ചെയ്യാൻ ആണ് ഞാൻ ശ്രമിക്കുന്നത്. ഇതിൽ ഒരുപാടു അഭിനയിച്ചു തകർക്കേണ്ട ആവശ്യമൊന്നും ഇല്ലായിരുന്നു. ഒരു ബോൾഡ് വ്യക്തിത്വം ചിത്രത്തിലുടനീളം കീപ് ചെയ്തുകൊണ്ട് സാഹചര്യത്തിനനുസരിച്ച് പെരുമാറുക, അതാണ് ഞാൻ ചെയ്തത്.

ജീത്തു ജോസഫിനെ അറിയാൻ വൈകി

leona-3

റാം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞാൻ ആദ്യമായി ജീത്തു സാറിനെ കാണുന്നത്. അതൊരു സീരിയസ് സിനിമാ ലൊക്കേഷൻ ആയിരുന്നു. എനിക്ക് ജീത്തു സാറിനെ പേടിയായിരുന്നു. ഞാൻ ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല അതുകൊണ്ടു അങ്ങോട്ടുചെന്ന് സംസാരിക്കാനും പോയില്ല. ഷൂട്ട് നിർത്തി മടങ്ങിയിട്ടും ജീത്തു സാറിനെ കോൺടാക്ട് ചെയ്യാനോ മെസേജ് അയക്കാനോ പോയില്ല. ലാലേട്ടൻ എവിടെയായാലും കൂൾ ആണ്. അതുകൊണ്ട് ലാലേട്ടനോട് അടുപ്പമുണ്ട്. അദ്ദേഹം ബർത്ത്ഡേക്ക് മെസേജ് അയയ്ക്കാറുണ്ട്. എന്തെങ്കിലും ആവശ്യത്തിനൊക്കെ അദ്ദേഹത്തെ വിളിക്കാറുമുണ്ട്.

റാമിന്റെ സെറ്റിൽ കണ്ട ജീത്തു സാറിനെ അല്ല ട്വൽത്ത് മാൻ സെറ്റിൽ കണ്ടത്. ഭയങ്കര ജോളി ആയ ഒരാൾ. വളരെ അടുപ്പം പുലർത്തി കൂട്ടുകാരെപ്പോലെ ഞങ്ങളോടൊപ്പം എല്ലാത്തരം തമാശയിലും ചേർന്ന് വളരെ കൂൾ ആയ വ്യക്തി. എന്റെയും ജീത്തു സാറിന്റെയും കോട്ടേജ് അടുത്തായിരുന്നു. അദ്ദേഹം കുടുംബത്തോടൊപ്പമാണ് വന്നത്. ഞാൻ ഒറ്റയ്ക്കിരിക്കുന്നത് കാണുമ്പോൾ എന്തുപറ്റി എന്ന് അന്വേഷിക്കും. ബ്രേക്ക് സമയത്തൊക്കെ ഒരുപാട് സംസാരിക്കും. എന്തുവേണമെങ്കിലും സംസാരിക്കാൻ പറ്റുന്ന ഒരു ചേട്ടനെപ്പോലെ ഒരാൾ ആണ് ജിത്തു സാർ.

ഫിദയുടെ ഒരംശം എന്നിലുണ്ട്

jeethu-leona

എന്റെ സ്വഭാവം ഫിദയുടേതു പോലെ എന്നു പറയാൻ പറ്റില്ല. പക്ഷേ ഫിദയുടെ സ്വഭാവത്തിൽ എന്തൊക്കെയോ എന്നിലുണ്ട്. ഞാൻ ഒരു പഞ്ചപാവം ആണ്. കലിപ്പത്തി ലുക്ക് മാത്രമേ ഉള്ളൂ എന്ന് എന്നെ അടുത്തറിയുന്നവർക്ക് അറിയാം. പക്ഷേ എന്നെ ആരെങ്കിലും ചൊറിയാൻ വന്നാൽ ഞാൻ തിരിച്ചു ചൊറിയും. ഞാൻ അഹങ്കാരി ആണ് എന്ന് പറയുന്നവരുണ്ട്, അത് ചിലപ്പോൾ സ്പോട്ടിൽ മറുപടി കൊടുക്കുന്നതുകൊണ്ടാകാം. പക്ഷേ നീ ഇത്ര സ്വീറ്റ് ആണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ട്വൽത് മാന്റെ സെറ്റിൽ ജീത്തു സാർ പറയുമായിരുന്നു നീ ശരിക്കും ഫിദ ആണെന്ന്. അത് ചിലപ്പോൾ ഞാൻ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാകും.

