കൈതി 2 അല്ല വിക്രം, സസ്പെൻസ് ഇനിയും ഏറെയുണ്ട്: നരേൻ അഭിമുഖം

kamal-narain
SHARE

കൈതിയും വിക്രം സിനിമയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പ്രേക്ഷകരും സഹപ്രവർത്തകരും ചോദിച്ചപ്പോഴും ഒരു ക്ലൂ പോലും പറഞ്ഞില്ല നരേൻ. വിക്രം റിലീസിനു തലേദിവസമാണ് സംവിധായകൻ ലോകേഷ് കനകരാജ് ആ രഹസ്യം പുറത്തുവിടുന്നത്. വിക്രം കാണുന്നതിനു മുമ്പ് കൈതി ഒന്നുകൂടി കാണൂ എന്ന്. കാരണം വിക്രത്തെ കൈതിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി നരേൻ ചെയ്യുന്ന ബിജോയ് എന്ന കഥാപാത്രമാണ്. ഇപ്പോഴിതാ വിക്രം സിനിമയുടെ കൂടുതല്‍ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് നരേൻ..

കൈതിയും വിക്രവുമായുള്ള ലിങ്ക്

വിക്രം എന്ന സിനിമ കൈതിയുടെ രണ്ടാംഭാഗം ആണെന്ന് പറയാൻ കഴിയില്ല. കൈതിയുടെ രണ്ടാംഭാഗം ചിലപ്പോൾ വരുന്നുണ്ടാകും. അത് എന്നു വരുമെന്ന്‌ ഉറപ്പ് പറയാറായിട്ടില്ല. കൈതിയും വിക്രവുമായി ലിങ്ക് ചെയ്യുന്ന കഥാപാത്രം ആണ് എന്റേത്. ബിജോയ്ക്ക് ഒരു ഭൂതകാലമുണ്ട്. അതാണ് കൈതിയിൽ കാണിക്കുന്നത്. അയാൾ ഇപ്പോൾ കമൽ സാറിന്റെ കഥാപാത്രത്തിന്റെ ഗാങ്ങിന്റെ ഭാഗമാണ്.

വിക്രമിന്റെ ആദ്യ ടീസർ വന്നപ്പോൾ സംവിധായകൻ സുഗീതിന്റെ തമിഴ് സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാൻ ഞാൻ ദുബായിലായിരുന്നു. ടീസർ കണ്ട് അഭിനന്ദിക്കാൻ ഞാൻ ലോകേഷിനെ വിളിച്ചു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ‘‘സർ, കമൽ സാറിന്റെ പടമാണ്. നിങ്ങളും അതിന്റെ ഭാഗമാണ്’’. ഞാൻ ലോകേഷിനോട് ചോദിച്ചു, ‘‘കമൽ സാറിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ കഴിയുമോ?’’. ലോകേഷ് പറഞ്ഞു, ‘‘ഉറപ്പായും ഉണ്ടാകും’’. പിന്നെ ഞാൻ ചോദിച്ചു, ‘‘എന്റേത് ഒരു പൊലീസ് കഥാപാത്രമാണോ?’’ ആ സമയത്ത് പൊലീസ് വേഷങ്ങൾ ഞാൻ ചെയ്തു മടുത്തിരുന്നു. ലോകേഷ് പറഞ്ഞു, ‘‘കഥാപാത്രത്തിന്റെ ഭൂതകാലത്തിൽ നിങ്ങൾ പൊലീസ് ആയിരുന്നു ഇപ്പോൾ അല്ല’’. എന്റെ കഥാപാത്രമായ ബിജോയ്ക്ക് ഒരുപാട് പ്രാധാന്യമുണ്ട്. സിനിമ കണ്ട പ്രേക്ഷകരോട് അത് പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ?

