ADVERTISEMENT

ചോക്ലേറ്റ് നടൻ എന്ന വിളിപ്പേര് ഇനി ചാക്കോച്ചന് പാകമാകുമോ? ആ വിശേഷണത്തെ മറികടിക്കുന്ന  തരത്തിൽ പുതുമയും തെളിമയുമുള്ള വേഷങ്ങളുമായി വെള്ളിത്തിര കീഴടക്കുകയാണ് മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. റോഡിലെ കുഴികൾക്ക് വേണ്ടി കോടതിയിൽ ശബ്ദം ഉയർത്തിയ കൊഴുമ്മൽ രാജീവൻ എന്ന കള്ളൻ ഇപ്പോൾ സാധാരണക്കാരന്റെ പ്രതിനിധി ആവുകയാണ്. ആരാണ് യഥാർഥ കള്ളൻ എന്ന സംശയം പ്രേക്ഷകർ തീരുമാനിക്കട്ടെ എന്നു പറയുന്ന കുഞ്ചാക്കോ ബോബൻ മനോരമ ഓൺലൈനിൽ തന്റെ ചിത്രത്തിന്റെ ഏറ്റവും പുതിയ വിജയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു....

 

കൊഴുമ്മൽ രാജീവൻ ചാലഞ്ചിങ് ആയി തോന്നിയോ?

 

ഒരു ഇടവേളയ്ക്കുശേഷം തിരിച്ചു വന്നപ്പോൾ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ എനിക്ക് ചെയ്യാൻ കഴിഞ്ഞു. അതിൽ നെഗറ്റീവ് സ്വഭാവമുള്ളതും, ഹ്യൂമറുള്ളതും, സാധാരണക്കാരന്റെ വേഷവും ഒക്കെ ഉണ്ടായിരുന്നു. അള്ളു രാമചന്ദ്രൻ, അഞ്ചാം പാതിരാ, വൈറസ് പോലെയുള്ള ചില ചിത്രങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള എന്റെയൊരു രൂപമാറ്റവും കഥാപാത്രത്തിന്റെ വ്യത്യസ്തതയും കുറച്ചുകൂടി വലിയതോതിൽ ആളുകളിലേക്ക് എത്തിപ്പെട്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ വരവിൽ കിട്ടിയത് അത്രയും അങ്ങനെയുള്ള വേഷങ്ങളായത് കൊണ്ടു തന്നെ റൊമാന്റിക് ഇമേജ് പതിയെ മാറുന്നുണ്ടായിരുന്നു. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലേക്ക് എത്തിയപ്പോൾ എന്നെ ആകർഷിച്ചതും ഇതേ ഘടകങ്ങൾ ഒക്കെ തന്നെയാണ്.

chakochan-32

 

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ ഏകദേശരൂപമാണ് കഥയായി രതീഷ് എന്നോട് ആദ്യം പറയുന്നത്. അന്ന് അതെനിക്ക് കൃത്യമായി മനസ്സിലായിരുന്നില്ല. ഗൗരവമേറിയ ഒരു വിഷയത്തെ ഹാസ്യത്തിന്റെ മേമ്പടി ചേർത്ത് പറഞ്ഞപ്പോൾ പ്രേക്ഷകരിലേക്ക് എങ്ങനെയാണത് എത്തിയത് എന്നും ആ സിനിമയിലൂടെ ഞാൻ നേരിട്ട് കണ്ടറിഞ്ഞു. അതിനുശേഷം അദ്ദേഹത്തോട് എന്നെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാൻ അങ്ങോട്ടു വിളിച്ച് ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഒരു കഥയുടെ ത്രെഡ് പറഞ്ഞു. 

