‘സബാഷ് ചന്ദ്രബോസ്; നടന്റെ മുന്നിൽ കഥാപാത്രം ജീവനോടെ അവതരിച്ച കഥ!

sabash-chandra-bose-1
ജോണി ആന്റണി, കുമാര്‍ നീലകണ്ഠൻ, വി.സി. അഭിലാഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ
SHARE

ദേശീയ പുരസ്കാരം നേടിയ, ബ്രിക്സ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ, അതിലെല്ലാമുപരി ഇന്ദ്രൻസിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘ആളൊരുക്കം’ എന്ന സിനിമയുടെ സംവിധായകന്റെ രണ്ടാമത്തെ ചിത്രം ‘സബാഷ് ചന്ദ്രബോസ്’ ഓഗസ്റ്റ് അഞ്ചാം തീയതി തിയറ്ററിൽ എത്തുകയാണ്. അതിനു മുന്നോടിയായി ആ സിനിമയിലെ കഥാപാത്രങ്ങൾ നേരിൽ കണ്ടുമുട്ടി; നീണ്ട 30 വർഷങ്ങൾക്കു ശേഷം. സമാഗമത്തിനു സാക്ഷിയായി ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരും. 

അഭിനയിച്ചവരും കഥാപാത്രങ്ങളും

കോവിഡിന്റെ ആദ്യ തീപ്പൊരി മലയാളിയുടെ ഉള്ളുപൊള്ളിച്ച 2020 മാർച്ച്. മാസ്ക് മനുഷ്യന്റെ ചിരി മറച്ചുതുടങ്ങിയ കൊടുംവേനൽ.  തിയറ്റർ സ്ക്രീനുകൾ നിശ്ശബ്ദമായി; ലൊക്കേഷനുകളിൽ ലൈറ്റുകൾക്കൊപ്പം പല സിനിമക്കാരുടെയും സ്വപ്നങ്ങൾകൂടി അണഞ്ഞൊടുങ്ങി. അപ്പോഴാണ് സിനിമയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്ക 9 ലഘുചിത്രങ്ങൾ നിർമിക്കാൻ തീരുമാനമെടുക്കുന്നത്. കോവിഡിന് എതിരായ ബോധവൽക്കരണമാണു ലക്ഷ്യം. മൂന്നു പരസ്യചിത്ര സംവിധായകരാണു സിനിമകൾ ഒരുക്കുന്നത്. ഓരോ സംവിധായകനും ഓരോ മിനിട്ടു വീതമുള്ള മൂന്നു ചിത്രങ്ങൾ. അതിൽ ‘സൂപ്പർമാൻ സദാനന്ദൻ’ എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് ജോണി ആന്റണി കൊച്ചിയിലെത്തുന്നത്. കുമാർ നീലകണ്ഠൻ എന്നയാളാണു സംവിധായകൻ. 

പരിചയപ്പെടുന്നതിനിടയിൽ കുമാർ ജോണി ആന്റണിയോടു ചോദിച്ചു: ‘‘ഇന്നലെ ഷൂട്ട് ഉണ്ടായിരുന്നോ, മുഖത്തു നല്ല ക്ഷീണം?’’

‘‘കൊല്ലങ്കോട്ടായിരുന്നു; കൊറോണ കാരണം തൽക്കാലം നിർത്തിവച്ചു; ബാക്കിയുള്ളവൻ ഒന്ന് അഭിനയിക്കാനിറങ്ങിയപ്പോ തിയറ്ററും അടച്ചു; ഷൂട്ടിങ്ങും നിർത്തി.’’ 

ആശങ്കയിലും ജോണിയുടെ സംസാരത്തിലെ നർമം കുമാറിന്റെ മുഖത്തു ചിരിപടർത്തി. 

‘‘ഏതായിരുന്നു പടം’’ – മാസ്ക് മെല്ലെ ഊരിക്കൊണ്ടു കുമാർ ചോദിച്ചു. 

‘‘സബാഷ് ചന്ദ്രബോസ്... നമ്മുടെ വി.സി.അഭിലാഷിന്റെ പടമാ. ആളൊരുക്കത്തിന്റെ സംവിധായകൻ. നാഷനൽ അവാർഡൊക്കെ കിട്ടിയ...’’ ജോണി വാചാലനാകുന്നതിനടിയിൽ കുമാർ ഇടയ്ക്കു കയറി. 

‘‘ഇന്ദ്രൻസേട്ടന് സംസ്ഥാന അവാർഡ് കിട്ടിയ ആളൊരുക്കം...! ഗംഭീര പടമായിരുന്നു.’’

‘‘കുമാറിന് ആളെ അറിയുമോ?’’ – ജോണിക്ക് ജിജ്ഞാസയായി.

‘‘അറിയുമോന്നോ, എന്റെ നാട്ടുകാരനല്ലേ’’ – അഭിമാനത്തോടെ കുമാർ തല ഉയർത്തി.

‘‘പക്ഷേ, കണ്ടിട്ടു പത്തുമുപ്പതു വർഷമായി. അഭിലാഷിന് അന്നു നാലോ അഞ്ചോ വയസ്സു കാണും; എന്റെ മടീലൊക്കെ വന്നുകയറി ഇരുന്നിട്ടുള്ള പയ്യനാ.’’ – കുമാറിന്റെ ഓർമകൾ സൂപ്പർഫാസ്റ്റ് വേഗത്തിൽ സ്വന്തം നാടായ നെടുമങ്ങാട്ടേക്കു പാഞ്ഞു. 

‘‘വളരെ ചെറിയൊരു കഥയാ, എങ്കിലും നന്നായി എഴുതിയിട്ടുണ്ട്.’’ – ജോണി സിനിമയെപ്പറ്റി വിശദീകരിച്ചു.

‘‘ഒരു അവാർഡിനു സാധ്യതയുണ്ടോ, ആളൊരുക്കം പോലെ?’’ 

‘‘ഇതു വേറൊരുതരം പടമാ. വളരെ റിയലിസ്റ്റിക്കാണ്. എന്നാലും, നല്ല ചിരിയൊക്കെ കിട്ടും; ഒരു എന്റർടെയ്നർ എന്നു പറയാം...’’ – ജോണി സിനിമയുടെ സ്വഭാവം വ്യക്തമാക്കി.

‘‘യതീന്ദ്രൻ എന്നാണ് എന്റെ കാഥാപാത്രത്തിന്റെ പേര്; ഗംഭീരവേഷം. നാട്ടിലൊക്കെ ടിവി വന്നു തുടങ്ങിയ സമയമില്ലേ, 1986–87 കാലഘട്ടം. ആ ഗ്രാമത്തിൽ ആകെ ടിവിയുള്ളത് എന്റെ വീട്ടിലാ. നാട്ടുകാരെല്ലാം സിനിമയും സീരിയലും കാണാൻ അവിടെ വരും. തൊട്ടപ്പുറത്തുള്ള ചെറുപ്പക്കാരനാണ് ചന്ദ്രബോസ്. അതാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ വേഷം.’’ – ജോണി വീണ്ടും വിശദീകരിച്ചു. 

‘‘രസം അതല്ല; ഈ കഥാപാത്രങ്ങളൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.’’ – ജോണി പിന്നെയും വാചാലനായി.

‘‘അതു ശരി; എന്നിട്ട് ചേട്ടൻ ഈ യതീന്ദ്രനെ നേരിട്ടു കണ്ടോ...?’’

sabash-chandra-bose-2

‘‘ഓ, കണ്ടിട്ടൊന്നുമില്ല; അഭിലാഷ് പറഞ്ഞുള്ള അറിവാ’’ – കോട്ടയംകാരന്റെ ചിരിയോടെ ജോണിയുടെ ഉത്തരം. 

‘‘എന്നാൽ കണ്ടോ, ഈ നിൽക്കുന്ന ഞാനാ യതീന്ദ്രൻ...’’ – ഇന്റർവെൽ ട്വിസ്റ്റടിച്ച് കുമാർ അതിവേഗം ക്യാമറയ്ക്കു പിന്നിലേക്കു നടന്നു. 

ജോണിക്ക് പെട്ടെന്നങ്ങു വിശ്വസിക്കാനായില്ല. 

‘‘സംശയമുണ്ടെങ്കിൽ അഭിലാഷിനെ വിളിച്ചു ചോദിച്ചോ...’’ – വീണ്ടും കുമാറിന്റെ ശബ്ദം. എങ്കിൽ അതൊന്നറിയണമല്ലോ! ജോണി പെട്ടെന്ന് അഭിലാഷിനെ ഡയൽ ചെയ്തു നേരെ കുമാറിനു കൊടുത്തു. 

‘‘ഹലോ ജോണിച്ചേട്ടാ...’’ 

‘‘ജോണിച്ചേട്ടനല്ല. ഇതു കുമാറാ, കുമാർ നീലകണ്ഠൻ. നിന്റെ യതീന്ദ്രന്റെ ഒറിജിനൽ; എന്റെ ആത്മകഥയെടുത്തു നീ സിനിമയാക്കി, അല്ലേടാ’’ – കുമാർ അൽപം ഗൗരവക്കാരനായി. 

‘‘കുമാറേട്ടാ... ഇതെവിടെ...?’’ ആ ഒറ്റവിളികൊണ്ട് അഭിലാഷ് 30 വർഷങ്ങൾ ഓടിക്കടന്ന് കുമാറണ്ണന്റെ മടിയിലെത്തി.  

‘‘വേണ്ട, ഫോണിലൂടെ നീ ഒന്നും പറയേണ്ട; നീ ഇങ്ങുവാ. നമുക്കു നേരിൽ കാണാം’’ – കുമാർ അഭിലാഷിനെ കൊച്ചിയിലേക്കു വിളിച്ചു. 

പക്ഷേ, കോവിഡും ലോക്ഡൗണും എല്ലാം കാരണം അഭിലാഷിന്റെ വരവു വൈകി. പടത്തിന്റെ ഷൂട്ടിങ്ങും മുടങ്ങി. എങ്കിലും ചിത്രത്തിന്റെ ജോലിയെല്ലാം കഴിഞ്ഞ്, കോവിഡ് അൽപമൊന്ന് ഒതുങ്ങിയ സമയം നോക്കി കുമാർ നീലകണ്ഠനെ കാണാൻ അഭിലാഷ് കൊച്ചിയിലെത്തി. ആ കൂടിക്കാഴ്ചയ്ക്കു സാക്ഷിയാകാൻ ജോണി ആന്റണിയും. ചിത്രത്തിൽ അഭിലാഷും ഒരു കഥാപാത്രമാണ്. നായകൻ എന്നുതന്നെ പറയാം. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു വിഷ്ണു ഉണ്ണിക്കൃഷ്ണനാണ്. ഇവർ മൂന്നുപേരും കൊച്ചിയിൽ ഒരുമിക്കുന്നു എന്നറിഞ്ഞപ്പോൾ ആ സംഗമത്തിൽ പങ്കു ചേരണമെന്നു വിഷ്ണുവിനും ആഗ്രഹം. 30 വർഷങ്ങൾക്കു ശേഷം കഥാപാത്രങ്ങൾ തമ്മിൽ കണ്ടുമുട്ടുന്ന അപൂർവനിമിഷമല്ലേ. അതു കാണാൻ വിഷ്ണുവും എത്തി. 

അഭിലാഷിന്റെ കുട്ടിക്കാലത്തു നെടുമങ്ങാട്ടെ ആ കൊച്ചുഗ്രാമത്തിൽ ആദ്യം ടിവി എത്തിയതു കുമാർ നീലകണ്ഠന്റെ വീട്ടിലാണ്. കുമാറിന്റെ ജ്യേഷ്ഠൻ ഡൽഹിയിൽനിന്നു കൊണ്ടുവന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി. അയൽവാസികൾ കുമാറിന്റെ വീട്ടിൽ ടിവി കാണാനെത്തും. ഏറ്റവും മുന്നിൽ ഇരിക്കുന്നത് കുഞ്ഞ് അഭിലാഷായിരിക്കും. 

‘‘എന്റെ മനസ്സിലേക്ക് ആദ്യമായി വിഷ്വൽസ് കടന്നുവന്നതു കുമാറേട്ടന്റെ വീട്ടിലെ ടിവിയിലൂടെയാണ്. ആ ടിവിയും ആ വീടും ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല.’’ – വിഷ്ണുവിനോടും ജോണിയോടുമായി അഭിലാഷ് തന്റെ ബാല്യകാലം വിശദീകരിച്ചു. 

‘‘എല്ലാവരും എഴുന്നേറ്റു പോയാലും, നീ ആ ടിവിയുടെ മുന്നിൽത്തന്നെയുണ്ടാവും’’ – കുമാർ ആ കുട്ടിക്കാലം ഓർത്തെടുത്തു.

‘‘ചെക്കന്റെ കണ്ണടിച്ചു പോകാതിരുന്നാൽ ഭാഗ്യം എന്നു ഞങ്ങളൊക്കെ പറയുമായിരുന്നു’’. 

നാലു മണിക്കു മലയാളം സിനിമ കാണാൻ കൗതുകത്തോടെ വന്നിരിക്കുന്ന അയലത്തെ ചന്ദ്രിച്ചേച്ചിയുടെ മകൻ കുഞ്ഞ് അഭിലാഷിനെ കുമാർ ഓർത്തെടുത്തു. 

‘‘അല്ലെടേ, നീ ഇതിൽ എന്തു കഥയാ സിനിമയാക്കുന്നത്’’ – ആകാംക്ഷയോടെ കുമാറിന്റെ ചോദ്യം. 

‘‘അത് കുമാറേട്ടാ, ആ വീടും കുമാറേട്ടനും... ഇതു രണ്ടും സിനിമയിൽ അതുപോലുണ്ട്. പക്ഷേ, കഥാപാത്രങ്ങൾക്കു കുറച്ചു പ്രായം കൂട്ടിയിട്ടുണ്ട്. യതീന്ദ്രന് ഇതിൽ ഭാര്യയും ഒരു കുട്ടിയുമുണ്ട്.’’

‘‘എന്റെ ആത്മകഥ നീയെടുത്തു വികലമാക്കിക്കളയരുത്’’ – ചിരിച്ചുകൊണ്ടു കുമാർ പറഞ്ഞു. 

‘‘ഞാനുമുണ്ട് ഇതിൽ; രണ്ടു കഥാപാത്രങ്ങളിലൂടെയാ എന്റെ കുട്ടിക്കാലം വിശദീകരിക്കുന്നത്. എന്നെപ്പോലെത്തന്നെ ഒരു അഞ്ചുവയസ്സുകാരൻ ഇതിലുമുണ്ട്. പക്ഷേ, എന്റെ ആത്മാംശമുള്ളത് ഇതിലെ ചന്ദ്രബോസ് എന്ന കഥാപാത്രത്തിനാണ്. വിഷ്ണു ചെയ്യുന്ന വേഷം’’ – അഭിലാഷ് വിശദീകരിച്ചു. 

sabash-chandra-bose-3

‘‘അപ്പോ നീ ആത്മകഥയിൽ വെള്ളം ചേർത്തു’’ – കുമാർ വീണ്ടും ഇടപെട്ടു. 

‘‘കുമാറേട്ടാ, ഇതിലെ സംഭവങ്ങൾ പലതും ഞാൻ ഭാവനയിൽനിന്ന് എഴുതിയുണ്ടാക്കിയതാ. അതുകൊണ്ടു കുമാറേട്ടനു ചെറിയൊരു ഗൗരവഭാവം വരും’’ – ക്ഷമാപണം പോലെ അഭിലാഷ്. 

‘‘നീ എന്നെ മുഴുനീള ഗൗരവക്കാരനാക്കിയാലും കുഴപ്പമില്ല. പക്ഷേ, എന്റെ അച്ഛൻ സാക്ഷാൻ നീലകണ്ഠനെ മോശക്കാരനാക്കരുത്. കാരണം, അവസാനത്തെ കാഴ്ചക്കാരനും പോകുന്നതുവരെ ആ പാവം ഒരു കസേരയുമിട്ട് ആ മുറ്റത്ത് ഇരിക്കുമായിരുന്നു.’’ – പെട്ടെന്ന് കുമാർ പഴയ കാലത്തേക്കു പോയി. 

‘‘ഒരിക്കലുമില്ല... കുമാറേട്ടന് എന്നെ വിശ്വസിക്കാം...’’ – അഭിലാഷ് കുമാറിന്റെ കൈകളിൽ പിടിച്ചു. മെല്ലെ കുമാർ അയാളെ ഭൂതകാലത്തിലെന്നപോലെ ചേർത്തുപിടിച്ചു. 

‘‘നീ വലിയ ആളാകുമെടാ. നമ്മുടെ നാട് നീ മൂലം അറിയപ്പെടും. അല്ല; അറിയപ്പെട്ടു കഴിഞ്ഞു’’ – നിറകണ്ണുകളോടെ കുമാർ അഭിലാഷിനെ അനുഗ്രഹിച്ചു. 

അടുത്തുനിന്ന ജോണിയുടെ നേരെ തിരിഞ്ഞ് കുമാർ പറഞ്ഞു: ‘‘ജോണിച്ചേട്ടാ, ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസേട്ടന് അവാർഡ് കിട്ടിയപ്പോൾ, എന്റെ പെങ്ങളാ എന്നെ വിളിച്ച് ഇവന്റെ കാര്യം പറഞ്ഞത്. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഇവൻ വലിയ ആളായി എന്നു പറയുമ്പോ പെങ്ങൾക്കും വലിയ സന്തോഷമായിരുന്നു’’ – നിറഞ്ഞ കണ്ണുകൾ തുടച്ച് കുമാർ ചിരിച്ചു.  

‘‘കേട്ടോ, വിഷ്ണൂ, എന്റെ അച്ഛനു ഗൾഫിലായിരുന്നു ജോലി. അച്ഛൻ നാട്ടിൽ വന്നപ്പോൾ കുറച്ച് പൈസയൊക്കെയുണ്ടായിരുന്നു. അങ്ങനെയാണു ഞങ്ങളവിടെനിന്നു വേറൊരു വീടുവച്ചു മാറിയത്. പക്ഷേ, വീടിന്റെ പണി പൂർത്തീകരിക്കാൻ അച്ഛനു കഴിഞ്ഞില്ല. അങ്ങനെ അതു വിറ്റു. പിന്നെ പത്തിരുപതു വാടകവീടുകൾ മാറി. അതിനിടയിൽ കുമാറേട്ടനും നാട്ടീന്നു പോയി. പിന്നെ ഞാൻ അവിടേക്കു പോയിട്ടില്ല.’’ – അഭിലാഷ് തന്റെ കുട്ടിക്കാലം വിശദീകരിച്ചു. 

‘‘ഞാൻ പിന്നെ കുറച്ചുകാലം ഡൽഹിയിലായിരുന്നു. തിരികെ കൊച്ചിയിലെത്തിയാണ് പരസ്യചിത്രങ്ങൾ ചെയ്തുതുടങ്ങിയത്’’ – കുമാറും തന്റെ ജീവിതയാത്ര വിശദീകരിച്ചു. 

ഉച്ചയൂണും കഴിഞ്ഞ് ഫോട്ടോയും എടുത്തു പിരിയാൻ നേരം കുമാർ നീലകണ്ഠൻ തന്റെ ബുദ്ധിയിൽ തോന്നിയ ഒരു ആശയം തമാശ രൂപത്തിൽ പറഞ്ഞു: ‘‘എടാ അഭിലാഷേ, ഞാൻ നിന്റെ പടത്തിനെതിരെ ഒരു കേസ് കൊടുക്കട്ടെ; അതാ ഇപ്പോഴത്തെ ട്രെൻഡ്...’’

‘‘ഒരു പരസ്യക്കാരന്റെ ബുദ്ധി!’’ – വിഷ്ണു ഉണ്ണിക്കൃഷ്ണൻ കുമാറിനെ ചെറുതായൊന്നു കളിയാക്കി. 

‘‘എടാ, കേസ് മുറുകുന്നതോടെ വിഷയം മാധ്യമങ്ങൾ ഏറ്റെടുക്കും. അതോടെ പടത്തിന് ഫ്രീ പബ്ലിസിറ്റിയുമാകും... ആവശ്യത്തിന് പബ്ലിസിറ്റി കിട്ടിക്കഴിഞ്ഞാൽ, ഞാൻ കേസ് പിൻവലിച്ചോളാം...’’

സംഗതി കൊള്ളാമെങ്കിലും ഒരു നല്ല സിനിമയ്ക്ക് ഇങ്ങനെയൊരു പരസ്യത്തിന്റെ ആവശ്യമുണ്ടോ എന്ന ആലോചന  അഭിലാഷിന്റെ കണ്ണുകളിൽ നിഴലിച്ചു. 

‘‘വേണ്ട അഭിലാഷേ, സമയത്ത് ഇയാൾ കേസ് പിൻവലിച്ചില്ലെങ്കിൽ നമ്മൾ കുടുങ്ങും!’’ – സിനിമയിലെ പോലെ തഗ്ഗ് ഡയലോഗ് അടിച്ച് ജോണി ആന്റണി തിരികെ വണ്ടിയിലേക്കു കയറി; പിന്നാലെ വിഷ്ണുവും. ശേഷം ഓഗസ്റ്റ് 5ന് സ്ക്രീനിൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}