kamal-nairan

ഫാൻ ബോയ് മൊമന്റ്

കമൽ സാറിനൊപ്പം ആദ്യം ഒന്നുരണ്ടു ദിവസം ചെറിയ രംഗങ്ങളാണ് എടുത്തത്. എനിക്ക് കമൽ സാറിനോടൊപ്പം ചെലവഴിക്കാൻ കിട്ടിയ സമയം മുഴുവൻ ഞാൻ അദ്ദേഹത്തോടു സംസാരിക്കാൻ ശ്രമിച്ചു. ചോദിച്ചാൽ തീരാത്തത്രയും കാര്യങ്ങൾ എനിക്കദ്ദേഹത്തോട് ചോദിക്കാനുണ്ടായിരുന്നു. ഇന്ത്യൻ സിനിമയെക്കുറിച്ചും ലോകസിനിമയെക്കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിച്ചു. അദ്ദേഹം ഓരോ സിനിമയും പറഞ്ഞിട്ട് കണ്ടിട്ടുണ്ടോ എന്നു ചോദിക്കും. ഞങ്ങളുടെ സംസാരം പല ലെവലിലേക്കു പോയി. ചില കാര്യങ്ങൾ ഞാൻ എഴുതിവയ്ക്കും. കാരണം എനിക്ക് പരിചിതമല്ലാത്ത വാക്കുകളും സംഗതികളും ഉണ്ടാകും. ഉദാഹരണത്തിന്, ഏതെങ്കിലും ഒരു സിനിമ കണ്ടോ എന്നു ചോദിക്കും, അത് കാണുന്നതിന് മുൻപ് ഈ ബുക്ക് വായിക്കണം എന്നു പറയും. അത് എഴുതിയത് ഇന്ന ആളാണ്. അയാൾ ആ ബുക്ക് എഴുതാൻ കാരണം ഇന്ന സ്ഥലത്ത് പോയതുകൊണ്ടാണ്, ആ സ്ഥലത്തിന് ഈ പ്രത്യേകതകൾ ഉണ്ട്, അതിനു കാരണം ഇതൊക്കെയാണ്... ഇങ്ങനെ പോയി കറങ്ങിത്തിരിഞ്ഞു നമുക്ക് താങ്ങാൻ പറ്റാത്ത അറിവുകളാണ് അദ്ദേഹത്തിൽനിന്ന് കിട്ടുന്നത്.

അരമണിക്കൂറിനുള്ളിൽ ആയിരിക്കും ഇത്രത്തോളം അറിവുകൾ തരുന്നത്. അദ്ദേഹത്തിന്റെ തുടക്കകാലവും ഓരോ പടവും എങ്ങനെ ചെയ്തു എന്നുമൊക്കെയുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എനിക്ക് സീനുകൾ കുറവായിരുന്നെങ്കിലും ഉള്ളത് കമൽ സാറിനൊപ്പം ആയിരുന്നു. നമുക്ക് കുറച്ചു പടങ്ങൾ ചെയ്ത പരിചയം ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. പക്ഷേ അദ്ദേഹം നമ്മെ നോക്കുന്ന സമയം വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ശരിക്കും വിസ്മരിച്ചുപോകുന്ന അവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ നോക്കുമ്പോൾ നമ്മൾ ആ പഴയ ഫാൻ ബോയ് ആയിപ്പോവുകയാണ്. ‘അയ്യോ ഇത് സത്യം തന്നെയോ, ഇത് നമ്മുടെ കമല്‍ഹാസൻ അല്ലേ’ എന്ന് മനസ്സിൽ തോന്നും.

വിക്രമിന്റെ മകന്റെ കാര്യം ചോദിക്കുന്ന സീനിൽ ‘അതെ, എനിക്കറിയാം’ എന്ന് അദ്ദേഹം മറുപടി പറയുന്നുണ്ട്. അതിനു ശേഷം ഞാൻ ഒരു മറുചോദ്യം ചോദിക്കുന്നു. ആ ചോദ്യം വളരെ ടെൻഷനിൽ ആയിപ്പോയി. അപ്പോൾ ലോകേഷ് വന്നുപറഞ്ഞു, ‘‘സർ, നിങ്ങളും സ്ട്രോങ് ആയ കഥാപാത്രമാണ്. ഇത്രയും ടെൻഷൻ കാണിക്കേണ്ട’’. ഞാൻ മറുപടി പറഞ്ഞത് ‘‘ലോകേഷ്, ഇത് ആ ടെൻഷൻ അല്ല, ഇത് അദ്ദേഹത്തിന് മുന്നിൽ നിൽക്കുമ്പോൾ ഉള്ള ടെൻഷൻ ആണ്.’’ ലോകേഷ് ഒരു ചിരിയോടെ മടങ്ങിപ്പോയി. ഇത്തരത്തിൽ ഞാൻ അദ്ദേഹത്തിന്റെ ഫാൻ മാത്രമായിപ്പോയ സന്ദർഭങ്ങൾ ഒരുപാടുണ്ടായിരുന്നു. കമല്‍ഹാസൻ സാറിന്റെ ഇത്തരമൊരു പടം സംഭവിക്കാൻ വേണ്ടി എല്ലാ സൂപ്പർ താരങ്ങളെയും ഒരു ചിത്രത്തിൽ അണിനിരത്താൻ കമൽ സാറിന്റെ ഏറ്റവും വലിയ ഫാൻ ആയ ലോകേഷിന് കഴിഞ്ഞു.