 

അത് സ്ക്രിപ്റ്റ് രൂപത്തിലേക്ക് അല്ലെങ്കിൽ സ്ക്രീൻപ്ലേ രൂപത്തിലേക്ക് വരുമ്പോൾ അതിന് പ്രകടമായ ഒരു മാറ്റം വരുമെന്നും അക്കാര്യത്തിന് ഒരുതരത്തിലുള്ള വിട്ടുവീഴ്ചകളും ഉണ്ടാവില്ലെന്നുമുള്ള വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. കഥ പറയുമ്പോൾ തന്നെ ഞാൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും എന്നും അത് മറ്റൊരു പുതിയ തരത്തിലാവും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. സ്ക്രിപ്റ്റിന്റെ രൂപത്തിലും ഡയലോഗിന്റെ രൂപത്തിലും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം എന്ന ഓപ്ഷൻസും അദ്ദേഹം തന്നിരുന്നു. അവയെല്ലാം എനിക്ക് കംഫർട്ടബിൾ ആണെങ്കിൽ മാത്രം ചെയ്താൽ മതി എന്നും പറഞ്ഞു. ഇത് തുടക്കത്തിൽ പറഞ്ഞതുകൊണ്ട് തന്നെയാണ് കൊഴുമ്മൽ രാജീവൻ രൂപപ്പെട്ടത്. കഥയും, അതിന്റെ പശ്ചാത്തലവും, അത് അവതരിപ്പിച്ച ശൈലിയിലും, ഒപ്പം എന്റെ വേഷത്തിലും എല്ലാം ഒരു പുതുമ ഞാൻ അനുഭവിച്ചതും അസ്വദിച്ചതുമായ ഒരു ചിത്രമാണിത്. എല്ലാ തരത്തിലും വ്യത്യസ്തത പുലർത്തുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

 

ഹൈക്കോടതിയുടെ വിമർശനവും ട്രെൻഡിങ് ആയ പരസ്യ വാചകവും

 

chakochan-getup

ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ വരാതെ നേരിട്ട് തിയറ്ററിൽ റിലീസ് ചെയ്യണം എന്ന് ചിന്തിച്ചിരുന്നു. ആ ആഗ്രഹത്തിന് പുറത്ത് ഒരുപാട് കഷ്ടപ്പെടുകയും ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തു. ഈയൊരു പ്രത്യേക സമയത്ത് ഇറക്കണമെന്ന തീരുമാനം ഒന്നുമില്ലായിരുന്നു. ചിലപ്പോൾ ഓണത്തിന് അല്ലെങ്കിൽ അതിനു മുൻപ് എന്നു ചിന്തിച്ചു. അന്ന് ഈ നാട്ടിൽ കുറെ കുഴികൾ ഉണ്ടാവും എന്നൊന്നും ചിന്തിച്ചല്ല. കുറെ വർഷങ്ങളായി നമ്മുടെ നാട്ടിൽ കുഴികളും അതേ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളുമുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോൾ ഇങ്ങനെ ഒരു വിഷയം ഇത്രമേൽ ചർച്ചയാകും എന്നോ ആ സമയത്ത് തന്നെ ഈ ചിത്രം റിലീസ് ചെയ്യുമെന്നോ, എന്റെ അഭിനയ ജീവിതത്തിൽ ഒരു മാറ്റം വരുമെന്നോ ഒന്നും ആരും പ്രതീക്ഷിച്ചതല്ല. എല്ലാം ഒരുമിച്ച് അങ്ങ് സംഭവിക്കുകയായിരുന്നു എന്നു പറയാം. 

 

