ADVERTISEMENT

മോഹൻലാലിന്റെ കുടുംബത്തിൽ നിന്നും പുതിയൊരു താരം കൂടി മലയാളസിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സുചിത്ര മോഹൻലാലിന്റെ സഹോദരിയുടെ മകൻ നിഖിൽ നായർ. പ്രണവിനൊപ്പം ഹൃദയത്തിലും ടൊവിനോ ചിത്രം നാരദനിലും തിളങ്ങിയ ശേഷം മീം ബോയ്സ് എന്ന വെബ് സീരീസുമായി നിഖിൽ നമുക്കു മുമ്പിൽ ‘ഡ്യൂഡ് രാഹുൽ’ ആയി വീണ്ടും എത്തുകയാണ്. സോണി ലിവിൽ റിലീസ് ആയിരിക്കുന്ന തന്റെ പുതിയ വെബ്സീരിസിന്റെ വിശേഷങ്ങളുമായി നിഖിൽ നായർ മനോരമ ഓൺലൈനിൽ... 

 

● 'മീം ബോയ്സ്' സീരീസിലേക്ക്?

 

എന്റെ ഒരു ഫ്രണ്ട് മീം ബോയ്സിന്റെ പ്രൊഡക്‌ഷൻ ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്നു. അദ്ദേഹമാണ് എന്നോട് മീം ബോയ്സിന്റെ ഓഡിഷൻ നടക്കുന്ന കാര്യം പറയുന്നത്. 'ശ്രമിച്ചു നോക്കൂ, കിട്ടിയാൽ കിട്ടട്ടെ' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്തായാലും ഒന്ന് ഓഡിഷനു പോയി നോക്കാം എന്നു ഞാനും കരുതി. അന്ന് രണ്ട് ഓഡിഷനുകൾ ആണ് ഉണ്ടായിരുന്നത്. ഓഡിഷനുകൾ കഴിഞ്ഞ് ആ റൂമിന് വെളിയിൽ ഇരുന്നപ്പോഴാണ് ഈ ഷോയുടെ റൈറ്റർ രാജീവ് രാജാറാം സാർ എന്നെ കാണുന്നത്‌. അദ്ദേഹമാണ് ഈ സീരിസിന്റെ ഡയറക്ടർക്ക് എന്നെ സജസ്റ്റ് ചെയ്തു കൊടുക്കുന്നത്. 'ഇവനാണ് നമ്മുടെ ഡ്യൂഡ് രാഹുൽ' എന്നദ്ദേഹം എന്നെ നോക്കി പറഞ്ഞു. അഹങ്കാരമുള്ള ഒരു ക്യാരക്ടർ ആണ് രാഹുൽ എന്നും പറഞ്ഞു. ആ വേഷം ചെയ്യുമ്പോൾ അത് എങ്ങനെയാവും എന്നുള്ള സംശയം എനിക്ക് ഉണ്ടായിരുന്നു. 

 

● 'മീം ബോയ്സ്' സീരിസിലേക്ക് വന്നപ്പോൾ ശ്രദ്ധിച്ചത്?

nikil3

 

'മീം ബോയ്സി'ൽ കുറെയധികം കോമഡികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ചെറുപ്പക്കാർക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്നു. പിന്നെ ആ കൂട്ടായ്മയും നല്ല രസമുണ്ടായിരുന്നു. എനിക്ക് കിട്ടിയ കോമ്പിനേഷൻ സീനുകളിൽ കൂടുതലും ഗുരു സോമസുന്ദരം സാറുമായിട്ടുള്ളത് ആയിരുന്നു.

 

● ഈ സീരിസിൽ 'ഡീൻ' ആയ ഗുരുസാറിന്റെ പ്രിയ ശിഷ്യനാണ് 'ഡ്യൂഡ് രാഹുൽ'? 

nikil-nair

 

അദ്ദേഹത്തെപ്പോലെ ഒരാൾക്ക് മുന്നിൽ നിന്ന് ഡയലോഗുകൾ പറയുമ്പോഴും സാറിന്റെ കണ്ണിൽ നോക്കി അഭിനയിക്കുമ്പോഴും നല്ല ടെൻഷനും ഉണ്ടായിരുന്നു. പിന്നീട് അതൊക്കെ മാറി. വളരെ കുറച്ചു ദിവസത്തേക്ക് ആണ് ഗുരു സാറിന്റെ ഡേറ്റ് കിട്ടിയത്. അതുകൊണ്ട് അദ്ദേഹം പോകുന്നതിനു മുൻപ് തന്നെ എല്ലാ കോമ്പിനേഷൻ സീനുകളും കൃത്യമായി പ്ലാൻ ചെയ്തു തീർക്കണം എന്ന് വിചാരിച്ചിരുന്നു. അതിനുവേണ്ടിയാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രയത്നിച്ചതും. അവയൊന്നും തെറ്റാതിരിക്കാനും അതുമൂലം ഉണ്ടാവാൻ ഇടയുള്ള റീ ഷൂട്ട് വരാതെയിരിക്കാനും ഞങ്ങൾ എല്ലാവരും വളരെയധികം ശ്രദ്ധിച്ചു. ആദ്യ ഷൂട്ടിൽ തന്നെ ശരിയാക്കാൻ ഞാനും മാക്സിമം ശ്രദ്ധിച്ചു. ആദ്യമൊക്കെ അതൊരു വലിയ പ്രഷർ തന്നെ ആയിരുന്നു. പിന്നീട് അത് മാറി കൂൾ ആയി. 

 

● ഗുരു സോമസുന്ദരത്തിനൊപ്പം?

 

അദ്ദേഹമാണ് മുന്നിൽ നിൽക്കുന്നത് എന്ന തോന്നൽ ഉള്ളതുകൊണ്ട് എല്ലാദിവസവും സെറ്റിലേക്ക് പോകുമ്പോൾ പല ഡയലോഗുകളും ഞാൻ കാണാതെ പഠിച്ചു. അത് വളരെ ആർട്ടിഫിഷ്യൽ ആയി തോന്നിയത് കൊണ്ടാകും 'ഇനി അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. ഒന്നു വെറുതെ നോക്കി പഠിച്ചു വരൂ. ബാക്കി നമുക്ക് ഇവിടെ വന്ന് സംസാരിച്ചു, വളരെ കൂൾ ആയിട്ട് ചെയ്യാമെന്ന്. എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പോലെ തന്നെ കൂളായിട്ട് പറഞ്ഞാൽ മതി. അപ്പൊ കുറച്ചുകൂടി നാച്ചുറൽ ആയിട്ട് തോന്നും' എന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. അഭിനയത്തിലെ തെറ്റുകൾ തിരുത്താൻ ഗുരു സർ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്. ഡബ്ബിങ് കഴിഞ്ഞപ്പോൾ സാർ എന്നെ വിളിച്ചിരുന്നു. കോമ്പിനേഷൻ സീനുകൾക്കിടയിൽ ഒരിക്കൽ പോലും ഞാൻ അത്രയും നന്നായി ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല എന്നും, പക്ഷേ സ്ക്രീനിൽ കണ്ടപ്പോൾ വളരെ നന്നായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ വളരെ സന്തോഷം തോന്നി.

nikil-naor

 

● 'ഹൃദയത്തി'ന്റെയും 'മീം ബോയ്സ്'ന്റെയും ലൊക്കേഷൻ ഒന്നുതന്നെയാണല്ലോ?

 

അതേ, കെസി ടെക് കോളജ്. ഹൃദയവും മീം ബോയ്സും കോളജ് സ്റ്റുഡൻസിന്റെ കഥയാണ്. ഹൃദയം കുറച്ചുകൂടി റിലാക്സ്ഡ് ആയിട്ടാണ് ഷൂട്ട് ചെയ്തത്. സെറ്റും വളരെ ജോളി ആയിരുന്നു. ഇവിടെയും ഇപ്പോൾ ഏകദേശം അത് രണ്ടും ഒരേ പോലെ തോന്നി. അത് ഒരു രസകരമായ അനുഭവം ആയിരുന്നു. ഈ രണ്ടു സെറ്റിലും ഞങ്ങൾ ആരും ഒരു പ്രഷറും അനുഭവിച്ചിട്ടില്ല. വെറും ഇരുപത്തിയേഴു ദിവസം കൊണ്ടാണ് 8 എപ്പിസോഡിനുള്ള ഫുൾ ഷൂട്ടും മീം ബോയ്സ് ടീം പൂർത്തിയാക്കിയത്. ഡയറക്ടറും നല്ല കമ്പനി ആയിരുന്നു. ചില സീനുകൾ മാറ്റാനുണ്ടെന്നു തോന്നുമ്പോൾ അദ്ദേഹം അതൊരു സജഷൻ പോലെ പറയുമായിരുന്നു. 

 

● സിനിമയും സീരിസും? 

