ADVERTISEMENT

ബസ്റ്റർ കീറ്റണെയും ചാർളി ചാപ്ലിനെയും ഒരിക്കൽ കൂടി തിയറ്ററിൽ കൊണ്ടുവരാനും അവരിൽനിന്നു പ്രചോദനമുൾക്കൊണ്ടൊരു ചിത്രം ഒരുക്കാനും അതിലൂടെ സഹജീവികളെ സ്നേഹിക്കണമെന്ന സന്ദേശം പകരാനും കിരൺ എന്ന സംവിധായകനു കഴിഞ്ഞുവെന്നതിൽ '777 ചാർളി' ടീമിന് അഭിമാനിക്കാം. ഒപ്പം ഹൃദയത്തിൽ തട്ടുന്നൊരു സന്ദേശം കൂടിയാണ് ചിത്രം പങ്കുവയ്ക്കുന്നത്. നവാഗത സംവിധായകൻ കിരൺരാജ് കെ. മനോരമ ഓൺലൈനിലൂടെ 'ചാർളി 777' ന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ....

● തിയറ്ററുകളിൽ 'ചാർളി' തരംഗം

വളരെ സന്തോഷമുള്ള ഒരു വാർത്തയാണത്. റിലീസ് ചെയ്ത എല്ലായിടത്തുനിന്നും വളരെ പോസിറ്റീവ് പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ആദ്യം ഞങ്ങൾ നൂറിലധികം തിയറ്റർ എന്നായിരുന്നു പ്ലാൻ ചെയ്തത്. അത്രയും തിയറ്റർ സ്ക്രീനുകളാണ് കിട്ടിയിരുന്നതും. ഞായറാഴ്ച വരെയുള്ള തിയറ്റർ റെസ്പോൺസ് നോക്കിയതിനു ശേഷം തിങ്കളാഴ്ച മുതൽ സ്ക്രീനുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. സിനിമ കണ്ട് പലയിടത്തുനിന്നും ഒരുപാട് പേർ അഭിപ്രായങ്ങൾ പറയാൻ വിളിച്ചു. അവർക്കെല്ലാം ചാർളി ഇഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞത്. പലർക്കും ഇമോഷനൽ ആയി ചാർളിയെ ഫീൽ ചെയ്യാൻ പറ്റി എന്നു പറഞ്ഞു. കേരളത്തിൽനിന്ന് ഒരുപാട് പേർ എന്നെ വിളിക്കുകയും സംസാരിക്കുകയും, മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തു. മിക്ക ആളുകളും ഇത്തരം ഒരു സിനിമ ചെയ്തതിനുള്ള നന്ദിയാണ് പ്രകടിപ്പിക്കുന്നത്. എന്നെ സംബന്ധിച്ച് അത് വലിയൊരു അംഗീകാരമാണ്. അതിൽ ഒരുപാട് സന്തോഷവുമുണ്ട്.

● പൃഥ്വിരാജ് പ്രൊഡക്‌‌ഷൻസ്?

പൃഥ്വിരാജ് പ്രൊഡക്‌ഷൻസും വളരെ സന്തോഷത്തിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. പൃഥ്വിരാജ് ഏട്ടൻ എന്നെ ജോർദാനിൽനിന്നു വിളിച്ചു. വലിയ പ്രതികരണമാണ് തിയറ്ററുകളിൽ ലഭിക്കുന്നതെന്നും പറഞ്ഞു. അദ്ദേഹം ആശംസകൾ അറിയിച്ചു. അദ്ദേഹം ഇതുവരെ തിയറ്ററിൽ ചാർളി കണ്ടിട്ടില്ല എന്നാണ് അറിയുന്നത്. ആടുജീവിതം ഷൂട്ട് കഴിഞ്ഞ് തിരികെ എത്തിയാൽ ഉടൻ ചിത്രം കാണുമെന്നു പറഞ്ഞിട്ടുണ്ട്.

