ADVERTISEMENT

മിന്നൽ മുരളി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ഗുരു സോമസുന്ദരം. അദ്ദേഹത്തിന്റെ തിരസാന്നിധ്യവും പ്രത്യേക ശൈലിയിലുള്ള സംഭാഷണരീതിയും ഏറെ ആരാധകരെ കേരളത്തിൽ നേടിയിരുന്നു. ഏറെ ആഘോഷിക്കപ്പെട്ട മിന്നൽ മുരളിയിലെ കഥാപാത്രത്തിനു ശേഷം രസകരമായ വേഷപ്പകർച്ചയുമായി ഗുരു സോമസുന്ദരം വീണ്ടുമെത്തുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ ജൂലൈ 22ന് റിലീസ് ആകുന്ന 'മീം ബോയ്സ്' എന്ന തമിഴ് വെബ്സീരീസിൽ അല്പം 'റഫ് ആന്റ് ടഫ്' ആയ കോളജ് ഡീനിന്റെ കഥാപാത്രമാണ് ഗുരു സോമസുന്ദരം അവതരിപ്പിക്കുന്നത്. അരുൺ കൗശിക് സംവിധാനം ചെയ്തിരിക്കുന്ന വെബ്സീരീസിൽ 96 ഫെയിം ആദിത്യ ഭാസ്കർ, നമ്രത, ജയന്ത്, സിദ്ധാർത്ഥ്, ഭടവ ഗോപി, ലത വെങ്കട്ടരാമൻ ശ്രീഗണേശ്, നിഖിൽ നായർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. പുതിയ വെബ്സീരീസിന്റെ വിശേഷങ്ങളുമായി ഗുരു സോമസുന്ദരം മനോരമ ഓൺലൈനിൽ.

 

വലച്ചത് ഇംഗ്ലിഷ് ഡയലോഗുകൾ

 

അടിസ്ഥാനപരമായി ഞാനൊരു തിയറ്റർ ആർടിസ്റ്റാണ്. കൂത്തുപട്ടരൈ എന്ന തിയറ്റർ ഗ്രൂപ്പുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വ്യക്തിയാണ്. എനിക്ക് കൂടുതൽ അനുഭവപരിചയമുള്ളത് തിയറ്ററിലാണ്. വേറിട്ട കഥാപാത്രങ്ങൾ തിയറ്റർ ചെയ്യുമ്പോൾ പരീക്ഷിക്കാറുണ്ട്. അങ്ങനെയൊരു കഥാപാത്രത്തെ സൂക്ഷ്മമായി സ്വാംശീകരിക്കുന്നതിനുള്ള വഴികൾ തിയറ്റർ പരിചയത്തിലൂടെ സ്വായത്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങൾ വെല്ലുവിളിയല്ല. 

 

മീം ബോയ്സിൽ ഒരു കോളജ് ഡീനിന്റെ കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്നത്. നിറയെ ഇംഗ്ലിഷ് ഡയലോഗുകളുണ്ട്. എന്റെ ഇംഗ്ലിഷ് ഉച്ചാരണമാണെങ്കിൽ അത്ര പോരാ! ഞാൻ പഠിച്ചത് ഡിപ്ലോമയാണ്. ഈ വെബ് സീരിസിലാണെങ്കിൽ നിറയെ ഇംഗ്ലിഷ് ഡയലോഗുകളും. ഒടുവിൽ ഞാൻ തിരക്കഥാകൃത്തിനോട് പറഞ്ഞ് ഇംഗ്ലിഷ് ഡയലോഗുകൾ വെട്ടിക്കുറച്ചു. അക്കാര്യത്തിൽ വലിയ റിസ്ക് എടുക്കാൻ പറ്റില്ല. എന്തൊക്കെ പറഞ്ഞാലും ഞാനൊരു മധുരൈക്കാരൻ. മധുരൈയിലെ ഒരാൾ ഇംഗ്ലിഷ് പറയുന്ന പോലെയേ എനിക്ക് ഇംഗ്ലിഷ് പറയാൻ അറിയൂ. അതുകൊണ്ട്, ഞാൻ കുറെ പറഞ്ഞാണ് ആ ഇംഗ്ലിഷ് ഡയലോഗുകൾ കുറെയെങ്കിലും തമിഴിലേക്ക് മാറ്റിയത്. വെല്ലുവിളി എന്നു പറയാൻ ഇതു മാത്രമായിരുന്നു. 

