ADVERTISEMENT

സ്ക്രീനിൽ‌ പ്രണയഭാവമേറെ നിറച്ച ദുൽഖർ സൽമാൻ ഒരുനാൾ പറയുന്നു, ‘ഇനി പ്രണയചിത്രങ്ങളിലേക്കില്ല..’ അതു പറയുന്നത്, പ്രണയവും ആകാംക്ഷയും നിറയുന്ന കാഴ്ചകളോടെ തിയറ്ററുകളിലേക്ക് എത്തുന്ന പുതിയ ചിത്രത്തിനു മുൻപ്. ‘സീതാരാമം’ അടുത്ത മാസം 5ന് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ തിയറ്ററുകളിലെത്തുമ്പോൾ പുതിയ വേഷപ്പകർച്ചകളും യാത്രകളും ‌ദുൽഖർ പറയുന്നു. 

 

എന്തുകൊണ്ട് ഇനി റൊമാന്റിക് ഹീറോ വേഷങ്ങളില്ല ?

 

സിനിമയിൽ‍ വന്ന കാലത്ത് എൻആർഐ അല്ലെങ്കിൽ നഗരത്തിൽ ജീവിക്കുന്നയാളുടെ വേഷങ്ങളാണ് എനിക്കു സ്ഥിരം കിട്ടിയത്. പിന്നെയതു റൊമാന്റിക് ഹീറോയായി. എപ്പോഴും എന്തെങ്കിലുമൊക്കെ ടാഗ് ലൈൻ വീണിട്ടുണ്ട്. ഒരേ ഇമേജിൽ ഉൾപ്പെടാൻ താൽപര്യമില്ല. ഇനി പ്രണയ ചിത്രങ്ങളിൽനിന്ന് ഒരു ബ്രേക്ക്. പ്രേക്ഷകർക്കു മുൻകൂട്ടി പിടികൊടുക്കാത്ത തരം വേഷങ്ങൾ ചെയ്യാനാണു താൽപര്യം. നെഗറ്റീവ് റോളുകൾ ഉൾപ്പെടെ ചെയ്യണം. വരാനുള്ള പല സിനിമകളും ആ രീതിയിലുണ്ട്. സ്വയം ചാലഞ്ച് ചെയ്തുകൊണ്ടിരുന്നാലേ ഞാൻ എന്തെങ്കിലും ചെയ്തെന്നു തോന്നൂ. കുറച്ചുനാൾ കഴിഞ്ഞ് പക്വതയുള്ള നല്ലൊരു പ്രണയകഥ വന്നാൽ നോക്കാം. 

 

സീതാരാമം ? 

 

‘സീതാരാമം’ കഥ കേൾക്കുന്നത് 2019ൽ ആണ്. 13 മാസം ഈ സിനിമയ്ക്കായി കഷ്ടപ്പെട്ടു. ഹൈദരാബാദ് മുതൽ കശ്മീർ വരെ നീണ്ടതായിരുന്നു ആ ചിത്രീകരണയാത്ര. വലിയ സിനിമയാണ്.

dulquer-seetaram-3

 

തുടർച്ചയായി മറ്റു ഭാഷകളിലാണ് സിനിമകൾ. ഇനി എന്നാണു മലയാളത്തിലേക്ക്  ? 

 

അടുത്തു ചെയ്യുന്ന രണ്ടു സിനിമകളും മലയാളത്തിലാണ്. തമാശകളൊക്കെയുള്ള ഒരു ചെറിയ സിനിമയാണ് ആദ്യം. പേര് ഇട്ടിട്ടില്ല. പിന്നെ, ‘കിങ് ഓഫ് കൊത്ത’ എന്ന സിനിമ. കാസ്റ്റിങ് നടക്കുന്നു. ഇതിനിടെ ഒരു ഹിന്ദി സിനിമയും റിലീസുണ്ട്. 

dulquer-3

 

ഒടിടി സീരിസും വരുന്നു. എങ്ങനെ അതിലേക്കെത്തി ?

 

രാജ്കുമാർ റാവു, ആദർശ് ഗൗരവ് ഉൾപ്പെടെയുള്ളവരുടെ കൂടെയുള്ള  ഒടിടി സീരിസ് ‘ഗൺസ് ആൻഡ് ഗുലാബ്സി’ന്റെ ഷൂട്ടിങ് കഴിഞ്ഞു. പല ഭാഷകളിലേക്കു ഡബ്ബ് ചെയ്തും 200ൽ അധികം ഭാഷകളിലേക്കു സബ്ടൈറ്റിൽ ചെയ്തുമാണ് അതു പുറത്തിറക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ റിലീസ് ഉണ്ടാകും. 

 

നിർമാണവും വിതരണവും തുടങ്ങി, എന്താണ് അതിന്റെ സൗകര്യം ?

 

നല്ല നിർമാതാക്കളോടൊപ്പം സിനിമ ചെയ്യാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ചിലപ്പോഴെങ്കിലും പല പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അത് മാർക്കറ്റിങ്ങിലോ, ധൃതി വച്ചുള്ള റിലീസിങ്ങോ അങ്ങനെ പലതുമാകാം. സ്വന്തമായി ചെയ്യുമ്പോൾ, കഥയ്ക്ക് ആവശ്യമായ എല്ലാ ബജറ്റും നല്ല റിലീസും മാർക്കറ്റും കൊടുക്കാമെന്ന ആഗ്രഹത്തിലാണ് നിർമാണം ഏറ്റെടുത്തത്.  

 

പാൻ ഇന്ത്യൻ’ സിനിമാ സങ്കൽപ്പത്തെക്കുറിച്ച് ?

 

‘പാൻ ഇന്ത്യൻ സിനിമ’ എന്നു കേൾക്കുന്നതേ വിചിത്രമാണ്. അതൊരു പുതിയ കാര്യമല്ല. മുൻപും സിനിമ അതിർത്തികൾ കടന്ന് മറ്റു ഭാഷകളിലേക്ക് പോയിട്ടുണ്ട്. ഇവിടുന്ന് ലാലങ്കിളും വാപ്പിച്ചിയുമെല്ലാം മുൻപേ അങ്ങനെ പോയി ചെയ്തതാണ്. ഞാൻ ഒരിക്കലും ‘പാ‍ൻ ഇന്ത്യൻ സിനിമ’ എന്നൊന്നും ചിന്തിച്ചിട്ടില്ല. എനിക്ക് മറ്റു ഭാഷകളിൽ പോയി സിനിമ ചെയ്യാൻ ഇഷ്ടമാണ്. പുതിയ അനുഭവങ്ങൾ തിരഞ്ഞുപോകുന്നതാണ്. പുതിയ തലമുറയ്ക്ക് അതു വേഗം മനസ്സിലാകും. 

 

മമ്മൂക്കയുമായുള്ള ഒരു സിനിമ ?

 

എന്നോടു ചോദിച്ചിട്ട് ഒരു കാര്യവുമില്ല. വാപ്പച്ചിയോടു തന്നെ ചോദിക്കണം. ആഗ്രഹം കാരണം ഞാൻ ചില സൂചനകളൊക്കെ കൊടുക്കാറുണ്ട്. ‘നീയിപ്പോൾ നിന്റെ കാര്യം നോക്ക്, ഞാൻ എന്റെ കാര്യം നോക്കിക്കോളാം’ എന്നാണ് മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com