ADVERTISEMENT

റിലീസ് ദിവസത്തെ പോസ്റ്റർ വിവാദത്തെത്തുടർന്ന് വാർത്തകളിൽ നിറഞ്ഞ സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ആക്ഷേപഹാസ്യത്തിന്റെ രസക്കൂട്ടുകളുമായാണ് എത്തിയത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായ മജിസ്‌ട്രേറ്റിന്റെ വേഷം ചെയ്തത് റിട്ടയേഡ് അധ്യാപകനും നാടകപ്രവർത്തകനുമായ പി.പി. കുഞ്ഞികൃഷ്ണനാണ്. ചിത്രം തിയറ്ററുകളിലെത്തി ഒരു ദിവസം പിന്നിടുമ്പോൾത്തന്നെ കുഞ്ഞികൃഷ്ണൻ മാഷിന്റെ മജിസ്‌ട്രേറ്റ് കയ്യടി നേടുകയാണ്. നാട്ടിൻപുറത്തെ ക്ലബ്ബുകളിൽ നാടകം കളിച്ചു മാത്രം പരിചയമുള്ള തന്നെ സിനിമയിലെത്തിച്ചത് നാട്ടുകാരനും നടനുമായ ഉണ്ണിരാജയാണെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. ആദ്യ സിനിമയുടെ അനുഭവം മനോരമ ഓൺലൈൻ വായനക്കാരോടു പങ്കുവയ്ക്കുകയാണ് പി.പി.കുഞ്ഞികൃഷ്ണൻ.

നാട്ടിൻപുറത്തെ നാടകത്തട്ടിൽനിന്ന് സിനിമയിലേക്ക്

പതിനെട്ടു വയസ്സു മുതൽ നാടകം കളിയുണ്ട്. നാട്ടിൽ ഞാൻ സെക്രട്ടറി ആയ തടിയൻ‌കോവിൽ മനീഷ തിയറ്റേഴ്സ് എന്നൊരു ക്ലബ്ബ് ഉണ്ട്. ക്ലബ്ബിനു വേണ്ടി തെരുവു നാടകം കളിക്കാറുണ്ട്. നാട്ടിലെ ആഘോഷ പരിപാടികൾക്കു സ്റ്റേജ് നാടകവും കളിക്കും. തൊട്ടടുത്ത മാണിയാട്ട് കോറസ് കലാ സമിതിയിൽ എൻ.എൻ.പിള്ള സ്മാരക നാടക മത്സരങ്ങളിൽ പങ്കെടുക്കും. പുതിനൂർ എകെജി കലാവേദി നാടകം കളിക്കുമ്പോൾ അതിനും കൂടും. ഞാൻ പഠിപ്പിച്ച ഉദിനൂർ സെൻട്രൽ എയുപി സ്കൂളിൽ വാർഷികത്തിന് നാടകം കളിക്കും. അങ്ങനെ ഞങ്ങളുടെ നാടുമായി ബന്ധപ്പെട്ട നാടകം കളികൾ ഒക്കെയേ ഉണ്ടായിരുന്നുള്ളൂ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ കലാജാഥയിൽ അംഗമായിരുന്നു. ബാല സംഘത്തിന്റെ വേനൽത്തുമ്പി കലാജാഥയിലും പരിശീലകനായി പ്രവർത്തിച്ചിരുന്നു. വലിയ സ്റ്റേജുകളിലോ നാടക സമിതികളിലോ പ്രവർത്തിച്ചിട്ടില്ല. അഭിനയം എന്നും ഇഷ്ടമായിരുന്നു. സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ നടക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടു ഞാൻ അതിനു പിന്നാലെ പോയിട്ടില്ല. ആദ്യമായാണ് ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കുന്നത്.

ഉണ്ണിരാജ പറഞ്ഞു: ‘ന്നാ മാഷ് അഭിനയിച്ചു നോക്ക്’

കാസർകോട് ചെറുവത്തൂർ ഉപജില്ലയിലെ ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ അധ്യാപകനായിരുന്നു ഞാൻ. 2020 ൽ വിരമിച്ചു. അതിനു ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ പടന്ന ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മെമ്പർ ആണ്. സിനിമയിലേക്കു വരാൻ കാരണം നടനും സുഹൃത്തുമായ ഉണ്ണിരാജയാണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോൾ വന്നപ്പോൾ ഉണ്ണിരാജയാണ് ‘‘മാഷേ, ഈ സിനിമയിലേക്ക് ആളെ വേണം. ഒന്നു ശ്രമിച്ചു നോക്കൂ’’ എന്ന് പറഞ്ഞത്. സിനിമ എനിക്കു വഴങ്ങില്ല എന്നാണ് ഞാൻ കേട്ടപാടെ പറഞ്ഞത്. പക്ഷേ ഉണ്ണിരാജ നിർബന്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹമാണ് എന്റെ ഫോട്ടോ വാങ്ങി അയച്ചുകൊടുത്തത്. എന്റെ നാടകങ്ങൾ കാണുന്ന ഉണ്ണിരാജ പറയും ‘‘മാഷേ, നിങ്ങളിൽ നല്ലൊരു നടനുണ്ട്, നിങ്ങൾക്ക് അഭിനയത്തിൽ ഒരു സാധ്യതയുണ്ട്’ എന്ന്. എന്നുകരുതി സിനിമയിലേക്ക് തിരഞ്ഞെടുക്കുമെന്നോ ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിയുമെന്നോ കരുതിയില്ല. ഒരു സിനിമ ചെയ്തു നോക്കിയപ്പോൾ അഭിനയിക്കാൻ കഴിയുമെന്നു തോന്നുന്നുണ്ട്. സിനിമയിൽ സംസാരിച്ചത് ഞങ്ങളുടെ കാസർകോട് ഭാഷ തന്നെയായിരുന്നു. അതുകൊണ്ട് എളുപ്പമായിരുന്നു. പക്ഷേ ഏതു സ്ഥലത്തെ സംസാര ഭാഷയായാലും ചെയ്യാൻ കഴിയും. ഇനിയും സിനിമകൾ കിട്ടിയാൽ ചെയ്യണം എന്നാണ് കരുതുന്നത്.

മൂന്ന് റൗണ്ട് ഇന്റർവ്യൂ എന്ന കടമ്പ

ഉണ്ണിരാജ അയച്ച ഫോട്ടോ കണ്ടു വിളിച്ചത് ഈ സിനിമയിൽത്തന്നെ ഒരു പ്രധാന വേഷം ചെയ്ത രാജേഷ് മാധവൻ ആണ്. അദ്ദേഹമാണ് ഇതിന്റെ കാസ്റ്റിങ് ഡയറക്ടർ. അദ്ദേഹവും രാജേഷ്, ഗോകുൽ, അനിൽ എന്നീ മറ്റു കാസ്റ്റിങ് ഡയറക്ടർമാരും നല്ല പിന്തുണ തന്നു. എനിക്കവരെ മക്കളെപ്പോലെയാണ് തോന്നിയത്. മൂന്നു പ്രാവശ്യം ഇന്റർവ്യൂ ചെയ്‌തു പത്തു ദിവസം പ്രീ ഷൂട്ടും കഴിഞ്ഞാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ഷൂട്ടിങ് നടന്നത് കയ്യൂർ, ചീമേനി, പുലിയന്നൂർ, മയ്യിച്ച തുടങ്ങിയ സ്ഥലങ്ങളിലാണ്. എല്ലാം എന്റെ വീടിനടുത്തുള്ള പ്രദേശങ്ങളാണ്. അതുകൊണ്ട് എനിക്കു രാവിലെ പോയി വൈകിട്ട് മടങ്ങി വരാൻ കഴിയുമായിരുന്നു. കാസർകോടിനു പുറത്തായിരുന്നു ഷൂട്ടിങ് എങ്കിൽ ഞാൻ പോയി അഭിനയിക്കുമോ എന്നു സംശയമാണ്. പക്ഷേ എവിടെ വിളിച്ചാലും പോയി അഭിനയിക്കാമെന്നാണ് ഇപ്പോൾ തോന്നുന്നത്.

ആദ്യ സിനിമാ അനുഭവം എന്നും ഓർത്തിരിക്കും

ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്ന ഒരാളായി സെറ്റിൽ എന്നെ ആരും കണ്ടിട്ടില്ല. എല്ലാവരും നല്ല പെരുമാറ്റമായിരുന്നു. സംവിധായകൻ രതീഷ് പൊതുവാൾ നമ്മളെ നമ്മുടെ സ്വാതന്ത്ര്യത്തിനു വിടുന്ന ആളാണ്‌. അദ്ദേഹം ഒരു സമ്മർദവും തന്നിട്ടില്ല. കഥാപാത്ര വിവരണം തന്നു കഴിഞ്ഞാൽ നമ്മുടെ ഇഷ്ടത്തിന് ചെയ്യാൻ പറയും. സംവിധായകന് എന്നെ നല്ല വിശ്വാസമായിരുന്നു. ഒരുപാട് മാനറിസമുള്ള കഥാപാത്രമാണ് മജിസ്‌ട്രേറ്റ്. ദിവസവും രാവിലെ എല്ലാവരും കൂടിയിരുന്നു ചർച്ചകൾ നടത്തും. അതിനു ശേഷം ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് ചെയ്യാനാണ് പറയുക. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ മാത്രമേ സംവിധായകൻ ഇടപെടൂ. അതുപോലെ സഹസംവിധായകൻ സുധീഷ് ഗോപിനാഥ്‌, രാജേഷ് മാധവ്, കോസ്റ്റ്യൂം ചെയ്യുന്നവർ, ക്യാമറാമാൻമാർ തുടങ്ങി ചായ കൊണ്ടുവരുന്ന പയ്യൻ വരെ വളരെ നല്ല പെരുമാറ്റമായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് സെറ്റിൽ ഒരു പ്രയാസവും ഉണ്ടായില്ല. ഒരുപാട് പുതിയ നടൻമാർ ഉണ്ടായിരുന്നു. എല്ലാവരുമായി നല്ല സ്നേഹബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.

pp-kunjikrishnan-1

കുഞ്ചാക്കോ ബോബൻ പരിചയപ്പെട്ടതിൽ ഏറ്റവും നല്ല വ്യക്തി

ഞാൻ പരിചയപ്പെട്ട നടന്മാരിൽ ഏറ്റവും നല്ല വ്യക്തി കുഞ്ചാക്കോ ബോബനാണ്. തുടക്കക്കാരായ ഞങ്ങളോട് അദ്ദേഹം വളരെ സൗഹാർദ്ദപരമായിട്ടാണ് ഇടപെട്ടത്. പ്രശസ്തനായൊരു നടനായ അദ്ദേഹത്തിൽനിന്ന് ഞാൻ ആദ്യം ലേശം അകലം പാലിച്ചാണു നിന്നത്, പക്ഷേ അദ്ദേഹം ഇങ്ങോട്ടു വന്നു സംസാരിച്ച് നമ്മെ കംഫർട്ടബിൾ ആക്കും. അതൊന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. എന്റെ ഡയലോഗ് തെറ്റിയാൽ അദ്ദേഹം, ‘ഇങ്ങനെ ചെയ്തു നോക്കൂ മാഷേ’ എന്നു പറയും. ‘ഇങ്ങനെയായാൽ നല്ലതാണ്’ എന്ന് പറയും. ഇത്രയും വലിയൊരു നടൻ നമുക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നതൊക്കെ വലിയ കാര്യമാണ്. ‌