 

സിനിമ ചെയ്യുന്നതുപോലെയല്ല സീരിയസുകൾ ചെയ്യുന്നത്. ഒരു ദിവസം ഏകദേശം 24 സീനുകൾ വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ ആകുമ്പോൾ ഇത്രയും സീനികൾ ഒരുദിവസം എന്ന കൺസെപ്റ്റ് ഒരിക്കലും നടക്കാനിടയില്ല എന്നു തോന്നുന്നു. അതുകൊണ്ട് തന്നെ എനിക്കും ഇതൊരു പുതിയ അനുഭവം ആയിരുന്നു. 

 

●എന്തൊക്കെയാണ് ഹോബികൾ?

 

 എനിക്ക് മ്യൂസിക് പ്രൊഡക്‌ഷനിൽ താല്പര്യമുണ്ട്. അതിനു വേണ്ടിയുള്ള പഠനങ്ങൾ നടക്കുകയാണ്. സ്പോർട്സിലും താല്പര്യമുണ്ട്. 

 

● മലയാളിയാണ്. പക്ഷേ സംസാരത്തിൽ ഒരു തമിഴ് ടച്ച് ഉണ്ടല്ലോ?

 

അടുപ്പിച്ചു കുറച്ചുകാലമായിട്ട് തമിഴ് സംസാരിക്കുന്നതു കൊണ്ടാവും അങ്ങനെ തോന്നുന്നത്. സി ഫൈവിലെ ഒരു തമിഴ് വെബ്സീരീസിനു വേണ്ടി കൊടൈക്കനാലിൽ ഷൂട്ടിങ് ഇപ്പോൾ നടക്കുകയാണ്. നവംബറിലാണ് അതിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. തമിഴ് തന്നെയാണ് ആ സെറ്റിൽ കൂടുതലായി സംസാരിക്കുന്നതും. തമിഴ് സീരീസുകൾ ചെയ്യുന്നതു കൊണ്ട് ആ ഭാഷ വായിക്കാനും എഴുതാനും ഒക്കെ ഇപ്പോൾ നന്നായി പഠിച്ചു എന്നു പറയാം.  

 

● പ്രണവ് മോഹൻലാലിന്റെ കസിൻ?

 

അതേ, എന്റെ അമ്മയുടെ ചേച്ചിയാണ് അപ്പു ചേട്ടന്റെ അമ്മ സുചിത്ര മോഹൻലാൽ. സുചി ചെറിയമ്മ എനിക്ക് അമ്മയെ പോലെ തന്നെയാണ്. അപ്പു ചേട്ടനും ഞാനുമൊക്കെ ഒരു വീട്ടിൽ തന്നെയാണ് വളർന്നത്. അവരെല്ലാം എനിക്ക് വലിയ സപ്പോർട്ട് ആണ് തരുന്നത്. അതിൽ സന്തോഷമുണ്ട്. ഡിഗ്രി കഴിഞ്ഞതിനുശേഷം മാത്രം ഈ ഫീൽഡിലേക്ക് ശ്രമിക്കണം എന്നു മാത്രമാണ് എനിക്ക് സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ ലാൽ മാമൻ പറഞ്ഞത്. ചെറിയമ്മയും ഒരുപാട് സപ്പോർട്ട് ചെയ്യാറുണ്ട്. പുതിയ വേഷങ്ങൾ വരുമ്പോൾ ഞാൻ അവരോടു കൂടി അഭിപ്രായം ചോദിക്കാറുണ്ട്. പക്ഷേ അപ്പോഴും എന്റെ ഇഷ്ടത്തിനാണ് അവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. എനിക്കിഷ്ടം ആണെങ്കിൽ ആ വേഷം ചെയ്യാം എന്ന അഭിപ്രായമാണ് അവർ പറയാറുള്ളത്. ഒരു വേഷം എനിക്ക് കിട്ടുമ്പോൾ അവരിൽ ആരും തന്നെ അതിന്റെ ക്രിയേറ്റീവ് ഭാഗങ്ങളിൽ ഇടപെടാറുമില്ല. ചെയ്ത വർക്കുകൾ റിലീസ് ചെയ്തു കഴിഞ്ഞാൽ അത് എല്ലാവരും കാണാൻ ശ്രമിക്കാറുമുണ്ട്. ഒപ്പം അതിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. ഈ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും അവർ തന്നെയാണ്.

 

● വീട്ടുകാരുടെ സപ്പോർട്ട്?

 

എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്നത്‌ എന്റെ വീട്ടുകാർ ആണ്. അവർ തന്നെയാണ് എന്റെ ഏറ്റവും വലിയ ആരാധകരും ഒപ്പം ഏറ്റവും വലിയ ക്രിട്ടിക്സും. അത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com