 

ന്യൂജെൻ അഭിനേതാക്കൾക്കൊപ്പം ചേരുമ്പോൾ‍‍‍ 

 

പുതിയ തലമുറയിലെ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ അവർ എങ്ങനെയാണ് ആ വേഷം ചെയ്യുന്നത്... എന്താണ് ചിന്തിക്കുന്നത്... മറ്റുള്ളവരുടെ അഭിനയത്തെ അവർ എങ്ങനെയാണ് വിലയിരുത്തുന്നത്... അവർക്കൊപ്പം എങ്ങനെ അഭിനയിക്കാം തുടങ്ങിയ കാര്യങ്ങളിലാകും എന്റെ ശ്രദ്ധ. അവർക്കൊപ്പം കൂടി ഇംപ്രൂവൈസ് ചെയ്ത് എങ്ങനെ മെച്ചപ്പെടുത്താമെന്നായിരുന്നു ഞാൻ ആലോചിച്ചതും പ്രവർത്തിച്ചതും. കൂത്തുപട്ടരൈയിൽ അഭിനയക്കളരികൾ ചെയ്യാറുണ്ടായിരുന്നു. അത്തരത്തിൽ ഒരു പരിശീലകൻ കൂടിയാണ് ഞാൻ. ആ തിയറ്റർ ഗ്രൂപ്പിനു വേണ്ടി അഞ്ചാറും ആക്ടിങ് കോഴ്സുകൾ ഡിസൈൻ ചെയ്തു പരിചയവുമുണ്ട്. 

 

അതുകൊണ്ട്, ഞാനൊരു സിനിമയിൽ അഭിനയിക്കുമ്പോൾ എന്റെ കൂടെ അഭിനയിക്കുന്നവരെയും ഞാൻ എനിക്കൊപ്പം ചേർക്കും. കാരണം, സിനിമ എന്നത് ഏകാംഗ അവതരണമല്ലല്ലോ. അതിൽ ഒരാളല്ല, എല്ലാവരും നന്നാകണം. അതുകൊണ്ട്, ഞാനെല്ലാവരെയും ചേർത്തു പിടിച്ചു കൊണ്ടു പോകാൻ ശ്രദ്ധിക്കാറുണ്ട്. 96ൽ ശ്രദ്ധേയമായ വേഷം ചെയ്ത ആദിത്യ ഭാസ്കർ ഈ വെബ്സീരീസിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭാസ്കർ സാറിനൊപ്പം ഞാൻ ജയ് ഭീം എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ട്. ഇപ്പോൾ മകനൊപ്പവും നല്ല സൗഹൃദമായി. 

 

പ്രേക്ഷകർക്ക് കണക്ട് ആകുന്ന കഥ

 

ഇത് മീമുകളുടെ കാലം. എല്ലാവരും മീമുകൾ ഉണ്ടാക്കുന്നു. ഷെയർ ചെയ്യുന്നു, ആസ്വദിക്കുന്നു. എന്നെക്കുറിച്ച് ആരോ ഒരു മീം സൃഷ്ടിച്ചെന്നു കരുതുക. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നെക്കുറിച്ചുള്ള മീം പൊതു ഇടത്തിൽ വലിയ ചർച്ചയായി മാറി. ഞാൻ എന്തു ചെയ്യും? എങ്ങനെ പ്രതികരിക്കും? അതുപോലൊരു സംഭവം ഈ വെബ്സീരീസിലെ കോളജിൽ നടക്കുന്നു. ആ കോളജിലെ ഡീൻ ആണ് എന്റെ കഥാപാത്രം. ഡീനിനെ കളിയാക്കി മീമുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഇതുമൂലം അസ്വസ്ഥനാകുന്ന ഡീൻ ചെയതു കൂട്ടുന്ന കാര്യങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്. 

 

ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ വെവ്വേറെ പ്രശ്നങ്ങളുണ്ട്. ജീവിതത്തിലും കരിയറിലും ഇവർ നേരിടുന്ന പ്രശ്നങ്ങളും ചർച്ചയാകുന്നു. പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റുന്ന സാഹചര്യങ്ങളും ജീവിതങ്ങളുമാണ് വെബ്സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. മുതിർന്ന ആളുകൾക്ക് അവരുടെ കോളജ് കാലവും കുസൃതികളും ഓർമ വരും. 

 

ചിരിക്കാം, ചിന്തിക്കാം

 

എന്നെ സ്വീകരിച്ചതിന് മലയാളികൾക്ക് ഹൃദയം നിറഞ്ഞ നന്ദി. മിന്നൽ മുരളിയിലൂടെ എന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഇനി പുറത്തിറങ്ങുന്നത് മീം ബോയ്സ് എന്ന വെബ്സീരീസാണ്. സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കുറെ നല്ല മുഹൂർത്തങ്ങൾ ഇതിലുണ്ട്. ഞാൻ ചെയ്ത ഡീൻ എന്ന കഥാപാത്രത്തെ തീർച്ചയായും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. നല്ലൊരു എന്റർടെയ്നർ ആണ് മീം ബോയ്സ്. ത്രില്ലർ വെബ്സീരീസുകൾക്കിടയിൽ അൽപം ചിരിക്കാനും ചിന്തിക്കാനും വഴിയൊരുക്കുന്ന ഒന്നാണ് ഇത്. പ്രേക്ഷകർക്ക് ജോളിയായി ആസ്വദിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com