സെറ്റിൽ ഉള്ളവരോടെല്ലാം നല്ല സൗഹൃദം ആണെങ്കിൽ പോലും ഒറ്റയ്ക്കിരിക്കുന്നത് ഇഷ്ടമാണ്. സെറ്റിൽ ഞാൻ ചിലപ്പോൾ രാവിലെ ഒറ്റയ്ക്ക് നടക്കാൻ പോകും. റിസോർട്ടിൽ ഒരു മലയുണ്ട്. ആരും കമ്പനിയില്ലാതെ മലകയറാൻ പോകും. ഞാൻ ഒരിക്കൽ ഒറ്റയ്ക്കിരുന്ന് ലൊക്കേഷൻ ഫുഡ് കഴിക്കുന്നത് കണ്ടിട്ട് ജീത്തു സാർ എന്നെ "ഹലോ ജോഷി സാർ" എന്ന് വിളിച്ചു. ജോഷി സാർ ഒറ്റയ്ക്കിരിക്കുന്ന ആളാണ്. ഇപ്പോഴും ഫോൺ ചെയ്യുമ്പോൾ അദ്ദേഹം എന്നെ അങ്ങനെ വിളിക്കാറുണ്ട്. ഫിദ ഒറ്റയ്ക്കിരുന്ന് സിഗരറ്റ് വലിക്കും, സ്ത്രീകളുടെ പരദൂഷണ സഭയിലൊന്നും ഫിദയെ കാണില്ല. ഫിദ എന്തും തുറന്നു പറയും. എല്ലാകാര്യത്തിനും അവൾക്ക് അവളുടേതായ അഭിപ്രായം ഉണ്ട്. അത് തുറന്നു പറയാനും മടിയില്ല. അക്കാര്യങ്ങളൊക്കെ എനിക്ക് ഫിദയുമായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു.

എല്ലാവർക്കും ഒരു സീക്രട്ട് ലൈഫ്

മറ്റൊരാളിനോടു തുറന്നുപറയാൻ താല്പര്യമില്ലാത്ത കാര്യങ്ങൾ മിക്കവർക്കും ഉണ്ടാകും. അടുത്ത സുഹൃത്തിനോടോ പങ്കാളിയോടോ പോലും പറയാൻ കഴിയുന്ന കാര്യങ്ങളിൽ ഒരു ലിമിറ്റ് ഉണ്ടാകും അത് കഴിഞ്ഞുള്ളത് അവരുടെ സ്വകാര്യതയാണ് അത് ചിലപ്പോൾ ആരോടും പറഞ്ഞെന്നിരിക്കില്ല. എന്റെ കാര്യം നോക്കുകയാണെങ്കിൽ വളരെ അടുത്ത ആളുകൾക്ക് എന്നെപ്പറ്റി എല്ലാം അറിയാമായിരിക്കും പക്ഷേ അവർ എവിടെവരെ അറിയണം എന്നുള്ളത് ഞാൻ തീരുമാനിക്കും. അങ്ങനെ നോക്കുമ്പോൾ അവർക്ക് അറിയാത്ത കാര്യങ്ങൾ സീക്രട്ട് ആയി അവർക്ക് തോന്നാം. എല്ലാ കാര്യത്തിലും നിഗൂഢത പുലർത്തുന്നവരെയാണ് നമ്മൾ പേടിക്കേണ്ടത്. ജീവിതം മുഴുവൻ നിഗൂഢത പേറി നടക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ ഉള്ളവർ ഉണ്ടാകും.

