രണ്ടാം പകുതിയിൽ ഭൂമിക്കു 40 അടി താഴെയാണു കഥ: ഫഹദ് ഫാസിൽ അഭിമുഖം

fahadh
SHARE

ഫഹദ് ഫാസിൽ ഒരു പ്രത്യേക ജന്മമാണ്. സ്വന്തമായ വഴികൾ. സ്വന്തമായ സ്വപ്നങ്ങൾ. കൂടുതൽ വലിയ താരമാകാനുള്ള വഴികളിലേക്ക് ആളുകൾ വിളിച്ചുകൊണ്ടേയിരിക്കുമ്പോഴും സ്വന്തം പിടിവാശികളുമായി വേറെ കഠിന പാതകൾ താണ്ടിപ്പോകുന്നൊരു വാശിക്കാരൻ.

എന്താണ് ഇങ്ങനെ ? ‘‘എനിക്ക് ഇങ്ങനെയാകാനേ പറ്റൂ, അല്ലെങ്കിൽ ഇങ്ങനെയൊക്കെ മതി’’. ഫഹദിനു പറയാനും മടിയില്ല.

മലയൻ കുഞ്ഞ് എന്ന സിനിമ താനിതുവരെ യാത്ര ചെയ്യാത്ത വഴിയിലൂടെയുള്ള സിനിമയാണെന്നു ഫഹദ് പറയുമ്പോൾ അതു സിനിമ ഓടിക്കാനുള്ള വിദ്യയാണെന്നു പറയാനാകില്ല. കാരണം, ഇതിലും വലിയ വിദ്യകൾ അറിയാവുന്നൊരു മിടുക്കനാണ് അയാൾ. സിനിമയ്ക്കു തിരക്കഥ എഴുതിയ മഹേഷ് നാരാണനും ഒട്ടും മോശമല്ല. ഫഹദ് ഫാസിൽ സംസാരിക്കുകയാണ്,

∙ ഇതു വളരെ മുൻപു തുടങ്ങിയ സിനിമയല്ലേ.

ലോക്ഡൗൺ കാലത്തു ഒടിടിക്കു വേണ്ടി തുടങ്ങിയതാണു മലയൻ കുഞ്ഞ്. അധികം യാത്ര ചെയ്യാതെയുള്ളൊരു സിനിമ. കോവിഡിന്റെ മൂർധന്യത്തിലാണ് ഇതിനേക്കുറിച്ച് ആലോചിച്ചു ഷൂട്ടു ചെയ്യാൻ തുടങ്ങിയത്. ആദ്യ പകുതി ഷൂട്ടു ചെയ്തു കഴിഞ്ഞ ഉടനെ എനിക്കൊരു അപകടം പറ്റി. പിന്നെ ഞാൻ ഈ സിനിമയിലേക്കു തിരിച്ചെത്തിയത് 8 മാസത്തിനു ശേഷമാണ്. അപ്പോഴേക്കും അന്തരീക്ഷം വല്ലാതെ മാറിയിരുന്നു. സാധാരണ പോലെ ഷൂട്ടു ചെയ്യാവുന്ന അവസ്ഥ വന്നിരുന്നു. ഇതൊരു വല്ലാത്ത സിനിമയാണ്. ആദ്യ പകുതി സാധാരണപോലെയുള്ള സിനിമ. രണ്ടാം പകുതിയിൽ ഭൂമിക്കു 40 അടി താഴെയാണു സിനിമ നടക്കുന്നത്.തനിക്കു ജീവിതത്തിൽ സഹിക്കാനാകാത്ത ശല്യമായിത്തോന്നിയൊരു ശബ്ദം രണ്ടാം പകുതിയിൽ അയാളുടെ പ്രതീക്ഷയായി മാറുന്നു.

∙ കുടുംബങ്ങളിൽ ഏറെ സ്വീകാര്യതയുള്ളൊരു താര പ്രഭ താങ്കൾക്കുണ്ടെന്നതു മറക്കാറുണ്ടോ.

എന്റെ വിജയിച്ച മിക്ക സിനിമയും നോക്കിയാൽ അതിൽ ചീത്തയിൽനിന്നു നല്ലതിലേക്കു വരുന്നൊരു ചിത്രമുണ്ട്. ഈ യാത്രയ്ക്കുവേണ്ടി പലയിടത്തേക്കും കഥാപാത്രം യാത്ര ചെയ്യുന്നു. ഞാ‍ൻ പ്രകാശനിൽ പാലക്കാടുനിന്നു എറണാകുളത്തേക്കു വരുന്നു.ചാപ്പാ കുരിശിലും വരത്തനിലും ട്രാൻസിനുമെല്ലാം ഇത്തരം യാത്രയുണ്ട്. നല്ലതിലേക്കുള്ള ആ തിരിച്ചുവരവാണു പലപ്പോഴും കാണുന്നവരെ സന്തോഷിപ്പിക്കുന്നത്. മലയൻകുഞ്ഞും അത്തരമൊരു യാത്രയാണ്. അതു ഭൂ നിരപ്പിൽനിന്നു താഴേക്കാണെന്നു മാത്രം. എന്നെ സ്നേഹിക്കുന്നവർ എന്റെ യാത്രയ്ക്കൊപ്പം നടന്നവരാണ്.

∙ സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്.

ഒടിടിക്കു വേണ്ടി ചെയ്ത സിനിമയായിരുന്നു ഇത്. എല്ലാം കഴിഞ്ഞു സിനിമ കണ്ടപ്പോൾ തോന്നി ഇതു ജനം കണ്ടിരിക്കേണ്ടൊരു തിയറ്റർ അനുഭവമാണെന്ന്. സാധാരണ സിനിമ അറിയിപ്പെടുന്നതു താരങ്ങളിലൂടെയാണ്. എന്നാൽ മലയൻ കുഞ്ഞ് എന്ന സിനിമയിൽ സിനിമോട്ടോഗ്രാഫിയും ശബ്ദവും സംഗീതവും കലാ സംവിധാനവും കഴിഞ്ഞ ശേഷമേ നടനേക്കറിച്ചു ചിന്തിക്കാനാകൂ. ഈ സിനിമ നിർമിച്ചത് എന്റെ ബാപ്പ ഫാസിലാണ്. ഇത്രയേറെ പ്രതിഭകളെ ചെറിയ സ്ക്രീനിൽ ഒതുക്കിയാൽ പോരെന്നു പറഞ്ഞതു ബാപ്പയും കൂടിയാണ്. എനിക്കു കൂടുതൽ കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കിൽ ആദ്യ പകുതി ഒടിടിയിലും രണ്ടാം പകുതി തിയറ്ററിലും റിലീസ് ചെയ്യുമായിരുന്നു.

∙നടൻ താരമാകാത്ത ഇത്തരമൊരു കഥ ചെയ്യാൻ തീരുമാനിച്ചത് എങ്ങനെയാണ്.

രണ്ടു ദുരന്തങ്ങളുടെ ഇടയിൽനിന്നാണ് ഈ സിനിമയുടെ കഥ ഉണ്ടായത്. കോഴിക്കോട് വിമാനാനാപകടവും പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തവും. അടുത്തടുത്ത ദിവസങ്ങളിലാണ് ഇതുണ്ടായത്. പെട്ടിമുടിയിൽ തന്റെ വീട്ടുകാരെ തേടി ഒരു നായ ദിവസങ്ങളോളം പൊലീസുകാർക്കൊപ്പം തിരിച്ചിലിനു കൂടെയുണ്ടായിരുന്നു. അവസാനം പൊലീസുകാർ ആ നായയെ കൊണ്ടുപോയി. അകപ്പെട്ടുപോയവരോടുള്ള സ്നേഹമാണവിടെ കണ്ടത്. അകപ്പെട്ടുപോയവനു വേണ്ടിയുള്ള വെമ്പലും ആകാംഷയും പറഞ്ഞറിയിക്കാനാകില്ല. എന്നാൽ പെട്ടുപോയവന്റെ മനസ്സ് നാം കാണുന്നേയില്ല. ഇതു പെട്ടുപോയവന്റെ ജീവിതമാണ്. ഇത്തരമൊരു ജീവിതത്തിൽ താരമില്ലല്ലോ. ഈ സിനിമ കാണുമ്പോഴറിയാം ഇതിൽ ജോലി ചെയ്ത ഓരോരുത്തരുടേയും മുദ്ര അതിലുണ്ടെന്ന്.

∙ഫഹദ് കുറച്ചുകാലമായി നിർമാണത്തിലേക്കു കൂടുതൽ ശ്രദ്ധിക്കുന്നതായി തോന്നുന്നു.

ഈ സിനിമ 8 മാസത്തെ ഷൂട്ട് നിർത്തിവച്ച ശേഷമാണു വീണ്ടും തുടങ്ങിയത്. ഒരു നിർമാതാവിനു അതുമായി പൊരുത്തപ്പെടാനാകില്ല. ഞാൻതന്നെ നിർമിക്കുമ്പോൾ അതിലുള്ള സ്വാതന്ത്ര്യം എന്നെ വല്ലാതെ കംഫർട്ടബിളാക്കുന്നു.ആരോടും ഉത്തരം പറയേണ്ടല്ലോ.ഞാനാ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മലയൻ കുഞ്ഞ് ഷൂട്ട് ചെയ്തതു 100 ദിവസമാണ്. അതിൽ 40 ദിവസമേ മറ്റു താരങ്ങളുള്ളു. 60 ദിവസവും ഞാൻ മാത്രമാണ് അഭിനയിച്ചത്. ബാപ്പ നിർമാതാവായതുകൊണ്ടാണ് എനിക്കിഷ്ടവും സാഹചര്യവുമുള്ള സമയത്തുപോയി ഈ ജോലി തീർക്കാനായത്.

vikram-fahadh

∙ വിക്രവും പുഷ്പയും ഫഹദിനെ വേറെയൊരു തലത്തിൽ എത്തിച്ചതായി തോന്നിയിട്ടുണ്ടോ.

അഭിനേതാവ് എന്ന നിലയിൽ ഇല്ല. പക്ഷേ ബിസിനസ് പരമായി ഉണ്ടെന്നു പറയാം. ഇവിടെ ചെയ്യുന്നതു മാത്രമേ അവിടേയും ഞാൻ ചെയ്തിട്ടുള്ളു. തെലുങ്കിനും തമിഴിനും വേണ്ടി പ്രത്യേകമായി അഭിനയ രീതി ഉണ്ടാക്കിയിട്ടല്ല. ഈ രണ്ടു പ്രോജക്റ്റിലും എന്റെ സുഹൃത്തുക്കൾ ഏറെയുണ്ട്. അതുകൊണ്ടുകൂടിയാണ് അഭിനയിച്ചത്. പിന്നെ ഇത്ര വലിയ പ്രതിഭകളുടെ കൂടെ ജോലി ചെയ്യുക എന്നതു വലിയ കാര്യമല്ലേ. അതുകൊണ്ടുതന്നെ അതിനുവേണ്ടി ഞാൻ പറ്റുന്നതെല്ലാ ചെയ്യും. പുഷ്പയും വിക്രവുമെല്ലാം ഞാൻ ചെയ്തതു മലയാളത്തിലെ കാണികൾക്കു വേണ്ടിയാണ്. എന്റെ സിനിമ മലയാള സിനിമ മാത്രമാണ്. ബാക്കിയെല്ലാം അവരുടെ സിനിമയാണ്. ഞാനതിൽ അഭിനയിക്കുന്നു എന്നു മാത്രം.

∙ മലയൻകുഞ്ഞ് വല്ലാതെ കഷ്ടപ്പെട്ട സിനിമയാണെന്നു ഫഹദ് പറഞ്ഞല്ലോ.

അതെ, ഇതിന്റെ സെറ്റുതന്നെ വളരെ വ്യത്യസ്തമാണ്. സാധാരണ ദിവസേന 8 മണിക്കൂർ ഷൂട്ടു ചെയ്യുമ്പോ‍ൾ ഇതു 4 മണിക്കൂറാണ് ഷൂട്ടു ചെയ്തത്. സെറ്റിനകത്തേക്കു ഇഴഞ്ഞു വേണം കടക്കാൻ. അവിടെയിരുന്നു ജോലി ചെയ്യുന്ന ഓരോരുത്തും ഇങ്ങനെ കടക്കണം. മാറിയിരിക്കാനും മറ്റും വലിയ പ്രയാസമാണ്. വേണ്ടത്ര ലൈറ്റോ വെളിച്ചമോ ഇല്ലാതെയാണ് ഓരോരുത്തരും ജോലി ചെയ്തത്. ഓരോ ദിവസവും തളർന്നു പോയിരുന്നു. ഞാൻ മാത്രമല്ല, ഓരോരുത്തരും. ജീവിതത്തിൽ ഒരിക്കലും ഇത്രയും കഠിനമായ അനുഭവത്തിലൂടെ ഞാ‍ൻ കടന്നുപോയിട്ടില്ല.

malayankunjue

∙ കോവിഡ് കാലത്ത് ഒടിയിലേക്കായതുകൊണ്ടാണോ ഇത്തരമൊരു സിനിമ ചെയ്യാൻ സമ്മതിച്ചത്.

ഞാനുമായി ചേർന്നു നിൽക്കുന്നവരുടെ കൂടെ ചെയ്യുന്ന സിനിമ ഞങ്ങൾ ഒരുമിച്ച് ഇരിക്കുന്നതിലൂടെ ഉണ്ടായതാണ്. പെട്ടിമുടിയിലെ രാക്ഷാപ്രവർത്തനത്തേക്കുറിച്ചു മഹേഷ് നാരായണൻ സംസാരിച്ചതു പിന്നീടു ഈ സിനിമയായി വളരുകയായിരുന്നു. അഖിൽ സത്യനുമായി ചേർന്നു ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കുമെന്ന സിനിമ എനിക്കുവേണ്ടി എഴുതിയ സിനിമയല്ല. ആർക്കോ വേണ്ടി എഴുതിയ സിനിമയാണ്. സുഹൃത്ത് എന്ന നിലയിൽ കഥ പറയാൻ അഖിൽ വന്നു. കേട്ടപ്പോൾ അറിയാതെ എന്റെ മുഖത്തുണ്ടായ താൽപര്യം കൊണ്ടാകണം നമുക്കു ചെയ്യാമോ എന്നു ചോദിച്ചു. അത് എന്റെ കൂടെ മനസ്സായിരുന്നു. പാച്ചുവും അത്ഭുത വിളക്കും അങ്ങനെ പരസ്പരം സംസാരിച്ചു വളർന്നുണ്ടായ സിനിമയാണ്. എന്റെ സിനിമകളി‍ൽ എനിക്കിഷ്ടപ്പെട്ട പല സിനിമയും ഇതുപോലെ വളർന്നു വന്ന സിനിമകളാണ്.എനിക്കു വേണ്ടി എഴുതപ്പെട്ടവയല്ല.എനിക്കിഷ്ടവും ഇതുപോലെ കൂടെയിരുന്നുവളർന്നു വരുന്ന സിനിമകളാണ്. മലയൻകുഞ്ഞിനെ ഞാൻ സ്നേഹിക്കുന്നതും അതുകൊണ്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS