ADVERTISEMENT

‘നീ പകപോക്കുവാണല്ലേടാ’ എൻഎഫ് വർഗീസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്നതാണ് നരസിംഹം സിനിമയിലെ അദ്ദേഹത്തിന്റെ ഈ ഡയലോഗ്. എന്നാൽ ഇന്ന് അകാലത്തിൽ സ്വപ്നങ്ങൾ ബാക്കിയാക്കി പിതാവിനെ കവർന്നെടുത്ത വിധിയോടു ‘പക’ വീട്ടുകയാണ് അദ്ദേഹത്തിന്റെ മക്കൾ സോഫിയ വർഗീസ്. പിതാവിന്റെ ഓർമയ്ക്കായി എൻ.എഫ്. വർഗീസ് പിക്ച്ചേഴ്സ് എന്ന പ്രൊഡക്‌ഷൻ കമ്പനി സ്ഥാപിച്ച് ‘പ്യാലി’ എന്ന ചിത്രം നിർമിച്ചാണ് സോഫിയ സിനിമ മേഖലയിലേക്ക് കടന്നു വന്നിരിക്കുന്നത്. എൻ.എഫ് വർഗീസിന്റെ 20–ാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ പേരു നിലനിർത്താനായി സിനിമ പിടിച്ച വിശേഷങ്ങൾ, സോഫിയ മനസ്സു തുറക്കുന്നു.

 

∙ അച്ഛന്റെ ഓർമയ്ക്കായി മകൾ നിർമിച്ച സിനിമ

nf-varghese-family-2

 

അപ്പച്ചി മരിച്ചിട്ട് ഇപ്പോൾ 20 വർഷമായി. അദ്ദേഹത്തിന്റെ ഓർമകൾ എന്നും നിലനിൽക്കണം എന്ന ആഗ്രഹത്തിലാണ് സിനിമ മേഖലയിലേക്കു തന്നെ വന്ന് നിർമാണ രംഗത്തു ചുവട് വച്ചത്. അപ്പച്ചി അന്ന് സിനിമ നിർമിക്കണമെന്നു കരുതിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകണമെന്നു ആഗ്രഹിച്ചിരുന്നു. ചുരുങ്ങിയ വർഷത്തിനുള്ളിൽ 110 സിനിമകളിൽ അഭിനയിച്ചു. ഈറൻ സന്ധ്യ, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങിയവയാണ് അപ്പച്ചിയുടെ ആദ്യകാലത്തെ സിനിമകൾ. ആ സിനിമകളിലെല്ലാം ചെറിയ വേഷങ്ങളായിരുന്നു ചെയ്തത്. അന്ന് അപ്പച്ചിയെ സ്ക്രീനിൽ കാണുന്നത് ഞങ്ങൾക്ക് വലിയ സംഭവമായിരുന്നുവെങ്കിലും ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നില്ല. സിബി മലയലിൽ ഡെന്നീസ് ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ആകാശദൂത് എന്ന ചിത്രമാണ് അപ്പച്ചിയുടെ കരിയറിൽ വഴിത്തിരിവായത്. അതിലെ കേശവൻ എന്ന കഥാപാത്രം ഒരു സിഗ്നേച്ചറായി മാറി. 

 

nf-varghese-family-1

ഒരു അവാർഡ് ലഭിക്കണമെന്നതായിരുന്നു അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം. പല സിനിമകളുടെയും ഷൂട്ടിങ് കഴിഞ്ഞു തിരിച്ചെത്തുമ്പോൾ അമ്മച്ചിയോട് അക്കാര്യം പങ്കുവയ്ക്കുമായിരുന്നു. സമുദായം, പ്രജ, പത്രം, ഈ പുഴയും കടന്ന്, ലേലം തുടങ്ങിയ സിനിമകൾക്കു അപ്പച്ചി അവാർഡ് പ്രതീക്ഷിച്ചിരുന്നു. കിട്ടാതെ വരുമ്പോൾ അതിയായ ദുഃഖം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പ്യാലി മികച്ച ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് നേടി. 2002 ജൂണിലാണ് അപ്പച്ചി മരിച്ചത്. എന്നാൽ 2022 മേയിൽ അപ്പച്ചിയുടെ പേരിൽ ആരംഭിച്ച കമ്പനി നിർമിച്ച സിനിമയ്ക്ക് 2 സംസ്ഥാന അവാർഡ് ലഭിച്ചു എന്നത് ഒരുപക്ഷേ നിയോഗമായിരിക്കാം.

 

∙ കർക്കശക്കാരനായ പിതാവ് 

nf-varghese-daughter

 

അപ്പച്ചിക്ക് ചെറിയ കാർക്കശ്യമുണ്ടായിരുന്നു. അപ്പച്ചി എപ്പോഴും തിരക്കായതിനാൽ സത്യത്തിൽ മമ്മിയാണ് ഞങ്ങളെ വളർത്തിയിരുന്നത്. എന്നാൽ വീട്ടിലെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ടായിരുന്നു. ഞങ്ങളെ വളർത്തുന്ന കാര്യത്തിൽ അപ്പച്ചി എപ്പോഴും മമ്മിയെ പ്രശംസിക്കുമായിരുന്നു. മക്കളെ നന്നായി പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കണമെന്നു അപ്പച്ചിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. നന്നായി പഠിക്കണം, പ്രാർഥിക്കണം, പത്ത് മണികഴിഞ്ഞാൽ ടിവി വയ്ക്കരുത്, രാത്രി നേരത്തേ ഉറങ്ങണം.. അങ്ങനെ ഒരുപാട് ചിട്ടകൾ അപ്പച്ചിക്കുണ്ടായിരുന്നു. അപ്പച്ചി ഒരു കാര്യം നോ പറഞ്ഞാൽ അത് പിന്നെ ഒരിക്കലും യെസ് ആകില്ല. അതുകൊണ്ടു തന്നെ എല്ലാകാര്യവും മമ്മി വഴിയാണ് അവതരിപ്പിക്കാറ്. പിന്നെ ഡിപ്ലോമാറ്റിക് ആയി സംസാരിക്കാൻ അപ്പച്ചിക്ക് അറിയില്ലായിരുന്നു. എന്ത് മനസ്സിലുണ്ടെങ്കിലും അത് മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയും. 

nf-varghese-daughter-2

 

∙ സിനിമയില്ലെങ്കിൽ പ്ലാൻ ബി

 

ബിസിനസ് അഡ്മിനിറ്റേഷനിൽ ഡിപ്ലോമയെടുത്ത് ഒരു കമ്പനിയുടെ മാർക്കറ്റിങ് മാനേജരായി അപ്പച്ചി വർക്ക് ചെയ്തിരുന്നു. അന്നും നാടകങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കലാരംഗത്തോടുള്ള താൽപര്യം കൊണ്ട് പിന്നീട് കലാഭവനിലും ഹരിശ്രീയിലും ജോലി ചെയ്തു. 12 വർഷം ഹരിശ്രീയിൽ ഉണ്ടായിരുന്നു. അതേ സമയത്തു തന്നെ റേഡിയോ തിയേറ്റർ പരസ്യങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. സിനിമയിൽ സജീവമായപ്പോൾ അപ്പച്ചി പതിയെ ജോലി വിട്ടു. കാരണം ഷൂട്ടിങ് കൂടുതൽ പകലായിരുന്നു. അന്ന് ഒരു സുരക്ഷിതത്വത്തിന് വേണ്ടി അപ്പച്ചി ഒരു ഫോട്ടോസ്റ്റാറ്റ് കട തുടങ്ങി. സിനിമയില്ലെങ്കിലും ജീവിക്കണമല്ലോ.

 

ഞങ്ങൾ നാല് പേരും സ്കൂളിൽ പഠിക്കുകയാണ് ആ സമയത്ത് വരുമാനം നിന്നുപോയാൽ ഞങ്ങളുടെ കാര്യം കഷ്ടത്തിലാകുമെന്ന് അപ്പച്ചിക്ക് അറിയാം. ഒരു രൂപ പോലും അപ്പച്ചി ധൂർത്തടിച്ചിട്ടില്ല. ആഡംബര ജീവിതം ഇഷ്ടമായിരുന്നില്ല. അതിന് അനുവദിക്കുകയുമില്ല. എപ്പാഴും അധ്വാനിച്ചു കൊണ്ടിരിക്കും. നല്ല ദീർഘവീക്ഷണവും ഉണ്ടായിരുന്നു. എന്തായാലും സിനിമ അദ്ദേഹത്തെ കൈവിട്ടില്ല. അതിനാൽ അപ്പച്ചിയുടെ മരണ സമയത്തും ഞങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞിരുന്നില്ല.

 

∙ അപ്പച്ചിയുടെ മരണം 

 

അപ്രതീക്ഷിതമായിട്ടായിരുന്നു അപ്പച്ചിയെ മരണം കവർന്നത്. പറമ്പിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പുറം വേദനയായിരുന്നു കാരണം. അറ്റാക്ക് ആണെന്നു തിരിച്ചറിഞ്ഞില്ലെന്നു പറയാം. വേദന കുറയാതെ വന്നതോടെ കാറോടിച്ച് ആശുപത്രിയിൽ പോയതെല്ലാം അപ്പച്ചി തനിച്ചായിരുന്നു. എന്നാൽ യാത്ര കഴിഞ്ഞ് അപ്പച്ചി തിരിച്ചുവന്നില്ല. അപ്പച്ചിയും അമ്മയും 4 മക്കളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. 52ാം വയസ്സിൽ അപ്പച്ചി മരിക്കുമ്പോൾ എന്റെ വിവാഹം കഴിഞ്ഞ് 6 മാസമേ ആയിട്ടുള്ളു. ഞാൻ അന്ന് അമേരിക്കയിലാണ്. സഹോദരങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇളയ അനിയത്തി 10ാം ക്ലാസിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെല്ലാം ആകെ തകർന്നുപോയ സമയം. പിന്നീട് അമ്മച്ചി മാത്രം തളരാതെ പിടിച്ചു നിന്നു. അപ്പച്ചിയുടെ ആഗ്രഹം പോലെ എല്ലാവരെയും പഠിപ്പിച്ചു. വിവാഹം കഴിപ്പിച്ചു. അപ്പച്ചിയുടെ കുറവ് എന്നും ജീവിതത്തിൽ ഉണ്ട്. എല്ലാ മുൻനിര താരങ്ങളുടെയും കൂടെ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും അപ്പച്ചിയുടെ മരണശേഷം ഞങ്ങൾക്കു സിനിമ ലോകത്തു നിന്നുള്ള ബന്ധങ്ങൾ നഷ്ടപ്പെട്ടിരുന്നു. അപ്പച്ചിയുടെ ഏതാനും സുഹൃത്തുക്കൾ അല്ലാതെ മറ്റാരുമായും ബന്ധം ഉണ്ടായിരുന്നില്ല. പ്യാലിയിലൂടെ വീണ്ടും ആ ലോകത്തേക്കു തിരിച്ചെത്തിയിരിക്കുയാണ്.

 

∙ പ്യാലിയെക്കുറിച്ച്

 

കുട്ടികളാണ് പ്രധാന കഥാപാത്രമെങ്കിലും ഒരു കുടുംബ ചിത്രമാണ് പ്യാലി. സിനിമയ്ക്ക് വളരെ നല്ല റസ്പോൺസാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെത്തിയ കാശ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ പ്യാലി എന്ന കുട്ടിയാണ് നിറഞ്ഞു നിൽക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്. ദുൽഖർ തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. നവാഗതരായ ബിബിത– റിൻ ദമ്പതികളണ് സംവിധാനം ചെയ്തിരിക്കുന്നത്. അപ്പച്ചിയുടെ ഓർമയ്ക്കായി ഇനിയും സിനിമകൾ ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com