ഇതിനിടയിൽ ആരോ തമാശ രൂപത്തിൽ ചോദിച്ചു 'ചേട്ടൻ ശരിക്കും ഇല്ലുമിനാറ്റിയുടെ അംഗമാണോ, എല്ലാം കറക്റ്റ് ആയിട്ട് ഇങ്ങനെ തന്നെ സംഭവിക്കുന്നു' എന്നൊക്കെ. പക്ഷേ ഇതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്തതോ അറിഞ്ഞതോ അല്ല എന്നതാണ് സത്യം. ഈ കഥ രതീഷ് എന്നോട് പറഞ്ഞിട്ട് തന്നെ വർഷങ്ങളായി. മറ്റൊരു സംസ്ഥാനത്ത് നടന്ന ഒരു വിഷയത്തെയാണ് രതീഷ് തന്റെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഒരു പത്രവാർത്തയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കഥ. എന്നാൽ പിന്നീട് അതിൽ ഒരുപാട് ആലോചിച്ച്, ഒരുപാട് മാറ്റങ്ങൾ വരുത്തി. അപ്പോൾ മുതൽ ചിത്രം തിയറ്ററിൽ തന്നെ കൊണ്ടുവരണമെന്ന് ഞങ്ങൾ എല്ലാവരും ഒരേപോലെ ആഗ്രഹിച്ചു. വേണമെങ്കിൽ ഒരു ഓടിടി പ്ലാറ്റ്ഫോമിലേക്ക് വേണ്ടി ഒരുക്കാമായിരുന്നു. അത് ഞങ്ങൾ വേണ്ട എന്നു വച്ചു കാത്തിരുന്ന് പുറത്ത് തിരക്കിയപ്പോൾ, ഇപ്പോഴത്തെ രീതിക്ക് വേണ്ടി ഒരുക്കിയതാണത് എന്ന് പറയുന്നത് തന്നെ വലിയൊരു അതിശയോക്തിയാണ്. അങ്ങനെയാണെങ്കിൽ രതീഷ് ദീർഘവീക്ഷണമുള്ള ഒരാളാണ്, അല്ലെങ്കിൽ ഒരു ജോത്സ്യൻ ആണ് എന്നുകൂടി പറയേണ്ടിവരും. ഇതെല്ലാം അങ്ങനെ സംഭവിച്ചു എന്ന് മാത്രം.

 

പഞ്ചവടി പാലം, സന്ദേശം പോലെയുള്ള സോഷ്യൽ സറ്റയർ ഏറ്റെടുത്ത മലയാളി പ്രേക്ഷകർ

 

കുറേയേറെ ലെയറുകളുള്ള ഒരു സിനിമയാണിത്. സോഷ്യൽ സറ്റയർ, ഹ്യൂമർ എല്ലാം ഏറ്റവും നല്ല രീതിയിൽ ഈ ചിത്രത്തിൽ ചെയ്യാൻ സാധിച്ചു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇവിടിപ്പോൾ ആരാണ് കള്ളൻ എന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ലിവിങ് ടുഗെദർ റിലേഷന്റെ കാര്യത്തിലും സാധാരണക്കാരാണ് എന്ന തരത്തിൽ മാറ്റി നിർത്താത്ത ഒരു ചിത്രം. മാത്രമല്ല അതിലൂടെ അവർ ഗർഭിണിയുമാകുന്നു. അത്രത്തോളം മുന്നോട്ടു ചിന്തിക്കുന്ന ഒരു ജനതയുടെ ചിന്തയെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ജനറേഷന്റെ രീതികളും സാഹചര്യങ്ങളും അവസ്ഥകളും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചത് കൊണ്ടാണ്, ഇത്രയേറെ പ്രശ്നങ്ങൾ വന്നിട്ടും തിയറ്ററിലേക്ക് ആളുകൾ എത്തുന്നതും, അവർ അത് ആസ്വദിക്കുന്നതും കൈയ്യടിച്ച് തിരികെ പോവുകയും ചെയ്യുന്നത്. സിനിമാറ്റിക്കായിട്ട് ചിന്തിക്കുകയാണെങ്കിൽ ഒരു കേസ് വരികയാണെങ്കിൽ അന്നുതന്നെ തീർപ്പ് കൽപ്പിച്ചു വിടുകയാണ് പതിവ്. പക്ഷേ ഈ സിനിമ വർഷങ്ങളുടെ പോരാട്ടമാണ് കാണിക്കുന്നത്. പെട്രോൾ വില 74 തുടങ്ങി 100 രൂപയിൽ എത്തുന്നതും ആ ഒരു പീരിയഡ് മൊത്തം ഈ കേസ് നടക്കുന്നതും, ആ രീതിയിൽ അതിന്റെ ഡ്രാമയോ, ഇമോഷനൽ ഹ്യൂമറോ ഒന്നും നഷ്ടപ്പെടാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് ഡയറക്ടറുടെ തന്നെയാണ് ബ്രില്ല്യൻസ് തന്നെയാണ്.

chakochan-case-kodu

 

കലാകാരന്റെ ആവിഷ്കാരം 

 