okesh-naian

ഫഹദ് ഫാസിലിനൊപ്പം ആദ്യമായി അഭിനയിച്ചത് തമിഴിൽ

ശരിക്കും പറഞ്ഞാൽ അതൊരു വല്ലാത്ത അദ്ഭുതമായിപ്പോയി. വിക്രമിന്റെ സെറ്റിൽ ഞങ്ങൾ ഒരുപാടു മലയാളികൾ ഉണ്ടായിരുന്നു. ഫഹദുമായി പരിചയമുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യമായി അത് സാധിച്ചത് തമിഴ് സിനിമയിലാണ്. ഞങ്ങളുടെ ആദ്യത്തെ സീക്വൻസിൽത്തന്നെ ഞങ്ങൾ അത് ചർച്ച ചെയ്യുകയും ചെയ്തു. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഫഹദിന്റേത്. അദ്ദേഹം അത് വളരെ മനോഹരമായി ചെയ്തു. ഒരു ബ്രില്യന്റ് ആക്ടറാണ് ഫഹദ്. ചെമ്പൻ വിനോദുമൊത്തുള്ള സീനിൽ ഫഹദും ഞാനുമുണ്ട്. അതുപോലെ ക്യാമറ ചെയ്ത ഗിരീഷ് മലയാളിയാണ്. ലോകേഷിന്റെ മൂന്നു സഹായികൾ മലയാളികളാണ്. ഞാൻ ലോകേഷിനോട് പറഞ്ഞു, ഒരു മലയാളം പടത്തിന്റെ സെറ്റുപോലെ ഉണ്ട്. സാധാരണ ഞാൻ ചെയ്യുന്ന മിക്ക തമിഴ് പടത്തിലും ഒരു മലയാളി പോലും ഉണ്ടാകാറില്ല. എന്റെ ആദ്യത്തെ തമിഴ് ചിത്രമായ ‘ചിത്തിരം പേശുതെടീ’ യിൽ ഭാവന ആയിരുന്നു നായിക. ‘അഞ്ജാതെ’യിൽ അജ്മൽ ഉണ്ടായിരുന്നു. പക്ഷേ വിക്രമിന്റെ സെറ്റിൽ ഒരുപാടു മലയാളികൾ ഉണ്ടായിരുന്നു. കമൽ സർ ഞങ്ങളോട് മലയാളത്തിലാണ് സംസാരിച്ചിരുന്നത്.

വിജയ് സേതുപതി അദ്ഭുതപ്പെടുത്തി

പുതിയൊരു ലുക്കിൽ വളരെ വ്യത്യസ്തമായ മാനറിസം കാണിച്ചുകൊണ്ട്, ചോര കണ്ടു മരവിപ്പ് മാറിയ വില്ലനായി വിജയ് സേതുപതി ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ഞങ്ങൾക്ക് ഒരുമിച്ചുള്ള സീനുകൾ ഇല്ലെങ്കിലും ഷൂട്ടിങ് ഇടവേളകളിൽ ഞങ്ങൾ സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സീനുകൾ മോണിറ്ററിൽ കണ്ടിട്ട് ഇത് മാസ്റ്റർപീസ് ആയിരിക്കും എന്നു ഞാൻ പറഞ്ഞു. പല്ലുകടിച്ച് പിടിച്ചാണ് ഡയലോഗ് പറയാനിരുന്നത്. അതൊക്കെ വളരെ ചാലഞ്ചിങ് ആയിരുന്നു. അദ്ദേഹത്തിന്റെ ഇൻട്രോ സീൻ തന്നെ ഭീകരമാണ്. പല വ്യക്തിത്വങ്ങൾ മാറിമാറി കാണിക്കാനുള്ള അദ്ദേഹത്തിനുള്ള കഴിവ് കണ്ടിരിക്കേണ്ടതാണ്. വളരെ വെഴ്സറ്റൈൽ ആയ ഒരു താരമാണ്. മറ്റാരിലും കാണാത്ത തരത്തിലുള്ള മികച്ച വ്യക്തിത്വത്തിനുടമയാണ് വിജയ് സേതുപതി.

അനിരുദ്ധിന്റെ സംഗീതമാണ് ഹീറോ

വിക്രം എന്ന ചിത്രത്തിലെ മറ്റൊരു ഹീറോ അനിരുദ്ധിന്റെ സംഗീതമാണ്. സിനിമ കണ്ടവരുടെ ഹൃദയം കവർന്ന സംഗീതം. സിനിമ വീണ്ടും വീണ്ടും കാണുമ്പോൾ സംഗീതം നമ്മുടെ ഹൃദയം കവർന്നുകൊണ്ടുപോകും. മാസ് സീനിലും ഇമോഷനൽ സീനിലും വേറേ വേറേ ഐറ്റം. വിക്രമിന്റെ വിജയത്തിനു പിന്നിൽ അനിരുദ്ധിന്റെ സംഗീതം കൂടിയുണ്ട്. അതുപോലെ മറ്റു രണ്ടുമൂന്നുപേരുടെ പേരുകൾ കൂടി പറയാതിരിക്കാൻ കഴിയില്ല. ക്യാമറ ചെയ്ത ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോ, അൻപറിവ്‌ എന്ന സ്റ്റണ്ട് മാസ്റ്റേഴ്സ്. ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് വിക്രം.

narain-fahadh

ലോകേഷ് അടുത്ത സുഹൃത്ത്

കൈതി കഴിഞ്ഞു രണ്ടാമത്തെ പടമാണ് ലോകേഷിനൊപ്പം ചെയ്യുന്നത്. വളരെ വിനയാന്വിതനായ, മനോഹരവ്യക്തിത്വമുള്ള ആളാണ് ലോകേഷ്. കൈതി ചെയ്യുമ്പോൾ ഒരുപാട് കഥകൾ അദ്ദേഹം എന്നോടു പറയുമായിരുന്നു. ഞാൻ പറയും, ‘‘ലോകേഷ് കാത്തിരിക്കൂ, ഈ പടം ഇറങ്ങിയിക്കഴിയുമ്പോൾ വലിയ താരങ്ങൾ നിങ്ങൾക്ക് വേണ്ടി ക്യൂ നിൽക്കും’’. പടത്തിന്റെ ടീസർ ഇറങ്ങിയപ്പോൾത്തന്നെ വിജയ്‌യുടെ ‘മാസ്റ്റർ’ ചെയ്യാനുള്ള വിളി വന്നുകഴിഞ്ഞു. എത്ര വലിയ സംവിധായകൻ ആയാലും നിങ്ങളുടെ ഈ സ്വഭാവം മാറ്റരുത് എന്നാണു ഞാൻ അദ്ദേഹത്തോടു പറയാറ്. അദ്ദേഹത്തിന്റെ തിരക്ക് കൂടി എന്നുമാത്രമേയുള്ളൂ. ലോകേഷ് ഇപ്പോഴും പഴയ ആളു തന്നെ.

