68 ാമത് ദേശീയ സിനിമാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വാർത്തകളിൽ നിറഞ്ഞുനിന്നത് മലയാളം, തമിഴ് സിനിമാ മേഖലകളായിരുന്നു. മികച്ച നടി, സംവിധായകൻ, സഹനടൻ എന്നിവയടക്കം എട്ടു പുരസ്കാരങ്ങളോടെ മലയാളം മികച്ചു നിന്നപ്പോൾ മികച്ച നടനും ചിത്രത്തിനുമുള്ള പുരസ്കാരങ്ങളുമായി തമിഴും ഒപ്പം നിന്നു. മികച്ച ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്കു ലഭിച്ചതിന്റെ പേരിൽ വിവാദവുമുണ്ടായി. സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി ദേശീയ അവാർഡ് ജൂറിയിൽ എത്തിയതും ഇതിനൊപ്പം ചർച്ചയായി. ആദ്യമായി ദേശീയ അവാർഡ് ജൂറിയിൽ അംഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മലയാള സിനിമ അവാർഡുകൾ വാരിക്കൂട്ടുന്നത് കണ്ടിരിക്കുന്നത് തന്നെ സംതൃപ്തനാക്കിയെന്നും വിജി തമ്പി പറയുന്നു. വിവാദങ്ങളോടു പ്രതികരിച്ചുകൊണ്ട് വിജി തമ്പി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
അവാർഡ് ജൂറിയിലേക്ക് ആദ്യം
അറുപത്തിയെട്ടാമത് ദേശീയ അവാർഡ് ജൂറിയിൽ അംഗമായത് ഒരു ബഹുമതിയായിട്ടാണ് ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ കുറച്ച് അവാർഡുകൾ മലയാളത്തിലേക്കു കൊണ്ടുവരാൻ ഒരു സാഹചര്യം ഒരുക്കിയെന്നു ഞാൻ വിശ്വസിക്കുന്നു. അവാർഡുകൾ എല്ലാം എല്ലാവരുടെയും കൂട്ടായ തിരഞ്ഞെടുപ്പായിരുന്നു. കുറെ നല്ല സിനിമകൾ കാണാൻ സാധിച്ചു. ഞാൻ ആദ്യമായിട്ടാണ് ജൂറിയിൽ അംഗമാകുന്നത്. ആദ്യ അഞ്ചു പ്രീസെലക്‌ഷൻ കമ്മിറ്റി കഴിഞ്ഞ് അറുപത്തിയാറു സിനിമകളാണ് അവസാനഘട്ടത്തിലെത്തിയത്. ഞങ്ങൾ കണ്ടത് ആ 66 സിനിമകളാണ്. ആ ജൂറിയിൽ ഞാൻ മാത്രമേ മലയാളിയായി ഉണ്ടായിരുന്നുള്ളൂ. ഒരു ചെയർമാനും പത്ത് പ്രതിനിധികളുമുള്ള ജൂറി ആയിരുന്നു. അതിൽ അഞ്ചു പ്രാദേശിക ജൂറി ചെയർമാൻമാർ ഉണ്ടാകും. ബാക്കി അഞ്ചുപേർ സെൻട്രൽ ജൂറിയിൽ ഉളളവർ. അങ്ങനെയാണ് പതിനൊന്നു പേരടങ്ങുന്ന കമ്മിറ്റി ആകുന്നത്.
ഇത്തവണ അവാർഡ് നിർണയിച്ച സിനിമകളുടെ കാലഘട്ടം വലിയ ഒരു മഹാമാരിയുടെ ദുരിതകാലം ആയിരുന്നു. 2020 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനായി പരിഗണിച്ചത്. സിനിമകളുടെ എണ്ണം കുറവായിരുന്നു. ഏതാണ്ട് 305 സിനിമകളാണ് ആദ്യ റൗണ്ടിൽ വന്നത്. സാധാരണ നാനൂറും അഞ്ഞൂറും സിനിമകൾ വരാറുണ്ട് എന്നാണ് അവർ പറഞ്ഞത്. വലിയൊരു പ്രതിസന്ധിക്കിടയിൽ ഏറെ പരിമിതികളോടെ ചിത്രീകരിച്ച സിനിമകളാണ് അവ.
ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാർഡ് കിട്ടിയ ‘സൂരരൈ പോട്ര്’ വലിയൊരു സിനിമയാണ്. അത് തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല എന്നത് അവർക്ക് വലിയ വിഷമമുണ്ടാക്കുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. അതിനു മികച്ച സിനിമ, നടൻ, നടി എന്നീ ബഹുമതികൾ ലഭിച്ചത് അപൂർവതയാണ്. സൗത്ത് ഇന്ത്യൻ സിനിമകൾക്ക് ഒരുപാട് അവാർഡുകൾ കിട്ടി, അതിൽ മലയാളത്തിനു മാത്രം എട്ട് അവാർഡുകൾ. അതിൽതന്നെ പ്രധാനപ്പെട്ട അവാർഡുകൾ ഉണ്ട്. സൂരരൈ പോട്ര് എന്ന സിനിമയുടെ തിരക്കഥ എഴുതിയ ശാലിനി ഉഷാ നായർ മലയാളിയാണ്. അവർക്ക് അവാർഡ് കിട്ടിയിട്ടുണ്ട്. മലയാറ്റൂരിന്റെ ‘യക്ഷി’ ചലച്ചിത്രം ആക്കിയത് അവർ ആയിരുന്നു. അതുപോലെ സിദ്ധാർഥ് മേനോൻ എന്നൊരു മലയാളി താരം മറാഠി സിനിമയിൽ അഭിനയിച്ചതിന് സ്‌പെഷൽ ജൂറി മെൻഷൻ കിട്ടി. തുളു ഭാഷയിൽ കോവിഡുമായി ബന്ധപ്പെട്ട ഒരു ചിത്രമുണ്ടായിരുന്നു അതിനും അവാർഡ് കിട്ടിയിരുന്നു. അത് ചെയ്തത് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ബന്ധുവാണ്. ഇത്തരത്തിൽ വളരെ സന്തോഷപ്രദമായ അവാർഡ് നിർണയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.

തിങ്കളാഴ്ച നിശ്ചയം മലയാളത്തിലെ മികച്ച ചിത്രം
മികച്ച മലയാള ചിത്രം എന്ന അവാർഡാണ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം കരസ്ഥമാക്കിയത്. കേരളത്തിന്റേതായ സിനിമയാണ് അത്. കേരളത്തിന്റെ ഒരു ഭാഗത്ത് ഒരു വീടിനുള്ളിൽ നടക്കുന്ന കഥ. അച്ഛനും അമ്മയും മക്കളും തമ്മിലുള്ള പ്രശ്നങ്ങളും ഒരു കല്യാണവും ബന്ധങ്ങളും വിശകലനം ചെയ്യുന്ന ഒരു സിനിമ. ഇപ്പോൾ സിനിമ ളരെ വലിയ ക്യാൻവാസിൽ ആണ് ചെയ്യുന്നത്. ഒരുപാട് ആർഭാടങ്ങളും പണച്ചെലവുമാണ് പല സിനിമയ്ക്കും. പല സെറ്റിലും ചെന്നാൽ കാണാൻ കഴിയുന്നത് അഞ്ചും ആറും കാരവൻ നിരത്തി ഇട്ടിരിക്കുന്നതാണ്. അത്തരം സിനിമാസെറ്റുകളിലെ കാരവനുകൾക്കു വേണ്ട ഡീസലിന്റെ കാശു മാത്രമേ ഈ ചിത്രത്തിനു ചെലവായിട്ടുണ്ടാകൂ. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളും അധികം അഭിനയപരിചയം ഇല്ലാത്തവരും ആയിരുന്നു. എന്നിട്ടുകൂടി വളരെ തന്മയത്വത്തോടെ അഭിനയിച്ചു. മലയാളത്തനിമ നിലനിർത്തി, ഏറെ വിദഗ്ധമായി, സൂക്ഷ്മമായ കാര്യങ്ങൾ വരെ ശ്രദ്ധിച്ചു ചെയ്ത ആ സിനിമ തന്നെയായിരുന്നു മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന ബഹുമതിക്ക് അർഹതയുള്ളത്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തഴയപ്പെട്ടോ?
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം തഴയപ്പെട്ടു എന്നു പറയാൻ കഴിയില്ല. ഞാൻ മാത്രമല്ലല്ലോ ഇത് തീരുമാനിക്കുന്നത്. ജൂറിയുടെ കൂട്ടായ തീരുമാനം അല്ലേ. ആദ്യ ഘട്ടത്തിൽത്തന്നെ ആ സിനിമ പുറത്തായി എന്നാണു തോന്നുന്നത്. ഞാൻ ഉൾപ്പെട്ട ഫൈനൽ ജൂറിയിൽ ആ ചിത്രം എത്തിയിരുന്നില്ല. പല കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ചിലതു തിരഞ്ഞെടുക്കപ്പെടും, ചിലത് ഒഴിവാക്കപ്പെടും. അല്ലാതെ മനഃപൂർവം ഒഴിവാക്കും എന്ന് തോന്നുന്നില്ല. ആ ചിത്രത്തിനു വേണ്ട പരിഗണന കിട്ടിയില്ല എന്നതിനെപ്പറ്റി എനിക്ക് അറിയില്ല.
മികച്ച നടന്റെ തിരഞ്ഞെടുപ്പ്
ദേശീയതലത്തിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിരുന്നു. മലയാളത്തിൽനിന്ന് ഫഹദ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവർ അവസാന റൗണ്ടുകളിൽ എത്തിയിരുന്നു. മറാഠി, ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി എല്ലാ ഭാഷകളിൽ നിന്നും ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിരുന്നു. സൂരരൈ പോട്ര് എന്ന ചിത്രത്തിലെ സൂര്യയുടെ ബഹുമുഖ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. വളരെ പ്രസക്തമായ ഒരു സംഭവമാണ് ആ ചിത്രം ചർച്ച ചെയ്തത്. ആ ചിത്രത്തിലെ സൂര്യയുടെ പ്രകടനം മാറ്റിനിർത്താൻ കഴിയില്ല.
അതുപോലെ തന്നെ താനാജി എന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. ഒരുപാട് ചർച്ചകൾക്കു ശേഷമാണ് അവാർഡ് പങ്കിട്ടു കൊടുക്കാൻ തീരുമാനിച്ചത്. അതുകൊണ്ട് ബാക്കി താരങ്ങളുടെ പ്രകടനം മോശമായിരുന്നു എന്നു പറയാൻ കഴിയില്ല. ഇവരുടെ പ്രകടനം ഒന്നുകൂടി മികച്ചു നിന്നു എന്നതുകൊണ്ട് ഇവർക്ക് രണ്ടുപേർക്കുമായി മികച്ച നടനുള്ള അവാർഡ് കൊടുക്കേണ്ടി വന്നതാണ്. ഇന്ത്യൻ സിനിമാലോകം മികച്ച താരങ്ങളെക്കൊണ്ട് സമ്പുഷ്ടമാണ് എന്നുവേണം പറയാൻ.
ദേശീയ അവാർഡ് നേടിയത് മലയാളത്തിലെ യുവതാരം അപർണ ബാലമുരളി
മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. തൃശൂരിൽ ജനിച്ചു വളർന്ന കുട്ടിയാണ് വളരെ പ്രയാസമേറിയ മദ്രാസ്–തമിഴ് സംസാരഭാഷയിൽ സംസാരിച്ച് തമിഴ് പെൺകുട്ടിയുടെ ഭാവങ്ങൾ ശരീരഭാഷയിൽ പ്രകടമാക്കിയത്. ആ സിനിമയ്ക്കു വേണ്ടി അപർണ ഒരുപാട് ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്ത് സംവിധായികയുടെ പ്രതീക്ഷയ്ക്കും അപ്പുറമാണ് അപർണ റിസൾട്ട് കൊടുത്തത്. അവസാന റൗണ്ടിൽ എത്തിയ നടിമാരെ വച്ചു നോക്കുമ്പോൾ അപർണയുടെ അഭിനയം ഒരുപടി മുകളിലായിരുന്നു. നവ്യ നായർ, മറാഠിയിലെ ഒരു താരം, പ്രണിത ചോപ്ര തുടങ്ങി നിരവധിപേർ മത്സരരംഗത്ത് ഉണ്ടായിരുന്നു. അർഹതയ്ക്കുള്ള അംഗീകാരമാണ് അപർണയ്ക്ക് കിട്ടിയ പുരസ്‌കാരം. മലയാള ഭാഷയിൽ നിന്നൊരു പെൺകുട്ടി അന്യഭാഷയിൽ അഭിനയിച്ച് മികച്ച പ്രകടനം കാഴ്ചവച്ചത് എന്നെ സംബന്ധിച്ച് അഭിമാനത്തിന് വക നൽകിയ കാര്യമായിരുന്നു.
മാലിക്കിൽ മേക്കപ്പ് പിഴവോ?
മേക്കപ്പ് മോശമായതുകൊണ്ട് ഏറ്റവും നല്ല നടനുള്ള അവാർഡ് കൊടുത്തില്ല എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഫഹദ് ഫാസിൽ മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ്. അത് ഏറെ സിനിമകളിൽ അദ്ദേഹം തെളിയിച്ചതാണ്. പക്ഷേ സൂര്യയുടെയും അജയ്‍യുടെയും പ്രകടനം ഏറ്റവും മികച്ചതായതുകൊണ്ടാണ് ഫഹദ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവരൊക്കെ മാറ്റിനിർത്തപ്പെട്ടത്. മറ്റൊരു കാര്യം, ഒരു നടൻ കഥാപാത്രമായി മാറുമ്പോൾ അതിന്റെ പൂർണതയ്ക്കായി എല്ലാ ഘടകങ്ങളും ഒത്തുവരണം. പ്രായവ്യത്യാസമൊക്കെ കാണിക്കുമ്പോൾ മേക്കപ്പ് പിഴച്ചാൽ അയാൾ പ്രായമുള്ളതായി തോന്നില്ല. അത് മേക്കപ്പ്മാന്റെ മാത്രം ജോലിയല്ല. താൻ ആ കഥാപാത്രമായി മാറിയിട്ടുണ്ടോ എന്നത് നടൻ കൂടി ശ്രദ്ധിക്കേണ്ട കാര്യമാണ്. നടൻ എല്ലാം കൊണ്ടും ആ കഥാപാത്രമായി മാറണം. മാലിക്കിലെ ഫഹദിന്റെ പ്രകടനം നോക്കിയപ്പോൾ അങ്ങനെ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ആർട്ടിഫിഷ്യൽ മേക്കപ്പാണ് എന്ന ചില തർക്കങ്ങൾ ജൂറിയിലെ ചില പ്രതിനിധികൾ ഉന്നയിച്ചിരുന്നു. മികച്ച താരത്തെ തിരഞ്ഞെടുക്കുമ്പോൾ അങ്ങനെയുള്ള ചർച്ചകൾ പതിവാണ്, എന്നുകരുതി അതുകാരണമാണ് അവാർഡ് കൊടുക്കാത്തത് എന്ന് പറയാൻ കഴിയില്ല.
നഞ്ചിയമ്മയും അവാർഡ് വിവാദങ്ങളും
ആരോ ഒരാൾ പബ്ലിസിറ്റിക്കു വേണ്ടി തുടങ്ങി വച്ച ചർച്ചയാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തതിൽ പിഴവുണ്ട് എന്നത്. അതിനു നമ്മുടെ ഗായകരും സംഗീത സംവിധായകരുമൊക്കെ കൃത്യമായ മറുപടികൾ കൊടുക്കുന്നുണ്ട്. സംഗീതത്തെപ്പറ്റി എല്ലാം ഇഴകീറി പരിശോധിക്കുന്ന ആളാണ് സംഗീത സംവിധായകൻ ശരത്ത്. അദ്ദേഹം എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. സംഗീതം അറിയാത്ത ആളാണോ ശരത്ത്? സംഗീത കച്ചേരിക്കു വേണ്ട അവഗാഹമായ അറിവിനുള്ള അംഗീകാരമാണോ ഈ അവാർഡ്? എരിവ്, തണുപ്പ്, ഐസ് ഒന്നും കഴിക്കാതെ ശബ്ദം കാത്തുസൂക്ഷിക്കുന്നവരെ ഒഴിവാക്കി എന്നൊക്കെ പറയുന്നത് എന്തു വിവരക്കേടാണ്.
യേശുദാസ് എന്ന ഗായകൻ നിഷ്ഠയോടെ ജീവിക്കുന്നത് സിനിമാപാട്ട് മാത്രം പാടാനല്ല. അദ്ദേഹം കച്ചേരികൾ നടത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള നിഷ്ഠകൾ കൊണ്ടുനടക്കുന്നത്. ദാസേട്ടൻ കച്ചേരിക്കു വേണ്ടി തയാറെടുക്കുമ്പോൾ സിനിമാപ്പാട്ടു പാടാറില്ല. എത്ര അടുപ്പമുള്ളവർ വിളിച്ചാലും അദ്ദേഹം പറയും കച്ചേരി ഉള്ള സമയത്ത് ഞാൻ പാടില്ല എന്ന്. അദ്ദേഹത്തിന്റെ ജീവിത ശൈലിയാണ് അത്. എസ്.പി. ബാലസുബ്രഹ്മണ്യം ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ആളാണ്. എന്നിട്ടാണ് ശങ്കരാഭരണത്തിലെ ശാസ്ത്രീയ സംഗീത ഗാനങ്ങൾ പാടിയത്. സിനിമാഗാനം പാടാൻ ശാസ്ത്രീയ സംഗീതം വേണമെന്നില്ല.

ഇന്ന് മുറിച്ചുമുറിച്ചാണ് പാടുന്നത്. പിച്ചോ ശ്രുതിയോ പോയാൽ അതൊക്കെ കറക്റ്റ് ചെയ്യാനുള്ള വിദ്യയുണ്ട്. സിനിമാപ്പാട്ട് പാടുന്നത് വലിയ പാടുള്ള കാര്യമല്ലാതായി. പണ്ട് ലൈവായി പാടുകയും സംഗീത ഉപകരണം വായിക്കുകയും വേണമായിരുന്നു. ദാസേട്ടനൊക്കെ പണ്ട് പാടുമ്പോൾ ഒരു വരി തെറ്റിയാൽ വീണ്ടും അത് മുഴുവൻ പാടുമായിരുന്നു, ഇന്ന് അങ്ങനെയാണോ? നഞ്ചിയമ്മ പാടിയത് അവരുടെ ഹൃദയത്തിൽ നിന്നാണ്. ഒരു സിനിമയിലെ പാട്ടിനാണ് അവാർഡ് കൊടുക്കുന്നത്. അല്ലാതെ അവരുടെ ജീവിതകാലത്തെ മുഴുവൻ പ്രകടനത്തിനല്ല.
അയ്യപ്പനും കോശിയും അട്ടപ്പാടി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ്. ആ കഥയിൽ ആ ഗാനത്തിന് ഒരുപാടു പ്രസക്തിയുണ്ട്. ആ സിനിമയ്ക്ക് ആ ഗാനം എത്രമാത്രം ഗുണം ചെയ്തു എന്നാണു നോക്കുന്നത്. അതുകൊണ്ടാണ് ആ സിനിമയ്ക്കും ആ പാട്ടിനും പ്രസക്തി കിട്ടിയതും നഞ്ചിയമ്മക്ക് അവാർഡ് കിട്ടിയതും. വെറുതെ വിവാദം ആക്കിയവർ ഇപ്പോൾ മണ്ടന്മാരായി. വിവരവും ബുദ്ധിയുമുള്ളവർ നഞ്ചിയമ്മയെ മനസ്സിലാക്കിയിട്ടുണ്ട്. അർഹതപ്പെട്ടവർക്ക് കിട്ടുന്ന അംഗീകാരമാണ് അവാർഡ്, അല്ലാതെ വീതം വയ്ക്കൽ അല്ല.
സച്ചിയെ ഓർക്കുമ്പോൾ
സിനിമ സംവിധായകന്റെ കലയാണെങ്കിൽ അയ്യപ്പനും കോശിയും എന്ന സിനിമ സച്ചിയുടെ കുഞ്ഞാണ്. ഒരുപാട് മത്സരങ്ങൾ കടന്നു വന്നാണ് ആ സിനിമയ്ക്ക് സച്ചിക്ക് അവാർഡ് കിട്ടിയത്. താനാജി ചെയ്ത ഓം റാവുത്ത്, സുധ കൊങ്കര തുടങ്ങി നിരവധി സംവിധായകരെ കടന്നാണ് സച്ചി ആ അവാർഡ് നേടിയത്. ഒരു ജൂറി മെമ്പർ എന്ന നിലയിൽ ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ഒരുപാട് അവാർഡ് കിട്ടി. അവാർഡ് നിർണയത്തിലുടനീളം സച്ചി നിറഞ്ഞു നിൽക്കുകയായിരുന്നു. അദ്ദേഹത്തിന് ഒരു ട്രിബ്യൂട്ട് പോലെ ആയി ആ ബഹുമതി.
ബിജു മേനോൻ മികച്ച സഹനടൻ ആകുമ്പോൾ
സഹനടൻ എന്ന കാറ്റഗറിയിൽ വലിയ മത്സരമാണ് നടന്നത്. താനാജിയില്‍ സെയ്ഫ് അലി ഖാൻ ഗംഭീര അഭിനയമായിരുന്നു, മറാഠി സിനിമയിലെ അശോക് എന്ന താരത്തിന്റേതും മികച്ച പ്രകടനമായിരുന്നു. അദ്ദേഹത്തിന് സ്പെഷൽ മെൻഷൻ കൊടുത്തു. മണ്ടേല എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് യോഗി ബാബു, ബംഗാളി സിനിമയിലെ താരങ്ങൾ അങ്ങനെ നിരവധി ഭാഷകളിൽനിന്ന് നല്ല മത്സരമായിരുന്നു. പക്ഷേ ബിജു മേനോൻ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കും അയ്യപ്പൻ. വേഴ്സറ്റൈൽ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ബിജു ആ കഥാപാത്രമായി പൂർണമായും മാറി. ഇത്രയും പേരെ പിന്തള്ളി അദ്ദേഹം ആ പുരസ്‌കാരം നേടിയത് അര്‍ഹതയുള്ളതുകൊണ്ടാണ്.

മികച്ച സഹനടി
ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്ന നടിയും മികച്ച പ്രകടനമാണ് ശിവരഞ്ജിനിയും സില പെൺഗളും എന്ന ചിത്രത്തിൽ കാഴ്ചവച്ചത്. വളരെ രസകരമായി ആ കഥാപാത്രം ചെയ്തു. മൂന്ന് കഥകൾ ചേർന്ന ആന്തോളജിയിലെ ഒരു നായികയായിട്ടാണ് അവർ അഭിനയിച്ചത്. സഹനടിക്കായി നല്ല മത്സരമായിരുന്നു. കന്നഡയിലെ തലേഖണ്ടാ എന്ന സിനിമയിലെ ഒരു താരവും മറാഠി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ നിന്നുള്ള താരങ്ങളും മത്സര രംഗത്തുണ്ടായിരുന്നു. വളരെ സ്വാഭാവികമായി ലക്ഷ്മിപ്രിയ ആ കഥാപാത്രം ചെയ്തു. സ്വാഭാവികമായ അഭിനയത്തിനാണ് ഇത്തവണ അവാർഡുകൾ നൽകിയത്. അതുകൊണ്ടാണ് അയ്യപ്പനും കോശിയിലെ ആക്‌ഷന് അവാർഡ് കൊടുത്തത്. സൂരരൈ പോട്രിലൊക്കെ നല്ല ആക്‌ഷൻ ഉണ്ട്. പക്ഷേ കംപോസ് ചെയ്യാത്ത നാടൻ അടിക്കാണ് ഇത്തവണ അവാർഡ്. ഓരോ ആക്‌ഷന്‍ സീക്വൻസും വളരെ സ്വാഭാവികമായിരുന്നു. മാഫിയ ശശിക്ക് ആദ്യമായിരിക്കും നാഷനൽ അവാർഡ് കിട്ടുന്നത്.

മികച്ചു നിന്നതു മലയാളവും തമിഴും
ഇത്തവണ ദേശീയ അവാർഡ് ജൂറിക്ക് മുന്നിൽ എത്തിയതിൽ ഏറ്റവും മികച്ചു നിന്നത് മലയാളവും തമിഴും ആയിരുന്നു. തമിഴിൽ സൂരരൈ പോട്ര്, ശിവരഞ്ജിനിയും സില പെൺകളും, മണ്ടേല എന്നിവ വളരെ സാമൂഹിക പ്രസക്തിയുള്ള സിനിമകളാണ്. അതിനാണ് ആ ചിത്രങ്ങൾക്ക് അവാർഡ് കിട്ടിയത്. പുതുമുഖ സംവിധായകനും ഈ ചിത്രങ്ങളില്‍ നിന്നാണ്. മറാഠിയിലും നല്ല സിനിമകൾ ഉണ്ടായിരുന്നു. എന്തുകൊണ്ടും വളരെ തൃപ്തികരമായ ഒരു അവാർഡ് നിർണയമായിരുന്നു ഇത്തവണ നടന്നത്.
ജൂറി പ്രതിനിധിയുടെ രാഷ്ട്രീയം ചികയുന്നതെന്തിന്?
എല്ലാവർഷവും അവാർഡ് നിർണയം കഴിഞ്ഞു വിവാദം ഉണ്ടാകാറുണ്ട്. ഇത്തവണ അവാർഡിനെ ചൊല്ലി വിവാദം ഇല്ലെങ്കിലും എന്റെ ജൂറി അംഗത്വത്തെക്കുറിച്ച് ചില ചർച്ചകൾ നടക്കുന്നത് കണ്ടു. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷൻ നാഷനൽ അവാർഡ് ജൂറിയിൽ അംഗമായതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. അങ്ങനെ പറയുന്നവർക്കു ഭ്രാന്താണ് എന്നേ പറയാൻ കഴിയൂ. ഞാൻ എത്രയോ കാലമായി സിനിമകൾ ചെയ്യുന്ന ഒരു സംവിധായകനാണ്. സംവിധായകനായ വിജി തമ്പി മലയാളത്തിൽനിന്ന് ജൂറിയിൽ ഉണ്ട്. അയാൾ വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷനാണെന്നത് ജൂറിയെ ഒരുതരത്തിലും ബാധിക്കുന്നില്ല.
ഇതേ ജൂറിയിൽ ആദ്യ സിലക്‌ഷൻ കമ്മിറ്റിയിൽ സജീവ് പാഴൂർ ഉണ്ട്. അദ്ദേഹം ദേശാഭിമാനിയിലെ ഉദ്യോഗസ്ഥനാണ്. അതെന്താണു പറയാത്തത്. രാഷ്ട്രീയമല്ല ഇവിടെ പരിഗണിച്ചത്. എല്ലാ വ്യക്തികൾക്കും രാഷ്ട്രീയം ഉണ്ടാകും. എന്നു കരുതി മറ്റു സ്ഥാനങ്ങളിൽ ഇരിക്കാൻ പാടില്ല എന്നുണ്ടോ. എനിക്ക് ബിജെപി മെമ്പർഷിപ്പ് പോലുമില്ല, ഞാൻ പ്രവർത്തിക്കുന്നത് ഒരു ഹൈന്ദവ സംഘടനയിലാണ് എന്നേയുള്ളൂ. ഞാൻ സംവിധായകൻ ആയാണ് ജൂറിയിൽ പങ്കെടുത്തത്. ഞാൻ മാത്രം അല്ലല്ലോ തീരുമാനം എടുക്കുന്നത്. മറ്റു പത്തുപേരും ഒരു ചെയർമാനും ഉണ്ട്. അവരെല്ലാം കൂടിയാണ് തീരുമാനമെടുക്കുന്നത്.
കഴിഞ്ഞവർഷം അവാർഡ് കിട്ടിയതുകൊണ്ട് ഇത്തവണ കൊടുക്കണ്ട എന്നുപറയാൻ പറ്റുമോ? അജയ് ദേവ്ഗണ്‍ മൂന്നാം തവണയാണ് ദേശീയ അവാർഡ് നേടുന്നത്. ഞാൻ ഉള്ളതുകൊണ്ടല്ലല്ലോ അദ്ദേഹത്തിനു കൊടുത്തത്. അതുപോലെ കഴിവുള്ളവർക്ക് ആണ് പുരസ്‌കാരം കൊടുക്കുന്നത്. അതിൽ ജൂറിയുടെ രാഷ്ട്രീയ താല്പര്യമോ ജാതിയോ മതമോ സ്വാധീനിക്കാറില്ല. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കുത്തിത്തിരിപ്പുണ്ടാക്കുന്ന ദുഷ്ടശക്തികളാണ് ഈ പ്രചാരണങ്ങൾക്ക് പിന്നിൽ എന്നേ പറയാൻ കഴിയൂ.