ADVERTISEMENT

മൺമറഞ്ഞ അഭിനയ പ്രതിഭ സുകുമാരനോടൊപ്പം പേരില്ലാത്ത ഒരു വേഷത്തിൽ നിന്നും മകൻ പൃഥ്വിരാജ്, ‘കുമാരാ’ എന്നു വിളിക്കുന്ന ഡ്രൈവറുടെ വേഷത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല കോട്ടയം രമേശിന്. അൻപത് വർഷമാണ് കോട്ടയം രമേശിന്റെ സിനിമാ മോഹത്തിന് ആയുസ്സ്. കലാനിലയത്തിൽ തുടങ്ങിയ നാടകഭിനയസപര്യ വാശി സിനിമയിലെ ജഡ്‌ജിയിൽ എത്തി നിൽക്കുമ്പോൾ വർഷങ്ങൾ അരങ്ങത്ത്  ഊതിക്കാച്ചിയയെടുത്ത തനിതങ്കമായിരിക്കുന്നു രമേശിലെ കലാകാരൻ. മലയാള സിനിമയ്ക്ക് നഷ്ടമായ അനുഗ്രഹീത താരങ്ങൾ ബാക്കി വച്ചുപോയ കഥാപാത്രങ്ങൾ പൂർത്തിയാകാൻ പുതിയൊരു താരോദയമായി കോട്ടയം രമേശ് മാറുകയാണ്. അയ്യപ്പനും കോശിയുമാണ് ഒരു കലാകാരനെന്ന നിലയിൽ തന്നെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയതെന്ന് കോട്ടയം രമേശ് പറയുന്നു. ഡ്രൈവർ കുമാരൻ മുതൽ വാശിയിലെ ജഡ്ജി വരെയുള്ള അഭിനയ യാത്രയുടെ വിശേഷങ്ങളുമായി കോട്ടയം രമേശ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

 

പത്തുവയസ്സുമുതൽ അഭിനയമോഹം സാധിച്ചുതന്നത് സച്ചി

 

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തുടങ്ങിയത് എന്റെ പത്താമത്തെ വയസ്സിലാണ്. എന്റെ ഓർമവയ്ക്കുന്ന കാലം സത്യൻ മാഷ്, നസീർ സർ, തിക്കുറിശ്ശി സർ തുടങ്ങിയവർ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ആ സമയത്ത് തമിഴിൽ ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, മുത്തുരാമൻ തുടങ്ങിയവരും തെലുങ്കിലും കന്നടയിലും എൻ.ടി. രാമറാവു രാജ്‌കുമാർ തുടങ്ങിയവരും അരങ്ങു വാഴുകയാണ്. അന്നുമുതൽ സിനിമകൾ കാണുകയും സിനിമാനടനാകണമെന്ന മോഹം എന്റെ കുഞ്ഞുമനസ്സിൽ ഉദിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്നത് പുറത്തു പറഞ്ഞാൽ ആളുകൾ കളിയാക്കിച്ചിരിക്കും.  

sachy-ramesh

 

ഒരിക്കൽ ഞങ്ങൾ കുട്ടികൾ സംസാരിക്കുന്ന സമയത്ത് എനിക്കൊരു സിനിമാതാരമാകണം എന്ന് പറഞ്ഞത് കേട്ട് എന്നെ ഒരുപാടുപേർ "സിനിമാനടോ" എന്നുവിളിച്ച് കളിയായിട്ടുണ്ട്. പക്ഷേ പത്താംക്ലാസ് പരീക്ഷ എഴുതി കഴിഞ്ഞു മൂന്നാം ദിവസം ഞാൻ കലാനിലയം നാടകവേദിയിൽ ചേർന്നപ്പോൾ എന്റെ അഭിനയമോഹം ഉറച്ചതായിരുന്നു എന്ന് എല്ലാവർക്കും മനസിലായി. പേരും പ്രശസ്തിയുമുള്ള 'കലാനിലയം' നാടകവേദിയിൽ ഞാൻ ചേർന്നത് നാട്ടിൽ ഒരു വലിയ സംഭവമായിരുന്നു.  

 

രക്തരക്ഷസ്സ്, കത്തനാർ ഒക്കെ എടുത്തു അരങ്ങിൽ നിറഞ്ഞു വാഴുന്ന നാടകവേദിയായിരുന്നു അത്. അന്നത്തെക്കാലത്ത് സിനിമയിലേക്ക് വരാനുള്ള ചവിട്ടുപടി തുടങ്ങുന്നത് നാടകത്തിലൂടെയാണ്. സിനിമയിൽ നിറഞ്ഞു നിന്ന നസീർ സർ, സത്യൻ മാഷ്, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, ഭാസി, ഉമ്മർ, ബഹാദൂർ, ജോസ് പ്രകാശ്  തുടങ്ങിയവരെല്ലാം നാടകത്തിൽ നിന്ന് വന്നവരാണ്. പക്ഷേ എന്റെ മോഹം മാത്രം അന്ന് പൂവണിഞ്ഞില്ല.  നാൽപ്പത്തിയഞ്ച് വർഷത്തോളം ഞാൻ നാടകവേദികളിൽ തന്നെ പിടിച്ചു നിന്നു.നാടകം കൊണ്ടാണ് ഇത്രയും നാൾ എന്റെ ജീവിതം പുലർന്നതും മക്കളെ പഠിപ്പിച്ചതുമൊക്കെ.  വെള്ളത്തിലെ പൊങ്ങുതടിപോലെ മുങ്ങിയും പൊങ്ങിയുമങ്ങനെ ഒഴുകുകയായിരുന്നു. അപ്പോഴും സിനിമ എന്ന മോഹം ഞാൻ ഉപേക്ഷിച്ചില്ല.  

mammootty-ramesh

 

ഏകദേശം അൻപത് വർഷത്തോളം സിനിമയെന്ന മോഹത്തെ പിന്തുടർന്നാണ് ഞാനിവിടെ എത്തിച്ചേർന്നത്. ഇനി ഈ ജന്മം സിനിമാനടനാകാൻ കഴിയില്ല എന്ന് ഉറപ്പിച്ചിരുന്നു.  ദൈവമേ അടുത്ത ജന്മമെങ്കിലും ഒരു സിനിമാനടനാകാൻ കഴിയണേ എന്നായിരുന്നു പ്രാർഥന. പക്ഷേ ആ പ്രാർഥന ദൈവം കേട്ടു.  "വേണ്ടടാ നീ ഈ ജന്മത്തിൽ തന്നെ അഭിനയിച്ചിട്ടു പോയാൽ മതി" എന്നദ്ദേഹം തീരുമാനിച്ചു. ആ ദൈവമാണ് സംവിധായകൻ സച്ചി സാറിന്റെ രൂപത്തിൽ വന്ന് "അയ്യപ്പനും കോശിയും" എന്ന സിനിമയിൽ ഒരു മുഴുനീള വേഷം തന്ന് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്.   

   

ഞാൻ സിനിമകളിൽ തലകാണിച്ചത് 1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘താലപ്പൊലി’ എന്ന ചിത്രത്തിലാണ്.  അദ്ദേഹമാണ് എന്നെ മൂവി ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി നിർത്തുന്നത്.  അത് എറണാകുളത്ത് ടൗൺ ഹാളിന്റെ എതിർവശത്തുള്ള അമ്പലത്തിലെ കൊടിമരത്തിന്റെ ചുവട്ടിൽ വച്ചായിരുന്നു. കലാനിലയം ഫിലിംസിന്റെ സിനിമയായിരുന്നു അത്. 1980 കളിൽ 'ചില്ലുകൊട്ടാരം' എന്ന ചിത്രത്തിൽ സുകുമാരൻ ചേട്ടനോടൊപ്പം തല കാണിക്കാൻ കഴിഞ്ഞു.  അതിനു ശേഷം 89ൽ ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന ചിത്രത്തിൽ മുഖം കാണിച്ചു. 

 

പിന്നീട് നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് വേണു സാറിന്റെ ‘കാർബൺ’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തത്. ആ സിനിമയിലെ വേഷം ശ്രദ്ധിച്ച സച്ചി സർ എന്നെക്കുറിച്ച് അന്വേഷിച്ച് എന്നെ വിളിക്കുകയായിരുന്നു.  സച്ചി സർ നാടകത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു നാടകം മാത്രമല്ല എല്ലാ കലകളെയും  ആരാധിച്ചിരുന്ന ഒരു മഹാനായ വ്യക്തിയായിരുന്നു.  അയ്യപ്പനും കോശിയിലും എനിക്ക് വേണ്ടി അദ്ദേഹം കൂടുതൽ സീനുകൾ ഉൾപ്പെടുത്തി.  ആ സിനിമയിൽ ഡയലോഗ് കുറവാണ്. പക്ഷേ ഒരു നടന്റെ ഏറ്റവും വലിയ വെല്ലുവിളി ഡയലോഗ് ഇല്ലാതെ ഒരു സീനിൽ റിയാക്‌ഷൻ കൊടുത്ത് നിൽക്കുക എന്നുള്ളതാണ്.  

kottayam-ramesh-manju

 

സന്ദര്‍ഭത്തിനനുയോജ്യമായ രീതിയിൽ ആയിരിക്കണമല്ലോ റിയാക്‌ഷൻ കൊടുക്കാൻ. അത്തരത്തിൽ ഒരുപാട് സീനുകളിൽ ഞാൻ ഫ്രെയ്മിലുണ്ട്. അപ്പോൾ ഞാൻ ഡ്രൈവർ കുമാരൻ തന്നെ ആയിരിക്കണമല്ലോ.  ഡയലോഗ് പറഞ്ഞ് എത്ര നേരം വേണമെങ്കിലും നിൽക്കാം. സിനിമയിൽ കോശിയും അപ്പൻ കുര്യനും തമ്മിൽ സംസാരിച്ചുനിൽക്കുന്ന സമയത്ത് കുമാരൻ അവിടെയുണ്ട്. കുമാരൻ ഡ്രൈവർ ആണെങ്കിലും അവരുടെ എല്ലാ കാര്യവും അറിയുന്ന ആളുകൂടിയാണ്, ഒരു വേലക്കാരനാണ് എന്നാൽ ഇടക്ക് കയറി ഇടപെടുകയും വേണം എന്ന ആഗ്രഹമുള്ള ആൾ. അത്തരത്തിലാണ് അയാളുടെ ശരീരഭാഷ.  ഇതെല്ലാം മനസ്സിലാക്കിവേണം അയാൾ പെരുമാറേണ്ടത്.  സച്ചി സാറിനു എന്റെ അഭിനയം ഇഷ്ടപ്പെട്ടിരുന്നു. 

 

യശ്ശശരീരനായ വലിയൊരു അഭിനയ തിലകത്തെ താരതമ്യപ്പെടുത്തിയാണ് പൃഥ്വിരാജ് എന്റെ അഭിനയത്തെപ്പറ്റിയുള്ള അഭിപ്രായം പറഞ്ഞത്.  ഇതൊന്നും എന്റെ കഴിവല്ല എന്ന് കരുതാനാണ് എനിക്കിഷ്ടം.  ഇവിടെവരെ എത്തിച്ചേർന്നത് ദൈവാനുഗ്രഹം കൊണ്ടും സച്ചി സാറിന് എന്നെ കണ്ടെത്താൻ തോന്നിയതും അവിടെനിന്ന് ഇവിടെവരെ എനിക്ക് കഥാപാത്രങ്ങൾ തന്നു സഹായിച്ച സംവിധായകരുടെയും ഒപ്പം അഭിനയിച്ച വലിയ നടന്മാരുടെയും സഹായം കൊണ്ട് കൊണ്ടും മാത്രമാണ്.  എന്നെ സഹായിച്ചവരെയെല്ലാം നന്ദിയോടെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്.  വന്ന വഴികൾ ഞാൻ മറക്കില്ല.  മാതാപിതാക്കൾക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് കാണാൻ കഴിഞ്ഞില്ല എന്ന വിഷമമുണ്ട്. പക്ഷേ അവർ പ്രപഞ്ചത്തിൽ എവിടെയോ ഇരുന്ന് എന്നെ കാണുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്.  എല്ലാറ്റിനുമുപരി പ്രേക്ഷകർ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിലാണ് ഏറെ സന്തോഷം.  നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്താലും ചേട്ടാ അത് നന്നായിരുന്നു എന്ന് സുഹൃത്തുക്കൾ വിളിച്ചുപറയാറുണ്ട്.  പ്രേക്ഷകരുടെ അംഗീകാരമാണല്ലോ ഏറ്റവും വലുത്.

 

നാടകങ്ങളിലൂടെ വന്ന അഭിനയകുലപതി തിലകൻ 

fahadh-ramesh

 

തിലകൻ ചേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല.  ഉണ്ണിയാർച്ച എന്ന നാടകത്തിന്റെ പ്രാരംഭ ചർച്ചകളിലും വർക്കിലും അദ്ദേഹത്തോടൊപ്പം പങ്കാളി ആയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് അതിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. അദ്ദേഹമാണ് അതിലെ കണ്ണപ്പച്ചേകവരായി അഭിനയിക്കേണ്ടിയിരുന്നത്.  അദ്ദേഹത്തിന്റെ നാടകങ്ങൾ എല്ലാം കാണാൻ പോകുമായിരുന്നു പിന്നീട് അദ്ദേഹം വഴിപിരിഞ്ഞ് സിനിമയിലേക്ക് എത്തി. ഞാൻ നാടകത്തിൽ തുടർന്നു.  ഞാൻ സിനിമയിലെത്തിയപ്പോഴേയ്ക്കും അദ്ദേഹം  വിടപറഞ്ഞു പോവുകയും ചെയ്തു.

 

ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു, ‘‘രമേഷേ നീ ജഡ്ജി തന്നെ’’

 

ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കോടതിയിൽ കയറിയിട്ടില്ല, ഒരു ജഡ്ജി എങ്ങനെയാണ് പെരുമാറുന്നതെന്ന് കണ്ടറിഞ്ഞിട്ടില്ല.  ന്യായാധിപൻ സിനിമയിൽ മാത്രം കണ്ടുള്ള അനുഭവമേ ഉള്ളൂ.  സിനിമയിലെ ജഡ്ജി അല്ല യഥാർഥ ജീവിതത്തിലെ ജഡ്ജി.  ഒരു ജഡ്ജി അദ്ദേഹത്തിന്റെ പൊസിഷനിൽ എത്തുന്നത് ജീവിതത്തിലെ ഒരുപാട് ഘട്ടങ്ങൾ മറികടന്നായിരിക്കും. വാശിയിലെ ജഡ്ജിനെ സംബന്ധിച്ച് വാദിയും പ്രതിയും തെറ്റുകാരാണ്.  പക്ഷേ പ്രതിയെ ശിക്ഷിക്കാൻ തയാറാക്കുന്നതിന് പിന്നിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യാൻ മുതിരുമ്പോൾ ശിക്ഷയെ ഭയന്നെങ്കിലും ആളുകൾ പിന്മാറണം എന്ന മാനുഷികപരിഗണന കൂടി ആകാം.  

 

ഒരു പ്രതിയെ ശിക്ഷിക്കുന്നത് സമൂഹത്തിനുകൂടി പാഠമാകാൻ കൂടിയാണ്.  ജഡ്ജി ആയി ഞാൻ ചെയ്യുന്നത് ശരിയാകുന്നുണ്ടോ അല്ലെങ്കിൽ ചെയ്തതിൽ പോരായ്മയുണ്ടോ എന്നൊക്കെ നോക്കാൻ സംവിധായകൻ വിഷ്ണു ഉണ്ടായിരുന്നു. ചേട്ടാ അതിങ്ങനെ വേണ്ട അല്ലെങ്കിൽ ഇത്രയും എക്സ്പ്രെഷൻ വേണ്ട എന്നെല്ലാം ചിലപ്പോഴൊക്കെ വിഷ്ണു പറയും. വളരെ കഴിവുള്ള സംവിധായകനും മറ്റു അണിയറപ്രവർത്തകരും കൂടെയുണ്ടെങ്കിൽ എന്ത് ചെയ്യാനും ഒരു ബുദ്ധിമുട്ടുണ്ടാകില്ല.  വക്കീൽ ആയി "ഒരു രഞ്ജിത്ത് സിനിമ" എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  

 

ജഡ്ജി ആയി ആദ്യമായാണ് അഭിനയിക്കുന്നത്.  'വാശി' കണ്ടിട്ട് പൊലീസിൽ ഉള്ള സുഹൃത്തുക്കളും മറ്റ് ഒരുപാട്‌പേരും വിളിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു.  ഇരുപത്തിയെട്ട് വർഷമായി കോടതികൾ കയറിയിറങ്ങി പരിചയമുള്ള ജോമോൻ പുത്തൻ പുരയ്‌ക്കൽ സിനിമ കണ്ടിട്ട് എന്നെ വിളിച്ചു പറഞ്ഞത് "രമേഷേ സിനിമയിലെ കോടതി രംഗങ്ങൾ വളരെ റിയലിസ്റ്റിക് ആയിരുന്നു അതുപോലെ നിങ്ങൾ ജഡ്ജ് ആയി തകർത്തു.  സുപ്രീം കോടതിയിസെ ജഡ്ജിനെ വരെ ഞാൻ കണ്ടു പരിചയമുണ്ട്, നിങ്ങളെ ഒരു സുപ്രീം കോർട്ട് ജഡ്ജ് ആയിട്ടാണ് എനിക്ക് തോന്നിയത്."  ആസ്വാദകന്റെ അറിവിന്റെ ആഴങ്ങളിൽ നിന്ന് ആവിർഭവിക്കുന്ന ഇത്തരത്തിലുള്ള അനുമോദനങ്ങൾ ഏതൊരു കലാകാരനെ സംബന്ധിച്ചും വിലപ്പെട്ടതാണ്.

 

സൂപ്പർ താരങ്ങളോടൊപ്പം 

 

ഞാൻ സിനിമ സ്വപ്നം കണ്ടുനടന്ന കാലം മുതൽ കാണുന്ന രണ്ടു മുഖങ്ങളാണ് മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹൻലാലും.  ഭീഷ്മപർവത്തിലും ആറാട്ടിലും അവരോടൊപ്പം അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു.  അവരിൽ നിന്ന് വരുന്ന ഒരു നോട്ടം പോലും വളരെ പോസിറ്റീവ് ആയിരുന്നു.  സിനിമയിൽ തുടക്കക്കാരനായ എന്നെ അവർ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒപ്പം അഭിനയിക്കുമ്പോൾ കൂടെ ചേർത്ത് നിർത്തി വേണ്ടത് പറഞ്ഞുതന്ന് ഊർജം പകർന്നു തന്നു.  ആദ്യമൊക്കെ അവരോടൊപ്പം അഭിനയിക്കുന്നത് ചെറിയ പരിഭ്രമമായിരുന്നു. പക്ഷേ അവരുടെ പെരുമാറ്റം കൊണ്ട് നമ്മൾ അതെല്ലാം മറികടക്കും. പൃഥ്വിരാജിനൊപ്പം അഭിനയിച്ചപ്പോഴും അതെ അനുഭവമായിരുന്നു. സഹനടൻ ശ്രദ്ധിക്കാത്ത നടൻ നടനേ അല്ല എന്നാണു ആചാര്യന്മാർ പറഞ്ഞിരിക്കുന്നത്.  അവർ യഥാർഥ നടൻമാർ ആയതുകൊണ്ടാണ് കൂടെ നിൽക്കുന്ന നടന്മാരെയും ചേർത്തുപിടിച്ച് സിനിമ വിജയിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നത്.

 

സുകുമാരൻ ചേട്ടന്റെ മകൻ 

 

വർഷങ്ങൾക്ക് മുൻപ് സുകുമാരൻ ചേട്ടനോടൊപ്പം തലകാണിച്ച ഞാൻ ഇപ്പോൾ മകനോടൊപ്പം സ്ക്രീൻ പങ്കിട്ടു.  അയ്യപ്പനും കോശിയിലും അഭിനയിക്കുമ്പോൾ സിനിമയിൽ ഞാൻ തുടക്കക്കാരനാണല്ലോ. പൃഥ്വിരാജ് അന്ന് എനിക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. വളരെ സ്നേഹവും ബഹുമാനവും തന്ന് വേണ്ടതെല്ലാം പറഞ്ഞു തന്നാണ് ഒപ്പം നിന്നത്.  പണ്ട് ഞാൻ സുകുമാരൻ ചേട്ടനൊപ്പം തല കാണിക്കുമ്പോൾ പൃഥ്വി ജനിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. 

 

അന്നത്തെ കാലത്ത് സിനിമയുടെ സാങ്കേതിക വശങ്ങളൊന്നും പുരോഗമിച്ചിട്ടില്ലല്ലോ. അന്ന് സിനിമയുടെ രീതി ഇങ്ങനെ അല്ല, സംഭാഷണത്തിന് വളരെ പ്രാധാന്യമുള്ള കാലമായിരുന്നു അത്. സുകുമാരൻ ചേട്ടൻ രണ്ടുപേജു ഡയലോഗൊക്കെ ഒന്നുരണ്ടുപ്രാവശ്യം ഓടിച്ചു വായിച്ചിട്ട് നോക്കിയിട്ട് പുഷ്പം പോലെ പറഞ്ഞു തീർക്കും.  ഇന്ന് മകൻ ആണെങ്കിൽ ബ്ലോട്ടിങ് പേപ്പർ പോലെയാണ് ഒന്ന് മറിച്ചു നോക്കി മനസ്സിൽ ഒപ്പിയെടുത്ത് പറയും.  സിനിമയുടെ എല്ലാ കാര്യങ്ങളും ഭംഗിയായി പഠിച്ച, നൂറു ശതമാനം സിനിമയോട് ആത്മാർഥതയുള്ള ആളാണ് പൃഥ്വി.   അയ്യപ്പനും കോശിയിലും പൃഥ്വിരാജിനൊപ്പം മേപ്പടിയാനിൽ ഉണ്ണി മുകുന്ദനോടൊപ്പം, ഭീഷ്മപർവത്തിൽ മമ്മൂട്ടിയോടൊപ്പം ഉടനീളം നിൽക്കുന്ന വേഷങ്ങൾ ആയിരുന്നു, വളരെ നല്ല വേഷങ്ങൾ തരുന്ന സംവിധായരോടും ഒപ്പം ചേർത്ത് നിർത്തുന്ന താരങ്ങളോടുമാണ് നന്ദി പറയാനുള്ളത്.  

 

പുതിയ ചിത്രങ്ങൾ 

 

പാപ്പനിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.  മഞ്ജു വാരിയർ അഭിനയിക്കുന്ന വെള്ളരിപ്പട്ടണം, സബാഷ് ചന്ദ്രബോസ്, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത്ത് സിനിമ, പാളയം പിസി തുടങ്ങിയവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.  ആടുജീവിതത്തിൽ ഒരു വേഷം ചെയ്യാൻ വിളിച്ചിരുന്നു പക്ഷെ അന്ന് കോവിഡിന്റെ തടസങ്ങൾ ഉള്ളതുകൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല. 'വിലായത്ത് ബുദ്ധ' ആണ് ഇനി അഭിനയിക്കാൻ പോകുന്ന ചിത്രം.  അതിനുവേണ്ടിയുള്ള തയാറെടുപ്പിലാണ്.  അതിനുവേണ്ടിയുള്ള ഗെറ്റപ്പിൽ ആയതിനാൽ അത് പൂർത്തിയതിനുശേഷം മാത്രമേ മറ്റെന്തെങ്കിലും ചെയ്യാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com