ഞാനും ഫഹദും അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നു: നസ്രിയ അഭിമുഖം

nazriya-fahadh
SHARE

അയൽവീട്ടിലെ പയ്യൻ, പെൺകുട്ടി ഇമേജുകളാണ് പലപ്പോഴും ഇഷ്ടത്തിന്റെയും ആരാധനയുടെയും പുറത്ത് സിനിമാതാരങ്ങൾക്ക് ചാർത്തിക്കിട്ടാറ്. എന്നാൽ വന്ന കാലം മുതൽ സ്വന്തം വീട്ടിലെ കുട്ടിയായാണ് നസ്രിയയെ മലയാളികൾ കണ്ടത്. ബാലതാരവും നായികയും നിർമാതാവുമൊക്കെയായി വളർന്ന നസ്രിയ തന്റെ ആദ്യ തെലുങ്ക് ചിത്രം റിലീസാകുന്നതിന്റെ സന്തോഷത്തിലാണ്. ‘അണ്ടെ സുന്ദരാനികി’ എന്ന സിനിമയെക്കുറിച്ചും ഫഹദിനെക്കുറിച്ചും മറ്റു സിനിമകളെ കുറിച്ചും നസ്രിയ മനസ്സു തുറക്കുന്നു. 

ആദ്യ തെലുങ്ക് ചിത്രം. എക്സൈറ്റ‍ഡാണോ ?

തീർച്ചയായും അതെ. കരിയറിലെ ആദ്യ സിനിമ തന്ന അതേ സന്തോഷവും ആവേശവുമാണ് ഇൗ സിനിമയും നൽകുന്നത്. പുതിയ ഭാഷ, പുതിയ ഇൻഡസ്ട്രി, പുതിയ അണിയറപ്രവർത്തകർ അതിന്റെയൊക്കെ എക്സൈറ്റ്മെന്റ് വളരെയധികമാണ്. 

എന്താണ് ഇൗ സിനിമയിൽ നസ്രിയയെ ഏറ്റവുമധികം ആകർഷിച്ചത് ?

ഇതിന്റെ കഥ തന്നെയാണ്. ഒരു ഫൺ എന്റെർടെയിനറാണ് ചിത്രമെങ്കിലും റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ഇമോഷൻസിനൊക്കെ വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ലീലാ തോമസ് എന്നു പേരുള്ള ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രം. 

നാനി എന്ന നായകനെ എങ്ങനെ കാണുന്നു ?

സൂപ്പർ സ്റ്റാർ ജാഡകളൊന്നുമില്ലാത്തയാളാണ് അദ്ദേഹം. തെലുങ്കിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ ടെൻഷനൊക്കെ ഒരു പരിധി വരെ മാറ്റിയത് ഒപ്പം അഭിനയിച്ച അദ്ദേഹമാണ്. ഒരുപാട് പഠിക്കാനുണ്ട് നാനിയിൽ നിന്ന്. 

തെലുങ്കിൽ നസ്രിയ ഡബ് ചെയ്യുന്ന വിഡിയോകൾ വൈറലാണല്ലോ ?

ഒരു കഥാപാത്രം പൂർണമാകണമെങ്കിൽ അതിന് അഭിനയിക്കുന്നയാൾ തന്നെ ശബ്ദം കൊടുക്കണമെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് തന്നെ കുറച്ച് കഷ്ടപ്പെട്ടാലും വേണ്ടില്ല തെലുങ്കിൽ ഡബ് ചെയ്യും എന്ന് ആദ്യം തന്നെ തീരുമാനിച്ചു. ഷൂട്ടിനു മുമ്പ് തന്നെ തിരക്കഥ വാങ്ങി പഠിച്ചു. തെലുങ്ക് പഠിപ്പിച്ചു തരാനായി ഒരാളുണ്ടായിരുന്നു. ആദ്യമൊക്കെ പാടായിരുന്നു. പിന്നീട് അതിനോട് ഇണങ്ങി. ഡയലോഗുകളുടെ അർഥം മനസ്സിലാക്കി ശരിയായി ഉച്ചരിക്കാൻ പഠിച്ചു. 

പുഷ്പയിൽ ഫഹദ് അഭിനയിച്ച സമയത്തു തന്നെയാണോ നസ്രിയ അണ്ടെ സുന്ദരാകിനിയിൽ അഭിനയിച്ചത് ? 

ആദ്യം കരാർ ഒപ്പിടുന്നതു ഞാനാണ്. പിന്നീടാണ് ഫഹദ് പുഷ്പയിൽ എത്തിയത്. രണ്ടു സിനിമകളുടെയും ഷൂട്ട് ഹൈദരാബാദിലായിരുന്നു. ചില ദിവസങ്ങളിൽ രണ്ടാൾക്കും ഷൂട്ട് ഉണ്ടായിരുന്നു. തെലുങ്ക് പഠനമൊക്കെ ഒന്നിച്ചായിരുന്നു. ഞാൻ അണ്ടെ സുന്ദരാകിനിയുടെ തിരക്കഥ വായിച്ചും പറഞ്ഞും പഠിക്കുമ്പോൾ ഫഹദ് പുഷ്പയുടെ തിരക്കഥ എഴുതിയാണ് പഠിച്ചിരുന്നത്. അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നെന്ന് സാരം. 

സിനിമയിൽ നിന്ന് ഇടവേളകൾ മന:പൂർവം എടുക്കുന്നതാണോ ?

കഥകൾ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. പറ്റിയ കഥകൾ വന്നില്ല അതു കൊണ്ട് ഇടവേളകളും ഉണ്ടായി. ലോക്ഡൗൺ കാലത്താണ് ഇൗ സിനിമയുടെ കഥ കേട്ടത്. കഥ ഇഷ്ടപ്പെട്ടതോടെ ചെയ്യാൻ തീരുമാനിച്ചു. പിന്നെ മറ്റു പല മേഖലകളിലായി സിനിമയിൽ എപ്പോഴും സജീവമാണ്. 

വിക്രം കണ്ട് ആളുകൾ ഫഹദിനെ വല്ലാതെ പുകഴ്ത്തുന്നുണ്ട് ? 

ഇൗ സിനിമയുടെ പ്രമോഷനു വേണ്ടി ചെന്നൈയിലുണ്ടായിരുന്ന ദിവസമാണ് വിക്രം അവിടെ റിലീസാകുന്നത്. അതുകൊണ്ട് പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയാൻ സാധിച്ചു. ഞാൻ വളരെ സന്തോഷവതിയാണ്. ഫഹദ് ആഗ്രഹിച്ച സ്ഥലങ്ങളിൽ അദ്ദേഹം എത്തിപ്പെടുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്. അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. 

ഫഹദിന്റെ പിന്തുണയാണോ നസ്രിയയെയും സിനിമയിൽ കൂടുതൽ സഹായിക്കുന്നത് ?

തീർച്ചയായും അതെ. ഫഹദിന്റെ വലിയ പിന്തുണ എനിക്കുണ്ട്. ഞങ്ങൾ രണ്ടു പേരും അഭിനേതാക്കളാണല്ലോ. പരസ്പരം മനസ്സിലാക്കാൻ അതു വളരെ ഉപകരിക്കും. വെറുതെ ഇരിക്കുമ്പോഴൊക്കെ പോയി സിനിമ ചെയ്യൂ എന്ന് ഫഹദ് പറയും. 

നസ്രിയയെ ഇനി ഏതൊക്കെ റോളിൽ എവിടെയൊക്കെ കാണാൻ സാധിക്കും ?

നല്ല സിനിമകൾ നിർമിക്കണം, നല്ല സിനിമകളിൽ അഭിനയിക്കണം, പാട്ട് പാടണം. പിന്നെ അടുത്ത കാലത്ത് എഡിറ്റിങ് പഠിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇനി ഏതു റോളിലാണെങ്കിലും അതു സിനിമയിൽ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA