കയ്യിൽ കറുത്ത റബ്ബർ വളകള്‍, ആ പേരിട്ടത് ധർമേന്ദ്ര: മാഫിയ ശശി അഭിമുഖം

mafia-sasi
മാഫിയ ശശി
SHARE

പഠനത്തിൽ ഉഴപ്പാതിരിക്കാൻ അച്ഛൻ ബാലൻ ഒരിക്കൽ മദ്രാസിൽ നിന്ന് ശശിധരനെ സ്വന്തം നാടായ കണ്ണൂരിലേക്ക് വണ്ടി കയറ്റി വിട്ടിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളജ് സ്കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി ചിറയ്ക്കൽ രാജാസ് സ്കൂളിൽ പഠനം തുടർന്ന ശശിധരൻ, അതിനൊപ്പം കളരിയും പഠിച്ചു. വെറും രണ്ടു വർഷമാണ് ശശിധരൻ കളരിയും പഠനവുമൊക്കെയായി നാട്ടിലുണ്ടായിരുന്നത്. പക്ഷേ, ആ രണ്ടു വർഷങ്ങൾ ശശിധരന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. അന്നു പഠിച്ച കളരി ചുവടുകൾ പിന്നീട് ശശിധരനെ ഇന്ത്യൻ സിനിമാലോകം അറിയുന്ന സ്റ്റണ്ട് മാസ്റ്ററാക്കിയെന്നത് ചരിത്രം. ബോളിവുഡ് സൂപ്പർതാരം ധർമേന്ദ്ര ആ പ്രതിഭയ്ക്ക് ഒരു പേരുമിട്ടു– മാഫിയ ശശി. 

ജീവിതത്തിന്റെ സിംഹഭാഗവും ചെന്നൈയിലും സിനിമാസെറ്റുകളിലുമാണ് ചെലവഴിച്ചതെങ്കിലും സംസാരിച്ചു തുടങ്ങിയാൽ സൂപ്പർതാരങ്ങൾ പോലും ശിഷ്യരായുള്ള മാഫിയ ശശി തനി കണ്ണൂർകാരനാകും. നാട്ടിൽ നിന്നു പഠിച്ചെടുത്ത കളരി പോലെ ആ ഭാഷയും ശൈലിയും ശശിയുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. 30 വർഷം നീണ്ട കരിയറിൽ ഇതാദ്യമായാണ് ഒരു ദേശീയ പുരസ്കാരം മാഫിയ ശശിയെ തേടിയെത്തുന്നത്. എന്നിട്ടും വൈകിയെന്ന പരാതിയോ പരിഭവമോ ഇല്ല. പുരസ്കാരനേട്ടം അറിഞ്ഞെത്തിയ മാധ്യമങ്ങൾക്കു മുൻപിൽ തന്റെ നേട്ടത്തിന് കരുത്തു പകർന്ന സഹായികളെ പേരെടുത്തു വിളിച്ച് പരിചയപ്പെടുത്താനും അദ്ദേഹം മറന്നില്ല. പുരസ്കാരനേട്ടത്തെക്കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും മനസു തുറന്ന് മാഫിയ ശശി മനോരമ ഓൺലൈനിൽ. 

എല്ലാം സച്ചിയുടെ കഴിവ്

ഞാൻ, രാജശേഖർ, സുപ്രീം സുന്ദർ– ഞങ്ങൾ മൂന്നു പേരാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിനു വേണ്ടി സ്റ്റണ്ട് ഒരുക്കിയത്. സത്യത്തിൽ സച്ചിയേട്ടന്റെ സംവിധാനമികവും ആ കഥയുടെ കരുത്തുമാണ് ഞങ്ങൾക്ക് ഗുണകരമായതെന്നു തോന്നുന്നു. പൃഥ്വിരാജും ബിജു മേനോനും ചെയ്തത് നല്ല പവറുള്ള റോളാണ്. ആ പവറിൽ കൂടി ഫൈറ്റ് ചെയ്യുമ്പോഴാണ് ഞങ്ങൾക്കു പേരു കിട്ടുന്നത്. അത് സച്ചിയുടെ കഴിവാണ്. നല്ല നാടൻ സ്റ്റൈൽ തല്ലായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്. ചെരുപ്പു പോലും ഇടാതെയായിരുന്നു പൃഥ്വിയും ബിജു മേനോനും ചില രംഗങ്ങളിൽ ഫൈറ്റ് ചെയ്തത്. അവർക്കു രണ്ടു പേർക്കും ആ കഥ മനസ്സിലായി. ഇങ്ങനെ ചെയ്യണം എന്നു പറയുമ്പോൾ അവർ ചെയ്യും. ഓരോ ക്യാരക്ടറും അവർ ഉൾക്കൊണ്ടു കഴിഞ്ഞാൽ എന്തു ത്യാഗം സഹിച്ചും അവരത് ചെയ്യും. അതാണ് അയ്യപ്പനും കോശിയിലും കണ്ടത്. ഈ പടത്തിൽ ഞങ്ങൾ മൂന്നു സ്റ്റണ്ട് മാസ്റ്റേഴ്സിനും ഒരുമിച്ച് അവാർഡ് കിട്ടി. അതിൽ വലിയ അഭിമാനം ഉണ്ട്. 

mafia-sasi-suraj

അന്നൊന്നും അവാർഡുകളില്ല

ഞാൻ കരിയർ തുടങ്ങിയ സമയത്ത് ഇങ്ങനെയുള്ള അവാർഡുകളൊന്നും ഇല്ലല്ലോ. ആ സമയത്ത് ഒരു പടം നൂറു ദിവസം ഓടിയാൽ ഒരു ഷീൽഡ് തരും. ആ ചടങ്ങിന് എല്ലാവരെയും വിളിക്കും. അപ്പോൾ ‍ഞങ്ങൾ എല്ലാവരും പോകും. ഷീൽഡ് ഏറ്റുവാങ്ങും. അതിൽ നിന്നു വ്യത്യസ്തമായി വലിയൊരു പുരസ്കാരം ലഭിക്കുമ്പോൾ അതിന്റെ സന്തോഷം വേറെ തന്നെയാണ്. പിന്നെ, എന്റെ അസിസ്റ്റന്റ്സിനെക്കുറിച്ച് പറയുകയാണെങ്കിൽ അവരാണ് യഥാർത്ഥത്തിൽ കഷ്ടപ്പെടുന്നത്. ഒരു ഫൈറ്റ് എനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലല്ലോ. നമ്മുടെ കൂടെയുള്ള അസിസ്റ്റന്റ്, ഡ്യൂപ്പ് എല്ലാവരുടെയും അധ്വാനം കൂടി ചേർന്നാലേ നമുക്ക് ഒരു ഫൈറ്റ് സീൻ നന്നായെടുക്കാൻ സാധിക്കൂ.

സിനിമകളിലെ നടന്മാരും ചെറിയ മാറ്റങ്ങൾ വരുത്തും. അവർക്കും തോന്നും ഇതിങ്ങനെ വന്നാൽ നന്നായിരിക്കുമെന്ന്! അവരുടെ അഭിപ്രായങ്ങളും കേട്ട് എല്ലാവരുടെയും സഹകരണത്തോടെയാണ് ഒരു ഫൈറ്റ് സീൻ ഡയറക്ട് ചെയ്യുന്നത്. അതൊരു കൂട്ടായ പ്രവർത്തനമാണ്. എനിക്ക് അംഗീകാരം ലഭിക്കുമ്പോൾ അതെന്റെ സഹായികൾക്കും കൂടി ലഭിക്കുന്ന അംഗീകാരമാണ്. അവരുടെ കൂടി വിയർപ്പുണ്ട് അതിന്!

mafia-sasi-2

അച്ഛൻ വഴി തിരിച്ചു വിട്ട ജീവിതം

പഠിച്ചതും വളർന്നതും മദ്രാസിൽ ആയിരുന്നെങ്കിലും ചെറുപ്പം മുതൽ വീട്ടിൽ മലയാളമാണ് സംസാരിക്കുന്നത്. അമ്മയുമെല്ലാവരും സംസാരിക്കുന്നത് തനി കണ്ണൂർ ശൈലിയിലാണ്. ഞാനും അങ്ങനെ പഴകിപ്പോയി. ഒരു പക്ഷേ, അതു ഞങ്ങളുടെ നാടിന്റെ പ്രത്യേകത ആകാം. പെട്ടെന്നൊന്നും ആ ശൈലി വിട്ടു പോകില്ല. അതുപോലെയാണ് കളരിയുടെ കാര്യവും. ആകെ രണ്ടു വർഷമാണ് നാട്ടിൽ പൂർണമായും നിന്നിട്ടുള്ളത്. അപ്പോഴാണ് കളരി പഠിച്ചത്. മദ്രാസിൽ പഠിക്കുമ്പോൾ സ്പോർട്സിൽ കൂടുതൽ കമ്പം കാണിച്ചതുകൊണ്ട് അച്ഛൻ എന്നെ നാട്ടിലേക്ക് കയറ്റി വിട്ടതായിരുന്നു. ഇവിടെ വന്നപ്പോൾ കളരിയോടായി കമ്പം. പിന്നീട് അതിലൂടെ സിനിമയിലുമെത്തി. അന്ന് അച്ഛൻ എന്നെ നാട്ടിലേക്ക് കയറ്റി വിട്ടില്ലായിരുന്നെങ്കിൽ ജീവിതം വേറെ രീതിയിൽ തന്നെ ആകുമായിരുന്നു. 

അനിയന് കൂട്ടു പോയി സിനിമാക്കാരനായി 

അനിയൻ ദിനചന്ദ്രന് ആയിരുന്നു സിനിമയിൽ അഭിനയിക്കാൻ വലിയ താൽപര്യം. അന്ന് ഷൂട്ടൊക്കെ മദ്രാസിൽ ആണല്ലോ. നസീർ സാറിന്റെയും സത്യൻ സാറിന്റെയുമെല്ലാം ചെറുപ്പകാലം അഭിനയിക്കാൻ അവന് അവസരം ലഭിച്ചിരുന്നു. അപ്പോൾ ഞാൻ കൂട്ടു പോകും. അങ്ങനെയാണ് ഞാനും സിനിമയിൽ എത്തുന്നത്. ആദ്യം ചെറിയ വേ‍ഷങ്ങളായിരുന്നു ചെയ്തിരുന്നത്. ഹരിഹരൻ സാറിന്റെ പൂച്ചസന്യാസി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് ഗുണ്ട വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. അതിനിടിയെ അനിയൻ ഒരു സിനിമയിൽ നായകവേഷം ചെയ്തെങ്കിലും സിനിമ അധികം വർക്കൗട്ട് ആയില്ല. അങ്ങനെ അവൻ സിനിമ പതിയെ വിട്ട് എൽഐസിയിൽ ഓഫിസറായി. ഞാൻ പക്ഷേ, സിനിമയിൽ തന്നെ തുടർന്നു.  

jagathy-mafia

ആ പേരിട്ടത് ധർമേന്ദ്ര

ആദ്യം തുടങ്ങിയത് അഭിനയമായിരുന്നു. പിന്നീട് ഫൈറ്റിലേക്ക് വന്നു. 10 വർഷം പലരുടെയും സഹായി ആയി പ്രവർത്തിച്ചു. പപ്പയുടെ സ്വന്തം അപ്പൂസ് ആണ് സ്വതന്ത്രമായി ആദ്യം ചെയ്ത സിനിമ. അന്ന് കറുപ്പയ്യ എന്ന സ്റ്റണ്ട് മാസ്റ്ററും കൂടെയുണ്ട്. 'കറുപ്പയ്യ ശശി'  എന്നാണ് ആദ്യം പേരു വന്നത്. പിന്നീട്, സിബി സാറിന്റെ വളയം, ഐ.വി. ശശി സാറിന്റെ കള്ളനും പൊലീസും അങ്ങനെ കുറച്ചു പടങ്ങൾ ചെയ്തു. ഒറ്റയ്ക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ ക്രെഡിറ്റിൽ പേര് വന്നത് ശശിധരൻ എന്നായിരുന്നു. മലയാളത്തിൽ വന്ന മാഫിയ എന്ന ചിത്രം ഹിന്ദിയിൽ എടുത്തപ്പോൾ അതിൽ ഫൈറ്റ് മാസ്റ്ററായി അവസരം കിട്ടി. ബാബു ആന്റണിയൊക്കെ ആ ഹിന്ദി സിനിമയിൽ ഉണ്ടായിരുന്നു.

ധർമേന്ദ്ര ആയിരുന്നു ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു. അവർ ചെയ്തിരുന്ന ഫൈറ്റിൽ നിന്ന് വ്യത്യസ്തമായിരുന്നു നമ്മുടെ രീതിയും ശൈലിയുമൊക്കെ. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അദ്ദേഹമാണ് എനിക്ക് മാഫിയ ശശി എന്നു പേരിട്ടത്. പിന്നീട്, ആ പേരിലാണ് ഞാൻ അറിയപ്പെടാൻ തുടങ്ങിയത്. ധർമേന്ദ്ര സർ എന്നെ മാഫി എന്നാണ് വിളിക്കാറുണ്ടായിരുന്നത്. അതെല്ലാം ഒരു നിമിത്തം എന്നു പറയാം. 

ഇപ്പോൾ വരുന്നവർക്ക് അത്ര റിസ്ക് ഇല്ല

ഫൈറ്റിലേക്ക് വന്ന സമയത്ത് അമ്മയ്ക്കൊക്കെ വലിയ ആകുലതയായിരുന്നു. ഒരു ഫൈറ്റ് ചെയ്യുമ്പോൾ വീഴ്ചകളൊക്കെ ഉണ്ടാകും. അതു കാണുമ്പോൾ അവർക്ക് സങ്കടം ഒക്കെ ഉണ്ടാകും. എന്തു ചെയ്യാൻ പറ്റും?! ഇതൊരു തൊഴിലല്ലേ. ചെറുപ്പകാലത്ത് ചെയ്യുമ്പോൾ വലിയ പ്രശ്നമൊന്നും തോന്നിയിട്ടില്ല. പ്രായമായപ്പോഴാണ് അന്ന് വീണതിന്റെ പ്രശ്നങ്ങളൊക്കെ തല പൊക്കി തുടങ്ങിയത്. പണ്ട് കാലത്ത് കിട്ടിയ അടിയുടെയും വീഴ്ചയുടെയും പ്രശ്നങ്ങൾ ഇപ്പോൾ അലട്ടുന്നുണ്ട്. അന്നത്തെ കാലത്ത് ഇന്നത്തെ അത്രയും സുരക്ഷാക്രമീകരണങ്ങൾ ഇല്ല. എങ്കിലും പരമാവധി സുരക്ഷിതമായാണ് ഓരോ ആക്ടും ചെയ്യുന്നത്. സേഫ് ആണെന്നു പറഞ്ഞാലും ഒരാൾ ഇത്രയും പടത്തിൽ അടി കൊണ്ടു വീഴുന്നത് ചിത്രീകരിക്കുമ്പോൾ അയാളുടെ നടുവിന്റെ അവസ്ഥ എന്താകും?! അത്രയേ ഉള്ളൂ. ഇപ്പോൾ വരുന്നവർക്ക് ഞങ്ങളുടെ തുടക്കക്കാലത്തിന്റെ അത്രയൊന്നും റിസ്ക് ഇല്ല. 

ഓരോ കാലഘട്ടത്തിലും ഓരോ സ്റ്റൈൽ

ഓരോ സീസൺ വരുമ്പോഴും ഓരോ സ്റ്റൈലായിരിക്കും. നസീർ സർ, സത്യൻ സർ, ജയൻ സർ അവരൊക്കെ ഒരു സ്റ്റൈലിൽ ചെയ്തിരുന്നു. പിന്നീട്, ബാബു ആന്റണി വന്നു. അപ്പോഴാണ് കരാട്ടെ പോലെയുള്ള സ്റ്റൈൽ ഒക്കെ പ്രചാരം നേടിയത്. പുതിയ പുതിയ ആൾക്കാരു വരുമ്പോൾ അവരവരുടെ കാലഘട്ടങ്ങളിലുള്ള ഫൈറ്റിന്റെ സ്റ്റൈലുകളും മാറിക്കൊണ്ടിരിക്കും. ഓരോ തലമുറകൾ മാറുമ്പോഴും ഫൈറ്റിലും ആ മാറ്റം കൊണ്ടു വരും. ഞാൻ അഭിനേതാക്കളെ നിരീക്ഷിച്ചാണ് ഫൈറ്റിൽ സ്റ്റൈൽ കൊണ്ടു വരുന്നത്. ഓരോ ആർട്ടിസ്റ്റിനനുസരിച്ച് നമ്മൾ ഫൈറ്റിൽ മാറ്റങ്ങൾ വരുത്തും. അവരുടെ ശരീരഭാഷ അനുസരിച്ചുള്ള സ്റ്റൈൽ കൊണ്ടുവരാനാണ് ശ്രമിക്കുക. 

വളകളിട്ട ഫൈറ്റ് മാസ്റ്റർ, ഈ ലുക്കിന് പിന്നിൽ

കയ്യിൽ കറുത്ത റബർ വളകളിട്ടു തുടങ്ങിയിട്ട് 12 വർഷമായി. ഇപ്പോൾ, ഇത് എന്റെ ഒരു സ്റ്റൈൽ ആണ്. ഒരിക്കൽ, ആലുവയിലെ ഫാക്ടറിയിൽ ഒരു ഷൂട്ടിങ്ങിനു പോയപ്പോൾ അവിടെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മെഷീൻ ശ്രദ്ധിച്ചിരുന്നു. അതിന്റെ പാർട്ട് ആയിരുന്നു ഈ റബർ വളകൾ. പെട്ടെന്നൊന്നും ഇത് പൊട്ടില്ല എന്ന് അവർ പറഞ്ഞു. അവിടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോടു പറഞ്ഞു വില കൊടുത്തു വാങ്ങിയതാണ് ഇവ. ഒരു റബറിന് 5000 രൂപയാണ്. ഒരെണ്ണം കൊണ്ട് ഇതു പോലത്തെ മൂന്ന് എണ്ണം ഉണ്ടാക്കാം. ഇപ്പോൾ ആ കമ്പനി ഇല്ല. കുറച്ചധികം എണ്ണം ഞാൻ നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇപ്പോൾ ഇതൊരു ഐഡന്റിറ്റിയും എന്റെയൊരു ലുക്ക് ആയിട്ടും മാറി. അതുകൊണ്ട് മാറ്റാനും തോന്നുന്നില്ല. 

ഇവിടം വിട്ട് എവിടെയും പോകില്ല

കൂടുതലും മലയാളം സിനിമകളാണ് ഇപ്പോഴും ചെയ്യുന്നത്. മലയാളത്തിലെ ഡയറക്ടർമാർ തമിഴ് ചെയ്യുമ്പോൾ അങ്ങനെ ഇടയ്ക്കിടയ്ക്ക് പോകും. ഇടയ്ക്ക് ഹിന്ദി പടങ്ങൾ വന്നാലും പോകാറുണ്ട്. മലയാളം ചെറിയൊരു ഇൻഡസ്ട്രിയല്ലേ. അതുകൊണ്ട് മലയാളത്തിലേക്കാൾ പ്രതിഫലം കൂടുതൽ കിട്ടുന്നത് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയാണ്. എങ്കിലും എനിക്ക് മലയാളത്തോടാണ് താൽപര്യം. ഇവിടം വിട്ട് ഞാൻ എവിടെയും പോകില്ല. ഈയടുത്ത് റിലീസ് ആയ കടുവയിൽ ഒന്നു രണ്ടു ഫൈറ്റ് ചെയ്തിരുന്നു. ജൂഡ് ആന്റണിയുടെ ചിത്രമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. മമ്മൂക്ക–ബി. ഉണ്ണികൃഷ്ണൻ പടം, റോഷൻ ആൻഡ്രൂസിന്റെ ഒരുപടം, നിവിൻ പോളിയുടെ പടം, ലാലേട്ടന്റെ ഓളവും തീരവും, വെടിക്കെട്ട് എന്നീ പടങ്ങൾ‍‍‍‍‍‍‍‍‍ ഒക്കെയാണ് വരാനുള്ളത്. ജോഷി സാറിന്റെ പാപ്പനിലും ഫൈറ്റ് മാസ്റ്ററായിരുന്നു. അതാണ് ഉടൻ റിലീസിനെത്തുന്ന ചിത്രം.  

കുടുംബം

ചെന്നൈയിലാണ് കുടുംബത്തോടൊപ്പം സ്ഥിരതാമസം. മകന്റെ കല്യാണം കഴിഞ്ഞു. പേര് സന്ദീപ്. അഞ്ജലീ മേനോൻ എന്നാണ് ഭാര്യയുടെ പേര്. വിഷ്വൽ കമ്മ്യൂണിക്കേഷനാണ് മകൻ പഠിച്ചത്. രാജീവ് മേനോന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ക്യാമറ പഠിച്ചു. കൂത്തുപട്ടരൈ തിയറ്ററിൽ നിന്ന് അഭിനയം പഠിച്ചു. ഒന്നു രണ്ടു ചെറിയ പടങ്ങൾ ചെയ്തു. ഇപ്പോൾ എന്റെ കൂടെ അസിസ്റ്റന്റ് ആയി വരുന്നുണ്ട്. മകൾ കല്യാണം കഴിഞ്ഞു ദുബായിലാണ്. മകൾക്ക് മൂന്നു കുട്ടികളുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}