ഒരു സെലിബ്രിറ്റിയുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും എല്ലാ സാധാരണക്കാരുടെ ജീവിതത്തിലും സംഭവിക്കാവുന്നതാണ്. സെലിബ്രിറ്റിയുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ അത് കുറച്ചുകൂടി ഹൈലൈറ്റഡ് ആയി അവതരിപ്പിക്കപ്പെടുന്നു. ആ രീതിയിൽ നോക്കുമ്പോൾ ഒരു കലാകാരന് അല്ലെങ്കിൽ ഒരു ക്രിയേറ്ററിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ, അവ സമൂഹത്തെ ബാധിക്കുന്നവയാണ് എന്നുണ്ടെങ്കിൽ അത് അയാളുടെ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് തന്നെ പറ്റുന്ന തരത്തിൽ, പറ്റുന്ന രീതിയിൽ ആ മീഡിയത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുക എന്നത് തന്നെയാണ്. സിനിമയാണ് എന്റെ മീഡിയം. ആ മീഡിയത്തിലൂടെ ചില വിഷയങ്ങളെ എന്റർടെയ്നിങ്ങിന് ഒപ്പം ഇൻഫർമേറ്റീവും ആയിട്ടുള്ള കാര്യങ്ങൾ കൂടി കോർത്തിണക്കി ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അവ വെറും ഒരു സിനിമ എന്ന നിലയിൽ മാത്രമല്ല നിലനിൽക്കുന്നത്. സമൂഹത്തിലും മികച്ച മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു സിനിമ തിയറ്ററിൽ വന്നു കണ്ടു മറന്നു പോകാതെ അത് ജീവിതത്തിലേക്ക് കൊണ്ടുവരാനോ, അതിൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും രീതിയിൽ ശബ്ദമുയർത്താനോ പ്രവർത്തിക്കാനോ ആ സിനിമകൊണ്ട് ഉതകുന്നുണ്ടെങ്കിൽ അതിന് കാരണം ആകുന്നുണ്ടെങ്കിൽ ആ സിനിമയ്ക്ക് ജീവനുണ്ടെന്നാണ് ഞാൻ കരുതുന്നത്. 

nna-thaan-case-kodu-additional-image-2

 

രൂപത്തിലും ഭാവത്തിലും ഭാഷയിലും  മാറ്റം? 

 

രൂപത്തിൽ ഒരു മാറ്റം വേണം എന്ന് രതീഷ് പറഞ്ഞിരുന്നു. അതിനായി തല മുഴുവൻ എണ്ണ തേച്ചു. വേഷവിധാനം മാറ്റി. ഒപ്പം ഒരു നിര പല്ലു കൂടി പിടിപ്പിക്കണം എന്നു പറഞ്ഞു. സാധാരണ പല്ലു പിടിപ്പിക്കുമ്പോൾ പല്ല് പുറത്തേക്ക് തള്ളി നിൽക്കുന്നതാണ് ചെയ്യാറുള്ളത്. കീഴ്ത്താടി കുറച്ചുകൂടി തള്ളി നിൽക്കണം എന്ന രീതിയിൽ ആയാൽ ഇക്കുറി നന്നാകും എന്നു പറഞ്ഞിരുന്നു. അത് സെറ്റ് ചെയ്യുമ്പോൾ അത് വൃത്തികേടാണെങ്കിൽ ഒഴിവാക്കാം എന്ന് പറഞ്ഞത് പ്രകാരം ഏബ്രഹാം എന്ന എന്റെ ഡെന്റിസ്റ്റിനെ ഞാൻ കാണാൻ പോയി. എന്റെ പല്ലിന്റെ എല്ലാ പ്രശ്നങ്ങളും അറിയാവുന്ന ഒരാൾ കൂടിയായതുകൊണ്ട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹമാണ് എനിക്ക് ഈ പല്ല് റെഡി ആക്കി തന്നത്. ഞാൻ അതിൽ കംഫർട്ട് ആയിരുന്നു. അത് വച്ച് ഒരു മേക്കപ്പ് ടെസ്റ്റ് കൂടെ നടത്തി. അപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. 

 

പിന്നെ ലൊക്കേഷനിൽ വന്നു ഫൈനൽ ക്യാരക്ടർ ലുക്കിൽ അത് നന്നായി തോന്നുകയും ചെയ്തു. പിന്നീട് ഇതേ രൂപത്തിൽ സ്ലാങ് (ഭാഷ) പിടിക്കുന്ന കാര്യത്തിൽ ആയിരുന്നു ബുദ്ധിമുട്ട്. ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ്. എറണാകുളത്താണ് ഇപ്പോൾ താമസിക്കുന്നത്. കാസർകോഡ് ഭാഷ എന്നെ സംബന്ധിച്ച് കേട്ടാൽ പോലും ഒന്നും മനസ്സിലാവാത്ത ഒരു ഭാഷ കൂടിയായിരുന്നു. ആ ഭാഷയെ അതേപോലെ എന്നെക്കൊണ്ട് പറയിപ്പിക്കുക എന്നത് സംവിധായകന് വലിയൊരു വെല്ലുവിളി ആയിരുന്നു. മേക്കപ്പ് ലുക്കും കൂടി വന്നപ്പോൾ എന്റെ ഒരു കംഫർട്ട് സോണിൽ നിന്നും മാറിയാണ് ഞാൻ നിൽക്കുന്നത്. അതിന്റെ കൂടെ ലൈവ് സിങ്ക് സൗണ്ടും കൂടി. സ്ലാങ് പിടിക്കുക എന്നത് വലിയ ടെൻഷനായിരുന്നു. അപ്പോൾ രതീഷ് കംഫർട്ട് ആണെങ്കിൽ മാത്രമേ എടുക്കൂ എന്ന് ആശ്വസിപ്പിച്ച് ഒരു പാട്ട് എടുത്തു. ഒരു ഡയലോഗ് മാത്രം പറയാൻ പറഞ്ഞയാൾ  കോടതി സീനുകൾ ഷൂട്ട് ചെയ്യാൻ നേരം എന്റെ അടുത്ത് പറയുകയാണ് സ്ലാങ്ങ് പിടിക്കണം എന്ന്. അപ്പോൾ ഞാനൊന്ന് ഞെട്ടി. 'ടെൻഷൻ അടിക്കാതെ ചെയ്താൽ മതി. അന്ന് പറഞ്ഞത് കറക്റ്റ് ആണ് അതേപോലെതന്നെ പറഞ്ഞാമതി. കുഴപ്പമൊന്നുമില്ല' എന്നും പറഞ്ഞു. പിന്നീട് അത് ശരി ആയി. 

 

പെട്ടെന്ന് കാസർകോഡ് ഭാഷ പിടിച്ചപ്പോൾ?

 

ആ ഒരു ധൈര്യം വരാനുള്ള കാരണവും ഷൂട്ട് ചെയ്യുന്നതും നീലേശ്വരം പരിസരത്താണ് എന്നത് കൊണ്ടാണ്. കൂടെ അഭിനയിക്കുന്നവർ പുതിയ ആളുകളാണ്. ഡയറക്ടർ ആ നാട്ടുകാരനാണ്. അസിസ്റ്റന്റസും അതേ നാട്ടുകാർ. കുറച്ചു ദിവസമായിട്ട് അവരുടെ ഒപ്പം താമസിച്ചപ്പോൾ അവർ പറയുന്നതെല്ലാം ഞാൻ കേട്ടു മനസ്സിലാക്കി. പിന്നെ ഇതെല്ലാം കറക്റ്റ് ചെയ്തു മുന്നോട്ടു പോകാം എന്ന് ചിന്തിച്ചു. പിറ്റേ ദിവസത്തെ ഡയലോഗുകൾ എനിക്ക് തലേദിവസം വാട്സാപ്പിൽ വോയിസ് നോട്ട് അയച്ചുതരും. അതിന്റെ മോഡുലേഷൻ പറഞ്ഞു തരും. എല്ലാവരും നല്ല സഹകരണം ആയിരുന്നു. നീട്ടലും കുറുക്കലും അറിഞ്ഞു ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം വന്നു. പിന്നീട് രതീഷ് ഡയലോഗുകൾ ഇങ്ങനെയാണ് പറയേണ്ടത് എന്ന് സാധാരണ രീതിയിൽ പറയുമ്പോൾ ഞാൻ തിരിച്ച് ഇങ്ങനെയല്ലെ ഇവിടെ പറയേണ്ടത് എന്ന തരത്തിലേക്ക് കാസർഗോഡ് ഭാഷയിൽ അങ്ങോട്ട് പറയാനും തുടങ്ങി. ആ ഒരു പ്രോസസ് ഓർഗാനിക് ആയി സംഭവിച്ചതാണ്. 

 

ഒപ്പമുള്ളതെല്ലാം പുതിയ ആളുകൾ? 

 

ഈ സിനിമയിൽ കൂടെ അഭിനയിച്ചതിൽ 95 ശതമാനം ആളുകളും പുതിയ ആളുകളാണ്. ഗായത്രിയും മലയാളത്തിൽ ആദ്യമാണ്. ഇവരുടെ എല്ലാം പെർഫോമൻസ് എന്നെ സംബന്ധിച്ച് പുതിയ ഒരു എക്സ്പീരിയൻസ് ആയിരുന്നു. ഡയലോഗ് പറയുമ്പോൾ ഉള്ള ഭാവവും എല്ലാം പുതിയ തരത്തിലാണ്. നമ്മൾ ആഗ്രഹിക്കാത്ത രീതിയിൽ ആയിരിക്കും ചിലപ്പോൾ അവരിൽ നിന്നും നമുക്ക് പലതും കിട്ടുന്നത്. നമ്മുടെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ അപ്പോൾ അതിനനുസരിച്ചുള്ള റിയാക്‌ഷൻസ് ആയിരിക്കും തിരികെ കിട്ടുന്നതും. അതെനിക്ക് പുതിയ ഒരു അനുഭവമായിരുന്നു. അതെല്ലാം ഒരു കംഫർട്ട് സോണിൽ നിന്ന് പുറത്തുവന്നപ്പോൾ സംഭവിച്ചതാണ്. കൂടുതൽ വിജയങ്ങൾ ഉണ്ടാവുന്നത് ഒരു കംഫർട്ട് ഫോണിൽ നിന്ന് പുറത്തുവരുമ്പോൾ മാത്രമല്ല, നമ്മൾ ആ അൺകംഫർട്ടബിൾ സിറ്റുവേഷനെ അറിഞ്ഞുകൊണ്ട് കംഫർട്ടബിൾ ആക്കുമ്പോഴുമാണ്. കുറച്ചുകാലമായി ഞാൻ അത് ആസ്വദിച്ചു കൊണ്ടിരിക്കുകയുമാണ്.

 

പയ്യന്നൂർ മലയാളം?

 

ഈ ഭാഷ ആളുകൾക്ക് മനസ്സിലാകുമോ എന്നൊക്കെ എനിക്ക് ആദ്യം സംശയമുണ്ടായിരുന്നു. എന്റെ ആ ഒരു രൂപത്തിലും ഭാഷയിലുമാണ് ഈ സിനിമയിൽ മുഴുവനും ആളുകൾ കാണേണ്ടത്. ടീസറും സോങ് ട്രെയിലറും ഇറങ്ങി കഴിഞ്ഞപ്പോൾ തന്നെ ആ ഒരു ഭയം ഞങ്ങൾക്ക് മാറിയിരുന്നു. ജനങ്ങൾക്ക് മനസ്സിലാകുന്ന ഒരു ഭാഷയായി ഇത് മാറിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് അപ്പോൾ തന്നെ മനസ്സിലായി. അത്യാവശ്യം മോശമല്ലാത്ത രീതിയിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും എന്ന് മനസ്സിലാക്കി. പക്ഷേ ഇതിപ്പോൾ ഞങ്ങളെ തന്നെ അതിശയിപ്പിക്കുന്ന വിധത്തിലാണ് അവരുടെ പ്രതികരണങ്ങൾ ലഭിക്കുന്നത്. ഇന്ന് മലയാള സിനിമയെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു ഒരു കൂട്ടം ഇൻഡസ്ട്രിയെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അത് ഒടിടി വന്നതിന്റെ ഒരു ഗുണമായിട്ടാണ് ഞാൻ കാണുന്നത്.  ഭാഷയുടെ അതിർ വരുമ്പുകൾ ഭേദിച്ച്, നമ്മുടെ കണ്ടന്റിനു വേണ്ടി ആളുകൾ നോക്കിയിരിക്കുന്ന ഒരു കാഴ്ച ഞാൻ ആസ്വദിക്കുന്നു. ഒപ്പം കേരളത്തിന്റെ ഉള്ളിൽ തന്നെയുള്ള വിവിധ ഭാഷയിലുള്ള ആളുകൾ പറയുന്ന വിവിധ തരം മലയാളം മനസ്സിലാക്കാൻ ടിക് ടോക്കും, ബ്ലോഗിങ്ങും, വ്ലോഗിങ്ങും ഒക്കെ സഹായിക്കുന്നുണ്ട് എന്നു തോന്നുന്നു. 

