ADVERTISEMENT

അമ്പരപ്പുകളുടെയും അദ്ഭുതങ്ങളുടെയും ലോകമാണ് കുട്ടികളുടേത്. ആ ലോകം ആസ്വദിക്കണമെങ്കിൽ നാം കുട്ടികളെപ്പോലെയാകണം. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ച് ദമ്പതികളായ ബബിതയും റിന്നും ചേർന്ന് ഒരുക്കിയ ചിത്രമാണ് പ്യാലി. ബാർബി എന്ന കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന പ്യാലിയുടെ ട്രെയിലർ ഇതിനകം ഹിറ്റായിരുന്നു. ജൂലൈ എട്ടിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായിക ബബിത മനോരമ ഓണലൈനുമായി പങ്കുവയ്ക്കുന്നു....

 

പ്യാലിയുടെ തുടക്കം

ബബിതയും റിന്നും (ഇടത്), ബാർബി (വലത്)
ബബിതയും റിന്നും (ഇടത്), ബാർബി (വലത്)

 

പ്യാലിയുടെ ആദ്യ ഡിസ്കഷൻ തുടങ്ങുന്നത് 2016 ലാണ്. 2018 ലെത്തുമ്പോഴാണ് ഞങ്ങൾക്ക് നല്ലൊരു നിർമാതാവിനെ കിട്ടുന്നത്. അവർ പറഞ്ഞ ഒരേയൊരു നിബന്ധന സ്ക്രിപ്റ്റിൽ എഴുതി വച്ചിരിക്കുന്നതു തന്നെ സിനിമയിൽ പകർത്തണമെന്നതാണ്. 2019 ൽ ഷൂട്ടിങ് പൂർത്തിയാക്കി. കോവിഡ്‌ രണ്ടുതരത്തിലാണ് ഞങ്ങളെ ബാധിച്ചത്. സിനിമ തിയറ്ററിൽ എത്താൻ മൂന്നുവർഷം കാത്തിരിക്കേണ്ടി വന്നു. പക്ഷേ പോസ്റ്റ് പ്രൊഡക്‌ഷൻ ടീം ആ സമയം നന്നായി ഉപയോഗിച്ചു. ഈ സിനിമയ്ക്കു വേണ്ടി അവർ ഒരുപാട് ബുദ്ധിമുട്ടി. അതുകൊണ്ടുതന്നെ ചിത്രം അതിന്റെ പൂർണതയിലേക്ക് എത്തുമ്പോൾ, അതിന്റെ ക്വാളിറ്റിയിലും വളരെയധികം മാറ്റം ഉണ്ടായി. ഞങ്ങൾ വിചാരിച്ചതിനേക്കാൾ ഒരുപാട് മുകളിലാണത് എത്തിനിൽക്കുന്നതും. അതിൽ വളരെ സന്തോഷമുണ്ട്.

pyaali-

 

പ്യാലി എന്ന ഈ പേരിലേക്ക്?

pyaali-2

 

ഒരു സിനിമയ്ക്കു പേരിടുമ്പോൾ ശ്രദ്ധിക്കണം എന്ന ചിന്ത മുൻപേ ഉണ്ടായിരുന്നു. ഒരുപാടു വർഷങ്ങൾ കഴിഞ്ഞ് അതേപ്പറ്റി ആരെങ്കിലും ഓർക്കുമ്പോഴും അതിൽ ഓർത്തിരിക്കാൻ എന്തെങ്കിലും ഒരു എലമെന്റ് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഈ പേര് സെലക്ട് ചെയ്തപ്പോൾ അതാണ് ആദ്യം മനസ്സിൽ വന്നത്. ഒരു കശ്മീരി പെൺകുട്ടിയുടെ കഥ പറയുന്ന ഈ സിനിമയുടെ രൂപം ഭർത്താവ് റിൻ ആണ് എന്നോടു പറയുന്നത്. അതുകൊണ്ടുതന്നെ കശ്മീരി പേരു വരുന്ന രീതിയിലുള്ള പേരുകൾ തിരഞ്ഞു. അതിനിടെ 'പ്യാലി' എന്നത് കേൾക്കുകയും അതുതന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. പേരിട്ടതിനുശേഷം ആണ് 'പ്യാലിയുടെ' അർഥം അറിയുന്നത്. വളരെ മനോഹരമായ ഒരു പേരാണതെന്ന് മനസ്സിലാക്കിയപ്പോൾ വളരെ സന്തോഷം തോന്നി. 'പ്യാലി ഏക് ചായ് ലെ ലോ' 'സ്നേഹത്തോടെ ഒരു കപ്പ് ചായ തരൂ' എന്നൊക്കെ നോർത്ത് ഇന്ത്യയിൽ പറയുന്നതാണല്ലോ. അത്രയും കാവ്യാത്മകമായ ഒരു പേരായതു കൊണ്ടും സന്തോഷം തോന്നി.

 

ബാർബിയിലേക്ക്?

pyali-trailer

 

സിനിമയുടെ ആദ്യ ഡിസ്കഷൻ മുതൽ ഞങ്ങൾ മനസ്സിൽ കണ്ട രൂപവും ഭാവവുമുള്ള ഒരു പെൺകുട്ടിക്കായുള്ള അന്വേഷണം തുടങ്ങിയിരുന്നു. പിന്നീടുള്ള ഞങ്ങളുടെ യാത്രകളിലെല്ലാം പ്യാലിയെ ഞങ്ങൾ തിരഞ്ഞുകൊണ്ടേയിരുന്നു. അവളുടെ ഓരോ പെരുമാറ്റ രീതി പോലും ഞങ്ങളുടെ മനസ്സിൽ ഉള്ള അതേ പോലെ തന്നെ വരണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് ഓഡിഷനും നടത്തി. പക്ഷേ അപ്പോഴും ഈ ക്യാരക്ടറിനു പറ്റിയ കുട്ടികളെ കിട്ടിയില്ല. അപ്പോഴാണ് നിർമാതാവ് സോഫി ഒരു പരസ്യം എനിക്ക് അയച്ചു തന്നതും ആ പരസ്യത്തിലെ കുട്ടിയെ ഒന്നു ശ്രദ്ധിക്കാൻ പറയുന്നതും. കഥ പറഞ്ഞപ്പോൾ സോഫി ചേച്ചി അതിലെ ക്യാരക്ടറിനെ മനസ്സിൽ കണ്ടു എന്നാണ് ഞങ്ങൾക്കപ്പോൾ മനസ്സിലായത്. കാരണം ഞങ്ങൾ പറഞ്ഞത് അനുസരിച്ചുള്ള ഒരു രൂപമാണ് ആ കുട്ടിക്ക് ഉണ്ടായിരുന്നത്. പിന്നീട് ഞങ്ങൾ ബാർബിയെ കോൺടാക്ട് ചെയ്യുകയും കഥ അയച്ചുകൊടുക്കുകയും ചെയ്തു. അവർക്ക് കഥ ഇഷ്ടപ്പെട്ടതോടെ ബോംബെയിൽ പോയി ബാർബിയെ നേരിട്ട് കാണുകയും ഓഡിഷൻ നടത്തി ആ കുട്ടിയെ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

pyali

 

ബാർബി 'പ്യാലി' ആയപ്പോൾ?

 

ബാർബി ആദ്യമായിട്ടാണ് ഒരു മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്നത്. നിരവധി പരസ്യങ്ങളിലും സിനിമകളിലും അവൾ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒരു മലയാള ചിത്രത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. ഒരു കുഞ്ഞുമോൾ സിനിമയിലെ നായിക ആയി, അല്ലെങ്കിൽ മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നതിന്റെ വിഷമം എല്ലാവർക്കും മനസ്സിലാകുമല്ലോ. രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടിയെ വെയിലത്ത് അല്ലെങ്കിൽ ലൈറ്റിനു മുൻപിൽ നിർത്തുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള പ്രക്രിയ തന്നെയാണ്. മുതിർന്നവരെപ്പോലെ അവരെ പെട്ടെന്ന് ഷൂട്ട് ചെയ്ത് തീർക്കാനും ബുദ്ധിമുട്ടുണ്ട്. എങ്കിലും അവൾ നന്നായി സഹകരിച്ചു. അതു തന്നെയാണ് ഈ സിനിമയുടെ വിജയവും. 

 

ബാർബിക്ക് സംസ്ഥാന പുരസ്കാരം

 

അവൾ വളരെ കഴിവുള്ള ഒരു പെൺകുട്ടി തന്നെയാണ്. ഒരു കുട്ടി അഭിനേതാവ് എന്ന നിലയിൽ അവളെ മാറ്റിനിർത്തേണ്ട കാര്യമില്ല. ഒപ്പം പറയേണ്ട മറ്റൊന്നു കൂടിയുണ്ട്. എൻ.എഫ്‌. വർഗീസ് സാറിന്റെ ഭാര്യ ഒരു റേഡിയോ പ്രോഗ്രാമിന് ഇടയിൽ അദ്ദേഹത്തിന്റെ നടക്കാതെ പോയ ഒരു ആഗ്രഹമായി പറഞ്ഞു കേട്ടത് അദ്ദേഹത്തിന് സ്റ്റേറ്റ് അവാർഡുകൾ ഒന്നും കിട്ടിയിട്ടില്ല എന്നതാണ്. അത് അദ്ദേഹത്തിന്റെ മനസ്സിൽ വിഷമമായി അവശേഷിച്ചിട്ടുണ്ടാവും. പിറ്റേന്ന് അദ്ദേഹത്തിന്റെ മകൾ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന് രണ്ടു സ്റ്റേറ്റ് അവാർഡുകൾ കിട്ടിയപ്പോൾ അദ്ദേഹത്തിനുള്ള നമ്മുടെ ഡെഡിക്കേഷൻ പോലെയാണ് എനിക്കു തോന്നിയത്. അവർ നിർമിച്ച സിനിമയ്ക്ക് അവാർഡ് കിട്ടുന്നത് നമുക്കു കിട്ടുന്നതിനേക്കാൾ സന്തോഷമായാണ് കരുതുന്നത്. ഒരുപാട് ചിത്രങ്ങൾ ഇത്തവണ മത്സരത്തിന് ഉണ്ടായിരുന്നു. അതിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾത്തന്നെ വലിയ സന്തോഷം തോന്നി. ചിത്രത്തിൽ ഞങ്ങളുടെ കൂടെ നിന്നു പ്രവർത്തിച്ച എല്ലാവരും ഒരേ മനസ്സോടുകൂടി നിന്നതു കൊണ്ടാണ് ഈ ചിത്രം ഇത്രയും നന്നായി പുറത്തിറക്കാൻ കഴിഞ്ഞത്. ശരിക്കും ഒരു ടീം വർക്കിന്റെ വിജയമാണത്.

 

ദുൽഖർ സൽമാൻ വിതരണം ഏറ്റെടുക്കുമ്പോൾ?

 

പ്യാലി കണ്ടതിനു ശേഷം ദുൽഖർ സൽമാൻ പറഞ്ഞത് ഈ സിനിമ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നാണ്. അദ്ദേഹത്തിന്റെ മനസ്സിൽ ഈ ചിത്രം തങ്ങി നിൽക്കുന്നുവെന്നുമാണ്. വളരെ യാദൃച്ഛികമായാണ് ഈ ചിത്രം അദ്ദേഹത്തിലേക്ക് എത്തുന്നത്. അദ്ദേഹം അത് കാണുകയും വിതരണം ഏറ്റെടുക്കുകയും ചെയ്തപ്പോൾ സന്തോഷം തോന്നി. വലിയ അനുഗ്രഹമായാണ് അതിനെ ഞങ്ങൾ കാണുന്നതും. ചില സിനിമകൾ നാം കണ്ടു കഴിഞ്ഞാൽ അപ്പോൾത്തന്നെ മറന്നു പോകാറുണ്ട്. പക്ഷേ ഈ ചിത്രം ആരുടെയൊക്കെയോ മനസ്സിൽ തങ്ങി നിൽക്കുന്നുവെന്നറിയുമ്പോൾ വളരെയധികം സന്തോഷമാണ്. അത് ഞങ്ങൾക്ക് കിട്ടുന്ന വലിയ അംഗീകാരമായാണ് ഞങ്ങൾ കണക്കാക്കുന്നതും.

 

'പ്യാലി' തിയറ്ററിൽ എത്തുമ്പോൾ?

 

ആളുകൾ തിയറ്ററിലേക്ക് വരുന്നില്ല എന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഒരു സിനിമ 100 ശതമാനം ആത്മാർഥതയോടു കൂടി ഏറ്റവും നല്ല ഒരു ചിത്രമാക്കി പ്രേക്ഷകർക്ക് കൊടുക്കുമ്പോൾ ഒരുപക്ഷേ അവർ തിയറ്ററിൽ എത്തും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പ്യാലി കാണാൻ എത്തുന്ന ഒരാൾ പോലും പൈസ പോയെന്നു പറയുമെന്നു തോന്നുന്നില്ല. ആ ഒരു ഉറപ്പ് എനിക്ക് തരാൻ കഴിയും. ഒരു നല്ല സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് കാണാൻ പറ്റിയ ഒരു ചിത്രമാണ് ഇതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇനി അഥവാ ആർക്കെങ്കിലും ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കിൽ അത് അംഗീകരിക്കാനും അവരുടെ പ്രതികരണം കേൾക്കാനും ഞാൻ തയാറാണ്. ഞങ്ങൾ ഞങ്ങളുടെ നൂറ് ശതമാനം ഡെഡിക്കേഷനും ഈ ചിത്രത്തിനു വേണ്ടി കൊടുത്താണ് സിനിമയോടൊപ്പം നിൽക്കുന്നത്. ഒരു പുഞ്ചിരിയോടുകൂടി തിയറ്ററിൽ നിന്നിറങ്ങാൻ പറ്റുന്ന ഒരു ചിത്രമാകും 'പ്യാലി'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com