യാത്രയിൽ പിറന്ന ലൂഥർ: സംവിധായകൻ പറയുന്നു

abhjith-jospeh
SHARE

ചുരമിറങ്ങി വരുന്നൊരു ബൈക്ക് അപകടത്തിൽപ്പെടുന്ന സീനിൽനിന്നാണ് ജോൺ ലൂഥർ എന്ന ക്രൈം ത്രില്ലർ സിനിമ ആരംഭിക്കുന്നത്. ഈ കഥ സംവിധായകൻ അഭിജിത് ജോസഫിന്റെ ഹൃദയത്തിലേക്കിറങ്ങിവന്നത് പലതവണ ചുരം കയറിയും ഇറങ്ങിയുമുള്ള യാത്രയ്ക്കിടെയും, സുൽത്താൻ ബത്തേരിയിൽനിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള നീണ്ട യാത്രകൾക്കിടയിൽ. ആ സഞ്ചാരങ്ങൾക്കിടയിൽ പല കഥകൾ മനസ്സിൽ രൂപംകൊണ്ടു. അതിലൊരിടത്തുവച്ചാണ് ഒരു ബൈക്കപകടവും അതേത്തുടർന്നുള്ള കുറ്റാന്വേഷണവും ഉള്ളിൽ കൊളുത്തിയത്. പിന്നെ അത് വികസിപ്പിച്ച് തിരക്കഥയൊരുക്കി. 

തിയറ്ററുകളിൽ തകർത്തോടുന്ന ജോൺ ലൂഥറെന്ന ത്രില്ലറിന്റെ ത്രില്ലിലാണ് അഭിജിത് ഇപ്പോൾ. അതിനു പ്രത്യേകിച്ചൊരു കാരണവുമുണ്ട് – ഇത് ഈ സംവിധായകന്റെ ആദ്യ ചിത്രമാണ്, അതും 28–ാം വയസ്സിൽ. ആദ്യ ശ്രമം ക്രൈം ആണെങ്കിലും ആദ്യ തിരക്കഥ എഴുതിയത് കോമഡി സബ്ജക്റ്റിലായിരുന്നു. അതുപക്ഷേ സിനിമയായി പുറത്തിറങ്ങിയില്ല. അതിന്റെ ‘തിരക്കഥ’ എന്തായിരുന്നെന്ന് തുടർന്നുവായിക്കാം.

∙ എഡിറ്ററായ സംവിധായകൻ

വയനാട്ടിലെ സുൽത്താൻ ബത്തേരി സ്വദേശിയായ അഭിജിത്തിന്റെ അക്കാദമിക് പഠനം എഡിറ്റിങ്ങിലായിരുന്നു. ചങ്ങനാശേരിയിലെ സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽനിന്ന് ബിഎ മൾട്ടി മീഡിയ പാസ്സായി. ഒരു മുറൈ വന്തു പാർത്തായാൻ എന്ന സിനിമയുമായി സഹകരിച്ചു. പിന്നീടാണ് സംവിധാന രംഗത്ത് കൈവയ്ക്കാൻ തീരുമാനിച്ചത്. കോമഡി വിഷയത്തിൽ ആദ്യം എഴുതിയ തിരക്കഥ സിനിമയാക്കാനായില്ല. പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നടന്റെ ഡേറ്റ് ലഭിക്കാതിരുന്നതിനാൽ നീണ്ടുപോയി.

2 വർഷത്തിനുശേഷം ആ പ്രോജക്റ്റ് ഉപക്ഷിച്ചു. 2018ലായിരുന്നു അത്. പിന്നീടാണ് ലൂഥറിന്റെ തിരക്കഥയൊരുക്കിയത്. ജയസൂര്യയെ മനസ്സിൽക്കണ്ട് എഴുതിയതാണ് സ്ക്രിപ്റ്റ്. 2019ൽ തന്നെ തിരക്കഥ പൂർണമാക്കിയിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് അടക്കമുള്ള പ്രശ്നങ്ങൾ‌ ഇടയ്ക്കിടെ വില്ലനായി രംഗത്തുവന്നു. അതിനെയെല്ലാം അതിജീവിച്ചാണ് 2 ഷെഡ്യൂളിൽ ഈ ബിഗ് ബജറ്റ് ചിത്രം പുറത്തിറക്കിയത്. പുതുമുഖക്കാരനുവേണ്ടി പണമിറക്കിയ നിർമാതാവ് തോമസ് പി. മാത്യുവിന്റെ ചങ്കൂറ്റത്തെ നന്ദിയോടെ ഓർക്കുകയാണ് അഭിജിത്.

