പൊറിഞ്ചുവും പാപ്പനും; ജോഷിയുടെ പ്രിയ ഛായാഗ്രാഹകൻ; അജയ് കാച്ചപ്പിള്ളി അഭിമുഖം

ajay-david
പാപ്പൻ ചിത്രീകരണത്തിനിടെ അജയ് ഡേവിഡ് കാച്ചപ്പിള്ളി
SHARE

അനുഭവ സമ്പത്തുള്ള ഛായാഗ്രാഹകരെ മാത്രം പതിവായി കൂടെക്കൂട്ടാറുള്ള സംവിധായകൻ ജോഷി, ‘പൊറിഞ്ചു മറിയം ജോസി’ൽ അദ്ദേഹം അവതരിപ്പിച്ചത് ഒരു യുവ ഛായാഗ്രാഹകനെയാണ്. അയാൾ ആ സിനിമയോടു നീതി പുലർത്തിയെന്നു മാത്രമല്ല ചിത്രം കണ്ടിറങ്ങിയാലും മനസ്സിൽ കൊളുത്തിനിൽക്കുന്ന ഒരുപിടി രംഗങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. തന്റെ അടുത്ത ചിത്രത്തിലും ജോഷി ക്യാമറ വിശ്വസിച്ചേൽപ്പിച്ചത് അയാളെത്തന്നെയാണ്– അജയ് ഡേവിഡ് കാച്ചപ്പിള്ളിയെ.

അടി കപ്യാരെ കൂട്ടമണി, മരുഭൂമിയിലെ ആന, വികടകുമാരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനാണ്. ‘പാപ്പന്റെ’ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് അജയ് പങ്കുവയ്ക്കുന്നു....

മാസ്റ്റർ ഡയറക്ടര്‍ക്കൊപ്പം ഇത് രണ്ടാം ചിത്രം ?

'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രം മുതലാണ് ഞാൻ ജോഷി സാറിനൊപ്പം വർക്ക് ചെയ്യുന്നത്. വളരെ നല്ലൊരു സൗഹൃദവും ബന്ധവുമാണത്. ഞാൻ പറയുന്നത് സാറിനും സാർ പറയുന്നത് എനിക്കും മനസ്സിലാവുന്നു എന്നു തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള കാര്യങ്ങൾ വളരെ എളുപ്പമായി. അതുകൊണ്ടുകൂടിയാണ് ഏറ്റെടുക്കുന്ന ജോലി വളരെ കൃത്യമായി മുന്നോട്ടു കൊണ്ടുപോകാനായത്. 

ajay-joshiy

ജോഷിസാറിനൊപ്പം ?

ഒരാളുടെ വർക്ക് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ, അത് ടെക്നീഷ്യൻ ആയാലും അഭിനേതാവായാലും, ജോഷി സർ അഭിനന്ദിക്കാറുണ്ട്. ചെയ്ത കാര്യം ‘വളരെയധികം നന്നായി’ എന്നു തുറന്നു പറഞ്ഞ് അഭിനന്ദിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ ആണ് അദ്ദേഹം. മാത്രമല്ല, പിന്നീട് ആ വ്യക്തിയെ വളരെയധികം പിന്തുണയ്ക്കുകയും ചെയ്യും. അഭിമുഖങ്ങളിൽനിന്നും പൊതുവേദികളിൽനിന്നും ഒഴിഞ്ഞു നില്‍ക്കുന്നതുകൊണ്ടാവും ഇൻഡസ്ട്രിയിൽ അദ്ദേഹത്തെപ്പറ്റി ഒരു ചൂടൻ എന്ന ഇമേജ് നിലനിൽക്കുന്നത്. പക്ഷേ അതിൽ ഒരു സത്യവുമില്ല എന്നാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തപ്പോൾ ഞാൻ മനസ്സിലാക്കിയത്. ഒരു സ്ക്രിപ്റ്റ് വായിച്ചാൽ എന്താണു ചെയ്യേണ്ടത് എന്നും, എത്ര ഷോട്ട് ഏത് സീനിൽ എടുക്കണമെന്നുമൊക്കെ അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. അതുകൊണ്ടുതന്നെ എഡിറ്റഡ് വേർഷൻ മാത്രമാകും നമുക്ക് ചിത്രീകരിക്കേണ്ടി വരുന്നതും. സർ പറയുന്നത് അതേപോലെ സെറ്റ് ചെയ്താൽ മതി. അത് മാത്രം ഫോളോ ചെയ്താൽ കൃത്യമായി നമുക്ക് നല്ല ഒരു ബെയ്സ് ഉണ്ടാക്കാൻ സാധിക്കും. സാറിന്റെ വീക്ഷണം അത്രത്തോളം വ്യക്തമാണ്. 'പൊറിഞ്ചു' കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിനോടൊപ്പം ഇനിയും വർക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽനിന്നു പഠിക്കാൻ പറ്റിയിട്ടുണ്ട്. 

പാപ്പനിലേക്ക് ?

ത്രില്ലർ ആയതുകൊണ്ടുതന്നെ എനിക്ക് അതിൽ വർക്ക് ചെയ്യാനുള്ള സ്പേസ് കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. ഒപ്പം ഒരുപാട് വെല്ലുവിളികൾ ഉള്ള ചിത്രം കൂടിയായിരുന്നു പാപ്പൻ. ആർജെ ഷാനിന്റെ കഥ അതിന്റെ ആദ്യരൂപത്തിൽ ഫോണിൽ കൂടി ഞാനാണ് കേൾക്കുന്നത്. അതൊരു പ്രോജക്ട് ആയാൽ നന്നാകും എന്നു തോന്നി. പിന്നീട് ഞാൻ ഫുൾ സ്ക്രിപ്റ്റ് വായിച്ചു. ജോഷി സർ തന്നെ ഈ കഥ സിനിമയാക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ജോഷി സാറിന്റെ വീട്ടിലേക്ക് ഞങ്ങൾ ഒരുമിച്ച് പോകുന്നതും സംസാരിക്കുന്നതും. സാറിന് കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപെട്ടു. അത് വലിയൊരു ഘടകമാണ്.

ഇരട്ടത്തലയൻ കത്തിയുടെ എൻട്രി ?

കത്തിയുടെ എൻട്രി ഹൈ സ്പീഡ് ക്യാമറയിൽ ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞത് ജോഷി സാറാണ്. മറ്റൊരു രംഗത്തിലും അതിന്റെ ആവശ്യമില്ല എന്ന് അദ്ദേഹം ക്ലിയറായി പറയുകയും ചെയ്തു. ആ ക്യാമറയ്ക്ക് ഒരു ദിവസത്തേക്കു പോലും അത്യാവശ്യം നല്ല വാടകയാണ് കൊടുക്കേണ്ടി വരാറുള്ളത്. അതുകൊണ്ട് ചെന്നൈയിൽനിന്നു സാധാരണ ഹൈ സ്പീഡ് ക്യാമറകൾ കൊണ്ടുവരുമ്പോൾ പാട്ടിനും സംഘട്ടനത്തിനും ഇടയിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മൂന്നു നാലു രംഗങ്ങൾ കൂടി മുൻകൂട്ടി പ്ലാൻ ചെയ്ത് എടുത്തു വയ്ക്കും. ‘പാപ്പനിൽ’ പക്ഷേ ഇരട്ടത്തലയൻ കത്തിയുടെ ഇൻട്രോ ഷൂട്ട് ചെയ്യാൻ വേണ്ടി മാത്രം ഹൈ സ്പീഡ് ക്യാമറ കൊണ്ടുവന്നു.  ഇരട്ടത്തലയൻ കത്തിയുടെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കാനാണ് സർ അങ്ങനെ പ്ലാൻ ചെയ്തതും അതിനുവേണ്ടിയാണ് ആ ബിൽഡപ്പ് മുഴുവൻ ഉപയോഗിച്ചതും.

ajay-david-3

പാപ്പനിലെ വ്യത്യസ്തതയുള്ള കളർ പാലറ്റ് ?

ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾത്തന്നെ അതിനൊരു വിഷ്വൽ പാലറ്റ് മനസ്സിൽ വരാറുണ്ട്. ആ പടത്തിന്റെ മൂഡ് എങ്ങനെയായിരിക്കണം എന്നതും മനസ്സിൽ കണക്കുകൂട്ടാറുണ്ട്. നീല കലർന്ന ബ്ലാക്ക് ആണ് ഞാൻ ഇതിനുവേണ്ടി പ്ലാൻ ചെയ്തത്. അവരുടെ മുറികളും എല്ലാം ആ പാലറ്റിൽ സെറ്റ് ചെയ്യാൻ ആർട്ട് ടീമിനെ ഏൽപ്പിച്ചു. അവർ ബ്ലൂ ഡാർക്ക് ടോൺ തുടക്കം മുതലേ സെറ്റ് ചെയ്തു. ഛായാഗ്രഹണം നന്നാവണമെങ്കിൽ ആർട്ടും നന്നാവണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നല്ലൊരു ആർട് ഡയറക്ടർ ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഒപ്പം കോസ്റ്റ്യൂംസിനും പ്രാധാന്യമുണ്ട്. നമ്മൾ ഉദ്ദേശിക്കുന്നത് ഈ രണ്ടു വിഭാഗവും നമുക്ക് തരുമ്പോഴാണ് ആ മിഷൻ പൂർണമാകുന്നത്.

മേലുകാവ് എരുമാപ്ര പള്ളിയിലാണ് സംഘട്ടനം ?

ആ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ അവിടെ നല്ല കാറ്റാണ്. ഷൂട്ട് ചെയ്യാൻ പറ്റാത്ത അത്രയും കാറ്റ് അന്ന് അവിടെ ഉണ്ടായിരുന്നു. ഒരു വിധത്തിലാണ് അത് ഷൂട്ട് ചെയ്തത്. ലൈറ്റും മറ്റ് ഉപകരണങ്ങളും അവിടെ വയ്ക്കുമ്പോൾ ഞങ്ങൾ വളരെയധികം ശ്രദ്ധിച്ചു. ഷൂട്ട് കഴിഞ്ഞ് പിറ്റേന്ന് ആയപ്പോഴേക്കും സെറ്റിന്റെ മുകളിലുള്ള ഷീറ്റുകൾ ഒക്കെ പറന്നുപോയി. ഒരു ദിവസം കൂടി വൈകിയാൽ സെറ്റ് തകർന്ന് ഷൂട്ടിങ് മുടങ്ങും എന്നൊരു അവസ്ഥ അവിടെയുണ്ടായിരുന്നു. ഭാഗ്യത്തിനാണ് കൃത്യമായത് അന്നുതന്നെ തീർക്കാൻ പറ്റിയത് എന്നിപ്പോൾ തോന്നുന്നു.

ലാസ്റ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ മേഘങ്ങൾ നന്നായി ഫ്രെയിമിൽ കിട്ടി. എന്തോ ഭാഗ്യം കൊണ്ടാണ്, ഒപ്പം സമയത്തിന്റെയും ആവാം. പിന്നെ, പലപ്പോഴും ഷൂട്ടിങ് നടക്കുമ്പോൾ പ്രകൃതി സപ്പോർട്ട് ആയി നിൽക്കണമെന്നില്ല. അന്ന് ആകാശം തെളിഞ്ഞു കിടന്നു. അതുകൊണ്ടുതന്നെ കളർ ഗ്രേഡിങ് ഒന്നും ഒരുപാട് ചെയ്യേണ്ടി വന്നില്ല. നാച്ചുറൽ ആയി അതിനൊരു ഭംഗിയുള്ളതുകൊണ്ടുതന്നെ അത് അങ്ങനെ തന്നെയാണ് ഉപയോഗിച്ചതും. ചെറുതായിട്ടൊന്ന് എൻഹാൻസ് ചെയ്തതേയുള്ളൂ. മറ്റൊരു മാറ്റവും അതിനു വരുത്തേണ്ടി വന്നില്ല. അത് വലിയൊരു ഭാഗ്യം തന്നെയാണ്. ചില സമയത്ത് മാത്രമേ അങ്ങനെ കിട്ടുകയുള്ളൂ.

വ്യത്യസ്തതയുള്ള ലൊക്കേഷനുകൾ

1. എരുമാപ്ര പള്ളി

ഈ സിനിമയിലെ പള്ളിക്ക് ഒരു ക്യാരക്ടർ ഉണ്ട്. സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന ഒരു പള്ളി പോരാ എന്നു തോന്നി. എരുമാപ്ര പള്ളിയും ആ ലൊക്കേഷനും കണ്ടപ്പോൾ തന്നെ വളരെയധികം ഇഷ്ടപ്പെട്ടു. പള്ളിയുടെ മുൻ ഭാഗത്തുള്ളത് ഒരു ചെറിയ വഴി ആണ്. അവിടേക്ക് യൂണിറ്റ് ബസുകൾ ഇറങ്ങില്ല. ബസ് മുകളിൽ ഇട്ടിട്ട് ഞങ്ങൾ ക്യാമറ ഉൾപ്പെടെയുള്ള പലതും ട്രിപ്പ് അടിക്കുകയായിരുന്നു. അല്പം കഷ്ടപ്പെട്ടാലും അവിടെത്തന്നെ ഷൂട്ട് ചെയ്യണം എന്നു ഞങ്ങൾ തീരുമാനിച്ചതും അതുകൊണ്ടുതന്നെയാണ്.  

2. നൈലയുടെ ഇൻട്രോ കാണിക്കുന്ന കുരിശടി

അത് ജോഷി സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനാണ്. സാറിന്റെ എല്ലാ സിനിമയിലും ആ ലൊക്കേഷൻ കാണിക്കാറുണ്ട്. അതൊരു ലക്കി ലൊക്കേഷനാണ് എന്നാണ് സർ പറയാറുള്ളത്.

3. വ്യൂ പോയിന്റ്

കുരിശടി പള്ളിയിൽനിന്നു കുറച്ചു ദൂരം മുന്നോട്ടു കയറുമ്പോഴാണ് വാഗമണ്ണിനും ഈരാറ്റുപേട്ടയ്ക്കും ഇടയിൽ ആ സ്ഥലം മാർക്ക് ചെയ്തത്.

7.1 ഡോൾബിഅറ്റ്‌മോസ്

ട്രെയിലർ ഫോണിൽ കാണുമ്പോൾ അത് കിട്ടുമോ എന്നറിയില്ല. ശബ്ദത്തിന് പ്രാധാന്യം കൊടുത്തു ചെയ്ത സിനിമകൂടിയാണല്ലോ. പാപ്പനു പൊതുവേ തിയേറ്ററിൽ കിട്ടുന്ന സൗണ്ട് ഇംപാക്ട് ഉൾപ്പെടെയുള്ളവ വളരെ വലുതാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. മ്യൂസിക്കും മറ്റും നല്ല ക്വാളിറ്റിയിൽ കിട്ടിയാൽ മാത്രമേ എഫക്റ്റീവ് ആയി സിനിമ കണ്ടു എന്നു പറയാൻ പറ്റുകയുള്ളൂ. തിയറ്ററിൽ ഇരിക്കുമ്പോൾ ആയിരിക്കും അതിന്റെ മുഴുവൻ ഇംപാക്ടും കൂടുതലായി നമുക്് അനുഭവിക്കാൻ കഴിയുക എന്നും ഞാൻ കരുതുന്നു.

പുതിയ പ്രോജക്ടുകൾ?

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സനൽ വാസുദേവൻ എന്ന ഡയറക്ടറുടെ സിനിമ ആണ്. നൈലാ, പ്രകാശ് രാജ്, ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന ഒരു ഫാന്റസി കോമഡി ചിത്രം. മറ്റു പ്രോജക്ടുകൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഡേറ്റ് കൺഫേം ആയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}