കീർത്തിയുടെ ചേച്ചിയിൽ നിന്നാണ് ആ ഐഡിയ കിട്ടുന്നത്: വിഷ്ണു ജി. രാഘവ് അഭിമുഖം

vishnu-g-raghav
SHARE

ടൊവിനോ തോമസും കീർത്തി സുരേഷും നേർക്കുനേർ നിന്ന് വീറോടെ വാദിക്കുന്ന 'വാശി' എന്ന ചിത്രം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. കുടുംബവും ജോലിയും കൂട്ടിക്കുഴയ്ക്കരുത് എന്നൊരു സന്ദേശം പങ്കുവയ്ക്കുന്ന ചിത്രം മീ ടൂ എന്ന സാമൂഹ്യ പ്രാധാന്യമുള്ള വലിയൊരു വിഷയം കൂടി ചർച്ച ചെയ്യുന്നുണ്ട്. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, തീവ്രം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനേതാവായി സിനിമയിൽ കരിയർ ആരംഭിച്ച വിഷ്ണു ജി. രാഘവിന്റെ ആദ്യ സംവിധാനസംരംഭമാണ് വാശി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകളും നിരവധി പരസ്യ ചിത്രങ്ങളും ചെയ്ത പരിചയം കൈമുതലാക്കിയാണ് വിഷ്ണു വാശിയുമായി ഇറങ്ങിയത്. തന്റെ ആദ്യത്തെ ചിത്രത്തിന്റെ വിശേഷങ്ങളുമായി വിഷ്ണു ജി. രാഘവ് മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.     

ആദ്യത്തെ പടം തന്നെ കോടതിയിൽ 

ആദ്യത്തെ പടം കോർട്ട് റൂം ഡ്രാമ തന്നെ ചെയ്യണം എന്നൊന്നും കരുതിക്കൂട്ടി ചെയ്തതല്ല. എഴുതിയ കഥകളിൽ എനിക്ക് പെട്ടെന്ന് ചെയ്യാം എന്ന് തോന്നിയ കഥയാണിത്. മറ്റൊരു സിനിമയാണ് ആദ്യം ചെയ്യാനിരുന്നത്. പക്ഷേ കോവിഡ് ആയപ്പോൾ യാത്രാ ബുദ്ധിമുട്ടുകൾ വന്നു.  ആ സിനിമയുടെ ലൊക്കേഷൻ നിശ്ചയിച്ചിരുന്നത് ദുബായിൽ ഒക്കെ ആയിരുന്നു അത് നടക്കില്ലെന്ന് മനസ്സിലായി. സഹ കഥാകൃത്തായ ജാനിസിന്റെ (ജാനിസ് ചാക്കോ) ഭർത്താവാണ് എനിക്ക് ഈ കഥയുടെ ത്രെഡ് തന്നത്. ജാനിസ് ആണ് കഥ വികസിപ്പിച്ചത്. ഈ കഥ ആയതുകൊണ്ട് തന്നെ ലോക്ഡൗൺ സമയത്ത് അധികം ലൊക്കേഷനുകളിൽ പോകാതെ ഒരിടത്തു മാത്രം നിന്ന് ചെയ്യാൻ പറ്റും എന്ന് തോന്നി.  

തിരുവനന്തപുരം എന്റെ സ്ഥലമായതുകൊണ്ട് ലൊക്കേഷൻ ഒന്നും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. എനിക്ക് ഒരു ഐഡിയയും ഇല്ലാത്ത മേഖലയായിരുന്നു കോടതി മുറികൾ എന്നത്.  അറിയാത്തത് പഠിച്ചെടുക്കുക എന്നതാണ് എന്റെ സ്വഭാവം.  ഒന്നും നടക്കാത്ത കാര്യമല്ല നമ്മൾ എത്രത്തോളം പണിയെടുക്കുന്നു എന്നതിലാണ് കാര്യം.  നന്നായി ബുദ്ധിമുട്ടി തന്നെയാണ് തിരക്കഥ എഴുതിയത്. പരിചയമുള്ള അഭിഭാഷകരെ എല്ലാം പോയി കണ്ടു സംസാരിച്ചു. തിരുവനന്തപുരത്ത് കോടതിയിൽ പോയി ഇരുന്നു കണ്ടു മനസ്സിലാക്കി. പത്തുപതിനഞ്ചു വക്കീലന്മാരെ നിരന്തരം കാണുന്നുണ്ടയിരുന്നു. അവരൊക്കെ എന്നെ സഹായിച്ചു. അത്തരത്തിൽ വളരെ കഷ്ടപ്പെട്ട് ഓടിനടന്ന് ചെയ്തു തീർത്ത സ്ക്രിപ്റ്റും സിനിമയുമാണ്.

vaashi-location

സിനിമയിലേക്ക് 

ഞാൻ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ആണ് പഠിച്ചത്. അച്ഛൻ സിനിമയുമായി ബന്ധമുള്ള ആളായതുകൊണ്ട് ചെറുപ്പം മുതലേ സിനിമയുമായി അടുപ്പമുണ്ട്.  വീട്ടിൽ വരുന്ന അച്ഛന്റെ സുഹൃത്തുക്കളെല്ലാം  സിനിമാക്കാർ ആയിരുന്നു. പണ്ട് ഞാൻ ഫോട്ടോ എടുക്കുമായിരുന്നു അത് കാണുമ്പൊൾ അച്ഛൻ അതിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരും, പിന്നെ ഒരു ഫോട്ടോ എടുക്കുമ്പോൾ അച്ഛൻ പറഞ്ഞ തെറ്റുകൾ ഓർമ്മവരും അതെന്നെ ഒരുപാട് സഹായിക്കും. പിന്നെ എപ്പോഴോ അറിയാതെ ഒരു ഒഴുക്കിൽ പെട്ടാണ് അഭിനയത്തിലെത്തിയത്. 

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം തീവ്രം. അവിടെ നിന്നാണ് ക്യാമറയ്ക്ക് പിന്നിൽ ജോലി ചെയ്യണം എന്ന് തോന്നിയത്. എനിക്ക് സംവിധാനം ചെയ്യാൻ കഴിയും എന്ന് തോന്നിയപ്പോഴാണ്  ഞാനൊരു ഷോർട് ഫിലിം ചെയ്തത്. അതിന് അവാർഡുകൾ കിട്ടി. പിന്നെ ഒരു ഷോർട് ഫിലിം കൂടി ചെയ്തു അത് കഴിഞ്ഞപ്പോൾ പരസ്യ ചിത്രങ്ങളുടെ വർക്കുകൾ വന്നുതുടങ്ങി.  ഓരോ വർക്കും കണ്ടാണ് അടുത്ത വർക്ക് വന്നത്.  ഒരു സമയത്ത് എനിക്ക് എഴുത്ത് ഒരു ഹരമായി മാറി കുറെ കഥകളെഴുതി. ഒരു സിനിമയെടുക്കാൻ കഴിയും എന്ന് തോന്നിയപ്പോഴാണ് വാശിയിലേക്ക് കടക്കുന്നത്. 

ടൊവിനോയുമായി ദീർഘകാല സൗഹൃദം 

2017-ൽ ഞാൻ ഈ കഥ എഴുതിത്തുടങ്ങിയപ്പോൾ കഥ ടൊവിനോയോട് പറഞ്ഞിട്ടുണ്ട്. അന്ന് സിനിമയെടുക്കാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു. പിന്നീട് ഇപ്പോൾ കഥ പൂർത്തിയാക്കിയതിനു ശേഷം വീണ്ടും ടൊവിയോട് കഥ പറഞ്ഞു.  നമുക്കിത് ചെയ്യാം എന്ന് അവനും പറഞ്ഞു. ഞങ്ങളുടെ സൗഹൃദം നല്ല രീതിയിൽ ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.  ഈ സിനിമയിൽ സംവിധായകൻ കൂട്ടുകാരനായതും അഭിനേതാവ് കൂട്ടുകാരനായതിന്റെയും ഗുണങ്ങൾ ഞങ്ങൾ രണ്ടുപേർക്കും കിട്ടിയിട്ടുണ്ട്. ഓരോ ദിവസത്തെ ഷൂട്ട് കഴിയുമ്പോഴും ഞങ്ങൾ എവിടെയെങ്കിലും ഒത്തുകൂടി അടുത്ത ദിവസത്തെ സ്ക്രിപ്റ്റ് വായിക്കുമായും ഇമ്പ്രോവൈസ് ചെയ്യുകയും ചെയ്യുമായിരുന്നു. രണ്ടുപേരോടും അവർക്ക് എന്താണ് തോന്നുന്നത് എന്താണ് ആഡ് ചെയ്യാൻ കഴിയുക എന്ന് ചോദിച്ച് അതുകൂടി ഉൾപ്പെടുത്തുമായിരുന്നു. അവർ രണ്ടുപേരും നന്നായി കോഓപ്പറേറ്റ് ചെയ്ത് ഒപ്പം നിന്നു.   

കീർത്തിയും അറിയാതെ എത്തിയതാണ് 

  

ഞാൻ തിരക്കഥ എഴുതുമ്പോൾ താരങ്ങളെ ആരെയും മനസ്സിൽ കണ്ടിരുന്നില്ല.  എഴുതിക്കഴിഞ്ഞപ്പോൾ ഓരോ ഘട്ടത്തിൽ ഓരോ താരങ്ങൾ വന്നാൽ  നന്നാവും എന്ന് തോന്നി അവരിലേക്ക് എത്തിയതാണ്.  ഞാൻ ചെയ്യാനിരുന്ന ആദ്യത്തെ പടം കോവിഡ് കാരണം ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഒന്നരവർഷം മുൻപ് എഴുതി വച്ചിരുന്ന ഈ സ്ക്രിപ്റ്റ് എടുത്തു നോക്കുന്നത്.  വീണ്ടും അതിൽ ചില മാറ്റങ്ങൾ വരുത്തിനോക്കി. താരങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ കണ്ടാൽ വക്കീൽ ആണെന്ന് തോന്നാത്ത ഒരു പെൺകുട്ടി വേണമെന്ന് തോന്നി.  അപ്പോഴൊന്നും കീർത്തിയെപ്പറ്റി ആലോചിച്ചില്ല.  ഞങ്ങൾ കുടുംബ സുഹൃത്തുക്കളാണ്. വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ കീർത്തിയെ അറിയാവുന്നതാണ്.   

കീർത്തിയുടെ ചേച്ചി രേവതി ഒരു ആവശ്യത്തിനായി വിളിച്ചപ്പോഴാണ്, കീർത്തി ഉണ്ടല്ലോ എന്തുകൊണ്ട് കീർത്തിയെ കാസ്റ്റ് ചെയ്തുകൂടാ എന്ന് പെട്ടെന്ന് തോന്നിയത്. കീർത്തി നന്നായി അഭിനയിക്കുന്ന ആളാണ് അത് ഞാൻ പറഞ്ഞിട്ട് വേണ്ട അറിയാൻ. കീർത്തി നല്ല ഹാർഡ് വർക്ക് ചെയ്യുന്ന താരമാണ്.  ഷൂട്ട് ആയാലും ഡബ്ബ് ആയാലും കീർത്തി കൊടുക്കുന്ന പരിശ്രമം അഭിനന്ദനാർഹമാണ്.  കീർത്തിയായാലും ടൊവി ആയാലും എനിക്ക് ഒപ്പം വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിൾ ആണ്. ഏറ്റവും അവസാനമാണ് രേവതി കലാമന്ദിർ സിനിമയിലേക്ക് എത്തിയത്.  ആദ്യമൊന്നും പ്രൊഡക്‌ഷൻ സുരേഷ് അങ്കിൾ ആണ് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടില്ല.  സുഹൃത്തുക്കൾ ആയതുകൊണ്ട് അദ്ദേഹം ഇത് ചെയ്തതുമല്ല.  പിന്നെ എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് അദ്ദേഹത്തിൽ എത്തിച്ചേരുകയായിരുന്നു.  ഇങ്ങനെ ഓരോന്നും ഓരോ സമയത്ത് വാശിയിലേക്ക് എത്തുകയായിരുന്നു. 

കോടതി അതുപോലെ കാണിച്ചാൽ ബോർ അടിക്കില്ലേ 

ശരിക്കുമുള്ള കോടതി കാണിച്ചാൽ ഒട്ടും സിനിമാറ്റിക് ആകില്ല.  എന്നാൽ കോടതി മുറികൾ നാടകീയമാക്കാനും കഴിയില്ല.  സിനിമ കാണുമ്പോൾ ഒരു വക്കീലിന് ഇങ്ങനെയല്ലല്ലോ കോടതികൾ എന്ന് തോന്നാൻ പാടില്ലല്ലോ.  വക്കീലന്മാരെ കണ്ട് അവരുടെ അഭിപ്രായം എടുത്തിരുന്നു. കോടതിയിൽ വിസ്താരവും വാദവുമുണ്ട്.  വക്കീലന്മാർ വന്ന് ജഡ്ജിയുടെ മുന്നിൽ കേസ് മുഴുവൻ പറയുകയും ആവർത്തിക്കുകയും അതിന്റെ നിയമവശങ്ങൾ പറയുകയും ചെയ്യും. ശരിക്കും വിസ്തരിക്കുമ്പോൾ ഇതുവരെ വിസ്തരിച്ച ആളുകൾ പറഞ്ഞ എല്ലാ കാര്യങ്ങളും ആവർത്തിച്ചു പറയും. അത് മുഴുവൻ കാണിച്ചാൽ പ്രേക്ഷകർക്ക് അത് ബോർ അടിക്കും. പ്രേക്ഷകർ തിയറ്ററിൽ വരുന്നത് ആസ്വദിക്കാനാണ്. അപ്പോൾ തീർത്തും ഇമാജിനേഷൻ മാത്രമാകാതെ എന്നാൽ പൂർണമായും റിയലിസ്റ്റിക്കിലും പോകാതെ ഇടയ്ക്ക് ഒരു സേഫ് സോണിൽ നിന്നാണ് കഥ പറഞ്ഞത്. അത് ഒട്ടും എളുപ്പമായിരുന്നില്ല.

vishnu-anu

മാസ് പടം അല്ലാതിരുന്നിട്ടും തിയറ്ററിൽ റിലീസ് ചെയ്യാനുള്ള ധൈര്യം 

സിനിമയ്ക്ക് ഇപ്പോൾ പണ്ടത്തേക്കാൾ പ്രേക്ഷകരുണ്ട്.  പലതരം സിനിമകൾ കാണുന്ന മലയാളികൾ ഇപ്പോൾ കൂടുതൽ അപ്ഡേറ്റഡ് ആണ്.  ഒരു സിനിമ ഇറങ്ങുമ്പോൾ  അത് തീയറ്ററിൽ കാണണോ വീട്ടിലെ സൗകര്യപ്രദമായ സമയത്ത് കാണണോ എന്ന് പ്രേക്ഷകർ  തീരുമാനിക്കുന്ന ഒരു കാലഘട്ടമാണിത്. വാശി തിയറ്ററിൽ കാണേണ്ട ഒരു സിനിമയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സിനിമ സംസാരിക്കുന്ന വിഷയവും അഭിനയിക്കുന്ന താരങ്ങളുടെ മൂല്യവും അതുപോലെ തന്നെ കൊമേഴ്‌സ്യൽ സിനിമ ആയത്കൊണ്ടും ആളുകൾ തീയറ്ററിൽ വരും എന്നുതന്നെ ഞാൻ വിശ്വസിച്ചു. ഇനിയൊരു സിനിമ എടുക്കുമ്പോൾ എല്ലാവരും ശ്രദ്ധിച്ചേ എടുക്കാൻ സാധ്യതയുള്ളൂ കാരണം തീയറ്ററിൽ റിലീസ് ചെയ്താൽ പ്രേക്ഷകരെ കിട്ടുമോ അല്ലെങ്കിൽ ഒടിടി കിട്ടുമോ എന്ന ഒരു പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.  വരും കാലങ്ങളിൽ ആ പ്രതിസന്ധി കൂടുകയേ ഉള്ളൂ.  ഇത് ഞങ്ങൾ ചർച്ച ചെയ്യുന്ന കാര്യമാണ്, എല്ലാ സിനിമാപ്രവർത്തകർക്കും ഇത്തരമൊരു പേടി ഉണ്ട്. ഇതിനെ എങ്ങനെ മറികടക്കാം എന്നാണു ഇനി ചിന്തിക്കേണ്ടത്.   

കീർത്തിയുടെ അച്ഛനായി രതീഷ് 

രതീഷ് അങ്കിൾ കീർത്തിയുടെ കുടുംബ സുഹൃത്തായിരുന്നു. രതീഷ് അങ്കിളിന്റെ മകൻ ഞങ്ങളുടെയെല്ലാം സുഹൃത്താണ്.  കീർത്തിയുടെ അച്ഛനായി ആരുടെയെങ്കിലും ഫോട്ടോ വയ്ക്കണം. രതീഷ് അങ്കിളിന്റെ ഫോട്ടോ ആണെങ്കിൽ അദ്ദേഹത്തെ വീണ്ടും പ്രേക്ഷകർ ഓർക്കാൻ കരണമാകുമല്ലോ എന്ന് വിചാരിച്ചാണ് അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ചത്.  ഞാൻ ആണ് അത്തരമൊരു ഐഡിയ പറഞ്ഞത്.  അത് സുരേഷ് അങ്കിളിനും സന്തോഷമുള്ള കാര്യമായിരുന്നു.

പ്രതികരണങ്ങളിൽ സന്തോഷം 

എന്റെ ആദ്യ സിനിമയ്ക്ക് നല്ല പ്രതികരണങ്ങൾ കിട്ടുന്നതിൽ സന്തോഷമുണ്ട്. കൂടുതലും പോസിറ്റീവ് പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. മാസ് പടം പ്രതീക്ഷിച്ച് പോകുന്നവർക്ക് നിരാശയുണ്ടായേക്കാം, ഞാൻ ഒരു മാസ് പടം അല്ല ചെയ്തത്. കുടുംബമായി എല്ലാവരും പോയി കണ്ടു ആസ്വദിക്കാനുള്ള ചിത്രമാണ്.  എന്റെ അച്ഛനും അമ്മയും അമ്മൂമ്മയും ഭാര്യയും എല്ലാവരും കണ്ടു അവരും സന്തോഷത്തിലാണ്.

vishnu-neil

ആദ്യചിത്രത്തിന് കരുത്തായി കൂടെ നിന്നവർ 

സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ഈ ചിത്രം ഒരു യാഥാർഥ്യമാക്കാൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. തിരക്കഥാരചനയിൽ ഏറ്റവുമധികം സഹായിച്ചത് ബോബി സഞ്ജയ് ആയിരുന്നു. അതുപോലെ കോടതി സീക്വൻസ് എഴുതാൻ അഡ്വക്കേറ്റ് കൃഷ്ണപ്രസാദ്‌ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ സുഹൃത്ത് ജ്യോതിഷുമായിട്ടാണ് ഞാൻ കഥ എപ്പോഴും ചർച്ച ചെയ്തിരുന്നത്, ജ്യോതിയും ഈ സിനിമ ചെയ്യാൻ ഒരുപാട് പ്രേരണ തന്നിരുന്നു. ഛായാഗ്രാഹകൻ നീലിനോട് കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം സിനിമയോടൊപ്പമായിക്കഴിഞ്ഞു. എനിക്ക് എന്താണ് വേണ്ടത് എന്ന് ആദ്യമേ പറഞ്ഞു കൊടുത്തു അത് ഒരിക്കലും വീണ്ടും വീണ്ടും പറയേണ്ടി വന്നിട്ടില്ല. 

എനിക്കെന്താണ് വേണ്ടതെന്ന് നീലിന് നന്നായി അറിയാമായിരുന്നു. പിന്നെ പടം യാഥാർഥ്യമാക്കിയ സുരേഷ് അങ്കിളിന്റെ പ്രൊഡക്‌ഷൻ, കഥാപാത്രങ്ങളുടെ കരുത്തായി നിന്ന അഭിനേതാക്കൾ, സംഗീതം, ബാക്ക്ഗ്രൗണ്ട് സ്കോർ, എന്റെ അസോഷ്യേറ്റ് അസിസ്റ്റന്റ് ഡയറക്ടർമാർ, യൂണിറ്റിലെ ചേട്ടന്മാർ തുടങ്ങി ഒരുപാടുപേരുടെ ഭയങ്കര ഒരു ടീം വർക്കിന്റെ റിസൾട്ട് കൂടിയാണ് ഈ സിനിമ. ചെറിയ സമയത്തിനുള്ളിൽ വലിയൊരു സബ്ജെക്റ്റ് ഈസിയായി ചെയ്തു തീർക്കാൻ കഴിഞ്ഞത് ഇവരെല്ലാം ഒത്തൊരുമയോടെ പിൻബലമായി കൂടെ നിന്നതുകൊണ്ട് മാത്രമാണ്.   

പുതിയ വാശികൾ 

വാശിക്ക് മുൻപ് ചെയ്യാൻ ഇരുന്ന ചിത്രം വീണ്ടും ആലോചിച്ചു തുടങ്ങണം എന്നാണു ആഗ്രഹം. തീർത്തു വച്ചിരുന്ന തിരക്കഥകൾ എടുത്ത് റീവർക്ക് ചെയ്യണം.എല്ലാം പതിയെ ചെയ്യാം എന്നാണ് കരുതുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
FROM ONMANORAMA