∙ വ്യത്യസ്തം ട്രീറ്റ്മെന്റ്

ഈയിടെ പുറത്തിറങ്ങിയ ചില ക്രൈം സിനിമകളോട് ലൂഥറിനു സാമ്യമുണ്ടോയെന്ന ചോദ്യം പാടേ തള്ളുന്നു സംവിധായകൻ. ഞാൻ ഇതുവരെ കണ്ട സിനിമകളുടെയെല്ലാം സ്വാധീനം ഇതിലുണ്ടാകാം. പക്ഷേ അതിൽനിന്നൊക്കെ വ്യത്യസ്തമാക്കാൻ ബോധപൂർവമായ ശ്രമം നടത്തിയിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഏതൊരു കലാസൃഷ്ടിയുടെയും ആസ്വാദനം തികച്ചും വ്യക്തിപരമാണല്ലോ. ചില രംഗങ്ങൾ വളരെ ഇഴഞ്ഞുനീങ്ങുന്നെന്നായിരുന്നു ചിലരുടെ അഭിപ്രായം.

പക്ഷേ അത്തരം സീനുകളാണ് മറ്റു ചിലർക്ക് വളരെ ആസ്വാദ്യകരമായതെന്നും പറയുന്നു. ‌എല്ലാവരെയും പരിപൂർണമായും തൃപ്തിപ്പെടുത്തുന്നൊരു സിനിമയോ കലാസൃഷ്ടിയോ ഒരുക്കാൻ ആർക്കെങ്കിലും സാധിക്കുമോ..? ക്രൈം വിഷയത്തിൽത്തന്നെ ഇതുവരെ ആരും കാണാത്തൊരു ചിത്രം സാധ്യമാണോ..? ഓരോരുത്തരുടെയും ശ്രമം അതിനുവേണ്ടിയാണെങ്കിലും ചിലപ്പോഴെങ്കിലും പലതും പൊതുവായി വരുമല്ലോ..? അത്തരം ഘടകങ്ങൾ ചിലപ്പോൾ ലൂഥറിലും കാണാം. 

ക്രൈം സിനികൾക്കെല്ലാം പൊതുവായ ചില ഘടകങ്ങൾ ഉണ്ടാകുക സ്വാഭാവികം. ഇതൊരു പൊലീസ് സ്റ്റോേറിയാണ്. അതുകൊണ്ടുതന്നെ ക്രൈമും മരണവും കൊലപാതകവും ഫൊറൻസിക്കും ഹൊററുമെല്ലാം അതിൽ ഉൾപ്പെടും. എത്രയോ ഹൊറർ സിനിമകൾ ഇതിനു മുൻപും പുറത്തുവന്നിരിക്കുന്നു. പൊതുവായ ചില എലമെന്റുകൾ ഇവയ്ക്കെല്ലാം ഉണ്ടാകുമെങ്കിലും ട്രീറ്റ്മെന്റിലെ പ്രത്യേകത കൊണ്ടായിരിക്കുമല്ലോ നാം അതെല്ലാം ഇഷ്ടപ്പെട്ടിട്ടുണ്ടാകുക. ഇതും അത്തരമൊരു വ്യത്യസ്ത സിനിമയാണെന്ന് ജനം കരുതുന്നു എന്നതാണ് പ്രതികരണങ്ങളിൽനിന്ന് മനസ്സിലാകുന്നത്. ഒരുപാട് അനുമോദന സന്ദേശങ്ങൾ ലഭിച്ചു. ലൂഥറിന്റെ പ്രമോഷൻ തിരക്കുകളിലും ആഘോഷങ്ങളിലുമാണിപ്പോൾ. അതിനുശേഷം ചെറിയൊരു ഇടവേളയെടുക്കും. പിന്നെ അടുത്ത സിനിമയുടെ കഥയൊരുക്കം – സംവിധായകൻ പറയുന്നു.

∙ ജോസഫുമാരുടെ ആഘോഷം

വരയനും ജോൺ ലൂഥറും. രണ്ടാഴ്ചയുടെ ഇടവേളയിലെത്തി തിയറ്ററുകൾ സജീവമാക്കിക്കൊണ്ടിരിക്കുന്ന രണ്ടു ചിത്രങ്ങൾ. രണ്ടിന്റെയും സംവിധായകർ പുതുമുഖങ്ങൾ– ജിജോ ജോസഫും അഭിജിത് ജോസഫും. സ്ക്രീനിൽ നവാഗതരുടെ ആഘോഷവേളയാണിത്.     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA