പുതിയ തലമുറയിൽ എനിക്ക് മാത്രമാണ് ഈ ഭാഗ്യം ലഭിച്ചത്: ദുർഗ കൃഷ്ണ അഭിമുഖം

durga-krishna-2
SHARE

പ്രിയദർശൻ-മോഹൻലാൽ-സന്തോഷ് ശിവൻ-എം.ടി. വാസുദേവൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലെ നബീസ ആയതിലെ ആഹ്ളാദത്തിലാണ് ദുർഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിൽ തുടങ്ങിയ അഭിനയ ജീവിതം ഓളവും തീരവും എന്ന ചിത്രത്തിലെത്തി നിൽക്കുമ്പോൾ കരുത്തുറ്റ ഒരുപിടി കഥാപാത്രങ്ങളുമായി മലയാളസിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറിയിരിക്കുകയാണ് താരം.  

ഉടലിലെ ഷൈനി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമായിരുന്നു എന്ന് ദുർഗ പറയുന്നു. വൈകാരികമായ അഭിനയമുഹൂർത്തങ്ങളും ബുദ്ധിമുട്ടി ചെയ്ത ഫൈറ്റ് സീനുകളും ശ്രദ്ധിക്കാതെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ മാത്രം മുൻനിർത്തി നടക്കുന്ന ചർച്ചകളും വിവാദങ്ങളും എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും താരം പറയുന്നു.  സിനിമാരംഗത്തുള്ള താരങ്ങളെല്ലാം കൊതിക്കുന്ന പ്രിയൻ–മോഹൻലാൽ–സന്തോഷ് ശിവൻ എന്ന പ്രതിഭാധനന്മാരോടൊപ്പം ഒരു ചിത്രത്തിൽ തന്നെ വർക്ക് ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം ദുർഗ മറച്ചു വയ്ക്കുന്നില്ല.  പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി ദുർഗ കൃഷ്ണ മനോരമ ഓൺലൈനൊപ്പം...

സ്വപ്നതുല്യമായ ഓളവും തീരവും 

ഓളവും തീരവും  എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോൾ എന്റെ ഉള്ളിൽ ചിത്രശലഭങ്ങൾ പറക്കുന്നതുപോലെ ഒരു ഫീൽ ആണ് ആദ്യം വന്നത്. ഞാൻ ഓക്കേ പറഞ്ഞിട്ടും ഞാനാണ് ഈ ചിത്രത്തിലെ നായിക എന്ന് എനിക്ക് വിശ്വാസം വന്നിട്ടില്ല. അവർ എന്നെയാണ് കാസ്റ്റ് ചെയ്യുന്നതെന്ന് ഉറപ്പിച്ചിട്ടും ലൊക്കേഷനിൽ എത്തി ഷൂട്ടിങ് തുടങ്ങുന്നതുവരെ എന്റെ മനസ്സിൽ ടെൻഷൻ ആയിരുന്നു. കാരണം എത്രയോ ചിത്രങ്ങൾ പറഞ്ഞുറപ്പിച്ചിട്ട് മുടങ്ങുന്നു, ഞാൻ ഈ സിനിമയിലേക്ക് മനസ്സർപ്പിച്ചു കഴിഞ്ഞാൽ പിന്നെ പടം നടന്നില്ലെങ്കിൽ വിഷമമാകും.  

olavum-theeravum

ഞാൻ ഈ സിനിമയുടെ ഭാഗമാണ് എന്ന് ഉറപ്പിച്ചത് പ്രിയദർശൻ സാർ ആദ്യത്തെ ആക്‌ഷൻ പറഞ്ഞപ്പോഴാണ്. ആ സീൻ സർ ഓക്കേ പറഞ്ഞപ്പോൾ ഞാൻ ആണ് ഇതിൽ അഭിനയിക്കാൻ പോകുന്നതെന്ന് വിശ്വാസമായി. അതുവരെ എന്റെ അമ്മ ചോദിക്കുമ്പോൾ പോലും ഞാൻ പറയും, ‘അമ്മ ഉറപ്പിക്കല്ലേ എനിക്കിപ്പോഴും വിശ്വാസം വന്നിട്ടില്ല’ എന്ന്.  കോസ്റ്റ്യൂമെർ വന്നു ഡ്രസ്സിനു അളവെടുത്തു പോയിട്ടും എനിക്ക് സംശയമായിരുന്നു.  പ്രിയദർശൻ സാർ, ലാലേട്ടൻ, സന്തോഷ് ശിവൻ സർ, എംടി സർ ഇവരുടെയൊക്കെ പടങ്ങളിൽ നായികയാവുക എന്നതൊക്കെ എന്റെ ആഗ്രഹങ്ങളും വിദൂര സ്വപ്നങ്ങളും മാത്രമായിരുന്നു. അതെല്ലാം കൂടി ഒരു ചിത്രത്തിൽ സാധ്യമാവുക എന്നത് എന്നെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. എന്റെ മനസ്സിൽ ഞാൻ ഒരു തുടക്കകാരിയാണ്.  ഇതൊക്കെ നേടുക എന്നത് ഞാൻ വിദൂരഭാവിയിൽ മാത്രം പ്രതീക്ഷിച്ച കാര്യമാണ്.  സന്തോഷ് സാറിന്റെ ഫ്രെയിമിൽ നിൽക്കുക, പ്രിയൻ സാറിന്റെ സിനിമ, ലാലേട്ടന്റെ നായിക എല്ലാം കൂടി ഒത്തൊരു ചിത്രത്തിൽ വന്നത് വലിയൊരു നേട്ടം തന്നെയാണ്.

മോഹൻലാലിന്റെ നായിക

റാം എന്ന സിനിമയിൽ ലാലേട്ടനോടൊപ്പം നല്ലൊരു കഥാപാത്രം അഭിനയിച്ചു കഴിഞ്ഞതേ ഉള്ളൂ.  ആ സമയത്ത് ലാലേട്ടനോടൊപ്പം ഒരുപാടുനേരം സംസാരിച്ചിരുന്നിട്ടുണ്ട്, സിനിമ നാടകം എല്ലാം ചർച്ചാവിഷയമായി.  അതുകൊണ്ട് തന്നെ ഓളവും തീരവും എത്തിയപ്പോൾ ഒട്ടും അകൽച്ച തോന്നിയിട്ടില്ല. ഓളവും തീരവും സെറ്റിൽ മുഴുവൻ ഞാൻ കളിയും ചിരിയും ആയിരുന്നു, ഒട്ടും സീരിയസ് ആയിരുന്നില്ല. അവരെല്ലാം എന്നെ ഒരു ചെറിയ കുട്ടിയെപ്പോലെയാണ് കരുതിയത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടൻ നല്ല പിന്തുണയായിരുന്നു. ഡയലോഗ് പറയുന്നത് എങ്ങനെവേണം എന്നൊക്കെ കാണിച്ചു തരും. ഏറെ ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമായിരുന്നു നബീസ.     

പ്രിയദർശൻ സർ 

പ്രിയൻ സാറിന് അദ്ദേഹത്തിന്റെ സിനിമയിലെ ഓരോ ഷോട്ടും എങ്ങനെ വരണമെന്ന് പൂർണ ധാരണയുണ്ട്.  നമ്മെ ഒന്നിനും നിർബന്ധിക്കാറില്ല.  അദ്ദേഹം ഷോട്ട് പറഞ്ഞു തന്നിട്ട് സന്തോഷേ എനിക്ക് ഈ ആംഗിളിൽ ഇങ്ങനെ ഒരു സാധനം ആണ് വേണ്ടത് എന്ന് പറയും, എന്നിട്ട് നമ്മളോട് ഇഷ്ടത്തിന് അഭിനയിച്ചു കാണിക്കാൻ പറയും നമ്മൾ ചെയ്യുന്നത് ഓക്കേ അല്ലെങ്കിൽ മാത്രമേ അദ്ദേഹം ഇടപെടൂ. നമ്മൾ എങ്ങനെയാണ് അത് ചെയ്യാൻ പോകുന്നത് എന്ന് അദ്ദേഹം നോക്കും. അത് അദ്ദേഹം ഉദ്ദേശിച്ചതുപോലെ അല്ലെങ്കിൽ മാത്രമേ അദ്ദേഹം മാറ്റി ചെയ്യാൻ പറയൂ. അല്ലെങ്കിൽ നമ്മുടെ ഇഷ്ടത്തിന് വിടും. അതുകൊണ്ട് തന്നെ വളരെ ആയാസമില്ലാതെ അഭിനയിക്കാൻ പറ്റി. 

olavum

സന്തോഷ് ശിവന്റെ ഫ്രെയിമിൽ നിൽക്കുക സ്വപ്നം 

സന്തോഷ് സാറിന്റെ ഫ്രെയിം എത്ര മനോഹരമാണെന്നറിയോ, അദ്ദേഹത്തിന്റെ ലൈറ്റിങും ഭംഗിയേറെയാണ് ആ ഫ്രെയിമിൽ നില്കുന്നതൊക്കെ സ്വപ്നതുല്യമായിരുന്നു.   അപ്പോഴാണ് അദ്ദേഹം ക്യാമറ ചെയുന്ന ചിത്രത്തിൽ നായിക ആകുന്നത്.  ഒരു നായികയായി അദ്ദേഹത്തിന്റെ മനോഹര ഫ്രെയിമിൽ നില്ക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെയാണ്.   

ഓളവും തീരവും എന്ന ലെജൻഡറി സിനിമയുടെ പുനരാവിഷ്ക്കാരം 

ഉഷാ നന്ദിനി എന്ന പഴയകാല സൂപ്പർ താരം ചെയ്ത നബീസ എന്ന കഥാപാത്രമായിരുന്നു ഞാൻ വീണ്ടും ചെയ്തത്, ലാലേട്ടൻ ചെയ്തത് മധു സർ ചെയ്ത കഥാപാത്രവും.  പടം ചെയ്യുന്നതിന് മുൻപ് ഉഷാ നന്ദിനി മാമിനെ ഒന്ന് കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.  അവർ തിരുവനന്തപുരത്താണ് എന്നാണു അറിഞ്ഞത്. പക്ഷേ അന്വേഷിച്ചപ്പോൾ അവിടെ ഇല്ല എന്നാണു കിട്ടിയ വിവരം. പഴയ "ഓളവും തീരവും" എടുത്തു കണ്ടു.  കഥാപാത്രത്തിനായി പ്രത്യേകിച്ച് ഒരു തയാറെടുപ്പും നടത്തിയിട്ടില്ല. എംടി സാറിന്റെ ഓളവും തീരവും എനിക്കറിയുന്ന കഥയാണ്. നബീസ എന്താണെന്നും അറിയാം എങ്കിലും ആ കഥാപാത്രം ചെയ്തപ്പോഴാണ് നബീസയെ കൂടുതൽ അറിഞ്ഞത്. നിഷ്കളങ്കയായ ഒരു പാവം പെൺകുട്ടിയാണ് നബീസ. ഒരുപാട് ഇഷ്ടപ്പെട്ടാണ് നബീസയായി മാറിയത്.

എം.ടി. വാസുദേവൻ എന്ന മലയാളത്തിന്റെ അഭിമാനം   

      

ഞാനും പ്രിയൻ സറും ഒരുമിച്ച് ഇരിക്കുമ്പോഴാണ് എംടി സാർ സെറ്റിൽ വരുന്നത്. ഞങ്ങളുടെ അടുത്ത് വന്നിരുന്നപ്പോ എനിക്ക് പേടിയോ ആരാധനയോ ബഹുമാനമോ എന്താണെന്നറിയാത്ത ഒരു വെപ്രാളമായിരുന്നു. സാറിന്റെ മകൾ എന്നെ ചൂണ്ടിക്കാണിച്ചിട്ട് ഈ കുട്ടിയാണ് നബീസ എന്ന് പറഞ്ഞു. സാർ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു. അദ്ദേഹം അധികം സംസാരിക്കുന്ന ആളല്ല. എന്നെ ഇഷ്ടപ്പെട്ടു എന്നാണ് മനസിലായത്. അദ്ദേഹത്തിന്റെ പിറന്നാൾ ഞങ്ങൾ സെറ്റിൽ ആഘോഷിച്ചു അപ്പോ അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കാനും കേക്ക് വായിൽ വച്ച് കൊടുക്കാനും കഴിഞ്ഞു. അതൊക്കെ ഒരു തുടക്കകാരിയായ എനിക്ക് കിട്ടിയ ഭാഗ്യമാണ്.  ആ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാൻ ആണെന്നാണ് എനിക്ക് തോന്നിയത്.  

പുതിയ തലമുറയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് നായിക

ഓളവും തീരവും ചരിത്രമാകാൻ പോകുന്ന സിനിമയാണ്. എംടി സാറിന്റെ കഥ, പി.എൻ. മേനോൻ വർഷങ്ങൾക്കു മുൻപ് സിനിമയാക്കി ഹിറ്റ് ആയി ഓടിയ ചിത്രമാണ് അത് വീണ്ടും അഭ്രപാളികളിൽ എത്തിക്കുക അതും ബ്ലാക്ക് ആൻഡ് വൈറ്റിൽ. എംടി സാറിനുള്ള ഒരു ട്രിബ്യൂട്ട്  കൂടിയാണ് ഈ സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നു എന്നതും വലിയ കാര്യമാണ്, ഞാൻ കളർ പടത്തിലും ബ്ലാക്ക് ആൻഡ് വൈറ്റിലും അഭിനയിച്ചിട്ടുണ്ടെന്ന് നാളെ ഒരു സമയത്തു എനിക്ക് പറയാല്ലോ. പുതിയ തലമുറയിൽ എനിക്ക് മാത്രമാണ് ഈ ഒരു ഭാഗ്യം കിട്ടിയതെന്ന് തോന്നുന്നു.  

durga

പണ്ടത്തെ മുസ്‌ലിം പെൺകുട്ടികളുടെ ഉമ്മച്ചി കുപ്പായവും മുണ്ടും തട്ടമിട്ടു വാലിട്ട് കണ്ണെഴുതി കുപ്പിവളകളും കഴുത്തിൽ ഒരു ചരടും ഇതായിരുന്നു നബീസയുടെ വേഷം.  കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് തന്നെ കൗതുകം തോന്നി, ചുരുണ്ട മുടിയുള്ള വാലിട്ടു കണ്ണെഴുതിയ ഒരു ഉമ്മച്ചിക്കുട്ടി.  എന്നെ കണ്ടപ്പോൾ എനിക്ക് തന്നെ ഭയങ്കര ഇഷ്ടമായി.  അവിടം തൊട്ട് ഞാൻ നബീസയാണ്, അവളുടെ ജീവത്തിലൂടെ സഞ്ചരിച്ച് അവളുടെ ഭാഷ സംസാരിച്ച് കുറെ ദിവസമായപ്പോ എനിക്ക് പിന്നെ നബീസയിൽ നിന്ന് ഇറങ്ങാൻ പറ്റുന്നില്ല. ഷൂട്ടിങ് കഴിഞ്ഞു ഇത്രയും ദിവസമായിട്ടും എന്റെ സംസാരത്തിൽ നബീസയുടെ ഭാഷ കടന്നുകൂടുന്നുണ്ട്.    

നബീസയെ ഞാൻ മറ്റൊരാൾ പണ്ട് ചെയ്ത കഥാപാത്രമായിട്ടല്ല പുതിയ കഥാപാത്രമായിട്ടാണ് സ്വീകരിച്ചത് .  ചരിത്രത്തിന്റെ ഭാഗമായ വലിയൊരു സിനിമ എന്ന തോന്നൽ ഒക്കെ മാറ്റിയിട്ട് വളരെ ലളിതമായിട്ടാണ് ഞാൻ കഥാപാത്രത്തെ കണ്ടത് അതുകൊണ്ട് തന്നെ ആ ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല.  ഓരോ ദിവസവും ഞാൻ ആസ്വദിച്ചാണ് അത് അഭിനയിച്ചത്.  ഒട്ടും ടെൻഷനില്ലാതെ ഓടിച്ചാടി ആടിപ്പാടി ആണ് ഞാൻ സെറ്റിൽ നടന്നത്.  കഥാപാത്രത്തിന്റെ വലിപ്പമൊന്നും എന്റെ മനസ്സിനെ ബാധിച്ചില്ല.  അതിനൊരു കാരണം കൂടി ഉണ്ട്.  

സെറ്റിൽ എത്തി അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ ഈ സിനിമയിൽ ഉണ്ടെന്ന് തന്നെ എനിക്ക് ബോധ്യമായത്, അതുവരെ ഉണ്ടായിരുന്ന ടെൻഷൻ അവിടെ തീർന്നു, അവിടെ മുതൽ ഞാൻ കൂൾ ആണ്, ഞാൻ വേറൊരു ലോകത്തായിരുന്നു. എന്തിനാണ് ഞാൻ ടെൻഷനടിച്ച് എന്റെ സന്തോഷം ഇല്ലാതാക്കുന്നത്. മാത്രമല്ല ഞാൻ എവിടെയാണ് നിൽക്കുന്നതെന്ന് നല്ല ബോധ്യമുണ്ട് എന്റെ ഒപ്പം നിൽക്കുന്നത് ലാലേട്ടനാണ്, സംവിധായകൻ പ്രിയൻ സർ ക്യാമറ സന്തോഷ് സാർ, അവരുടെ പടം എങ്ങനെ ഭംഗിയാക്കാം എന്ന് അവർക്കറിയാം, അതുകൊണ്ട് ഞാൻ ഈസി ആയി ചെയ്‌തു.

ഉടലിന് പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം 

രതീഷ് രഘുനന്ദൻ സംവിധാനം ചെയ്തു ഞാനും ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസ് ഏട്ടനും അഭിനയിച്ച ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു.  ഉടൽ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്.  ഒരുപാട് ഫൈറ്റ് സീക്വൻസ് ഉണ്ടായിരുന്നു.  ഉടലിലെ ഷൈനി ഞാൻ തന്നെ ആണോ എന്ന് പിന്നീട് എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്.  ഒരു അഭിനേതാവിന്റെ കയ്യിൽ കിട്ടുന്നത് രൂപമില്ലാത്ത കഥാപാത്രത്തെപ്പറ്റിയുള്ള കുറച്ച്  ഐഡിയ മാത്രമാണ് ആ കഥാപാത്രത്തിന് രൂപം കൊടുക്കുന്നത് അഭിനയേതാവാണ്‌. സംവിധായകൻ വിശ്വസിച്ചു ഏൽപ്പിക്കുന്ന വേഷം നൂറുശതമാനം ആത്മാർഥതയോടെ ചെയ്തു കൊടുക്കുക എന്നുള്ളതാണ് ഒരു കലാകാരന്റെ ധർമ്മം.  ഏറെ കഷ്ടപ്പെട്ട് ചെയ്ത ആ കഥാപാത്രം അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്.  

durga-krishna

ഉടലിലും കുടുക്കിലും മുറുകുന്ന വിവാദങ്ങൾ 

ഒരുപാടു ക്രൂരതയുള്ള ഒരു കഥാപാത്രം ആയിരുന്നു ഉടലിലേത്, പക്ഷേ അത് ഷൈനിയാണ് ദുർഗയല്ല, യഥാർത്ഥ ജീവിതത്തിൽ ഒരു മുത്തശ്ശിയോട് ക്രൂരതകാണിക്കാൻ ദുർഗയ്ക്ക് കഴിയില്ല.  അതുപോലെ ഉമ്മ വച്ചതും കെട്ടിപ്പിടിച്ചതുമൊന്നും ദുർഗ അല്ല ഷൈനിയാണ്. ഒരുപാടു കഷ്ടപ്പെട്ടാണ് അതിലെ ഫൈറ്റ് സീൻ ഒക്കെ ചെയ്തത്. ആ സീനുകളിൽ പരിക്കുകളും പറ്റിയിട്ടുണ്ട്.  എനിക്ക് മാത്രമല്ല ഇന്ദ്രൻസ് ഏട്ടനും ധ്യാനിനും പരിക്കുകൾ പറ്റി. പക്ഷേ എന്നെ അതിശയിപ്പിച്ച കാര്യം ആ സീനുകൾ എവിടെയും പരാമർശിച്ചു ഞാൻ കണ്ടില്ല. അതിൽ ചെയ്ത ഫൈറ്റോ മറ്റു വൈകാരിക രംഗങ്ങളോ ആരും എടുത്തു പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത് ഉടലിലെ രണ്ട് ഇന്റിമേറ്റ് രംഗങ്ങൾ മാത്രമാണ്.  അത് മാത്രമേ ആളുകൾ കാണുന്നുള്ളൂ കാരണം അവർക്ക് വേണ്ടത് മാത്രമാണ് അവർ കാണുന്നത്.  

കഥാപാത്രത്തിന് വേണ്ടതെന്തായാലും അത് ഇനിയും ചെയ്യും  

ഞാൻ ഒരു ആർടിസ്റ്റാണ് എന്റെ കഥാപാത്രത്തിന് എന്താണ് വേണ്ടത് അത് ചെയ്യുക എന്നുള്ളത് എന്റെ കടമയാണ്. സിനിമയിൽ നിങ്ങൾ കാണുന്നത് ദുർഗ കൃഷ്ണയെ അല്ല ആ കഥാപാത്രത്തെയാണ്.  യഥാർഥ ജീവിതത്തിലെ ദുർഗ, ഷൈനി അല്ല. പക്ഷേ ആളുകൾ ആ വ്യത്യാസം കാണുന്നില്ല. അവർക്ക് എല്ലാം ചെയ്യുന്നത് ദുർഗയാണ് എന്ന ഭാവമാണ്. മുൻപ് പറഞ്ഞത് മാത്രമേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ, ആ സീനുകളിൽ ഒന്നും ഞാൻ മാത്രമല്ല ഒരു പുരുഷ കഥാപാത്രവും ഉണ്ടായിരുന്നു, എന്നെ മാത്രം എന്താണ് വിമർശിക്കുന്നതെന്ന് മനസിലാകുന്നില്ല.  

കുടുക്ക് എന്ന സിനിമയിലെ പാട്ട് റിലീസ് ആയപ്പോഴും ആളുകൾ ഇത്തരത്തിലാണ് പ്രതികരിച്ചത്. കുടുംബത്തെ കൂടി ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയാണോ എന്നുള്ളത് പറയുന്നവർ ആലോചിച്ചാൽ നന്നായിരുന്നു. ഇതില്‍ എനിക്ക് ഒന്നും പറയാനില്ല, പറയാനുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കും നിർത്താൻ പോകുന്നില്ല. അതുപോലെ തന്നെ എന്റെ അഭിനയം നിർത്താൻ ഞാനും ഉദ്ദേശിക്കുന്നില്ല.  ഇന്റിമേറ്റ് സീനിനു വേണ്ടി ഞാൻ സിനിമ ചെയ്യുകയല്ല. സിനിമയ്ക്ക് അത് അത്യാവശ്യമാണെങ്കിൽ അത് ചെയ്യും അത്രമാത്രം. നല്ല കഥാപാത്രം കിട്ടിയാൽ അത് എന്ത് തരം കഥാപാത്രമായാലും അതിനോട് നൂറുശതമാനം നീതിപുലർത്തും. ഒരു കലാകാരി എന്ന നിലയിൽ എന്റെ കർത്തവ്യമാണ് അത്.  

       

കുടുക്ക് വരുന്നുണ്ട്

ചെയ്തു പൂർത്തിയാക്കി റിലീസിന് കാത്തിരിക്കുന്ന ചിത്രം കുടുക്കാണ്. അനുരാഗം എന്നൊരു ചിത്രം റിലീസിന് തയാറെടുക്കുന്നു. റാമും ഇറങ്ങാനുണ്ട്. ഓളവും തീരവും അഭിനയിച്ചു പൂർത്തിയാക്കി. പുതിയ ചിത്രങ്ങളുടെ കഥകൾ കേട്ടുകൊണ്ടിരിക്കുന്നു ഒന്നും തീരുമാനം ആയിട്ടില്ല. വ്യത്യസ്തതയുള്ള പുതിയ പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}