‘നമ്മൾ’ മുതൽ ‘സിബിഐ 5’ വരെ; മല്ലപ്പള്ളിയുടെ സ്വന്തം പ്രശാന്ത് അലക്സാണ്ടർ

prashant
പ്രശാന്ത് അലക്സാണ്ടർ ഭാര്യ ഷീബ കെ.ജേക്കബിനും മക്കളായ രക്ഷിതിനും മന്നവിനുമൊപ്പം.
SHARE

‘പുഴു’വിൽ ഹൈ പ്രൊഫൈൽ ബിസിനസുകാരൻ, സിബിഐ ഫൈവിൽ ഗൗരവക്കാരനായ സിബിഐ ഉദ്യോഗസ്ഥൻ, നൈറ്റ് ഡ്രൈവിൽ ഹ്യൂമർ ടച്ചുള്ള ട്രാവൽ ഏജൻസി ഉടമ... മലയാള സിനിമയിൽ മല്ലപ്പള്ളിക്കാരൻ പ്രശാന്ത് അലക്സാണ്ടറിന്റെ വിജയയാത്ര തുടരുകയാണ്...

‘നമ്മൾ’ മുതൽ ‘സിബിഐ 5’ വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സ്വന്തമായ ഒരു വിലാസം സൃഷ്ടിച്ചെടുത്ത താരമാണ് പ്രശാന്ത്. കരിയർ ഗ്രാഫിൽ ഉയർച്ച താഴ്ചകൾ ഒട്ടേറെ ഉണ്ടായപ്പോഴും അഭിനയത്തിന്റെ ഏത് മേഖലയും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചുകൊണ്ടാണ് ഈ താരത്തിന്റെ മുന്നേറ്റം. ടെലിവിഷൻ അവതാരകനിൽ നിന്ന് സിനിമാ നടനിലേക്ക് വേഷപ്പകർച്ച നടത്തിയ പ്രശാന്ത് അലക്സാണ്ടറുടെ വിശേഷങ്ങളിലൂടെ...

മല്ലപ്പള്ളിയിൽ നിന്ന് തുടങ്ങിയ യാത്ര ചാനൽ ഫ്ലോറിലേക്ക് എത്തിയത് എങ്ങനെ? 

കൊഡൈക്കനാലിൽ ആയിരുന്നു എന്റെ ബിരുദാനന്തര ബിരുദം പഠനം. അന്ന് സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവിടെ വളരെ വിരളമായി മാത്രമാണ് സംഭവിച്ചിരുന്നത്.  ആ സമയത്ത് കോളജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾ ഒരു സ്വകാര്യ മലയാളം ചാനലുകാരെ ഒരു പരിപാടിക്കായി ഞങ്ങളുടെ കോളജിലേക്ക് ക്ഷണിച്ചു. വിദ്യാർഥികൾക്കിടയിൽ നിന്ന് ഒരു അവതാരകനെ വേണമെന്നായിരുന്നു ചാനലുകാരുടെ ആവശ്യം. അങ്ങനെ ഒടുവിൽ ആ ചുമതല എന്നിലേക്കെത്തി. അവിടെ നിന്നാണ് സത്യത്തിന്റെ എന്റെ തുടക്കം. അന്നത്തെ പരിപാടി ഇഷ്ടപ്പെട്ട അവരുടെ പ്രൊഡ്യൂസർ, അദ്ദേഹം പിന്നീട് ചെയ്ത പരിപാടിയിലേക്ക് എന്നെ ആങ്കറായി ക്ഷണിച്ചു. അങ്ങനെ ആ വർഷത്തെ എന്റെ സ്റ്റഡി ലീവ് മുതൽ ഞാൻ ചാനൽ അവതാരകനായിമാറി. 

അവതാരകനിൽ നിന്ന് സിനിമയിലേക്ക് 

ടെലിവിഷൻ അവതാരകനായി കുറച്ചുകാലം പ്രവർത്തിച്ചതോടെ ഇനി സിനിമയിലേക്ക് ചുവടുമാറ്റണം എന്ന ആഗ്രഹം ശക്തമാകുകയായിരുന്നു. ആ ആഗ്രഹം എന്നെക്കൊണ്ടെത്തിച്ചത് കമൽ സർ സംവിധാനം ചെയ്ത ‘നമ്മളിൽ’ എന്ന ചിത്രത്തിലേക്കാണ്. അതിനുശേഷം സിനിമാലോകത്തു നിന്ന് കിട്ടിയ ചെറിയ ബന്ധങ്ങൾ ഉപയോഗിച്ച് കുറച്ചേറെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു.

prashanth

കോളജ് കുമാരൻ, നായകന്റെ കൂട്ടുകാരൻ എന്നിങ്ങനെയുള്ള വേഷങ്ങൾ വിട്ട് പുറത്തേക്ക് 

 ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലേക്ക് എത്തിയപ്പോഴാണ് ഒരു ക്യാരക്ടർ റോൾ ആദ്യമായി ലഭിക്കുന്നത്. സലിംകുമാർ, മുക്ത എന്നിവർ കഴിഞ്ഞാൽ ആ സിനിമയിലെ ഏറ്റവും ശ്രദ്ധേയവേഷം എന്റേതായിരുന്നു. ആ സിനിമ വന്നതോടെ കൂടുതൽ ക്യാരക്ടർ റോളുകൾ എന്നെതേടിവരും എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു. എന്നാൽ മൂന്ന് നാലു വർഷത്തേക്ക് കാര്യമായ സിനിമകൾ ഒന്നും എനിക്കുണ്ടായില്ല. പരിചയക്കാരും സുഹൃത്തുക്കളും വഴി വന്ന ഓർഡിനറി, ബെസ്റ്റ് ആക്ടർ എന്നിങ്ങനെ ഒന്നു രണ്ട് സിനിമകൾ മാത്രമെ ആ സമയത്ത് സംഭവിച്ചുള്ളു. 

ഇടയ്ക്ക് സിനിമയുടെ മറ്റ് മേഖലകളിലേക്കും കടന്നു ചെന്നല്ലോ

സിനിമയിൽ തന്നെ തുടരണം എന്ന ആഗ്രഹം ശക്തമായി ഉണ്ടായിരുന്നതിനാൽ അഭിനയത്തിന് പുറമേയുള്ള മേഖലകളിലേക്കും കടന്നുചെന്നു. അസിസ്റ്റന്റ് ഡയറക്ടർ, പ്രോജക്ട് ഡിസൈനർ, തിരകഥാകൃത്ത് അങ്ങനെ പല പരീക്ഷണങ്ങളും നടത്തി. എന്നാൽ അവിടെയും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ചുരുക്കത്തിൽ പറഞ്ഞാൽ മൂന്ന് വർഷത്തോളം പൂർണമായും സിനിമാ അഭിനയ രംഗത്തുനിന്നുതന്നെ മാറിനിൽക്കേണ്ടി വന്നു. 

വഴിത്തിരിവായത് ഏത് ചിത്രമാണ്

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു ആണ് എന്റെ കരിയർ ഗ്രാഫ് മാറ്റി വരച്ചത്. ആ സിനിമയുടെ ഭാഗമായപ്പോഴാണ് ചുരുങ്ങിയ കാലത്തിനിടയിൽ  സിനിമ എത്രത്തോളം മാറിപ്പോയെന്നും ഞാൻ സിനിമയിൽ നിന്ന് എത്രത്തോളം അകലെയാണെന്നും മനസ്സിലാക്കുന്നത്. എബ്രിഡ് ഷൈൻ എന്ന ഫിലിം മേക്കർ എന്നെ ഉടച്ചുവാർത്താണ് ആക്ഷൻ ഹീറോ ബിജുവിലെ റോൾ ചെയ്യിച്ചത്. എങ്ങനെ വേണം നാച്ചുറലായി അഭിനയിക്കാൻഎന്ന് ആ സിനിമയിലൂടെ എബ്രിഡ് ഷൈൻ എനിക്ക് ബോധ്യമാക്കിത്തന്നു. പിന്നീട് ഞാൻ അവസരങ്ങൾ അങ്ങോട്ട് ചോദിച്ചിറങ്ങുകയായിരുന്നു. അതോടെ വീണ്ടും വേഷങ്ങളും സിനിമയിലെ നല്ല സൗഹൃദങ്ങളും എന്നെ തേടി വരാൻ തുടങ്ങി. 

ഓപ്പറേഷൻ ജാവയിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം 

‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു മുഴുനീള കഥാപാത്രം എന്നെ തേടി വന്നത്. വൻ പ്രതികരണമായിരുന്നു ആ സിനിമയ്ക്കും റോളിനും എനിക്ക് കിട്ടിയത്. അതോടെ സുഹൃത്ത് വലയങ്ങൾക്ക് പുറത്തുനിന്നുള്ള കൂടുതൽ സിനിമകൾ കിട്ടാൻ തുടങ്ങി. അതിനിടയിൽ ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു. 

cbi-prashanr

ഇപ്പോൾ റിലീസാകുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും താങ്കളുടെ സാന്നിധ്യമുണ്ടല്ലോ

രണ്ടാമത്തെ ലോക്ഡൗണിന് ശേഷം സിനിമാരംഗം സജീവമായപ്പോൾ എല്ലാമാസവും സിനിമയുള്ള സാഹചര്യത്തിലേക്ക് എത്തിനിൽക്കുന്നു എന്ന് പറയുന്നതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്. സിബിഐ ഫൈവിൽ സേതുരാമയ്യർക്കൊപ്പമുള്ള ഒരു  സിബിഐ ഓഫിസറുടെ വേഷം തന്ന ലഭിച്ചു. അത് വളരെ ഗൗരവമുള്ള ഒരു വേഷമായിരുന്നു. എന്നാൽ നൈറ്റ് ഡ്രൈവ് എന്ന സിനിമയിൽ ‘ഉടായിപ്പ് പ്രൈഞ്ചി’ എന്ന ഹ്യൂമർ ടച്ചുള്ള കഥാപാത്രമാണ് ചെയ്തത്. 

 മമ്മൂക്കയുടെ പുഴുവിൽ ഞാൻ ചെയ്തിരിക്കുന്നത് ഒരു ഹൈ പ്രൊഫൈൽ ബിസിനസുകാരന്റെ വേഷമാണ്. ഇത്തരത്തിൽ ഒട്ടേറെ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിക്കുന്നുമുണ്ട്. 

ഈ മാസം തന്നെ റിലീസിന് ഒരുങ്ങുന്ന ‘അടിത്തട്ട്’ എന്ന സിനിമയിൽ ഒരു മത്സ്യബന്ധന ബോട്ടിലെ സ്രാങ്കിന്റെ വേഷമാണ് ചെയ്തിരിക്കുന്നത്. കൊള്ള എന്ന ചിത്രത്തിൽ വളരെ ലോക്കലായ കള്ളന്റെ വേഷത്തിൽ എന്നെക്കാണാം. ഇവയ്ക്കൊപ്പം ഉടൻ തന്നെ റിലീസിങ്ങിന് ഒരുങ്ങുന്ന ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും എനിക്ക് സാധിച്ചിട്ടുണ്ട്. 

കുടുംബം, നാട്ടുകാർ

പ്രതിസന്ധിഘട്ടങ്ങളിൽ പോലും സിനിമ എന്ന എന്റെ ലക്ഷ്യത്തിൽ നിന്ന് മാറിപ്പോകാതെ പിടിച്ചുനിൽക്കാനുള്ള ഊർജം ലഭിച്ചത് കുടുംബത്തിൽ നിന്നുതന്നെയാണ്. ഭാര്യ ഷീബ ടി. ജേക്കബ്, തിരുവല്ല മാർത്തോമ്മാ കോളജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപികയാണ്. രണ്ട് മക്കളാണ്, രക്ഷിതും മന്നവും. ഇവരെല്ലാവരും മികച്ച പിന്തുണയാണ് എനിക്ക് നൽകുന്നത്. എന്റെ നാടായ മല്ലപ്പള്ളിയിൽ തന്നെയാണ് ഞാൻ സെറ്റിൽ ചെയ്തിരിക്കുന്നത്. നാട്ടിലെ എല്ലാ പൊതു പരിപാടികളിലും എനിക്ക് ഒരു പരിഗണന നൽകാനും എന്റെ സിനിമകൾക്ക് മികച്ച പിന്തുണയുമായി മല്ലപ്പള്ളിക്കാർ എപ്പോഴും ഒപ്പമുണ്ടാകാറുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA