ADVERTISEMENT

ജയസൂര്യ ആദ്യം പൊലീസ് വേഷം ചെയ്യുന്നതു വി.കെ.പ്രകാശിന്റെ പോസിറ്റീവ് എന്ന ചിത്രത്തിലാണ്. അന്നോളം ഹ്യൂമറിനു പ്രാധാന്യമുള്ള നായകവേഷങ്ങളിൽ എത്തിയിരുന്ന താൻ പൊടുന്നനെ പൊലീസാകുന്നതിൽ ജയസൂര്യയ്ക്കു കടുത്ത ടെൻഷൻ. തന്നെ പൊലീസ് വേഷത്തിൽ പ്രേക്ഷകർ അംഗീകരിക്കുമോ എന്നായിരുന്നു സംശയം. എന്നാൽ, വി.കെ.പ്രകാശ് എന്ന സംവിധായകനിൽ വലിയ വിശ്വാസമുണ്ടായിരുന്നു. അഭിനയജീവിതത്തിൽ വ്യത്യസ്തമായൊരു വേഷം സമ്മാനിച്ച ആ ചിത്രവും സംവിധായകനും പുതിയ പാഠങ്ങൾ പലതും ജയസൂര്യയെ പഠിപ്പിച്ചു. 

 

ആ അനുഭവം ജയസൂര്യയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ... ‘വി.കെ.പ്രകാശ് എന്നെ ട്യൂൺ ചെയ്തെടുത്തു. അഭിനയത്തിൽ കണ്ണുകളുടെ പ്രാധാന്യം ഞാൻ മനസ്സിലാക്കിയത് അദ്ദേഹത്തിൽ നിന്നാണ്. ചില സന്ദർഭങ്ങളിൽ കണ്ണുകൾ കൊണ്ടു മാത്രം ചിരിക്കാനാകും എന്നു വരെ മനസ്സിലാക്കിത്തന്നു.’ മുംബൈ പൊലീസിൽ ഉൾപ്പെടെ  പിന്നീടു വളരെ വ്യത്യസ്തമായ പൊലീസ് വേഷങ്ങൾ നടനെ തേടിയെത്തി. ജയസൂര്യ വീണ്ടും യൂണിഫോം അണിയുകയാണ്, ജോൺ ലൂഥറിൽ. മുൻപു താൻ ചെയ്ത പൊലീസ് വേഷങ്ങളുമായി താരതമ്യം ഇല്ലാത്ത റോൾ ആണു ചിത്രത്തിൽ തനിക്കെന്നു ജയസൂര്യ പറയുന്നു. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കായി ദുബായിലുള്ള ജയസൂര്യ മനോരമയോട്...  

 

∙ ആരാണു ജോൺ ലൂഥർ?

 

Jayasurya-ജയസൂര്യ

മുൻപു ഞാൻ ചെയ്ത മുംബൈ പൊലീസിലെ എസിപി ആര്യൻ ജോസഫ് അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി യൂണിഫോം ധരിച്ചയാളാണ്. എന്നാൽ ഇതിനു നേരെ വിപരീതമാണ് ജോൺ ലൂഥർ. അച്ഛനു താൽപര്യമില്ലാഞ്ഞിട്ടും പൊലീസ് ജോലി തിരഞ്ഞെടുത്ത, സാധാരണ കുടുംബത്തിൽ നിന്നുള്ളയാൾ. എന്നാൽ അസാധാരണ സ്വപ്നങ്ങളുള്ള, ജോലിയോടു കൂറും സ്നേഹവുമുള്ള ഓഫിസർ. വീടിനേക്കാൾ പ്രാധാന്യം ജോലിക്കു നൽകുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്തെങ്കിലുമൊരു തിരിച്ചടിയുണ്ടായാൽ എങ്ങനെ തരണം ചെയ്യും എന്നതാണു ചിത്രത്തിന്റെ തീം. 

 

∙ ജോൺ ലൂഥറിലേക്ക് എത്തിയതെങ്ങനെ?

 

ജോൺ ലൂഥർ-John Luther

കോവിഡ് കാലത്തിനു മുൻപു പൂർത്തിയായി പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രമാണ്. 2019ലാണ് ഇതിന്റെ കഥ എന്റെ മുന്നിൽ എത്തുന്നത്. കഥ ഇഷ്ടപ്പെട്ടെങ്കിലും ആ സമയത്തു മറ്റു ചില ചിത്രങ്ങളുടെ തിരക്കിലായിരുന്നു. ഒടുവിൽ അവ പൂർത്തിയാക്കി ഇതു ചെയ്യാം എന്നു തീരുമാനിച്ചപ്പോഴേക്കും കോവിഡ് ലോക്ഡൗണും നിയന്ത്രണങ്ങളും എത്തി. വലിയ കാൻവാസിലുള്ള ചിത്രം. ചുരങ്ങളിലും മറ്റുമൊക്കെയായിരുന്നു ലൊക്കേഷൻ. അതുകൊണ്ടുതന്നെ പുറം ഷൂട്ടിങ്ങിന് ഒട്ടേറെ അനുമതികൾ വേണ്ടിയിരുന്നു. നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ അതു ലഭിക്കില്ലെന്നുറപ്പായിരുന്നു. അങ്ങനെ നീണ്ടുപോയ പ്രോജക്ട് ഒടുവിൽ പുനരാരംഭിച്ചു ഷൂട്ട് ചെയ്തു തീർന്നത് കഴിഞ്ഞ നവംബറിലാണ്. കോവിഡ് കാലം കടന്നു തിയറ്ററുകൾ സജീവമാകുമ്പോൾ ചിത്രം തിയറ്ററുകളിൽ തന്നെ എത്തിക്കാനായതിൽ സന്തോഷമുണ്ട്.

