ADVERTISEMENT

വിക്രം’ സിനിമയിലെ സന്ദനം എന്ന വേഷത്തിനുശേഷം പുതിയ സിനിമ ‘മാമനിതന്റെ’ പ്രചാരണത്തിന് കൊച്ചിയിലെത്തിയ വിജയ് സേതുപതി പുതിയ സിനിമകളെക്കുറിച്ചും തന്റെ സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുന്നു. 

 

പുതിയ സിനിമ ‘മാമനിത’നെക്കുറിച്ച് ? 

 

‘ധർമദുരൈ’യ്ക്കു ശേഷം സംവിധായകൻ സീനു രാമസാമിയോടൊപ്പമുള്ള സിനിമയാണ്. കേരളത്തിന് ഈ സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. ചില പ്രശ്നങ്ങൾമൂലം ഒരാൾ പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ വന്നുതാമസിക്കുമ്പോൾ അയാൾക്ക് ഈ നാട് കൊടുക്കുന്ന സ്നേഹം, കരുതൽ. അതു മാമനിതനിലുണ്ട്. കുടുംബബന്ധങ്ങൾക്കു പ്രാധാന്യം നൽകിയുള്ള ചിത്രമാണ്. ‌ഷൂട്ടിങ് ആലപ്പുഴയിലായിരുന്നു. അന്നു ഞങ്ങളോടൊപ്പം കെപിഎസി ലളിത ഉണ്ടായിരുന്നു. ജ്യുവൽ മേരി, മണികണ്ഠൻ ആചാരി, അനഘ.. ഇങ്ങനെ മലയാളത്തിൽനിന്നു മികച്ച അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

 

നായകൻ, വില്ലൻ, വീണ്ടും നായകൻ. ഇമേജ് ആശങ്കയില്ലേ ? 

 

എന്നെ വിസ്മയിപ്പിക്കുന്ന ഏതു വേഷവും ചെയ്യണമെന്നാണ് ആഗ്രഹം. പ്രേക്ഷകർക്ക് ഇഷ്ടമാകുന്നുണ്ടോ എന്നാണു നോക്കുന്നത്. വേറെ ഇമേജ് കാര്യങ്ങളൊന്നും നോക്കുന്നതേയില്ല. ലോകേഷ് കനകരാജിന്റെ സിനിമയിൽ വില്ലനും ശക്തനാണ്. 

 

വിക്രത്തിനുശേഷം കമൽഹാസൻ വിജയ് സേതുപതിക്കു നൽകിയ സമ്മാനം ? 

 

ഒരുപാടു പേർ ഈ ചോദ്യം ചോദിക്കുന്നു. ഒറ്റ ഉത്തരമേ ഉള്ളൂ. ആ സിനിമ സംഭവിച്ചപ്പോഴേ ആ സമ്മാനം എനിക്കു കിട്ടി. കമൽസാറിന്റെയൊപ്പം അഭിനയിക്കാനുള്ള അവസരംതന്നെയാണ് വലിയ സമ്മാനം. മുൻകാല കഥകളും അനുഭവങ്ങളുമെല്ലാം നമുക്ക് ഒരു സഹോദരനോടു പങ്കുവയ്ക്കുന്നതുപോലെ പറഞ്ഞുതരും. അതിലും മൂല്യമുള്ള വേറെ സമ്മാനമുണ്ടോ...

 

പാൻ ഇന്ത്യൻ സ്റ്റാർ ആകാൻ പദ്ധതി ?

 

അങ്ങനെയൊരു പദ്ധതിയേ ഇല്ല. ഒരു സിനിമ നല്ലതായാൽ അത് ഇന്ത്യ മുഴുവൻ എന്നല്ല, ലോകം മുഴുവൻ കാണണമെന്നാണ് ആഗ്രഹം. ‘പാൻ ഇന്ത്യ’ എന്നു പുതിയൊരു ലേബൽ കൊടുക്കണമെന്നു തോന്നിയിട്ടില്ല. എനിക്ക് എല്ലാ ഭാഷയിലും അഭിനയിക്കാൻ ആഗ്രഹമുണ്ട്. അത് ഇന്ത്യ മുഴുവൻ റിലീസ് ചെയ്യണമെന്നില്ല. ചില പടങ്ങൾ എല്ലായിടത്തും പോകും. കെജിഎഫ്, പുഷ്പ, ആർആർആർ, വിക്രം, ബാഹുബലിയൊക്കെ എല്ലാ ഭാഷയിലും കാണിക്കാം. എല്ലാ സിനിമയും അങ്ങനെ പ്ലാൻ ചെയ്യുന്നതു നന്നാകുമെന്നു തോന്നുന്നില്ല. എന്റെ എല്ലാ പടങ്ങളും ഇന്ത്യയിൽ എല്ലായിടത്തും എത്തിക്കണമെന്ന് എനിക്കില്ല. 

 

എങ്ങനെയാണ് സിനിമ തിരഞ്ഞെടുക്കുന്നത് ?

 

കഥയാണ് പ്രധാനകാര്യം.  കഥ ഉത്തേജിപ്പിക്കണം. സിനിമ കാണാൻ വരുന്നവരെ തൃപ്തിപ്പെടുത്തണം. അവരെ പറ്റിക്കരുത്. പടം ഹിറ്റായാലും ഫ്ലോപ് ആയാലും എന്തു സംഭവിച്ചു എന്നു നോക്കാറുണ്ട്. ചിലപ്പോൾ പടം നല്ലതാകും. എന്നാൽ റിലീസ് ചെയ്ത രീതി ശരിയായെന്നു വരില്ല. അല്ലെങ്കിൽ മറ്റു കാരണങ്ങൾ ഉണ്ടാകും. ചിലപ്പോൾ പടത്തിന്റെ പ്രമോഷൻ ശരിയാവില്ല. അങ്ങനെവന്നാൽ സിനിമ ഇറങ്ങിയതുതന്നെ പലരും അറിയാതെവരും. അപ്പോൾ എല്ലാ വശവും നോക്കണം. 

 

മലയാളം പറയുന്ന മലയാള സിനിമ ? 

 

ഒരു പ്രശ്നം ഡേറ്റ് ആണ്. മറ്റൊന്ന് എന്റെ  മലയാളം. ഇപ്പോഴും അത്രയ്ക്കു ശരിയായിട്ടില്ല. തെറ്റായി സംസാരിക്കുന്നത് ഇഷ്ടമല്ല. അർഥം അറിഞ്ഞു നന്നായി സംസാരിക്കാനാണ് ഇഷ്ടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com