 

കുടുംബത്തോടൊപ്പം ആദ്യ ഷോ?

 

ഈ സിനിമയുടെ കഥയും മറ്റു കഥാ പരിസരങ്ങളും നന്നായി അറിയാവുന്ന ഒരാളാണ് ഞാൻ. സിനിമ ആദ്യ ദിവസമാണ് ഒറ്റ ഇരുപ്പിൽ ഇരുന്ന് കാണുന്നത്. സത്യത്തിൽ തിയറ്ററിനുള്ളിൽ സ്ഥലകാല ബോധം മറന്നു പൊട്ടിച്ചിരിക്കുകയായിരുന്നു ഞാനും കുടുംബവും. ഞങ്ങൾ സിനിമ വളരെ നന്നായി ആസ്വദിച്ചു. എനിക്ക് തോന്നുന്നു മലയാളികളുടെ ഏറ്റവും വലിയ ഒരു ഹൈലൈറ്റ് അവരുടെ ഉള്ളിലുള്ള നർമ്മബോധമാണ്. ആ ഒരു ഹ്യൂമർസെൻസ് വിട്ടുകളയാതെ സിനിമയെ മുന്നോട്ട് പോവുക എന്നുള്ളതാണ് ഒരു കലാരൂപം എന്ന നിലയിൽ ഈ സിനിമയിൽ ഒരുക്കാൻ സംവിധായകൻ ശ്രമിച്ചത്.  അതിലൂടെ ശക്തമായ ഒരു ആശയവും ഈ മീഡിയത്തിലൂടെ അദ്ദേഹം കൈമാറി. 

 

സത്യത്തിൽ 'ന്നാ താൻ കേസ് കൊട്‌'ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ചാക്കോച്ചൻ അതിന്റെ കോ പ്രൊഡ്യൂസറും?

 

കഥ ഡിമാൻഡ് ചെയ്യുന്ന പശ്ചാത്തലത്തിൽ ഒരു കോംപ്രമൈസും ചെയ്യരുത് എന്ന് തുടക്കം മുതലേ ചിന്തിച്ചിരുന്നു. അറിയപ്പെടുന്ന ആർട്ടിസ്റ്റുകൾ വളരെ കുറവാണ് എങ്കിലും ഒരുപാട് ആക്ടേഴ്സ് ഉള്ള ചിത്രമാണിത്. ആ രീതിയിൽ നോക്കുമ്പോൾ ഇതൊരു ബിഗ് ബജറ്റ് സിനിമ തന്നെയാണ്. ഒരുപാട് ആളുകൾ ഒരേ ഫ്രെയിമിൽ വരുന്നുണ്ട്. ഉത്സവം, കോടതി, പെരുന്നാൾ അങ്ങനെ ആ നിര നീളുന്നത് കൊണ്ട് കോടതി മുറി ഉൾപ്പെടുന്ന ഒരു വലിയ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയത്. നല്ലൊരു തുക അതിനു വേണ്ടി മാത്രം മാറ്റിവച്ചു. സിനിമ മനസ്സിലാക്കിയ ഒരു പ്രൊഡ്യൂസർ തന്നെയാണ് ഒപ്പമുണ്ടായിരുന്നതും. സത്യത്തിൽ അത് തന്നെ ഏറ്റവും വലിയ ആശ്വാസമായിരുന്നു. ചിത്രത്തിൽ അഭിനയിച്ചു തുടങ്ങി, ആ ടീമിന്റെ ഒരു ഭാഗമായപ്പോഴാണ് ഒരു നടൻ എന്നതിലുപരി ഈ സിനിമയുടെ പ്രൊഡക്‌ഷന്റെ കൂടി ഭാഗമാകണം എന്നെനിക്ക് തോന്നിയത്. ഈ ഒരു ആവശ്യം ഞാൻ പ്രൊഡ്യൂസർ സന്തോഷേട്ടനോട് ചോദിച്ചപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടുകൂടി അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഞാൻ ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ആവുന്നത്. 

