ADVERTISEMENT

സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നുവേണ്ട കേരള കലാ സംസ്കാരിക മണ്ഡലത്തിലെ വിവിധ മേഖലകളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാൽ.  വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ പകർന്നാടിയ അദ്ദേഹം ആദ്യമായി ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് മനോരമ മാക്‌സിൽ റിലീസ് ചെയ്ത  "ഇൻ".  പെൻഷൻ പറ്റാൻ ഒരു വർഷം മാത്രം ബാക്കിയുള്ള ഏറെ അനുഭവപരിചയമുള്ള ഇരുത്തം വന്നൊരു പൊലീസുകാരന്റെ കഥാപാത്രം മധുപാൽ ശ്രദ്ധേയമാക്കി. രാജേഷ് നായർ സംവിധാനം ചെയ്ത് ദീപ്തി സതി നായികയായെത്തിയ 'ഇൻ' എന്ന ത്രില്ലർ ഒരു പ്രേക്ഷകരെ ത്രില്ലടിപ്പിച്ചതിലുപരി ഓരോ നിമിഷവും ഭയം വാരി വിതറുകയായിരുന്നു.  പൊലീസ് വേഷം തനിക്കിണങ്ങുമെന്ന് ഇതുവരെ കരുതിയിട്ടില്ലെന്നും ആദ്യമായി ചെയ്ത പൊലീസ് വേഷം സംതൃപ്തി തരുന്നുവെന്നും മധുപാൽ പറയുന്നു. ‘ഇൻ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി മധുപാൽ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

  

ആദ്യമായെത്തിയ പൊലീസ് വേഷം 

 

പൊലീസ് വേഷം എന്റെ ശരീരത്തിന് പറ്റില്ല എന്ന് സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലം മുതൽ ഞാൻ കരുതിയിരുന്നു. സിനിമയിൽ കണ്ടുവരുന്ന പൊലീസുകാർ റഫ് ആൻഡ് ടഫ് ആണ്, അവർ നല്ല ശാരീരിക ക്ഷമതയുള്ള മാസിൽമാന്മാർ ആയിരിക്കും. ചിലർ നെഗറ്റീവ് ആണെങ്കിൽ അങ്ങേയറ്റത്തെ നെഗറ്റീവ് കഥാപാത്രങ്ങൾ. സോഫ്റ്റ് ആയ പൊലീസ് ഓഫിസർ, ഐജി, ഡിജിപി തുടങ്ങിയവരാകും അവർ അധികം സീനുകളിൽ ഉണ്ടാകില്ല. നായക കഥാപാത്രമാകുന്ന പൊലീസുകാർ വലിയ ഹീറോയിസം കാണിക്കുന്നവർ ആകും.  ഡിജിപി ഐജി തുടങ്ങിയ കഥാപാത്രങ്ങൾ ചെയ്യാനുള്ള പ്രായമോ മുഖമോ അല്ലായിരുന്നു എനിക്ക് പണ്ടുണ്ടായിരുന്നത്, ഒരു നെഗറ്റീവ് പൊലീസ് ആകാനും എന്റെ മുഖത്തിന് കഴിയില്ല എന്നായിരുന്നു എന്റെ തോന്നൽ. കഥ എഴുതുന്നവരും സംവിധായകരും ആ രീതിയിലായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക അതുകൊണ്ടാകണം അത്തരം കഥാപാത്രങ്ങളൊന്നും എന്നെ തേടി എത്തിയില്ല. പിന്നെ ഞാൻ എപ്പോഴും താടി വച്ചാണ് എല്ലാവരും കണ്ടിട്ടുള്ളത് അതും ഒരു കാരണമാകാം.

 

'ഇൻ' എന്ന സിനിമയുടെ കഥ പറയാൻ രാജേഷ് എന്റെ അടുത്ത് വരുമ്പോൾ തന്നെ ചേട്ടാ താടി എടുക്കുമല്ലോ എന്നാണ് ചോദിച്ചത്. കഥ കേട്ടപ്പോൾ എനിക്ക് താല്പര്യം തോന്നി തിരക്കഥ തരൂ ഞാൻ വായിക്കാം എന്ന് പറഞ്ഞു. പൊലീസ് വേഷം ചെയ്യാൻ ആദ്യമായി താല്പര്യം തോന്നാൻ മറ്റൊരു കാരണമുണ്ട്. ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി ഞാൻ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിൽ ഒരു പൊലീസ് ഓഫിസറുടെ മെന്റർ എന്നൊക്കെ പറയാവുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ഞാൻ തന്നെ ചെയ്താലോ എന്ന് ഞാൻ ആലോചിച്ചിരുന്നു.  അപ്പോഴാണ് രാജേഷ് ഈ സിനിമയെപ്പറ്റി പറയുന്നത്. എന്നാൽ പിന്നെ ഇവിടെ തന്നെ പരീക്ഷണം നടത്താം എന്ന് തോന്നി. കഥ എനിക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു. എന്തായാലും കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. കഥാപാത്രത്തോട് നീതിപുലർത്തി എന്നാണു എനിക്കും തോന്നുന്നത്.അതിൽ സംതൃപ്തിയുണ്ട്.

 

madhupal-3

പടത്തിലെ ആദ്യത്തെ സീൻ തന്നെയാണ് ആദ്യം ഷൂട്ട് ചെയ്തത്. ആ സീൻ മുതൽ അഭിനയിച്ചു തുടങ്ങിയാൽ അതിന്റെ ചുവടുപിടിച്ച് പിന്നാലെ എന്ത് തരം ശരീരഭാഷ കൊണ്ടുവരണം എന്നൊരു ഐഡിയ കിട്ടും. ഏതു ലെവൽ വരെ ചെയ്യണമെന്നും കഥാപാത്രത്തിന്റെ മീറ്ററും തീരുമാനിക്കാൻ കഴിയും. പെൻഷൻ ആകാൻ ഇരിക്കുന്ന ഇരുത്തം വന്ന ഒരു കഥാപാത്രമാണ്, കൂടുതൽ റിസ്ക് എടുക്കുന്ന ഒരു പൊലീസുകാരനല്ല അപ്പോൾ അതിനനുസരിച്ചുള്ള ശരീരഭാഷ മതി. അത് അയാളുടെ ശരീരഭാഷയിലും ഭാവങ്ങളിലും ഞാൻ പകർത്തിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.  

 

മലയാളിയായ അതിഥി തൊഴിലാളി അബോയ് 

 

"ഇൻ" എന്ന സിനിമയിൽ എടുത്തു പറയേണ്ട ഒരു കഥാപാത്രം സൈക്കോ ആയി അഭിനയിച്ച കിയാൻ കിഷോറാണ്. അദ്ദേഹം പക്കാ മലയാളി ആണ്, പക്ഷേ സിനിമ കണ്ട ആരും തന്നെ അദ്ദേഹം ഒരു മലയാളി ആണെന്ന് പറയില്ല. ആൾക്ക് എന്ത് ചെയ്യാനും ഒരു മടിയുമില്ല എന്ന പ്രസ്താവനയെ ന്യായീകരിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.  അമിതാഭിനയം ഒന്നുമില്ലാതെ അബോയ് എന്ന കഥാപാത്രത്തെ അതിന്റെ പൂർണഭാവത്തിൽ ഉടലിലേക്ക് ആവാഹിക്കാൻ കിയാന് കഴിഞ്ഞു.

 

ദീപ്തി സതി എന്ന മിടുക്കി കുട്ടി 

 

സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരം ദീപ്തി സതി ആയിരുന്നു.  ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിന്റെ എല്ലാ സ്വഭാവവിശേഷങ്ങളും പ്രകടമാക്കിയ ഒരു കഥാപാത്രമായിരുന്നു ജെന്നി.  നൂറുശതമാനം കഥാപാത്രത്തോട് ഒട്ടിനിന്ന് ആ കഥാപാത്രത്തെ വിജയിപ്പിക്കാൻ ദീപ്തിക്ക് കഴിഞ്ഞു. ഡ്യൂപ് ഇല്ലാതെ ദീപ്തി ചെയ്ത ഫൈറ്റ് സീക്വൻസ് എല്ലാവരെയും വിസ്മയിപ്പിച്ചു. സിനിമയുടെ കഥ എഴുതിയ ആൾ തന്നെയായിരുന്നു ഫൈറ്റ് മാസ്റ്റർ. തന്റെ കഥയ്ക്ക് എന്താണ് വേണ്ടത് എന്ന് അറിഞ്ഞു തന്നെയാണ് മുകേഷ് രാജ സ്റ്റണ്ട് ഡയറക്‌ഷൻ ചെയ്തത്. ഒരു ഫൈറ്റർ ഒന്നും അല്ലാതിരുന്നിട്ടും അതിജീവനത്തിനായി എന്തും ചെയ്യുന്ന ഒരവസ്ഥയിൽ എങ്ങനെ ഒരു പെൺകുട്ടി പ്രതികരിക്കും എന്നുള്ളത് ചെയ്‌തു ഫലിപ്പിക്കാൻ ദീപ്തിക്ക് കഴിഞ്ഞു. 

 

നൂറു ശതമാനം ത്രില്ലർ 

 

തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ ഒരുപോലെ നിലനിർത്താൻ കഴിഞ്ഞ ഒരു സിനിമയാണ് 'ഇൻ'. തിരുവനന്തപുരം നഗരത്തിന്റെ ഔട്ട്സ്കർട്ടിൽ നടക്കുന്ന കൊലപാതകം ആയതുകൊണ്ട് തന്നെ ഈ സംഭവം നഗരത്തിൽ അധികം ഭയാശങ്ക സൃഷ്ടിക്കുന്നില്ല. നഗരത്തിൽ ആണെങ്കിൽ ഈ രീതിയിൽ അല്ല കഥ പറയുന്നത്. കാടുപിടിച്ച സ്ഥലങ്ങളും, വീടുപണി നടക്കുന്ന ഒഴിഞ്ഞ സ്ഥലങ്ങളും ഒറ്റപ്പെട്ട വീടുകളും ഒഴിഞ്ഞ വീടുകളുമൊക്കെയാണ് കാണിക്കുന്നത്.  അതുകൊണ്ടു തന്നെ അധികം ജനശ്രദ്ധ നേടാത്ത വാർത്തകളാണ് അതിനനുസരിച്ചുള്ള പേസ് ആണ് സിനിമയിൽ ഉടനീളം ഉള്ളത്. അത്തരത്തിലൊരു ത്രില്ലർ എടുത്ത് വിജയിപ്പിക്കാൻ രാജേഷ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

 

ഒരു സിനിമ എന്ന രീതിയിൽ 100 ശതമാനം നീതി പുലർത്തിയ സിനിമയായിട്ടാണ് എനിക്ക് തോന്നുന്നത്. കൃഷ്ണൻ, മഹേശ്വരി തുടങ്ങി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ മുതൽ ചെറിയ വേഷം ചെയ്തവർ വരെ വളരെ ഭംഗിയായി അഭിനയിച്ചു. സിനിമയുടെ ക്യാമറ വർക്കും സംഗീതവും എടുത്തുപറയേണ്ട കാര്യമാണ്. സിനിമയുടെ ത്രില്ലർ മൂഡ് നില നിർത്തുന്നതിൽ ഇവ രണ്ടും ഏറെ സഹായിച്ചു. സിനിമ കൂടുതൽ ആളിലേക്ക് എത്തണം എന്നാൽ മാത്രമേ വിചാരിച്ച രീതിയിൽ ശ്രദ്ധിക്കപ്പെടു.    

 

മികച്ച പ്രതികരണങ്ങൾ 

 

സിനിമയ്ക്ക് നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. എനിക്ക് പരിചയമില്ലാത്ത പൊലീസുകാർ എന്റെ നമ്പർ തപ്പിയെടുത്തു വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അവർ നിത്യജീവിതത്തിൽ കണ്ടുകൊണ്ടിരിക്കുന്ന പൊലീസുകാരുടെ ഒരു നേർക്കാഴ്ചയാണ് കാണിച്ചത് എന്നാണ് പറഞ്ഞത്. വർഷങ്ങളായി കേസുകൾ കണ്ടും പഠിച്ചും കേസുകൾ തെളിയിച്ചും ഇരുത്തം വന്ന പൊലീസുകാരനാണ് അയ്യപ്പൻ.  അങ്ങനെ ഒരു പൊലീസുകാരൻ ഒരു കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത കേട്ടാൽ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് അവർക്ക് അറിവുള്ളതാണല്ലോ. 

 

ഒട്ടും അമിതാഭിനയം ഇല്ല ഒരിക്കലും അഭിനയിക്കുകയാണെന്നു തോന്നില്ല.  ആദ്യം മുതൽ അവസാനം വരെ കഥാപാത്രത്തിന്റെ അതാത് സമയത്തുള്ള മാനസികാവസ്ഥ കൃത്യമായി അഭിനയിക്കുമ്പോഴുള്ള ഭാവവും ശരീരഭാഷയുമാണ് അവതരിപ്പിച്ചതെന്നാണ് അവർ പറഞ്ഞത്. മകൾ മരിച്ചു എന്ന് പറയുമ്പോൾ പോലും ഉള്ളിൽ നൊമ്പരമുണ്ടെങ്കിലും മറ്റൊരാൾ അലേർട്ട് ആകാൻ വേണ്ടിയാണ് അത് തുറന്നുപറയുന്നത്. സിനിമയെക്കുറിച്ചും നല്ല അഭിപായമാണ് കിട്ടുന്നത്. തിരുവനന്തപുരത്ത് ഒറ്റക്ക് താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥനായ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് സിനിമ പകുതി കണ്ടപോഴേക്കും വാതിൽ എല്ലാം അടച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കി എന്നാണ്. തുടക്കം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സിനിമ വിജയിച്ചു എന്നാണ് പൊതുവെയുള്ള പ്രതികരണം.

 

പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ 

 

പുതിയ ഒരു ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഞാനിപ്പോൾ. കഥ എഴുതിയതൊരു പഞ്ചാബി ആണ്. ഡൽഹിയിൽ നടക്കുന്ന ഒരു കഥയാണ് അപ്പോൾ അവിടെയുള്ള ഒരാൾ എഴുതിയാൽ നന്നാകും എന്ന് തോന്നി.  ഈ വർഷം അവസാനമാകുമ്പോഴേക്കും ഷൂട്ട് തുടങ്ങണം എന്നാണു കരുതുന്നത്. ഒരു വെബ് സീരീസ് ചെയ്യാനും തയാറെടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com