kiran-rakshit

● രക്ഷിത് ഷെട്ടിയെന്ന നടനും നിർമാതാവും

അദ്ദേഹം വളരെ കൂൾ ആയ നല്ലൊരു മനുഷ്യൻ ആണ്. സിനിമയുടെ വർക്ക് പൂർത്തിയായി, അത് കണ്ടപ്പോൾ ഈ ചിത്രം എല്ലാവർക്കും ഉറപ്പായും ഇഷ്ടപ്പെടും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം പോസിറ്റീവ് എനർജി തരുന്ന വാക്കുകളായിരുന്നു അത്. ഒപ്പം '777 ചാർളി' സിനിമയിലുള്ള വിശ്വാസമാണ് കേരളത്തിലെ എല്ലാ തിയറ്ററുകളിലേക്കും ചാർളിയെ എത്തിക്കാൻ പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനെ പ്രേരിപ്പിച്ചതെന്നും ഞാൻ കരുതുന്നു.

charlie-2

● കോവിഡ്‌ കാലത്തെ ഫലപ്രദമാക്കിയോ?

അഞ്ച് വർഷം മുൻപ് 2017 ലാണ് ഇതിന്റെ സ്ക്രിപ്റ്റ് വർക്കുകൾ തുടങ്ങിയത്. ഒന്നര വർഷത്തോളം എടുത്താണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. പിന്നീടുള്ള മൂന്നുവർഷം ഷൂട്ടും പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകളും ആയിരുന്നു. കോവിഡ്‌ സമയം വലിയ സിനിമകളെല്ലാം ഒടിടിയിലേക്ക് പോകുന്ന പ്രവണത വന്നല്ലോ. അപ്പോൾ ഈ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ പറ്റുമോ എന്നൊരു സംശയം വന്നു. തിയറ്റർ എന്ന് തുറമെന്നും അറിയില്ലായിരുന്നല്ലോ. അതുവരെ കാത്തിരിക്കണോ അതോ ഒടിടിയിലേക്കു പോകണോ എന്നുള്ള സംശയം രക്ഷിത് ഷെട്ടി സർ പങ്കുവച്ചു.

തിയറ്റർ റിലീസ് ലക്ഷ്യം വച്ചുള്ള മുഴുവൻ സാങ്കേതിക പിന്തുണയോട് കൂടിയാണ് ചിത്രം തുടക്കം മുതലേ വർക്ക് ചെയ്തത്. കോവിഡ്‌ സമയം നീണ്ടപ്പോൾ റീലീസ് നീളുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ട് ആകുമോ എന്ന് ഞാനും സംശയിച്ചു. പക്ഷേ എഡിറ്റിങ് കഴിഞ്ഞ് സിനിമ മുഴുവൻ കണ്ടശേഷം, ഈ സിനിമ തിയറ്ററിൽത്തന്നെ റിലീസ് ചെയ്യാമെന്ന് അദ്ദേഹം പറയുകയായിരുന്നു. അതിനു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്നും, ഈ സിനിമയ്ക്ക് ഉറപ്പായും നല്ല പ്രതികരണം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വിജയമാകുമെന്ന് അദ്ദേഹത്തിന് 100 ശതമാനം വിശ്വാസമുണ്ടായിരുന്നു. ഇന്നിപ്പോൾ അത്‌ സത്യമാകുന്നത് കാണുമ്പോൾ, രാജ്യത്തുടനീളമുള്ള പലരും സിനിമ കണ്ടതിനുശേഷം ഇമോഷനല്‍ ആയി ഇതിനെ ഏറ്റെടുത്തപ്പോൾ ആ വിജയത്തെ ഞങ്ങൾ നന്നായി ആസ്വദിക്കുകയാണ്.

●ചാർളി അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നല്ലോ?