പ്രതികരണങ്ങൾ

ഞാൻ സിനിമയിൽ അഭിനയിച്ചത് നാട്ടിൽ പലരും അറിഞ്ഞിരുന്നില്ല. സഹോദരിമാരോടോ മറ്റു ബന്ധുക്കളാളോടോ പറഞ്ഞില്ല. സിനിമയുടെ ടീസർ വന്നപ്പോഴാണ് പലരും അറിഞ്ഞത്. ചെറിയ റോൾ ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത്. ഇത്രയും വലിയ കഥാപാത്രം ആയിരിക്കും എന്ന് ആരും കരുതിയില്ല. നാട്ടുകാരിൽ മിക്കവരും സിനിമ കണ്ടു. എല്ലാവർക്കും സന്തോഷമായി. മനീഷ ക്ലബ്ബിൽ എല്ലാവരും ചേർന്ന് പായസം വച്ച് വീടുകളിൽ എത്തിച്ചു ആഘോഷിച്ചു. നന്നായിട്ടുണ്ടെന്നും ഇനിയും അഭിനയിക്കണമെന്നുമാണ് എല്ലാവരും പറയുന്നത്. സിനിമയിൽനിന്ന് ചില സംവിധായകരും നടന്മാരുമൊക്കെ വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്.

കുടുംബം

ഭാര്യ സരസ്വതി തടിയൂർ സ്കൂളിൽ ടീച്ചറാണ്. രണ്ടു ആൺകുട്ടികളാണ്. മൂത്ത മകൻ സാരംഗ് മർച്ചന്റ് നേവിയിൽ ആണ്. രണ്ടാമത്തെ മകൻ ആസാദ് ചെന്നൈയിൽ പഠിക്കുകയാണ്. അവർക്ക് എന്റെ അഭിനയപ്രവർത്തനങ്ങൾ ഇഷ്ടമാണ്. കുടുംബവുമായി ഇന്നലെത്തന്നെ പോയി സിനിമ കണ്ടു. ഭാര്യയ്ക്കും മകനും ഇഷ്ടമായി.

നന്ദിയോടെ ഓർക്കുന്നു

pp-kunjikrishnan-3

ഇത്രയും പ്രധാനപ്പെ‌ട്ട ഒരു വേഷം തന്നതിന് ആദ്യമായി നന്ദി പറയാനുള്ളത് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനോടാണ്. കുഞ്ചാക്കോ ബോബനോടുള്ള നന്ദിയും കടപ്പാടും പറഞ്ഞു തീർക്കാൻ കഴിയില്ല. പിന്നെ എന്നെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്ത രാജേഷ് മാധവൻ, അനിൽ, ഗോകുൽ, രാഗേഷ്, സഹസംവിധായകൻ സുധീഷ് ഗോപിനാഥ്‌, പിന്നെ എന്നോടൊപ്പം അഭിനയിച്ച എല്ലാവരോടും ആ ലൊക്കേഷനിൽ ഓരോരുത്തരോടും നന്ദിയുണ്ട്. സിനിമ എന്ന ചിന്ത എന്റെ മനസ്സിലേക്ക് പകർന്ന ഉണ്ണിരാജയ്ക്ക് നന്ദി പറയാതിരിക്കാൻ കഴിയില്ല. സിനിമ അത്ര എളുപ്പപ്പണിയല്ല. ഓരോന്നിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. സിനിമയിൽ അഭിനയിച്ച നമ്മുടെ മുഖം ആളുകൾ കാണുന്നു. പക്ഷേ ഒരു സീൻ എടുക്കണമെങ്കിൽ അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ അധ്വാനം വളരെ വലുതാണ്. അവരിൽ പലരെയും ആരും അറിയാറില്ല. അവരെയൊക്കെ ഞാൻ ഈ നിമിഷം നന്ദിയോടെ ഓർക്കുന്നു. എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ട എല്ലാ പ്രേക്ഷകർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com