 

∙ വീണ്ടും ഒരു പുതുമുഖ സംവിധായകനൊപ്പം?

 

കരിയറിൽ ഒരുപാടു പുതിയ സംവിധായകർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാം നല്ല ചിത്രങ്ങളായിരുന്നു. അതുകൊണ്ടു തന്നെ വീണ്ടും അവരുടെ ചിത്രങ്ങളിൽ ഞാൻ ഉണ്ടായിട്ടുണ്ട്. ജോൺ ലൂഥർ അഭിജിത് ജോസഫിന്റെ കന്നിച്ചിത്രമാണ്. എഡിറ്റർ ആയ അഭിജിത്തിനു സിനിമയുടെ സാങ്കേതികത സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഷോട്ട്, ഷോട്ട് ഡിവിഷൻ, വിഷ്വൽസ്, റിഥം എന്നിവയിലൊക്കെ തികഞ്ഞ കയ്യടക്കവും. റോബി വർഗീസ് രാജ് എന്ന ഛായാഗ്രാഹകൻ കൂടിയെത്തിയതോടെ മികച്ച വിഷ്വൽ ട്രീറ്റ് ആയി മാറി ജോൺ ലൂഥർ.   

 

∙ കുറ്റാന്വേഷണം, ത്രില്ലർ ഇതൊക്കെ ഒരുപാടു കണ്ടു ശീലിച്ച കണ്ണുകളാണു പ്രേക്ഷകരുടേത്?

 

തീർച്ചയായും. പക്ഷേ, ഞാനും ഈ ചിത്രം കണ്ടു. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല, പ്രേക്ഷകൻ എന്ന രീതിയിലും ചിത്രത്തിൽ പൂർണ തൃപ്തനാണ്. വളരെ വ്യത്യസ്തമായ കഥാപാത്ര സൃഷ്ടിയാണു ജോൺ ലൂഥർ. പക്ഷേ, ചിത്രത്തെപ്പറ്റിയുള്ള അന്തിമ അഭിപ്രായം പ്രേക്ഷകരുടേതാണ്. അതിനാൽ നടന്റെയോ അണിയറക്കാരുടെയോ അവകാശവാദങ്ങളിൽ അർഥമില്ല. ചിത്രം പ്രേക്ഷകർ നന്നായി സ്വീകരിച്ചു എന്നാണു തിയറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.    

 

∙ ജയസൂര്യയിലെ നടനു നിത്യം തിളക്കമേറുകയാണ്. എന്താണു രഹസ്യം?

 

വളരെ വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നയാളാണു ഞാൻ. നല്ലൊരു ചിത്രമാണെങ്കിൽ, അതിൽ എനിക്ക് വലുതായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ, അതിനായി എത്ര സമയവും ഇൻവെസ്റ്റ് ചെയ്യാനും കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ല. മികച്ച പ്രോജക്ടുകളാണെങ്കിൽ വർഷത്തിൽ ഒന്നോ രണ്ടോ സിനിമ മതി. ‘കടമറ്റത്ത് കത്തനാർ’ എന്ന വലിയൊരു പ്രോജക്ട് ആണ് എനിക്കിനിയുള്ളത്. അതിനായി സംവിധായകൻ ആവശ്യപ്പെടുന്ന രീതിയിൽ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്. അത്തരമൊരു ചിത്രത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോൾ മറ്റെല്ലാം മാറ്റി വയ്ക്കാൻ മടിയില്ലാത്ത നടനാണു ഞാൻ. 

 

∙ ഇതരഭാഷകളിൽ നിന്നുള്ള വലിയ ചിത്രങ്ങൾ മലയാളത്തിലും സ്വീകരിക്കപ്പെടുന്നു?

 

ഇതരഭാഷാ സിനിമകളുടെ ലോജിക് മലയാളി ചികയാറില്ല. എന്നാൽ മലയാളം ചിത്രങ്ങളിൽ അതല്ല സ്ഥിതി. ഗോപിച്ചേട്ടനെയും മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ കണ്ടു ശീലിച്ച കണ്ണുകളാണ്. ലോജിക്കൽ ആയില്ലെങ്കിൽ വിമർശിക്കപ്പെടും. മലയാളം സിനിമയുടെ ഉള്ളടക്കം സ്ട്രോങ്ങാണ്. ഏതു ഭാഷയിലേക്കും മലയാളം ചിത്രങ്ങൾ റീമേക്ക് ചെയ്യപ്പെടുന്നതിന്റെ കാരണവും അതു തന്നെ. മലയാളം സിനിമ പ്രാദേശിക സിനിമ മാത്രമായി ഒതുങ്ങാതെ ഇന്ത്യൻ സിനിമ എന്ന രീതിയിൽ അറിയപ്പെടണം എന്ന ആഗ്രഹമാണ് എനിക്കുള്ളത്. റിയാലിറ്റിയോടു ചേർന്നു നിൽക്കുന്ന മികച്ച ചിത്രങ്ങളുമായി മലയാളം സിനിമ ലോകവേദികൾ കീഴടക്കുന്ന ദിനങ്ങൾ അകലെയല്ല എന്ന് എനിക്കു തോന്നുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com