ADVERTISEMENT

‘സമയം മാറാൻ അധികം സമയം ഒന്നും വേണ്ട’ – ഇതാണ് സംവിധായകൻ ലിയോ തദേവൂസിന്റെ വാട്സ്അപ് സ്റ്റാറ്റസ്. ലിയോയെ സംബന്ധിച്ച് ആ സമയമാറ്റത്തിന്റെ സമയമാണിപ്പോൾ. സ്നേഹത്തിന്റെ സുവിശേഷം പാടി ലോകത്തിന് വഴിയും വെളിച്ചവുമായി മുന്നേ നടന്ന മഹാമനുഷ്യനെ പുതിയ കാലത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ‘പന്ത്രണ്ട്’ എന്ന ലിയോച്ചിത്രം ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസകൾ ഏറ്റുവാങ്ങി മുന്നേറുകയാണ്. പന്ത്രണ്ടിനെക്കുറിച്ചുള്ള ലിയോയുടെ വാക്കുകളിലേക്ക്. 

 

എന്താണ് പന്ത്രണ്ട്? 

 

യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാർ എന്നതിലുപരി മനുഷ്യവംശത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് എന്ന രീതിയിലാണ് ഞാൻ പന്ത്രണ്ട് എന്ന പേരിനെ കണ്ടത്. 12 ഒരു മാതൃകാസംഖ്യയാണല്ലോ. 12 ഗോത്രങ്ങൾ. 12 സ്വഭാവക്കാർ, 12 രാശികൾ എന്നിങ്ങനെ. ആ സംഖ്യയെ ഒരു കടലോരപ്രദേശത്തിലേക്ക് കൊണ്ടുവരികയായിരുന്നു. പുറമേനിന്ന് നോക്കുന്നവർക്ക് ഇതൊരു ഗാങ്സ്റ്റർ മൂവിയാണ്. ഒരു ചേട്ടന്റെയും അനിയന്റെയും കഥ പറയുന്ന ചിത്രം. പക്ഷേ, അതിനപ്പുറം ധാരാളം മാനങ്ങൾ ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കുമുണ്ട്. അന്ത്രോയുടെയും (വിനായകൻ) പത്രോയുടെയും (ഷൈൻ ടോം) ജീവിതത്തിലൂടെയാണ് ഇമ്മാനുവൽ എന്ന യേശുവിനെ അവതരിപ്പിക്കുന്നത്. ആ ചേട്ടനനിയന്മാരിലൂടെയാണ് അദ്ഭുതങ്ങൾ സംഭവിക്കുന്നത്. ഒറ്റവാചകത്തിൽ പറഞ്ഞാൽ അന്ത്രോയുടെ ആത്മാവിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് പന്ത്രണ്ട്.   

shine-leo

 

ഇതിന്റെ സ്ക്രിപ്റ്റ് എഴുതാൻ എത്ര സമയമെടുത്തു? 

 

leo-1

ഈ ചോദ്യത്തിന് എന്റെ ജീവിതത്തോളം എന്നാണുത്തരം. ജീവിതത്തിന്റെ പല ഘട്ടങ്ങളിലുണ്ടായ അനുഭവങ്ങൾ തുന്നിക്കെട്ടിയുണ്ടാക്കിയ തിരക്കഥയാണിത്. ബൈബിളിലെ ഒരു വാചകം പോലും ഡയലോഗ് എഴുതാൻ ഉപയോഗിച്ചിട്ടില്ല. പക്ഷേ, അതിന്റെ പൊരുൾ ഡയലോഗിൽ വരണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഇതൊരു ത്രില്ലറല്ല, മിസ്റ്റിക്കൽ ആക്‌ഷൻ ഡ്രാമ ചിത്രമാണ്. ചില അദ്ഭുതങ്ങൾ ഈ സിനിമയിൽ സംഭവിക്കുന്നുണ്ട്. പക്ഷേ, അതിന്റെ കാരണം പറഞ്ഞാൽ അത് ‘മിസ്റ്റിക്കൽ’ ആകില്ല. അന്ത്രോയുടെ ക്വട്ടേഷൻ കഥകളും, ഒപ്പം അയാളുടെ ആത്മാവിലുണ്ടാകുന്ന ശുദ്ധീകരണവും ഒന്നിച്ചു കൊണ്ടുപോവുക എന്നതായിരുന്നു തിരക്കഥാരചനയിലെ ഏറ്റവും വലിയ വെല്ലുവിളി.       

 

എന്തുകൊണ്ട് വിനായകൻ? 

 

വിനായകനില്ലെങ്കിൽ ഈ പടമില്ല. അന്ത്രോയുടെ ജീവിതത്തിലെ സൂക്ഷ്മവും തീവ്രവുമായ പല മുഹൂർത്തങ്ങളും അത്രയ്ക്കു ഭംഗിയായാണ് അയാൾ ചെയ്തിരിക്കുന്നത്. ഞങ്ങൾ തമ്മിൽ ദീർഘകാലത്തെ അടുപ്പമുണ്ട്. ഒരു സീൻ കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് വിനായകൻ കൃത്യമായി തന്നിരിക്കും. സീനിനേക്കാൾ അതിന്റെ ആത്മാവ് പറയാനാണ് അയാൾ ആവശ്യപ്പെടുക. കടലിലൂടെ നടക്കുന്ന ഒരു സീനിൽ സ്വന്തം ആത്മാവു തൊട്ട ഒരാളുടെ ഉള്ളിന്റെയുള്ളിൽനിന്ന് വരുന്ന ചിരി വിനായകന്റെ മുഖത്തു കാണാം. 

 

കഥയുടെ മർമം അറിയാവുന്ന പ്രോഡ്യൂസർ എന്നിലേക്ക് വന്നുചേർന്നതും ഈ സിനിമ സംഭവിക്കാനുള്ള പ്രധാന കാരണമാണ്. പന്ത്രണ്ടു വർഷത്തെ സംസാരത്തിനൊടുവിലാണ് ഞങ്ങൾ ഈ പ്രോജക്ടിൽ എത്തിച്ചേർന്നത്. 

 

പ്രേക്ഷക പ്രതികരണം, അടുത്ത സിനിമ? 

 

ചിന്തകൾ പോലും പരിശുദ്ധമാക്കിയാണ് ഈ ചിത്രം ചെയ്യാൻ തുടങ്ങിയത്. അതിന്റെ ഫലം തിയറ്ററിൽ കാണാൻ ആഗ്രഹിച്ചു. ഓട്ടക്കയ്യന്റെ വലയിലും മീൻ കുടുങ്ങുമെന്ന് ഈ സിനിമയിൽ കാണിക്കുന്നുണ്ട്. അത് എന്റെ കാര്യത്തിലും സംഭവിക്കുമെന്നാണ് വിശ്വാസം. സിനിമ കണ്ടിട്ട് എന്നെ ഫോണിൽ വിളിച്ച് ഒന്നും മിണ്ടാനാകാതെ പൊട്ടിക്കരഞ്ഞവരുണ്ട്. ഒരു യുക്തിവാദി ഇതു കണ്ടിട്ടുപറഞ്ഞത് ‘ഞാൻ ഈശ്വരനെ അറിഞ്ഞു’ എന്നാണ്. ചിത്രം കണ്ട് ദീർഘകാലമായുള്ള വഴക്കു മാറ്റിയവരുമുണ്ട്. 

 

ഒട്ടും ചിന്തിക്കാതെ കാണാവുന്ന മുഴുനീള കമേഴ്സ്യൽ പടമാണ് ഇനി ചെയ്യുന്നത്. അതിന്റെ എഴുത്ത് പൂർത്തിയായി. ‘എൻഎഫ്ഡിസി’ (NFDC) സഹകരണത്തോടെ നിർമിച്ച് കാൻ ഫെസ്റ്റിവലിലേക്കയയ്ക്കാൻ   തിരഞ്ഞെടുത്ത അഞ്ച് തിരക്കഥകളിലൊന്ന് എന്റെയാണ്. പൂർണമായും ഫെസ്റ്റിവൽ സിനിമയായ അതിന്റെ ജോലികളും പുരോഗമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com