രണ്ടര വർഷത്തോളം ചാർളിയോടൊപ്പം ഞാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചാർളി ഏതൊക്കെ തരത്തിലുള്ള എകസ്പ്രഷനുകൾ എപ്പോഴൊക്കെ പ്രകടിപ്പിക്കും എന്നതിനെപ്പറ്റി ധാരണയും ഉണ്ടായിരുന്നു. അതിനെപ്പറ്റി നന്നായി പഠിച്ചതിനു ശേഷമാണ് അഭിനയിപ്പിച്ചത്. ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്യുമ്പോൾ ചിലപ്പോൾ ഒരേ ഒരു ഷോട്ട് മാത്രം കിട്ടിയ ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. സത്യത്തിൽ അതൊരു ചലഞ്ചിങ് ആയുള്ള എക്സ്പീരിയൻസ് ആയിരുന്നു. ഒരു കോംപ്രമൈസിനും തയാറാവില്ല എന്നൊരു നിശ്ചയം ഉള്ളതുകൊണ്ടാണ് ഷൂട്ടിങ് നീണ്ടു പോയതും. ചാർളിയുടെ എക്സ്പ്രഷനു വേണ്ടി ഒരുതരത്തിലുള്ള വീഴ്ചയ്ക്കും തയാറാവില്ല എന്ന് നേരത്തേ നിശ്ചയിച്ചതുകൊണ്ടാണ് അത്രത്തോളം മനോഹരമായി അതു ചിത്രീകരിക്കാൻ സാധിച്ചതെന്നാണ് എനിക്ക് തോന്നുന്നത്.

charlie-12

● അനിമൽ വെൽഫെയർ ബോർഡ് ഇടപെട്ടോ?

അങ്ങനെയൊന്നും ഉണ്ടായില്ല. അനിമൽ വെൽഫെയർ ബോർഡിന്റെ നിയമങ്ങൾ എല്ലാം അനുസരിച്ചാണ് ഷൂട്ടിങ് നടന്നത്. ഷൂട്ടിനു മുമ്പ് തന്നെ പെർമിഷൻ ലെറ്റർ വാങ്ങണം, അവർ പറയുന്ന നിയമങ്ങൾ അനുസരിക്കണം, ഷൂട്ടിങിനിടയിൽ അപ്ഡേഷനുകൾ നടത്തണം, ചിത്രം പൂർത്തിയാകുമ്പോൾ അവരെ ഒരിക്കൽ കൂടി കാണിച്ച് അനുമതി വാങ്ങണം തുടങ്ങിയവയെല്ലാം കൃത്യമായി പാലിച്ചതു കൊണ്ട് അനിമൽ വെൽഫെയർ ബോർഡിന്റെ ഒരു തരത്തിലുള്ള തടസ്സങ്ങളും ഈ സിനിമയ്ക്കു നേരിടേണ്ടി വന്നില്ല. ചാർളിക്ക് വേണ്ടി എല്ലാ സുരക്ഷിതത്വവും തുടക്കം മുതലേ ഞങ്ങൾ ഒരുക്കിയിരുന്നു. തുടർച്ചയായി അതിനെ ക്യാമറയുടെ മുന്നിൽ നിർത്താൻ കഴിയില്ല. കുറച്ച് നേരം ടേക്ക് എടുത്താൽ അൽപനേരം വിശ്രമം എന്ന രീതിയിലാണ് ഷൂട്ടിങ് മുന്നോട്ടുപോയത്. വിശ്രമിക്കാൻ പ്രത്യേക കാരവനും ചാർളിക്കുണ്ടായിരുന്നു. നായയുടെ ആരോഗ്യത്തിനായിരുന്നു പ്രധാന്യം നൽകിയതും. 80 ദിവസത്തെ ഷൂട്ട് ആണ് ആദ്യം ഞങ്ങൾ പ്ലാൻ ചെയ്തത്. പക്ഷേ സിനിമ തീർന്നപ്പോൾ 157 ദിവസമായി.

