പ്യാലിയിലെ വർണങ്ങളും കഥ പറയുന്നു: സന്തോഷ് രാമൻ അഭിമുഖം

pyali-santhosh
സന്തോഷ് രാമൻ
SHARE

മറ്റു ചിത്രങ്ങളിൽനിന്നു ‘പ്യാലി’ വ്യത്യസ്തമാകുന്നതിന്റെ പ്രധാന കാരണം അതിന്റെ ആർട് ഡിസൈനുകൾ ആണെന്ന് പ്രേക്ഷകർ പറയുന്നു. ആ മികവിന് മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരവും പ്യാലിയെ തേടിയെത്തി. സിനിമയിൽ എത്തിയപ്പോൾ മുതൽ പതിവു ശീലങ്ങളെ മാറ്റിമറിക്കുന്ന ആർട് ഡിസൈനർ സന്തോഷ് രാമൻ തന്റെ ഏറ്റവും പുതിയ ചിത്രം പ്യാലിയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

പ്യാലിയിലെ ആർട്?

ഈ ചിത്രത്തിൽ ഞാൻ ഒരിക്കലും എന്റെ കണ്ണിലൂടെ കാഴ്ചകൾ കാണാൻ ശ്രമിച്ചില്ല. പകരം അതിലെ കുട്ടികളുടെ കണ്ണുകളിലൂടെയാണ് പ്യാലിയുടെ പല എലമെന്റുകളും അണിയിച്ചൊരുക്കിയത്. ചിത്രത്തിലെ ഓരോ രംഗവും നന്നായി ശ്രദ്ധിച്ചു. ആ കുട്ടി ഉണ്ടാക്കുന്ന ബാഗും ചെരുപ്പുമൊക്കെ എങ്ങനെയാവണമെന്ന് തുടക്കം മുതലേ ചിന്തിച്ചിരുന്നു. മുൻപൊക്കെ ആർട് ഡയറക്‌ഷൻ എന്നത് അധികം ശ്രദ്ധിക്കപ്പെടാത്ത മേഖലയായിരുന്നു. സിനിമയിൽ ഒരു കഥാപാത്രം ഏതു രീതിയിലുള്ളതാണെന്നു തിരിച്ചറിഞ്ഞ്, അതിനു വേണ്ട കാര്യങ്ങൾ ഒരുക്കാൻ അധികം ആരും മെനക്കെട്ടിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. ആ കഥാപാത്രം ഏതു രീതിയിലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത് എന്നതൊക്കെ നന്നായി ശ്രദ്ധിച്ച്, നമ്മുടേതായ രീതിയിൽ ഒരു ചിത്രം ഒരുക്കിയാൽ അതു നന്നാവും എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

pyali-art-2

പ്യാലിയിലെ വർണങ്ങളും കഥ പറയുന്നു?

ചെയ്യുന്ന ഓരോ സിനിമയും പ്രേക്ഷകനോട് എന്താണ് കമ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നു മനസ്സിലാക്കിയാണ് കളർ ടോൺ തയാറാക്കുന്നത്. ആ ഒരു കളർ ടോൺ തന്നെയാകും തുടക്കം മുതലേ ശ്രദ്ധിക്കുന്നതും. പ്യാലിയെക്കുറിച്ച് പറയുകയാണെങ്കിൽ ആ കുട്ടിയുടെ കണ്ണിലൂടെയാണ് പലതും ഞാൻ കാണാൻ ശ്രമിച്ചത്. അവളുടെ ഇഷ്ടങ്ങളെയാണ് ഞാൻ പ്രമോട്ട് ചെയ്തത്. സിനിമ എപ്പോഴും വിഷ്വൽ ലാംഗ്വേജ് ആണ്; വിഷ്വലുകൾ ഉണ്ടാക്കുന്നത് കളറുകൾ കൊണ്ടും. മുൻപ് സാധാരണക്കാർ പോലും കടും നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. അന്നത്തെ കാലഘട്ടത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നതും.

pyali-art-4

ഇന്ന് അതെല്ലാം വളരെ അപൂർവമായാണ് നാം കാണുന്നത്. അത്തരം കളറുകളോടുള്ള ഒരു ഇഷ്ടം പൊതുവേ മാറിയിട്ടുണ്ട്. പണ്ട് ഒരു ക്യാമറാമാന്റെ കണ്ണുകളിലൂടെയാണ് സിനിമയും മറ്റും നാം കണ്ടിരുന്നത്. ഇന്ന് എല്ലാവരുടെ കയ്യിലും മൊബൈലും ക്യാമറ പോലെയുള്ള ഡിവൈസുകളും ഉണ്ട്. ഇന്നത്തെ കാലത്ത് എല്ലാവരും ക്യാമറാമാൻമാരാണ്. എല്ലാവരും അവരവരുടെ കളർ കോഡുകളിലേക്ക് എത്തിപ്പെട്ടു. അതുകൊണ്ടുതന്നെ, അതിനുമുകളിൽ നിന്ന് ചിന്തിച്ചാൽ മാത്രമേ അവരിലേക്ക് നമുക്ക് എത്താൻ സാധിക്കുകയുള്ളൂ. എന്നാൽ മാത്രമേ ഈ കളർ കോഡുകൾ ബാലൻസ് ആകുകയുള്ളൂ. ഇത്തരം സിനിമകളിൽ നല്ലൊരു കളർകോഡ് സെറ്റ് ചെയ്താലേ സിനിമയുടെ വിഷ്വൽ ക്രിയേഷൻ ഭംഗിയായി നടക്കൂ. അത് കളർ കൊണ്ടുള്ള ഒരു ബാലൻസിങ് തന്നെയാണ്. വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണത്. നമ്മൾ വയ്ക്കുന്ന ഓരോ ഫ്രെയിമും ആ ഫ്രെയിമിനെ ബാലൻസ് ചെയ്യാനുള്ള പല കാര്യങ്ങളും നാം ഒരുപാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പ്യാലിയുടെ പ്രൊഡക്‌ഷൻ ഡിസൈനർ?

ചിത്രത്തിന്റെ സംവിധായകർ എന്നോട് ഈ സിനിമയെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ആകെ എക്സൈറ്റഡ് ആയിരുന്നു. രണ്ടുപേരാണ് ഈ ചിത്രത്തിന്റെ സംവിധായകർ. അതുകൊണ്ടുതന്നെ രണ്ടുപേർക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്. അവരുടെ വർക്കിലും ആ ഒരു വൈബ് എനിക്ക് കാണാൻ പറ്റി. അവർ തമ്മിൽ സംസാരിച്ച് ഉറപ്പിച്ചതിനുശേഷമാണ് ഓരോ കാര്യവും ചെയ്യുന്നത്. കൂട്ടായ്മയുടെ വിജയമാണ് സിനിമ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിന്റെ സംവിധായകരും ക്യാമറാമാനും ഉൾപ്പെടെയുള്ള ക്രൂ അംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേർന്നിരുന്നാണ് പല തീരുമാനങ്ങളും എടുത്തത്. അവർക്ക് നല്ലൊരു കളർ ഗ്രാഫ് ഉൾപ്പെടെയുള്ള പല കാര്യങ്ങളും ഞാൻ പറഞ്ഞു കൊടുക്കാനും ശ്രദ്ധിച്ചു. ഒരു പ്രൊഡക്‌ഷൻ ഡിസൈനർ ആയി കൂടുതൽ സമയം അവർക്കൊപ്പം നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ട പ്രകാരമാണ് ഞാൻ നിന്നതും. അതുകൊണ്ടുതന്നെ മിതമായ ബജറ്റിനുള്ളിൽ ഒരു നല്ല പടം ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.

pyali-art-5

സിനിമയിലെ ഗുരു?

സിനിമാ മേഖലയിൽ എനിക്ക് ഗുരുസ്ഥാനീയർ എന്ന് പറയാനാരുമില്ല. അതെല്ലാം എന്റെ സംവിധായകർ തന്നെയാണ് എന്നാണു ഞാൻ വിശ്വസിക്കുന്നത്. ഞാൻ വർക്ക് ചെയ്ത സിനിമകളിലെ ഡയറക്ടർമാർ എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ വിഷ്വൽ ട്രീറ്റിനെ ഞാൻ ഒരുപാട് ആരാധിക്കുന്നുണ്ട്. വൈശാലി, ചിലമ്പ് തുടങ്ങിയ അനേകം ചിത്രങ്ങളിൽ ഒരു സംവിധായകൻ എന്നതിലപ്പുറം ഒരു പ്രൊഡക്‌ഷൻ ഡിസൈനർ കൂടിയായിരുന്നു അവരെല്ലാം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതിന്റെ ഫലമായിട്ടാണ് അവരുടെ സിനിമകളിൽ അത് പ്രതിഫലിപ്പിക്കപ്പെടുന്നതും. ആ സിനിമകളുടെ വിഷ്വൽ ബ്യൂട്ടിയും അവരുടെ രീതികളുമൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിൽനിന്ന് ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കുന്നുണ്ട്. ചിത്രത്തിന്റെ വലുപ്പച്ചെറുപ്പത്തേക്കാൾ ഉപരിയായി അത് ചെയ്യുന്നവരുടെ മനസ്സും കലയും ആണ് പ്രധാനം.

pyali-art

പ്യാലിയിലൂടെ വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം?

ആസ്വദിച്ചു ചെയ്യുന്ന പെയിന്റിങ് പോലെയാണ് ഓരോ സിനിമയും ഞാൻ ആസ്വദിക്കുന്നത്. വർക്ക് ചെയ്താൽ അതിന്റെ റിസൽറ്റ് ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന വിശ്വാസമുള്ള സിനിമകളാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളതും. അതുകൊണ്ടുതന്നെയാണ് ബറോസ് പോലുള്ള ചിത്രങ്ങൾ ചെയ്യുന്ന അതേ മനസ്സോടെ പ്യാലിയും ചെയ്യാൻ കഴിഞ്ഞത്. ആദ്യ ചിത്രം ചെയ്യുന്ന ഫീൽ ആണ് ഇപ്പോഴും ഓരോ ചിത്രം ചെയ്യുമ്പോഴും. അതിന് സംസ്ഥാന പുരസ്കാരം കൂടി ലഭിച്ചപ്പോൾ ഞാൻ ഏറ്റെടുത്ത ഒരു വർക്ക് അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ സന്തോഷവും ഉണ്ട്.

പ്യാലി തിയറ്ററിൽ?

സിനിമ ഒരിക്കലും മൊബൈലിൽ കാണണ്ടതല്ല. അത് തിയറ്ററിൽത്തന്നെ കാണണം എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. ഒടിടിയിൽ വരുന്നതിനോട് എനിക്കു താല്പര്യമില്ല എന്നല്ല. ഇന്നത്തെ കാലത്ത് ഒടിടിയും വളരെ അത്യാവശ്യമുള്ള മേഖലയാണല്ലോ. അതിനാണിപ്പോൾ ബിസിനസും മറ്റു കാര്യങ്ങളും. സിനിമയെ ആ തരത്തിൽ കാണാൻ ഇഷ്ടമുള്ളവരും ഉണ്ടാവും. എന്റെ അഭിപ്രായവും ആഗ്രഹവും ഇഷ്ടവും എല്ലാം തിയറ്ററിൽ പോയി സിനിമ കാണുക എന്നതാണ്. അപ്പോൾ മാത്രമാണ് സിനിമ കണ്ടു എന്നൊരു തോന്നൽ ഉണ്ടാവുന്നത്.

പ്യാലിയെപ്പറ്റി?

എൻ.എഫ്. വർഗീസ് എന്ന നടന്റെ ബാനറിൽ ചെയ്തതിന്റെ ഒരു വലിയ സന്തോഷമുണ്ട്. പ്യാലിയിൽ പ്രൊഡക്‌ഷൻ ഡിസൈനർ ആയിരുന്നപ്പോൾ എന്റെ കൂടെയുണ്ടായിരുന്ന ആർട് ഡിസൈന്‍ ടീമിന്റെ സപ്പോർട്ട് വളരെയധികം ഉണ്ടായിരുന്നു. ഞാൻ പറയുന്ന കളർ ടോൺ അതേപോലെ സെറ്റ് ചെയ്യാൻ അവർ എന്നെ സഹായിച്ചിട്ടുണ്ട്. വളരെ സീരിയസായി, തികഞ്ഞ അച്ചടക്കത്തോടെ ആ ടീം അവ ഏറ്റെടുത്ത് ചെയ്തതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ആ ടീമിനോട് എനിക്കുള്ള നന്ദിയും സ്നേഹവും പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു.

പ്രതികരണങ്ങൾ?

പ്യാലി കണ്ടതിനുശേഷം ഭദ്രൻ സർ വിളിച്ചിരുന്നു. അത് വലിയ സന്തോഷം. നല്ല സിനിമയാണെന്നും ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു പലരും ഇപ്പോൾ വിളിക്കുന്നുണ്ട്. തിയറ്ററുകളിലേക്ക് ആളുകൾ എത്തി ചിത്രം കാണണം. അതാണ് ഇക്കാലത്ത് ഏറ്റവും ശ്രമകരമായി തോന്നുന്നതും. പ്യാലിയെ തള്ളിക്കളയാൻ അവർക്ക് പറ്റുമെന്നു തോന്നുന്നില്ല. വലിയ സിനിമകൾക്ക് ഒപ്പം നിൽക്കുന്നതുപോലെ ഈ കുഞ്ഞു സിനിമയ്ക്കൊപ്പവും പ്രേക്ഷകർ ഉണ്ടാകുമെന്നും അവർ തിയറ്ററിൽ ചിത്രം കാണുമെന്നും കരുതുന്നു.

പുതിയ ചിത്രങ്ങൾ?

ഇനി റിലീസിനായി കാത്തിരിക്കുന്നത് എലോൺ, ബറോസ് എന്നിവയാണ്. അഖിൽ എന്ന ഒരു പുതിയ ഡയറക്ടറുടെ ചിത്രമാണ് അടുത്തത്. അത് തമിഴും മലയാളവും ചേർന്ന ഒരു സിനിമയാണ്. മറ്റു മൂന്നു ചിത്രങ്ങൾ കൂടിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS