വിഷ്ണുവിന്റെ കൈകളിലൂടെ ഒഴുകുന്നു, മലയാള സിനിമയുടെ ശബ്ദം

vishnu
വിഷ്ണു ഗോവിന്ദ്
SHARE

‘മലയൻ കുഞ്ഞും’ ‘മഹാവീര്യറും’ തിയറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെ, വിഷ്ണു ഗോവിന്ദനിപ്പോൾ ദേശീയ പുരസ്കാരത്തിന്റെ പൊൻതിളക്കമാണ്. ‘മാലിക്’ എന്ന സിനിമയുടെ ശബ്ദമിശ്രണത്തിനാണ് തിരുവല്ല സ്വദേശി വിഷ്ണു ഗോവിന്ദിനെയും റാന്നിക്കാരൻ ശ്രീശങ്കർ ഗോപിനാഥിനെയും തേടി ദേശീയ പുരസ്കാരമെത്തിയത്. ‘സൂരറൈ പോട്രി’ന്റെ ശബ്ദ രൂപകൽപന നിർവഹിച്ചിരിക്കുന്നതും വിഷ്ണുവും ശ്രീശങ്കറും ചേർന്നാണ്. ടൊവിനോ തോമസ് നായകനായ ‘തല്ലുമാല’യാണ് ഇവരുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ‘മലയൻകുഞ്ഞി’ന്റെയും മഹാവീര്യറി’ന്റെയും ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് വിഷ്ണുവാണ്. ശബ്ദ വിഭാഗത്തിൽ ‘മാലിക്കി’ന്റെ റീ റെക്കോർഡിങ് ട്രാക്ക് ചെയ്ത വിഷ്ണുഗോവിന്ദ് മനോരമ ഓൺലൈനിനോട് തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

‘മാലിക്കി’ലൂടെ ദേശീയ അവാർഡ്?

ഒരുപാട് സന്തോഷമുണ്ട്. കഥയ്ക്കും ശബ്ദത്തിനും ഒരേപോലെ പ്രാധാന്യം കൊടുത്ത് ഒരുക്കിയ ചിത്രമായിരുന്നു ‘മാലിക്ക്’. അതുകൊണ്ട് അതിൽ എന്നെപ്പോലെ ഒരാൾക്ക് നന്നായി വർക്ക് ചെയ്യാനുള്ള സ്‌പേസ് കിട്ടി. ‘മാലിക്ക്’ മാത്രമല്ല, തുടക്കം മുതലേ അങ്ങനെ ഒരനുഭവം സിനിമാ മേഖലയിൽനിന്നു കിട്ടാറുണ്ട്. അതിൽ സന്തോഷം. ഒപ്പം ‘മാലിക്കി’ൽ സമയമെടുത്തു ചെയ്യാനുള്ള അവസരവും ലഭിച്ചു. നന്നായി എഫർട്ട് എടുത്തു ചെയ്ത ചിത്രമാണ്. ഇന്‍ ഡെപ്ത്ത് ആയി വർക്ക് ചെയ്ത ഒരു പടത്തിന് അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷം.

‘മാലിക്കി’ന് അവാർഡ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നോ?

സത്യത്തിൽ ‘മാലിക്കി’നു കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ശബ്ദത്തിന് പ്രാധാന്യം നൽകേണ്ട ചില പ്രത്യേക ഏരിയകൾ സ്ക്രിപ്റ്റ് കണ്ടപ്പോൾത്തന്നെ നോട്ട് ചെയ്തിരുന്നു. തിയറ്ററിക്കൽ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രമായിരുന്നു അത്. മുഴുവൻ മിക്സ് കഴിഞ്ഞപ്പോൾ, തിയറ്ററിലിരുന്ന് ആ ചിത്രം കണ്ടാൽ മറ്റൊരു രീതിയിലാവും ആ സിനിമ ആളുകളിലേക്ക് എത്തുക എന്നാണ് തോന്നിയത്. കോവിഡ് കാരണം ഒടിടി റിലീസ് ആയിരുന്നു. ഒടിടിയിൽനിന്നു മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത് എന്ന സന്തോഷമുണ്ട്. ഒരുപാട് സീനിയേഴ്സ് ചിത്രം കണ്ട് എന്നെ വിളിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തിരുന്നു. അവർക്കെല്ലാം ഇഷ്ടമായെന്നാണ് പറഞ്ഞത്. അതിൽ സന്തോഷമുണ്ട്. ഇപ്പോൾ ദേശീയ അവാർഡ് കിട്ടിയതിലും സന്തോഷമുണ്ട്.

'മലയൻ കുഞ്ഞ്' പ്രേക്ഷകർ ഏറ്റെടുത്തല്ലോ?

‘മലയൻകുഞ്ഞ്’ കാണുന്ന ആളുകള്‍ വിളിച്ച് അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഇന്നലെ ‘മലയൻകുഞ്ഞി’ന്റെയും അവാർഡിന്റെയും വിശേഷങ്ങൾ പങ്കു വയ്ക്കാൻ ഒരുപാടു പേർ വിളിച്ചു. നല്ല പ്രതികരണങ്ങൾ കേൾക്കുമ്പോൾ തീർച്ചയായും വളരെയധികം സന്തോഷമുണ്ട്. ‘മലയൻ കുഞ്ഞ്’ ഒടിടിക്കു വേണ്ടി പ്ലാൻ ചെയ്ത ചിത്രമാണ്. അതിന്റെ ഫൈനൽ ഔട്ട് തിയറ്ററിൽ കണ്ടപ്പോൾ, ചിത്രം തിയറ്ററിൽത്തന്നെ റിലീസ് ചെയ്യണമെന്നത് നല്ല തീരുമാനം ആണെന്നു മനസ്സിലായി. ‘മാലിക്കി’ൽ മിസ്സായ തിയറ്റർ എക്സ്പീരിയൻസ് ‘മലയൻകുഞ്ഞി’ലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് ലഭിക്കുമെന്നു കരുതുന്നു. ‘മാലിക്കി’ന്റെ അതേ ടീമാണ് ‘മലയൻ കുഞ്ഞി’ലും ഒരുമിച്ചിരിക്കുന്നത്. ശബ്ദത്തിന് ഒരുപാട് പ്രത്യേകതകളും പ്രാധാന്യവും നൽകി ഒരുക്കിയ ഒരു ചിത്രമാണത്. ‘മലയൻകുഞ്ഞി’ൽ ശബ്ദവും കഥ പറച്ചിലും ഒരുമിച്ച് നിൽക്കുന്ന ഒരു പ്ലോട്ട് ആണ്.

