ADVERTISEMENT

ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ സിനിമ ‘ഇന്നലെ വരെ’ ഈ മാസം 9നു സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. പുതിയ സിനിമയെക്കുറിച്ചും കൂട്ടിനെക്കുറിച്ചും വിശേഷം പങ്കുവച്ച് ഇരുവരും...

 

കറുത്ത എസ്‌യുവിയിൽനിന്നു വലതുകാൽ കുത്തിയിറങ്ങി ആസിഫ് ഇരുന്നത് വീൽചെയറിലേക്ക്. ബാഗുമായി ജിസ് ജോയ് പിന്നാലെ ഓടിയെത്തി. കൊച്ചി വാഴക്കാലയിലെ വീട്ടിൽനിന്നു സംവിധായകൻ, നായകന്റെ കടവന്ത്രയിലെ ഫ്ലാറ്റിലെത്തി, അവിടെനിന്ന് ഒന്നിച്ച് ക്രൗൺപ്ലാസ ഹോട്ടലിലേക്ക് എത്തിയതാണ്. 

 

‘പുതിയ സിനിമയുടെ ഒരു സീക്വൻസ് എടുക്കുന്നതിനിടെ, ഒപ്പമുണ്ടായിരുന്നയാൾ തെന്നി ദേഹത്തുവീണു. ഞാനും വീണു. ഇടതു കണങ്കാലിന്റെ ലിഗമെന്റ് ഒന്നുതെറ്റി. രണ്ടാഴ്ച വിശ്രമം വേണ്ടിവരും. അതുകൊണ്ട് ഇഷ്ടംപോലെ സമയമുണ്ട്. മോൾ ഹയയുടെ പിറന്നാളാണ്. എന്തായാലും വീട്ടുകാരുടെ കൂടെക്കാണും. അവർക്ക് സർപ്രൈസായി ഞാനിങ്ങു വന്നു’ – ചോദ്യത്തിനു മുൻപേ ആസിഫിന്റെ മറുപടിയെത്തി. 

 

ആസിഫ് – ജിസ് കൂട്ടുകെട്ട് വീണ്ടും വീണ്ടും ?  

 

ആസിഫ്: ഞങ്ങൾ സിനിമയിൽ വന്നു പരിചയപ്പെട്ട്, കൂട്ടുകാരായി, പിന്നെ കുടുംബം പോലെ ആയതാണ്. എന്റെ എല്ലാ മുഖങ്ങളും ജിസിന് അറിയാം.  പല സിനിമകളും പ്ലാൻ ചെയ്യുന്നതിനിടെ അങ്ങനെയാണ് എന്റടുത്തേക്ക് എത്തുന്നത്. ഞാൻ ചെയ്യുന്ന കാര്യം മോശമാണെങ്കിൽ ഒരു മടിയുമില്ലാതെ അതു മാറ്റി ചെയ്യണമെന്നു മുഖത്തു നോക്കി പറയാറുണ്ട്. 

 

ജിസ് ജോയ്: ഞങ്ങളുടെ അഞ്ചാമത്തെ സിനിമയാണിത്. ആസിഫ് ഈ കാലുമായി, വീൽചെയറിൽ ഇരുന്ന് സംസാരിക്കാനെത്തി. ഒരു പ്രതിബദ്ധതയാണത്. അതാണ് പ്രധാന കാരണം. 

 

‘ഇന്നലെ വരെ’ 

 

ജിസ് ജോയ്: ‘ഇന്നലെ വരെ’ ഒരു ത്രില്ലറാണ്. ഫീൽഗുഡ് സിനിമകൾ മാത്രമേ ചെയ്യൂ എന്നില്ല. കുറച്ചുകാലം അത്തരം പടങ്ങൾ ഫോക്കസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് കുഞ്ചാക്കോ ബോബൻ ഫോണിൽ വിളിച്ച് ഒരു സംഭവം പറയുന്നത്. അതിൽ ഒരു കഥയ്ക്ക് സാധ്യതയുണ്ടല്ലോ എന്നു ബോബി–സഞ്ജയ്‌യോടു പറഞ്ഞു. ആസിഫ്, ആന്റണി വർഗീസ് (പെപ്പെ), നിമിഷ എല്ലാവരും സിനിമയുടെ ഭാഗമായി.

 

ആസിഫ്: എല്ലാവരും ചേർന്നു നല്ല രീതിയിൽ ഇംപ്രവൈസ് ചെയ്താണ് മുന്നോട്ടുപോയത്. ആന്റണി വർഗീസ് വേറൊരു ഫോർമാറ്റ് സിനിമ ചെയ്തുവരുന്നതാണ്. ഈ സിനിമയിൽ ആന്റണിക്ക് ഇണങ്ങുന്ന രീതിയിൽ കഥാപാത്രത്തിൽ മാറ്റങ്ങളുണ്ട്. അതുപോലെയാണ് നിമിഷയും. ആന്റണിക്ക് ഈ സിനിമയിൽ ഇടിയില്ല. പകരം നിമിഷയും ഞാനും തമ്മിലാണ് ഫൈറ്റ്. ഇതിൽ പാട്ടുമില്ല. കട്ട ത്രില്ലർ. 

 

പുതിയ സിനിമകൾ ?

 

ആസിഫ്: പരുക്കുമൂലം ഷൂട്ട് നിന്ന സിനിമ തുടങ്ങും. പിന്നെ, ‘കാപ്പ’യെന്ന സിനിമ. 

 

ജിസ് ജോയ്: അടുത്ത സിനിമയുടെ എഴുത്തു കഴിഞ്ഞു. എഴുതുന്നത് വേറെ രണ്ടു പേരാണ്. അനൗൺസ് ചെയ്യാറായില്ല. ആസിഫുണ്ട്. അതുപോലെ നമുക്കെല്ലാം ഇഷ്ടമുള്ള മറ്റൊരാളും പ്രാധാന്യത്തോടെയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com