● ബസ്റ്റർ കീറ്റണെയും ചാർലി ചാപ്ലിനേയും സിനിമയിൽ പലപ്പോഴും കണ്ടല്ലോ?

അവരെ രണ്ടു പേരെയും ഞാനൊരുപാട് ആരാധിക്കുന്നു. സിനിമയിലുടനീളം ചാപ്ലിന്റെ ഓർമകൾ കൊണ്ടുവരാൻ ശ്രമിച്ചു. ചാപ്ലിൻ സ്റ്റിക് പോലും ക്ലൈമാക്സിൽ ഉൾപ്പെടുത്തിയതും അതുകൊണ്ടാണ്. ബസ്റ്റർ കീറ്റൺ ചാപ്ലിനെപ്പോലെ ഇവിടെ അത്ര പ്രശസ്തനല്ല. പക്ഷേ ചാപ്ലിനൊപ്പം അഭിനയ മികവുള്ള ഒരു കഥാപാത്രമാണ് ബസ്റ്റർ കീറ്റൺ. അദ്ദേഹത്തിന്റെ സിനിമകളും ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഞാൻ സിനിമയുടെ തുടക്കത്തിൽത്തന്നെ കൊണ്ടുവന്നത്. സിനിമാസംവിധായകൻ ആവാനുള്ള എന്റെ പ്രചോദനം ചാപ്ലിനും കീറ്റണുമാണ്. ‘സംഭാഷണത്തെക്കാൾ ചിത്രങ്ങളാണ് കഥ പറയുന്നതെന്ന’ കാര്യം എന്നെ പഠിപ്പിച്ചത് അവർ രണ്ടുപേരുമാണ്. പക്ഷേ ആ കൺസെപ്റ്റ് അധികം ആളുകളിലേക്ക് എത്തിയോ എന്നറിയില്ല.

777-charlie-trailer

● മലയാളം ഉൾപ്പെടെ അഞ്ചു ഭാഷയിൽ

ഇതൊരു യൂണിവേഴ്സൽ വിഷയവുമാണല്ലോ. ഈ വിഷയം എല്ലായിടത്തും ഒരേ അനുഭവമാണ് കൊടുക്കുക എന്ന ചിന്തയിൽ നിന്നുമാണ് അഞ്ച് ഭാഷകളിലിത് ഇറക്കണം എന്ന് ഞങ്ങൾ ചിന്തിച്ചത്. മലയാളികൾ ആ സിനിമ കണ്ട് കരയുന്നു എന്നു കേൾക്കുമ്പോൾ അത്രത്തോളം അവർക്ക് സിനിമ ഇഷ്ടപ്പെട്ടു എന്നതിന്റെ തെളിവായി ഞാൻ കണക്കാക്കുന്നു. ഒപ്പം മലയാളം കുറച്ച് അറിയാവുന്നതുകൊണ്ട് ഡബ്ബിങ് ക്വാളിറ്റിയിൽ പോലും കൃത്യത വരണമെന്ന് ഞാൻ ആഗ്രഹിച്ചു. അത് കിട്ടിയെന്നും പ്രതീക്ഷിക്കുന്നു.

● അടുത്ത സിനിമ?

നന്നായി വർക്ക് ചെയ്തതിനുശേഷമാണ് ഓരോ പടവും ചെയ്യുന്നത്. അതുകൊണ്ട് അഞ്ചു വർഷത്തേക്ക് ഒരു ഗ്യാപ്പ് എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അടുത്ത അഞ്ച് വർഷം കഴിഞ്ഞ് മറ്റൊരു പടം തയാറാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

● ജോൺ എബ്രഹാം വിളിച്ചല്ലോ?

അതേ, വളരെ സന്തോഷം തോന്നി. ട്രെയിലർ കണ്ടിട്ടാണ് അദ്ദേഹം വിളിച്ചത്. കാണാം എന്ന ഉറപ്പാണ് അദ്ദേഹം തന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com