 

അഞ്ചാം പാതിരയുടെ ഫസ്റ്റ് ഡേ കലക്‌ഷൻ മറികടന്നോ?

 

തീർച്ചയായും. ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ബാധിക്കുന്ന വിഷയം തന്നെയാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ പറയുന്നത്. അത് ഏറ്റവും എന്റർടെയ്നിങ് ആയിട്ടുള്ള രീതിയിൽ, ഇപ്പോഴത്തെ ആളുകളെ മനസ്സിലാക്കുന്ന രീതിയിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ അത് ഏറ്റെടുത്തു. അതിലൂടെ ഒരു വിചിന്തനം ഉണ്ടാക്കുന്ന രീതിയിലുള്ളതോ, അത് സോൾവ് ചെയ്യുന്ന രീതിയിലോ ആർക്കെങ്കിലും ചിന്തയുണ്ടായെങ്കിൽ തന്നെ അതൊരു വിജയമാണ്. പ്രേക്ഷകരുടെ അംഗീകാരമാണ് ഈ വിജയം തെളിയിക്കുന്നതും.

 

സിനിമ വിജയപാച്ചിലിൽ ആണ്

 

പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുന്ന അവർ അനുഭവിക്കുന്ന പ്രശ്നങ്ങളെ ആക്ഷേപഹാസത്തിന്റെ മേമ്പൊടിയോടു കൂടി പറയുന്ന കഥയാണിത്. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയോ പ്രത്യേക മതത്തിൽ വിശ്വസിക്കുന്നവരെയോ ടാർഗറ്റ് ചെയ്ത അവതരിപ്പിച്ചിരിക്കുന്നതോ അല്ല. ആ സമയത്ത് മാത്രം അധികാരത്തിൽ ഇരിക്കുന്നവർക്ക് മാത്രം കൊള്ളേണ്ട വിഷയവുമല്ല. എല്ലാ പാർട്ടികളിൽപ്പെട്ട ആൾക്കാർ ഉൾപ്പെടുന്ന വിഭാഗങ്ങളാണ് സാധാരണ ജനങ്ങൾ. സമകാലിക വിഷയങ്ങൾ വരുമ്പോൾ എല്ലാവർക്കും ഒരേപോലെയാണ് അത് കൊള്ളേണ്ടത്. ജനങ്ങളുടെ ഒരു പ്രശ്നത്തെ, അവർ അഭിമുഖീകരിക്കുന്ന ഒരു വിഷയത്തെ പ്രത്യേകമായ ഒരു രാഷ്ട്രീയമില്ലാതെ ആക്ഷേപഹാസ്യമെന്നോണം ഒരുക്കിയ ഒരു സിനിമയാണത് എന്നു തിരിച്ചറിഞ്ഞപ്പോൾ അവർ അത് ഇഷ്ടപ്പെടുന്നു, ആസ്വദിക്കുന്നു. കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം കേട്ടിട്ട് പിന്നെയും ആളുകൾ കയറുന്നു. അവരും അത് ആസ്വദിക്കുന്നു. അതുകൊണ്ടാണ് ചില അനാവശ്യപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിട്ട് പോലും സാധാരണക്കാരായ ജനങ്ങൾ സിനിമയെ ഏറ്റെടുത്തതും. അത് സിനിമയെ ഒരു വൻ വിജയത്തിലേക്ക് എത്തിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്.

 

പുതിയ സിനിമകൾ ?

 

ഇനി റിലീസ് ആവാൻ പോകുന്നത് അരവിന്ദ് സ്വാമിക്ക് ഒപ്പമുള്ള ഒരു റിയലിസ്റ്റിക് ട്രാവൽ മൂവി ആണ്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ജോയ് മാത്യു ചേട്ടൻ എഴുതുന്ന സിനിമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com