വളരെ നല്ല ഒരു സെറ്റാണ് ലോകേഷിന്റേത്. ഈഗോയും വഴക്കും ബഹളവും ഒന്നുമില്ലാതെ തമ്മിൽ ബഹുമാനിച്ച് അന്യോന്യം സഹായിച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകളാണ്. ലോകേഷ് എല്ലാവരേയും ഒരുപോലെയാണ് നോക്കുന്നത്. അദ്ദേഹത്തിന്റെ ഒപ്പമുള്ളവരും അത്തരത്തിൽ പെരുമാറുന്നത്. ലോകേഷിനോടൊപ്പം ജോലി ചെയ്യുന്നവരോട് അദ്ദേഹം വളരെ അടുത്ത ഒരു സ്നേഹബന്ധം സൂക്ഷിക്കാറുണ്ട്. നിങ്ങൾക്ക് അദ്ദേഹത്തെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ വലിയൊരു സംഘം സാങ്കേതികവിദഗ്ധരുമുണ്ട്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്

കൈതി മുതൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്നൊരു ലോകം ഉണ്ടാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിക്രമിൽ കൈതിയിലെ കഥാപാത്രമായ ഡില്ലി എന്തു ചെയ്യുന്നു, എന്നൊക്കെ പറയുന്നുണ്ട്. എന്റെ കഥാപാത്രത്തിലൂടെ കൈതിയുമായി വിക്രമിനെ ബന്ധിക്കുന്നുണ്ട്. വിക്രമിൽ കാണിക്കുന്ന കൈതിയിലെ എന്റെ സീക്വൻസ് പുതുതായി എടുത്തതാണ്. താടി ഷേവ് ചെയ്ത് പഴയ ലുക്കിലേക്ക് പോയി, വീണ്ടും എടുത്തു. കൈതി രണ്ടാം ഭാഗം എടുക്കാൻ പോവുകയാണോ എന്ന് എല്ലാവരും അദ്ഭുതപ്പെട്ടു.
കൈതിയുടെ രണ്ടാം ഭാഗം ഉണ്ടായേക്കും. അതിൽ ബിജോയിയുടെയും ഡില്ലിയുടെയും പുതിയ അവസ്ഥയാകും കാണിക്കുക എന്ന് കരുതുന്നു. വിക്രമിൽത്തന്നെ ഡില്ലിയെ ഒരു മിന്നായം പോലെ കാണിക്കുന്നുണ്ട്. അതുപോലെ വിക്രമിന്റെ ഒടുവിൽ സൂര്യ വരുന്നുണ്ട്, വിക്രം രണ്ടാം ഭാഗവും ഉണ്ടാകും എന്നൊരു സൂചന അവിടെ തരുന്നുണ്ട്. മനോഹരമായ ഒരു യൂണിവേഴ്‌സ് ആണ് ലോകേഷും സംഘവും ഒരുക്കി വച്ചിരിക്കുന്നത്.

മലയാളം വിളിക്കുന്നത് കാത്തിരിക്കുന്നു

‘അദൃശ്യം’ എന്നൊരു ചിത്രം മലയാളത്തിൽ ചെയ്തു. അത് റിലീസിന് തയാറെടുക്കുന്നു. സാക് ഹാരിസ് എന്ന പുതുമുഖ സംവിധായകനാണ് ചെയ്തത്, ജോജുവും ഷറഫുദീനും അഭിനയിക്കുന്നുണ്ട്. തമിഴിലും ചിത്രം എടുക്കുന്നുണ്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ, ആസിഫ് അലി ,കുഞ്ചാക്കോ ബോബൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അടുത്ത മാസം ഷൂട്ടിങ് തുടങ്ങും. ‘നെടുലാൻ’ എന്നൊരു വളരെ രസകരമായ മലയാള ചിത്രം ചെയ്യുന്നുണ്ട്. അഖിലേഷ് എന്ന പുതുമുഖ സംവിധായകൻ ആണ് ചെയ്യുന്നത്.

മലയാളികൾക്ക് പുതിയ ജോണറിലെ ഒരു ചിത്രമായിരിക്കും അത്. മലയാളത്തിൽ കൂടുതൽ സജീവമാകണം എന്നാണ് എന്റെ ആഗ്രഹം. പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണ്. തമിഴിൽ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുഗീതിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കുറൽ’. ഓട്ടിസ്റ്റിക് ആയ ഒരാൾ ആയിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ്. നിങ്ങൾ ഇതുവരെ കണ്ട നരേനെ ആയിരിക്കില്ല ഈ ചിത്രത്തിൽ കാണാൻ പോകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA