ADVERTISEMENT

ലാൽ ജോസ് ചിത്രം ‘സോളമന്റെ തേനീച്ചകൾ’ റിലീസിനു തയാറെടുക്കുകയാണ്. 41 എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് പരിചയപ്പെടുത്തിയ പി.ജി. പ്രഗീഷ് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് കോർപറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം മേധാവിയാണ് പ്രഗീഷ്. പേരുപോലെ തന്നെ ഇത് സോളമന്റെയും തേനീച്ചകളുടെയും കഥയാണ്. ആരാണ് അവർ? ചിത്രത്തിന്റെ വിശേഷങ്ങൾ പ്രഗീഷ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

 

സോളമന്റെ കഥയിലേക്ക്

 

എല്ലാവരെയുംപോലെ എനിക്കും കഥ പറയാൻ ഒരുപാട് ഇഷ്ടമാണ്. ഈ സിനിമയുടെ കഥാതന്തു വളരെക്കാലം മുന്നേ മനസ്സിൽ ഉണ്ടായിരുന്നു. കഥാപാത്രങ്ങൾക്ക് തുല്യപ്രാധാന്യം കൊടുക്കുവാനായി പലപ്പോഴായി ചർച്ചകൾ നടന്നിട്ടുണ്ട്. നിരവധി ആലോചനകളും എഴുത്തുകളും മാറ്റിയെഴുത്തുകളും നടത്തി. കോവിഡ് കാലത്ത് നിരവധി ലോകസിനിമകൾ കാണാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ തിരുത്തലുകൾ വരുത്തുമ്പോൾ പലതും ആലോചിക്കാനും കഴിഞ്ഞു.

pragees

 

പൊലീസിന്റെയും കോടതിയുടെയും കഥ

joju-adis

 

മനുഷ്യാവസ്ഥകളെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള കഥകൾ പറയാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. ‘സോളമന്റെ തേനീച്ചകൾ’ സുജയുടെയും ഗ്ലൈനയുടെയും കഥയാണ്. ഒരാൾ ജോലി ചെയ്യുന്നത് ട്രാഫിക്കിലും മറ്റൊരാൾ ലോക്കൽ പൊലീസ് സ്റ്റേഷനിലും. അവരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും അതിനു പിന്നിലുള്ള ഒരു നിഗൂഢതയുടെയും കഥ. നമുക്ക് ചുറ്റുമുള്ള എല്ലാ പ്രണയങ്ങൾക്കു പിന്നിലും ആരും അറിയാത്ത ഒരു നിഗൂഢതയുണ്ടാവാറുണ്ട്. അതാണ് ആ പ്രണയത്തിന്റെ സൗന്ദര്യവും. നമുക്ക് നമ്മുടെ സുഹൃത്തുക്കളെക്കുറിച്ച് എപ്പോഴും നല്ല ബോധം ഉണ്ടായിരിക്കും. ‘എനിക്ക് നിന്നെക്കുറിച്ച് എല്ലാമറിയാമെന്ന്’ ഒരിക്കലും ഒരാളും തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോടു പോലും പറയാനിടയില്ല. എന്നാൽ, നിന്നെക്കുറിച്ച് എനിക്ക് എല്ലാമറിയാം എന്ന് പറഞ്ഞിട്ടും പലതും മിസ്റ്ററി ആയിരിക്കുന്നതും പ്രണയത്തിൽ മാത്രമാണല്ലോ. കമിതാക്കൾ പരസ്പരം മനസ്സിലാക്കാതെതന്നെ പലപ്പോഴും പറയുന്ന ഒരു വാചകം കൂടിയാണത്. അതുകൊണ്ടുതന്നെ പ്രണയത്തിന്റെ മിസ്റ്ററി കൂടിയാണ് ‘സോളമന്റെ തേനീച്ചകൾ’.

 

ഒരു ക്രൈം ജേണലിസ്റ്റ് കഥ പറയുമ്പോൾ

 

എന്റെ കരിയർ തുടങ്ങുന്നത് ഒരു ടെലിവിഷൻ ജേണലിസ്റ്റ് ആയിട്ടാണ്. ആ സമയത്ത് എന്റെ ഓരോ ദിവസവും ആരംഭിക്കുന്നതു തന്നെ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു കൊണ്ടായിരുന്നു. പുതിയതായി എന്തെങ്കിലും അപ്ഡേറ്റുകൾ വന്നിട്ടുണ്ടോ എന്നറിയാൻ, വൈകിട്ട് ജോലി കഴിയുമ്പോഴും അവരെ ഒന്നു ഫോൺ വിളിച്ചിട്ടാണ് ഇറങ്ങാറുള്ളത്. അങ്ങനെ പൊലീസും കോടതിയും എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നു പറയാം. അതുകൊണ്ടുതന്നെ പൊലീസുകാരുമായി നല്ല അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ജോലിയുടെ ഭാഗമായി, ക്രൈം നടന്ന സ്പോട്ടിൽ മറ്റുള്ളവരെക്കാൾ കുറച്ചുകൂടി അടുത്തുനിന്ന് കാണാനും സാധിച്ചിരുന്നു. അത് ഈ സിനിമയിൽ നന്നായി ഉപയോഗിക്കാൻ സാധിച്ചു. ടെലിവിഷൻ എന്ന വിഷ്വൽ മീഡിയത്തിന്റെ സാധ്യതകളെ ആദ്യമായി മനസ്സിലാക്കുന്നത് ഒരു ടെലിവിഷൻ ജേണലിസ്റ്റ് എന്ന നിലയിലാണ്. വാർത്തകളിൽനിന്നു കഥകൾ മെനയാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ ആദ്യം എഴുതിയ '41' എന്ന സിനിമയും ഒരു വാർത്തയിൽ നിന്നാണ് ഉണ്ടായത്. പുല്ലുമേട്ടിൽ നടന്ന ദുരന്തമാണ് ആ സിനിമയ്ക്ക് കാരണമായത്. 

 

അഞ്ചു പ്രധാന കഥാപാത്രങ്ങൾ

 

അഞ്ചുപേർക്കും തുല്യ പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമ എന്ന പദ്ധതി തുടക്കം മുതലേ ഉണ്ടായിരുന്നു. കാരണം ഈ സിനിമയുടെ കഥ ആലോചിക്കുമ്പോൾത്തന്നെ ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും നമുക്കൊപ്പം ഉണ്ട്. മഴവിൽ മനോരമയിലെ ‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ വന്നവരാണ് ഇതിലെ നാല് പ്രധാന അഭിനേതാക്കളും. ‘നായിക നായകൻ’ കഴിഞ്ഞിട്ട് ഇപ്പോൾ നാലുവർഷം ആവുകയാണ്. ദർശന, വിൻസി, ശംഭു, ആഡിസ് ഇവരെ നാലുപേരെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവരുടെ അഭിനയ ശേഷി മുൻകൂട്ടി മനസ്സിലാക്കിയതു കൊണ്ട് അവർക്കു പറ്റിയ ഒരു കഥയാണ് തയാറാക്കിയത്. അവരുടെ കഴിവുകൾ പൂർണമായും പ്രതിഫലിപ്പിക്കണമെന്ന ചിന്തയോടെയാണ് അത്. 

 

ലാൽ ജോസ് എന്ന സംവിധായകൻ

 

ഞാനൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ‘ഒരു മറവത്തൂർ കനവി’ന്റെ പോസ്റ്ററുകൾ കാണുന്നതും ആ സിനിമ കാണുന്നതും എല്ലാം നിറമുള്ള ഓർമയാണ്. എന്റെ കൗമാര കാലത്ത് ഞാൻ ഉൾപ്പെടുന്ന സമൂഹം ആരാധിച്ചിരുന്ന സംവിധായകനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുന്നു എന്നതു തന്നെ വളരെ വലിയൊരു ഭാഗ്യമാണ്. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നുവെന്നത് ഓർക്കുമ്പോൾത്തന്നെ വളരെ സന്തോഷമുണ്ട്.

 

എന്നെപ്പോലെ ജോലി ചെയ്യുന്നതിനിടെ സിനിമ മേഖലയിലേക്ക് കടക്കുമ്പോൾ, അതിന് പലപ്പോഴും ഒരുപാട് പരിമിതികൾ ഉണ്ടാവാറുണ്ട്. കോർപറേറ്റ് സ്ഥാപനങ്ങളിലെ ജോലി കൂടി ആവുമ്പോൾ ജോലിയുടെ തിരക്കും കഥയുടെ പിന്നാലെ നടക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും അനുഭവിക്കേണ്ടി വരാറുണ്ട്. അതിനുവേണ്ടി ഒരുപാടു സമയം ചെലവഴിക്കേണ്ടി വരുമെന്നുള്ളതാണ് അതിൽ ഏറ്റവും പ്രധാനം. നമ്മുടെ അത്തരം പരിമിതികളെല്ലാം മനസ്സിലാക്കി നമുക്ക് ഒപ്പം നിൽക്കുന്ന ഒരാളാണ് ലാൽ ജോസ് സർ. എന്നെ സംബന്ധിച്ച് അദ്ദേഹം നല്ലൊരു അധ്യാപകനും കൂടിയാണ്. ഞാനൊന്ന് വീണു പോകും എന്ന് തോന്നുന്ന ഇടങ്ങളിലെല്ലാം അദ്ദേഹം എന്നെ കൈപിടിച്ച് ഉയർത്താറുണ്ട്. 

 

തിരക്കഥാ രചനയുടെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം എന്നോടൊപ്പം നിന്നിട്ടുണ്ട്. ‘തിരക്കഥ എഴുതിയിട്ട് വരൂ, എന്നിട്ട് നോക്കാം’ എന്നു പറയുന്ന ഒരാളല്ല അദ്ദേഹം. കൂടെ നിൽക്കുന്ന ഒരാളെ കൈപിടിച്ച് കൂടെ നടത്താനും തെറ്റുകൾ പറഞ്ഞു തന്ന് തിരുത്താനുമൊക്കെ ഒരുപാട് സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ചിലപ്പോൾ നമ്മൾ പറയുന്ന അബദ്ധങ്ങൾ കേട്ടിരുന്ന് അതിൽനിന്നു പുതിയൊരു ഐഡിയ കണ്ടെത്താനും അദ്ദേഹം സഹായിക്കാറുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ പുതിയ തിരക്കഥാകൃത്തുക്കളെ കൊണ്ടുവന്നതും അദ്ദേഹമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ‘ക്ലാസ്മേറ്റ്സ്’, ‘നീന’ പോലെയുള്ള സിനിമകളിൽ അദ്ദേഹം പുതിയ തിരക്കഥാകൃത്തുക്കളെയാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാമത്തെയും ഇരുപത്തേഴാമത്തെയും സിനിമ ഞാനാണ് എഴുതിയത് എന്ന സന്തോഷവും ഞാനിപ്പോൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. അതൊരു ഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്. 

 

‘ഡയറക്ടേഴ്സ് ട്രെയിലർ’ എന്ന പുതിയ സംരംഭം

 

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ട്രെയിലറുകളും ടീസറുകളുമാണ് ഇങ്ങനെയൊരു സിനിമ ഇവിടെയുണ്ട് എന്ന വാർത്ത പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കുന്നത്. ഇതൊരു ബിഗ് ബജറ്റ് സിനിമ അല്ല. എൽജെ ഫിലിംസ് തന്നെയാണ് പ്രൊഡക്‌ഷൻ നിർവഹിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രെയിലറുകളിലും ടീസറുകളിലും ഒക്കെ വ്യത്യസ്തത കൊണ്ടുവരണമെന്ന് ലാൽ ജോസ് സർ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ 22 വർഷമായി സംവിധാന രംഗത്ത് നിലയുറപ്പിച്ച ആളാണ് ലാൽ ജോസ് സർ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ഓരോ വ്യത്യസ്ത അനുഭവമാണ് നമുക്ക് തന്നിട്ടുള്ളതും. പ്രമേയപരമായും ചിത്രീകരിക്കുന്ന രീതിയിലും ഒക്കെ വ്യത്യസ്തത പുലർത്തുന്ന ചിത്രങ്ങളാണു അദ്ദേഹം ചെയ്തിട്ടുള്ളത്. പുതിയ നായികാ നായകന്മാർ, പുതിയ കഥാകൃത്തുക്കൾ, പുതിയ ക്യാമറമാന്മാർ അങ്ങനെ എല്ലാത്തിലും പുതുമ പരീക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ടു കൂടിയാണ് ‘ഡയറക്ടേഴ്സ് ട്രെയിലർ’ എന്ന ഈ പുതുമ ഒരുക്കിയതെന്നു പറയാം.

 

സംവിധായകൻ നേരിട്ടു വന്ന് കഥ പറയുന്ന രീതി മലയാളത്തിൽ ആദ്യമായിട്ടാണെന്നാണ് എനിക്കു തോന്നുന്നത്. സിനിമയെപ്പറ്റി ആളുകൾക്ക് വ്യക്തമായ ഒരു ധാരണ കൊടുത്ത് അവരെ തിയേറ്ററുകളിലേക്ക് കൊണ്ടുവരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മുൻവിധികൾ ഒഴിവാക്കിക്കൊണ്ട് സിനിമ കാണാനും ഇതാണ് ഞങ്ങൾ അവതരിപ്പിക്കുന്ന കഥ എന്ന് സംവിധായകനു നേരിട്ട് പ്രേക്ഷകരോട് പറയാനുമുള്ള ഒരു മാർഗമായാണ് ഡയറക്ടേഴ്സ് ട്രെയിലർ ഒരുക്കിയത്. ഡയറക്ടർ തന്നെ നേരിട്ട് വന്ന് ഇതാണ് എന്റെ നായകൻ, ഇതാണ് എന്റെ കഥാപരിസരം എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അത് വളരെ നല്ലൊരു ശ്രമം ആയിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. 

 

അതിലൊരു ജേണലിസ്റ്റിക് രീതി കൂടിയുണ്ടല്ലോ?

 

ടെലിവിഷൻ ജേണലിസ്റ്റുകൾ അത് ചെയ്തുകൊണ്ടിരിക്കുന്നതാണ്. ഒരു ഫസ്റ്റ് പഴ്സൻ നറേഷൻ ആണത്. ടെലിവിഷനിൽ അതിനെ 'പീസ് ടു  ക്യാമറ' എന്നു പറയും. അതായത്, ഞാനിത് കണ്ടു, ഞാനിത് അറിഞ്ഞു എന്ന് ഒരു റിപ്പോർട്ടർ സംഭവ സ്ഥലത്തുനിന്ന് നേരിട്ട് പ്രേക്ഷകനോട് പറയുന്ന രീതി. അതിൽ വിശ്വാസ്യത ഉണ്ടാവും. അതുകൊണ്ടാണ് ടെലിവിഷൻ റിപ്പോർട്ടുകളിൽ പലപ്പോഴും ഇന്നയിടത്തു നിന്ന് പറയുന്നു എന്ന രീതിയിൽ റിപ്പോർട്ടർമാർ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. ഇന്ന ആളുടെ വീടിനു വെളിയിൽനിന്ന് ഞാനിത് റിപ്പോർട്ട് ചെയ്യുന്നു എന്നു പറയുന്ന ഒരു തരം റിപ്പോർട്ടിങ്. ആ ഒരു സാധ്യത ഇവിടെ ഉപയോഗിച്ചു എന്നുമാത്രം.

 

1960 കളിൽ ഹിച്ച്കോക്ക് ഈ രീതി തന്റെ സിനിമയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ‘സൈക്കോ’ എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടി അദ്ദേഹം ചെയ്ത രീതിയാണ് ഞങ്ങൾ ഇപ്പോൾ പിന്തുടരുന്നത്. ആ ട്രെയിലറിന്റെ അവസാനം ലാൽ ജോസ് സർ പുറംതിരിഞ്ഞിരിക്കുമ്പോൾ അതിന്റെ പിന്നിൽ ഹിച്ച്കോക്കിന്റെ ഒരു വാചകം എഴുതിവരുന്നത് എല്ലാവർക്കും ശ്രദ്ധിക്കാവുന്നതേയുള്ളൂ. അത് അദ്ദേഹത്തിനോടുള്ള ഒരു കടപ്പാടായാണ് ഞങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിലർ കാണുന്ന പ്രേക്ഷകർക്കുവേണ്ടി ഒരുക്കിയ ഒരു മിസ്റ്ററി കൂടിയായിരുന്നുവത്. പ്രേക്ഷകരിൽ പലരും അത് കണ്ടെത്തുകയും അതേപ്പറ്റി പറയുകയും ചെയ്തതിൽ സന്തോഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com