leona-leeshoy-1

ഇന്നത്തെ പെൺകുട്ടികൾ ഫിദയെപ്പോലെ ആകണം

പെൺകുട്ടികൾ വളരെ ധൈര്യപൂർവം തീരുമാനങ്ങൾ എടുക്കാത്തതിന്റെ കുഴപ്പം നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്. ഒരു ബന്ധം വേണ്ട എങ്കിൽ കടിച്ചുതൂങ്ങിക്കിടക്കാതെ വേണ്ട എന്ന് ബോൾഡ് ആയി പറയാൻ കഴിയണം. ആൺകുട്ടിയായാലും പെൺകുട്ടി ആയാലും സ്വന്തം കാര്യം നോക്കാൻ കഴിവുള്ളവരായി വളരണം. നമ്മുടെ സമൂഹം ഇന്നും മാറിയിട്ടില്ല. സമൂഹം മാറട്ടെ എന്നു കരുതിയിട്ടു കാര്യമില്ല. ആദ്യം സ്വന്തം വീട്ടിലാണ് മാറ്റം വരേണ്ടത്. ഓരോരുത്തരും സ്വയം മാറാൻ ശ്രമിക്കണം. ആൺകുട്ടികൾ എന്തു ചെയ്താലും കുഴപ്പമില്ല, പെൺകുട്ടികൾ ഇങ്ങനെ ആയിരിക്കണം എന്ന രീതിയിലുള്ള വിവേചനം ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്.

എന്റെ മാതാപിതാക്കൾ വളരെ പുരോഗമനപരമായി ചിന്തിക്കുന്നവരാണ്. എനിക്ക് അവരോട് എന്തും തുറന്നുപറയാം. എനിക്കൊരു ബോയ്‌ഫ്രണ്ട്‌ ഉണ്ടെങ്കിൽ ഞാൻ അവരോടായിരിക്കും ആദ്യം പറയുക. സെക്സിനെക്കുറിച്ചുപോലും ഓപ്പൺ ആയി സംസാരിക്കാനുള്ള സ്പേസ് എന്റെ വീട്ടിലുണ്ട്. അത്തരത്തിൽ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും എവിടെയൊക്കെയോ ഒരു പെൺകുട്ടി എന്ന രീതിയിലുള്ള എക്സ്ട്രാ കെയർ എന്റെ വീട്ടിലും ഉണ്ട്. നീ എന്തുവേണമെങ്കിലും ചെയ്തോ അത് കല്യാണം കഴിഞ്ഞിട്ട് എന്നു പറയും. പക്ഷേ ആ സമയത്ത് എന്റെ ചേട്ടൻ എവിടെയെങ്കിലും പോയിട്ട് കുറേ നാൾ ഫോൺ ചെയ്തില്ലെങ്കിലും അവർ ഓക്കേ ആണ്. അത് അവരുടെ കുഴപ്പമല്ല. നമ്മൾ വളർന്നുവന്ന സാമൂഹിക വ്യവസ്ഥ അങ്ങനെയാണ്.

ആണായാലും പെണ്ണായാലും ഒരുപോലെയാണ്. അവരവർക്ക് എന്താണു വേണ്ടതെന്ന് തീരുമാനിക്കാൻ അവർക്ക് അവകാശമുണ്ട് എന്ന തരത്തിൽ കുട്ടികളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിയണം. പഠനം പൂർത്തിയാക്കുന്നതിനു മുൻപ് വിവാഹം കഴിച്ചുപോയി വളരെപ്പെട്ടെന്നുതന്നെ പ്രശ്നത്തിൽ അകപ്പെട്ട് ജീവിക്കുന്ന ഒരുപാടുപേരെ ഞാൻ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് നിനക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളെ ഇത്ര പെട്ടെന്ന് വിവാഹം കഴിച്ചത് എന്നു ചോദിച്ചാൽ അത് ഈ പ്രായത്തിൽ വിവാഹം കഴിക്കണമെന്ന് അച്ഛൻ അല്ലെങ്കിൽ അമ്മ നിർബന്ധിച്ചു എന്നാണ് ഉത്തരം. പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടായിരിക്കും അയ്യോ എന്റെ മോളുടെ ജീവിതം പോയല്ലോ എന്നു തിരിച്ചറിയുന്നത്. തകർന്നുപോയ ഒരുപാട് പെൺകുട്ടികളുടെ മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. പെൺകുട്ടികളെ അടക്കവും ഒതുക്കവും പഠിപ്പിക്കുന്നതുപോലെ ആൺകുട്ടികളെയും മറ്റുള്ളവരോട് ബഹുമാനത്തോടെയും സ്നേഹത്തോടും പെരുമാറാൻ പഠിപ്പിക്കണം. ഇത്രയും നാൾ ഈ സമൂഹത്തിൽ ജീവിച്ച പ്രായമായവരെ ഇനി മാറ്റാൻ കഴിയില്ല പക്ഷേ നമുക്ക് മാറാം. മാറ്റം പുതിയ തലമുറയിലേക്ക് കൊണ്ടുവരണം.

leona-13

മറ്റുള്ളവരുടെ അനുഭവം കണ്ടിട്ട് കല്യാണം കഴിക്കാൻ പേടിയുണ്ടോ?

ഉറപ്പായും വിവാഹത്തെ പേടിയുണ്ട്. വിവാഹം അത്ര അത്യാവശ്യമുള്ള കാര്യമാണോ എന്ന് ഞാൻ അമ്മയോടും അച്ഛനോടും ചോദിച്ചിട്ടുണ്ട്. ‘‘അയ്യോ കല്യാണം കഴിക്കണം, നീ എന്നെങ്കിലും ഒരാളെ തിരഞ്ഞെടുത്തേ പറ്റൂ’’ എന്ന് അവർ പറയാറുണ്ട്. പക്ഷേ നീ ഈ പ്രായത്തിനുള്ളിൽ കല്യാണം കഴിക്കണം എന്നൊന്നും പറഞ്ഞ് അവർ എന്നെ ഫോഴ്‌സ് ചെയ്യാറില്ല. വീട്ടിൽ വിവാഹാലോചന കൊണ്ടുവന്നിരുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞു. അതൊക്കെ ഞാൻ അതിജീവിച്ചുകഴിഞ്ഞു. വളരെ ചെറുപ്പത്തിൽ വിവാഹം കഴിച്ച് ജീവിതം തകർന്നുപോയ ഒരുപാടുപേരെ അറിയാം. ഒട്ടും ചിന്തിക്കാതെ മറ്റൊരു ജീവിതത്തിലേക്ക് എടുത്തു ചാടുന്നവർ. ഒരു മുൻപരിചയവും ഇല്ലാത്ത ഒരാളോടൊപ്പം ഒരു ജീവിതം മുഴുവൻ ചെലവഴിക്കുന്നത് എങ്ങനെയാണ്.

കല്യാണം കഴിക്കണോ വേണ്ടയോ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം വേണമെങ്കിൽ ചെയ്‌താൽ മതി. കല്യാണം കഴിച്ചില്ലെങ്കിൽ എന്താണ്? വളരെ അടുത്തറിയാവുന്ന രണ്ടുപേർ ഒരുമിച്ച് താമസിക്കുന്നതിനു വിവാഹം എന്നൊരു ചടങ്ങ് വേണം എന്നില്ല. അത്രയടുത്ത് സ്നേഹവും വിശ്വാസവും പ്രതിബദ്ധതയും ഉണ്ടെങ്കിൽ വിവാഹം എന്നൊരു കെട്ട് ഇല്ലെങ്കിലും പിരിഞ്ഞു പോകില്ല. കണ്ടമാനം ആളുകളെ വിളിച്ച് സദ്യകൊടുത്ത് എടുത്താൽ പൊങ്ങാത്ത സ്വർണവും ഇട്ടുള്ള വിവാഹം എന്റെ കാര്യത്തിൽ ഉണ്ടാകില്ല. എന്നെപ്പോലെ തന്നെ എന്നെ മനസ്സിലാക്കുന്ന, എല്ലാം തുറന്നുപറയാൻ കഴിയുന്ന ഒരാൾ വന്നാൽ മാത്രമേ എനിക്കൊരു പാർട്ണർ ഉണ്ടാകൂ.

ഏറെ ആഘോഷിച്ച ട്വൽത് മാനിന്റെ സെറ്റ്

ഞാൻ എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന ആളല്ല. ട്വൽത് മാനിലേക്ക് വിളിക്കുമ്പോൾ ഇത്രയധികം താരങ്ങളോടൊപ്പം അടുത്ത് ഇടപഴകാൻ കഴിയുമോ എന്നൊക്കെ ടെൻഷൻ ഉണ്ടായിരുന്നു. ലാലേട്ടൻ, ജിത്തു സാർ, അനു മോഹൻ, ചന്തുനാഥ്‌ എന്നിവരെയാണ് നേരിട്ട് പരിചയമുള്ളത്. ഒരുപാട് പുറമോടികൾ കാണിച്ച് രണ്ടുതരത്തിൽ പെരുമാറുന്നവരോട് സംസാരിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷേ സെറ്റിൽ ചെന്നപ്പോൾ ആശങ്കകൾ എല്ലാം മാറി. എല്ലാവരും വളരെ നല്ല ആളുകളായിരുന്നു. കളിചിരിതമാശകളുമായി വളരെ ആഘോഷപൂർവമാണ് എല്ലാവരും അവിടെ ചെലവഴിച്ചത്.

leona-4

പാട്ട് വച്ച് ഡാൻസ് കളി, അന്താക്ഷരി, ബോട്ടിങ്, ബാഡ്മിന്റൻ അങ്ങനെ ഭയങ്കര രസമായിരുന്നു. അവിടെയും ചിലപ്പോൾ ചേരാത്തത് ഞാൻ ആയിരിക്കും. എനിക്ക് ഒറ്റയ്ക്കിരിക്കാൻ തോന്നുമ്പോൾ ഞാൻ ഒറ്റയ്ക്കിരിക്കും. കളികൾക്ക് കൂടാൻ വിളിച്ചാൽ ഇന്ന് എനിക്കൊരു മൂഡില്ല എന്ന് പറഞ്ഞ് ഒഴിയും. അപ്പോൾ അവർക്കത് മനസ്സിലായി എന്നെ എന്റെ വഴിക്ക് വിടും. ഒരു തരത്തിലുള്ള നെഗറ്റീവ് സംസാരമോ നെഗറ്റിവിറ്റിയോ എനിക്കവിടെ തോന്നിയില്ല. എല്ലാവരും പോസിറ്റീവ് വൈബിൽ ആയിരുന്നു. എനിക്കവിടെ സ്വന്തം വീട് പോലെയാണ് തോന്നിയത്. ആ സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരുമായും ഇപ്പോൾ നല്ല കമ്പനി ആണ്. ട്വൽത് മാൻ വിജയാഘോഷത്തിനൊക്കെ ഞങ്ങൾ ഒരുമിച്ച് കൂടാൻ ഇരിക്കുകയാണ്.

ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ട്

അടുത്തിടെ ഹിറ്റായ കുറച്ച് സിനിമകൾ ചെയ്തു. എല്ലാം പലതരത്തിലുള്ള കഥാപാത്രങ്ങളാണ്. വരയനിലെ കഥാപാത്രം കുറച്ച് ബോൾഡ് ആണെങ്കിലും എവിടയെയോ ഒരു കുട്ടിത്തവും സ്വീറ്റ്നസ്സും ഉണ്ട്. ട്വന്റി വൺ ഗ്രാംസിൽ കുഞ്ഞിന്റെ വേർപാടിൽ നിന്ന് മോചനം കിട്ടാത്ത അമ്മ. ട്വൽത് മാനിലെ ഫിദ അങ്ങനെ കുറെ നല്ല കഥാപാത്രങ്ങൾ. എന്റെ കരിയറിൽ ഒരുപാടു നീണ്ട ഇടവേളകൾ വന്നിട്ടുണ്ട്. 2012 ൽ സിനിമയിൽ വന്ന ഞാൻ വളരെ പതിയെ ആണ് ഇവിടെ എത്തി നിൽക്കുന്നത്. ഒരു തമാശയ്ക്ക് വേണ്ടി സിനിമ ചെയ്തു നോക്കിയിട്ട് സിനിമയെപ്പറ്റി പഠിച്ച് കൂടുതൽ മനസിലാക്കി സിനിമയെ സ്നേഹിച്ച ഒരാളാണ് ഞാൻ. എന്റെ വളർച്ച വളരെ പതിയെ ആയിരുന്നു. ഞാൻ റോളുകൾക്ക് പിന്നാലെ പായാറില്ല. ഓടിപ്പിടിച്ച് കുറെ സിനിമ ചെയ്തു വിവാഹം കഴിച്ചു പോയി കുട്ടിയായി പിന്നെ തിരിച്ചു വരാൻ ഒന്നും പ്ലാനില്ല. എനിക്ക് മരിക്കുംവരെ സിനിമ ചെയ്തുകൊണ്ടിരിക്കണം. ഇനിയും ഇഷ്ടംപോലെ സമയമുണ്ട്. ചെറിയ ചെറിയ നല്ല കഥാപാത്രങ്ങൾ ചെയ്ത് ഞാൻ ഇവിടെത്തന്നെ ഉണ്ടാകും.