ഈ മേഖലയിലേക്ക്?

മ്യൂസിക്കിൽ താൽപര്യമുള്ളതുകൊണ്ടാണ് സൗണ്ട് എൻജിനീയറിങ് പഠിക്കാൻ തീരുമാനിക്കുന്നത്. വയലിൻ കുറച്ചു കാലം പഠിച്ചിരുന്നു. പിന്നെ ഓടക്കുഴൽ വായിക്കാറുണ്ട്. അതുകൊണ്ടൊക്കെ ജീവിതത്തിൽ തിരഞ്ഞെടുക്കുന്ന പ്രഫഷൻ മ്യൂസിക്കുമായി ബന്ധമുള്ളതുതന്നെ ആയിരിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതാവുമ്പോൾ ഒരിക്കലും ഒരു ജോലി ചെയ്യുകയാണ് എന്ന തോന്നൽ ഉണ്ടാവുകയില്ലല്ലോ. അങ്ങനെ പഠിക്കുന്നതിനിടയിലാണ് ‘നേര’ത്തിനു മുമ്പുള്ള അൽഫോൻസ് പുത്രന്റെ ഷോർട്ട് ഫിലിമിൽ വർക്ക് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. അതിനുശേഷമാണ് ഈ മേഖലയിൽ തുടരണമെന്ന ആഗ്രഹം ഉണ്ടായത്. അങ്ങനെ സൗണ്ട് ഡിസൈനിങ്ങിലേക്ക് തിരിഞ്ഞു. സൗണ്ട് മിക്സിങ്ങും മ്യൂസിക്കും എല്ലാം വളരെ ഇഷ്ടമാണ്.

ആരാണ് ഗുരു?

മലയാളത്തിലും ഒരുപാട് നല്ല ഓഡിയോഗ്രാഫേഴ്സ് ഉണ്ട്. എല്ലാവരുടെയും ശബ്ദമിശ്രണം ശ്രദ്ധിക്കാറുണ്ട്. അവരെല്ലാം നന്നായി വർക്ക് ചെയ്യുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഓരോ പടത്തിലും അവർ പുതിയ കണ്ടെത്തലുകൾ നടത്തുന്നു. എല്ലാവരിൽനിന്നും പുതിയ കാര്യങ്ങൾ പഠിക്കാറുണ്ട്.

അവാർഡ് ലഭിച്ചപ്പോൾ പ്രേക്ഷകരുടെയും കുടുംബത്തിന്റെയും പ്രതികരണങ്ങൾ?

ചെറുപ്പം മുതലേ വീട്ടിൽനിന്നു നല്ല സപ്പോർട്ട് ആണ്. ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കുന്നതിന് അവർ എപ്പോഴും സപ്പോർട്ട് ചെയ്തിട്ടേ ഉള്ളൂ. ചെയ്ത വർക്കുകൾ എല്ലാം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുത്ത മേഖല അംഗീകരിക്കാൻ വീട്ടുകാരും ഒട്ടും മടിച്ചില്ല. അവാർഡ് ലഭിച്ചപ്പോൾ വീട്ടിൽ എല്ലാവർക്കും സന്തോഷവും അഭിമാനവും ഉണ്ട്. ഒരുപാട് കാലം ആയി കമ്യൂണിക്കേഷൻ ഇല്ലാതിരുന്ന സുഹൃത്തുക്കളൊക്കെ വിളിച്ചിരുന്നു. ഇപ്പോഴും ഒരുപാട് ഫോൺവിളികളും മെസ്സേജുകളും വരുന്നുണ്ട്. അതിൽ എല്ലാം സന്തോഷമുണ്ട്.

പുതിയ ചിത്രങ്ങൾ?

കോവിഡ് കാരണം മാറ്റിവച്ച പല റിലീസുകളും ഇപ്പോൾ തുടരെത്തുടരെ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഒരു തിരക്കും ടെൻഷനുമുണ്ട്. ഇപ്പോൾ ‘മഹാവീര്യറും‘ ‘മലയൻകുഞ്ഞും’ ഒരുമിച്ച് റിലീസായി. ‘തല്ലുമാല’യുടെ മിക്സിങ് നടക്കുകയാണ്. ഈ മാസം 29 ന് ജോഷി സാറിന്റെ ‘പാപ്പൻ’ ഇറങ്ങുന്നു. അൽഫോൻസ് പുത്രന്റെ ‘ഗോൾഡും’ ഉടൻ റിലീസ് ആണ്. ഇവയൊക്കെയാണ് ഇനി റിലീസിനുള്ള ചിത്രങ്ങൾ. റിലീസ് ആയ ഓരോന്നിനും ലഭിക്കുന്ന പ്രതികരണങ്ങളിൽ അതിന്റെ ഒരു സന്തോഷവുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}