സിഗരറ്റ് വലിക്കാൻ പഠിപ്പിച്ച ജിന്ന്

ജിന്ന് എന്ന സിനിമയിൽ ആണ് ഞാൻ സിഗരറ്റ് വലിക്കാൻ പഠിച്ചത്. ആ സിനിമയിൽ വലിയോട് വലി വലിക്കുന്ന ഒരു കഥാപാത്രമാണ്. ആദ്യമായി വലിക്കുമ്പോൾ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് എനിക്ക് പനിയും ചുമയും ഉണ്ടായിരുന്നു അതിനോടൊപ്പം സിങ്ക് സൗണ്ടിൽ സിഗരറ്റ് വലിച്ചുകൊണ്ട് സംസാരിക്കുകയും വേണം. പുക എടുക്കുമ്പോൾ തൊണ്ടയിൽ ചൊറിച്ചിൽ പോലെ വരും. ട്വൽത് മാൻ ആയപ്പോഴേക്കും കുഴപ്പമില്ലാതെയായി. എറണാകുളത്ത് ഷൂട്ട് നടക്കുമ്പോൾ സിഗരറ്റ് വലിച്ച് പുക വിടുന്നത് കാണിക്കാൻ ജീത്തു സാർ പറഞ്ഞു. ഞാൻ പറഞ്ഞു എനിക്കറിയാം, അദ്ദേഹം പറഞ്ഞു, അത് പറ്റില്ല. നീ പുക വിട്ടു കാണിക്ക്. അല്ലെങ്കിൽ ഷൂട്ട് ചെയ്യുമ്പോൾ ശരിക്ക് ചെയ്തില്ലെങ്കിൽ നിനക്ക് ഇടി കിട്ടും എന്നുപറഞ്ഞു. ജിന്നിൽ കിട്ടിയ എക്സ്പീരിയൻസ് ഇവിടെ ഗുണം ചെയ്തു. ഫിദയും നന്നായി പുക വലിക്കുന്ന കഥാപാത്രമാണ്.

leona1

ത്രില്ലടിപ്പിക്കാൻ ജിന്ന് വരുന്നു

ഞാൻ ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ജിന്ന്. വളരെ എക്സൈറ്റിങ് ആയ ഒരു കഥാപാത്രമാണ് അതിൽ ചെയ്തത്. കനകരാജ്യം എന്നൊരു ചിത്രത്തിൽ മുരളി ഗോപി ചേട്ടന്റെ ജോഡിയായി അഭിനയിച്ചു. തമിഴിൽ പ്രഭുദേവ സാറിന്റെ ഒപ്പം ഒരു സിനിമ ചെയ്തു. പിന്നെ ഞാൻ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മറ്റൊരു തമിഴ് സിനിമ വരുന്നുണ്ട്. കുറെ സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. ഒരു കലാകാരി എന്ന നിലയിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ ആണ് എനിക്കിഷ്ടം. സമയമുണ്ട്, തിടുക്കമൊന്നുമില്ല ഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ടല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA