ADVERTISEMENT

അടി കിട്ടുമോ എന്നു പേടിച്ചിരുന്നാണ് ‘തല്ലുമാല’ കണ്ടതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. പള്ളിയിൽ തുടങ്ങുന്ന അടി തീരുന്നത് ദുബായിലാണ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് മാഫിയ ശശിക്കൊപ്പം ദേശീയ പുരസ്‌കാരം നേടിയ സുപ്രീം സുന്ദർ ആയിരുന്നു തല്ലുമാലയിൽ സ്റ്റണ്ട് മാസ്റ്റർ. വരത്തൻ, അജഗജാന്തരം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങി മലയാളത്തിലെ നിരവധി അടിപ്പടങ്ങൾക്ക് വേണ്ടി സുന്ദർ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാള സിനിമകളിൽ സഹകരിക്കാനാണ് തനിക്ക് ഏറെ താൽപര്യമെന്ന് സുന്ദർ പറയുന്നു. നിർമാതാവ് ആഷിഖ് ഉസ്മാനു സിനിമയോടുള്ള പ്രണയമാണ് ഇത്തരമൊരു തല്ലുപടം മലയാളത്തിൽ സാധ്യമാക്കിയതെന്നും ടൊവിനോ ഉൾപ്പടെ എല്ലാ താരങ്ങൾക്കും യഥാർഥത്തിൽ അടി കൊണ്ടെന്നും സുപ്രിം സുന്ദർ പറഞ്ഞു. തല്ലുമാലയിലെ തല്ലിന്റെ വിശേഷങ്ങൾ സുന്ദർ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

മാലപ്പടക്കം പോലെയൊരു തല്ലുമാല

മുഴുവൻ സമയവും തല്ല് ഉള്ള ഒരു കഥ ഉണ്ട്, അതിന്റെ ആക്‌ഷൻ മാസ്റ്റർ ചെയ്തു തരണം എന്ന് പറഞ്ഞാണ് ഖാലിദ് റഹ്മാൻ എന്നെ സമീപിക്കുന്നത്. ‘‘മാസ്റ്ററുടെ ആക്‌ഷൻ പടമെല്ലാം എനിക്ക് ഒരുപാടിഷ്ടമാണ്, ഇത് എന്റെ ആദ്യത്തെ ആക്‌ഷൻ പടമാണ്. അത് മാസ്റ്റർ തന്നെ ചെയ്യണം’’ എന്നും റഹ്മാൻ പറഞ്ഞു. കഥ മുഴുവൻ കേട്ടപ്പോൾ എനിക്കും ഇഷ്ടപ്പെട്ടു. കാരണം കഥ മുഴുവൻ സ്റ്റണ്ടാണ്. ഖാലിദ് റഹ്മാൻ, അദ്ദേഹത്തിന്റെ സഹോദരൻ ക്യാമറാമാൻ ജിംഷി തുടങ്ങി യുവത്വം തുടിക്കുന്ന അവരുടെ ടീമിനെ മുഴുവൻ എനിക്ക് ഒരുപാടിഷ്ടമായി. ഡേറ്റ് ക്ലാഷ് വരാതിരിക്കാൻ മറ്റു രണ്ടു ചെറിയ പടങ്ങൾ വിട്ടിട്ടാണ് ഖാലിദ് റഹ്‌മാന്റെ പടത്തിനോടൊപ്പം ചേർന്നത്. സ്റ്റോറി ബോർഡ് വരയ്ക്കാൻ ആറുമാസം എടുത്തു. റഹ്മാനും ജിംഷിയും മറ്റുളളവരും ഒരുമിച്ചിരുന്ന് ഓരോ ചെറിയ കാര്യങ്ങൾക്കു പോലും ഒരുപാട് ഹോം വർക്ക് ചെയ്തു. യുവാക്കളായ അവരോടൊപ്പം ചേർന്നപ്പോൾ എനിക്കും കൂടുതൽ ഊർജം തോന്നിയിരുന്നു.

നിർമാതാവിന് നന്ദി

thallumaala-making
തല്ലുമാല ചിത്രീകരണത്തിനിടെ സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം സുപ്രീം സുന്ദർ. തിരക്കഥാകൃത്ത് മുഹ്സിൻ പരാരി സമീപം.

ഇരുനൂറോളം ആളുകൾ വേണ്ടിവന്ന ഒരു തിയറ്റർ അടി ഉണ്ടായിരുന്നു. അവരെ ഞാൻ ചെന്നൈയിൽനിന്നാണ് കൊണ്ടുവന്നത്. പക്ഷേ 200 ആളുകളെ ഈ ഫൈറ്റിനു വേണ്ടി കൊണ്ടുവരുന്നതിന് ഒരുപാട് പണച്ചെലവില്ലേ എന്ന് നിർമാതാവ് ആഷിഖിന് ചെറിയ സംശയമുണ്ടായിരുന്നു. ‘‘സർ, അങ്ങനെ ചെയ്‌താൽ പടം നന്നായി വരും, സർ പേടിക്കണ്ട, ഇത് തിയറ്ററിൽ വരുമ്പോൾ സൂപ്പർ ആയിരിക്കും’’ എന്ന് പറഞ്ഞു. ഇതുപോലെ ഒരു പടത്തിന് വേണ്ടി സംവിധായകനെയും സ്റ്റണ്ട് മാസ്റ്ററെയും വിശ്വസിച്ച് പണം മുടക്കിയ നിർമാതാവിന് എന്റെ നന്ദി. ഞങ്ങളെ വിശ്വസിച്ച് കൂടെ നിന്ന ഈ നിർമാതാവില്ലെങ്കിൽ ഇത്തരമൊരു റിസൾട്ട് ഈ പടത്തിന് കിട്ടില്ലായിരുന്നു. എന്തു ചെയ്യാനും റെഡിയാണ്, പടം നന്നായാൽ മാത്രം മതി എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പ്രൊഡ്യൂസറിന്റെ പിന്തുണയില്ലാതെ ഒരു പടം സ്വാതന്ത്ര്യത്തോടെ ചെയ്യാൻ പറ്റില്ല. ഈ സിനിമയ്ക്ക് വേണ്ടി 48 ദിവസമാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്.

അത്യാധുനിക സംവിധാനങ്ങൾ

thallumaala-making2

ഫൈറ്റുകൾ കൂടുതലും ബോൾട്ട് ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്. മലയാളത്തിൽ ആദ്യമായി ട്രാൻസ് എന്ന ചിത്രത്തിന് വേണ്ടിയാണു ബോൾട്ട് ക്യാമറ ഉപയോഗിച്ചത്, അതിനു ശേഷം മമ്മൂട്ടി സാറിന്റെ ഭീഷ്മപർവം എന്ന ചിത്രത്തിലും ഈ ക്യാമറ ഉപയോഗിച്ചു. ട്രാൻസിനു രണ്ടു ദിവസവും ഭീഷ്മപർവത്തിന് 7 ദിവസവും തല്ലുമാലയ്ക്ക് 20 ദിവസവും ബോൾട്ട് ക്യാമറ ഉപയോഗിച്ചു. ഒരു ദിവസം രണ്ടരലക്ഷം രൂപയാണ് ഈ ക്യാമറയുടെ വാടക. അതിന്റെ ഓപ്പറേറ്റർ, ബാറ്റ ഉൾപ്പടെ നാലു ലക്ഷം രൂപ ചെലവു വരും. ഇതുപോലെ വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന ക്യാമറ, ഹെലി ക്യാം, റോപ് ക്യാം, ഗിമ്പൽസ് തുടങ്ങി ഏത് അത്യാധുനിക ഉപകരണം വേണമെങ്കിലും പടത്തിനായി കൊണ്ടുവരാൻ ആഷിഖ് ഉസ്മാൻ റെഡിയായിരുന്നു. എത്ര ചെലവു വന്നാലും കുഴപ്പമില്ല പടം നന്നായാൽ മതി എന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. പടം വിജയിച്ചെങ്കിൽ അതിന്റെ ക്രെഡിറ്റ് നിർമാതാവിന് തന്നെയാണ്.

തിയറ്റർ പൊളിച്ച അടി

thallumaala-making1

തിയറ്റർ ഫൈറ്റിനു വേണ്ടി കണ്ണൂരുള്ള ഒരു തിയറ്റർ തന്നെയാണ് വാടകയ്ക്ക് എടുത്തത്. കോവിഡ് കാരണം അടഞ്ഞു കിടന്ന തിയറ്ററാണ്. കസേരകളും മറ്റ് ഉപകരണങ്ങളുമെല്ലാം ഒറിജിനലായിരുന്നു. ഫൈറ്റ് ഷൂട്ട് കഴിഞ്ഞപ്പോഴേക്കും തിയറ്ററിലെ സകല സാധനങ്ങളും നശിച്ചുപോയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ആഷിഖ് ഉസ്മാൻ ആ തിയറ്റർ പഴയതുപോലെ ആക്കിക്കൊടുത്തു. കല്യാണപ്പന്തലിലെ അടി ചെയ്യാൻ ഒരു മണ്ഡപം വാടകയ്ക്ക് എടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഒരു ദിവസം പത്തു ലക്ഷമാണ് അവർ വാടക ചോദിച്ചത്. ഞങ്ങൾക്ക് 15 ദിവസത്തെ വർക്ക് ഉണ്ടായിരുന്നു. അവിടെ ഒന്നും ഡാമേജ് വരാൻ പാടില്ല തുടങ്ങിയ നിരവധി നിബന്ധനകൾ ഉണ്ടായിരുന്നു. ആഷിഖ് ചോദിച്ചു, ‘‘ഇതെല്ലാം എന്താണ് മാസ്റ്റർ, ഇത്രയും പണവും കൊടുക്കണം ഒന്നും തൊടാനും പാടില്ല, പിന്നെ എങ്ങനെ നമ്മൾ ഇവിടെ ഷൂട്ട് ചെയ്യും’’ എന്ന്. ഞാൻ പറഞ്ഞു നമുക്ക് സെറ്റിട്ട് ഷൂട്ട് ചെയ്യാം. അങ്ങനെ സെറ്റിട്ട് അറുപത് ആളുകളെ കൊണ്ടുവന്നാണ് കല്യാണ അടി ഷൂട്ട് ചെയ്തത്. പടം നന്നായി വരാൻ പണം എത്ര ചെലവഴിക്കാനും അദ്ദേഹത്തിന് മടിയില്ല. വളരെ ആസ്വദിച്ചാണ് ഓരോ ദിവസത്തെയും ഫൈറ്റ് ഷൂട്ട് ഞങ്ങൾ ചെയ്തത്. പടം തീരുന്നതുവരെ ഞാനും എന്റെ ടീമും കേരളത്തിൽത്തന്നെ തങ്ങി.

അടി കൊണ്ട് പൊരിഞ്ഞ താരങ്ങൾ

dhanraj

ടൊവിനോയോടൊപ്പം ഞാൻ കൽക്കി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾ ചെയ്തിരുന്നു. അദ്ദേഹത്തിന് എന്തെല്ലാം വഴങ്ങുമെന്ന് എനിക്ക് നന്നായി അറിയാം. എത്ര ഹെവി ആയി കാണിച്ചു കൊടുത്താലും ടൊവിനോ അത് ചെയ്യും. എത്ര ടേക്ക് പോയാലും അദ്ദേഹത്തിന് ഒരു മടിയുമില്ല. സൂപ്പർ ഹീറോ പടം ചെയ്തപ്പോൾ പോലും ടൊവിനോ ഇത്രയും കഷ്ടപ്പെട്ടിട്ടില്ല. അടി എല്ലാം ഒറിജിനൽ ആയിരുന്നു. ലുക്മാൻ, ഷൈൻ ടോം തുടങ്ങി എല്ലാവരും നന്നായി സഹകരിച്ചു. ഷൈൻ ടോമിനെ പ്രത്യേകം അഭിനന്ദിക്കണം. ക്ലൈമാക്‌സ് ഷൂട്ട് ആയപ്പോഴേക്കും ഷൈനിന്റെ കാലിൽ പരുക്ക് പറ്റിയിരുന്നു. ആ കാലും വച്ചു വന്ന് അദ്ദേഹം പടം പൂർത്തിയാക്കി. ജോലിയോടുള്ള ആത്മാർഥതയും സമർപ്പണവും അദ്ദേഹത്തെ കണ്ടു പഠിക്കണം. സിനിമയെ സ്നേഹിക്കുന്ന ഒരാൾക്കല്ലാതെ അങ്ങനെ ചെയ്യാൻ പറ്റില്ല.

dhanraj-theatre

ലുക്മാൻ പുതിയ ആളായതുകൊണ്ട് നല്ല പ്രാക്ടീസ് കൊടുത്തിരുന്നു. എല്ലാ അടിയും ഒറിജിനൽ ആയിരിക്കണം, ശരീരത്തിൽ തൊട്ടു തന്നെ ചെയ്യണം, ഡ്യൂപ്പ് വേണ്ട എന്നാണ് ഖാലിദ് റഹ്മാൻ പറഞ്ഞത്. അതുകൊണ്ട് ഈ സിനിമയിൽ ആർക്കും ഡ്യൂപ്പ് ഇല്ലായിരുന്നു. ചെയ്തു കാണിക്കുമ്പോൾ ഡ്യൂപ്പിനെ വച്ച് കാണിക്കും അതേപോലെ താരങ്ങളും അടി യഥാർഥത്തിൽ കൊള്ളട്ടെ എന്നാണു റഹ്മാൻ പറഞ്ഞത്. ടൊവിനോ, ഷൈൻ ടോം തുടങ്ങി എല്ലാ താരങ്ങൾക്കും അടി കൊണ്ടു.

അഞ്ചാറ് ടേക്ക് എടുക്കുമ്പോഴേക്കും ആ അടി എല്ലാം അവർ വാങ്ങിക്കൂട്ടുകയാണ്. മുഖത്ത് അടി കൊള്ളുമ്പോൾ കവിളിനുള്ളിൽ പാഡ് വയ്ക്കും. പക്ഷേ പുറത്ത് അടി കൊള്ളും. ടൊവിനോയെ അടിച്ച ലുക്മാന്റെ കൈ വേദനിച്ച് അയാൾ കൈ വലിച്ചു. അപ്പോൾ അടി കൊണ്ട ടൊവിനോയ്ക്ക് എങ്ങനെയിരിക്കും എന്ന് ആലോചിക്കാമല്ലോ. എല്ലാവർക്കും വേദന അനുഭവപ്പെടും. പക്ഷേ ഒടിവ്, ചതവ് ഒന്നും ഉണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. എല്ലാ താരങ്ങളും ഒരുപാട് റിസ്ക് എടുത്തു തന്നെയാണ് അഭിനയിച്ചത്. ദൈവം സഹായിച്ച് ആർക്കും പരുക്കുകൾ ഇല്ലാതെ ഷൂട്ട് ചെയ്യാൻ കഴിഞ്ഞു. അവർ അനുഭവിച്ച വേദനയുടെ പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്ന വിജയം.

ആർട്ട് ഡയറക്ടറിന് നന്ദി

thallumaala-making5

സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ആർട്ട് ഡയറക്ടർ ആയിരുന്നു ഗോകുൽ ദാസ്. അദ്ദേഹം ഉണ്ടാക്കുന്ന ഓരോ സാധനങ്ങളും യഥാർഥമായി തോന്നിയിരുന്നു. തിയറ്റർ ഫൈറ്റിൽ ഉപയോഗിച്ച സിലിണ്ടറുകളൊക്കെ ഡമ്മി ആയിരുന്നു. ഞാൻ ഇതുവരെ ചെയ്ത വർക്കുകളിൽ വച്ച് ഏറ്റവും നല്ല ആർട്ട് ഡയറക്ടർ ആയിരുന്നു ഗോകുൽ ദാസ്. ഈ സിനിമയിൽ ജോലി ചെയ്ത എല്ലാവരും സിനിമയെ ഒരുപാട് സ്നേഹിക്കുന്നവരായിരുന്നു.

thallumaala-making6

മഞ്ജു വാരിയർ പറഞ്ഞു, സൂപ്പർ തല്ല്

തമിഴ്‌നാട്ടിൽ ഒരുപാടു പേർ പടം കണ്ടു വിളിച്ച് അഭിപ്രായം പറഞ്ഞു. ഇപ്പോൾ ഞാൻ അജിത് സാറിന്റെ ഒരു തമിഴ് പടത്തിനു കൊറിയോഗ്രാഫി ചെയ്യുകയാണ്. മഞ്ജു വാരിയർ ആണ് നായിക. തല്ലുമാല വളരെ നന്നായി കൊറിയോഗ്രാഫി ചെയ്തിട്ടുണ്ടെന്ന് മഞ്ജു വാരിയർ അജിത് സാറിനോട് പറഞ്ഞു. പടത്തിൽ നല്ല സൂപ്പർ തല്ലുണ്ട്, കാണേണ്ടതുതന്നെയാണ് എന്നാണു അവർ പറഞ്ഞത്. ഞാൻ ഇതുവരെ ചിത്രം കണ്ടിട്ടില്ല, കാണാൻ ഒരുപാട് ആഗ്രഹമുണ്ട്, ഇപ്പോൾ അജിത്ത് സാറിന്റെ സിനിമയ്ക്ക് വേണ്ടി രാത്രിയും പകലും ഷൂട്ടിങ് ആണ്. അതുകൊണ്ടു തല്ലുമാല കാണാൻ കഴിഞ്ഞിട്ടില്ല.

thallumaala-making4

മലയാളത്തിലും ആക്‌ഷൻ ഹീറോ എന്ന സ്വപ്നം

തമിഴ്, തെലുങ്ക് ചിത്രങ്ങളിലെപ്പോലെയുള്ള ഫൈറ്റ് മലയാളം സിനിമകളിൽ എന്തുകൊണ്ട് കാണുന്നില്ല എന്ന് ഒരുപാടു പേര് ചോദിച്ചിട്ടുണ്ട്. ആ കുറവെല്ലാം ഇപ്പോൾ തീർന്നു എന്നാണ് തോന്നുന്നത്. മലയാളം ഇൻഡസ്ട്രിയിലും ആക്‌ഷൻ ഹീറോ ഉണ്ട് എന്ന് തെളിയിക്കാനാണ് ഇപ്പോൾ ഞങ്ങളുടെ ശ്രമം. തമിഴ് തെലുങ്ക്, ഹിന്ദി, കന്നഡ പടങ്ങൾ കാണുന്നതുപോലെ മലയാള ചിത്രങ്ങളും എല്ലാവരും കാണണം. വരത്തൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, അയ്യപ്പനും കോശിയും തുടങ്ങിയ പടങ്ങളിലെല്ലാം ഞാനാണ് സ്റ്റണ്ട് ചെയ്തത്. എനിക്ക് ഈ വർഷത്തെ ദേശീയ അവാർഡ് വാങ്ങിത്തന്നത് അയ്യപ്പനും കോശിയുമാണ്. അതുപോലൊരു ഒരു നല്ല കഥ എനിക്കു തന്ന് എനിക്ക് ഈ അവാർഡ് കരസ്ഥമാക്കാൻ സഹായിച്ച എല്ലാവർക്കും എന്റെ നന്ദിയുണ്ട്. ഞങ്ങൾ അവാർഡ് വാങ്ങുന്നത് കാണാൻ സച്ചി സാർ ഇല്ലാതെ പോയതിൽ ദുഃഖമുണ്ട്.

thallumaala-making7

മലയാളം പടം ചെയ്യാൻ ഏറെ ഇഷ്ടം

മലയാളം പടങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്, തമിഴ് സിനിമകൾക്ക് ഞാനിപ്പോൾ ഡേറ്റ് കൊടുക്കാറില്ല, ഇപ്പോൾ അജിത് സാറിന്റെയും സൂര്യ സാറിന്റെയും പടങ്ങൾക്ക് മാത്രമേ ഡേറ്റ് കൊടുത്തിട്ടുള്ളൂ. ഡെഡിക്കേഷൻ കൂടുതൽ ഉള്ളത് മലയാളം സിനിമയിൽ ആണ്. സിനിമ നന്നാകാൻ എത്ര ബുദ്ധിമുട്ടു സഹിക്കാനും തയാറാണ്. ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടാണ് മലയാളത്തിൽ ജോലി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടാണ് ഞാൻ സ്റ്റണ്ട് ചെയ്ത് ഇനി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. ടിനു പാപ്പച്ചന്റെ ഒരു ചിത്രം ചെയ്യുന്നുണ്ട്. മമ്മൂക്ക പടം, ബി.ഉണ്ണികൃഷ്ണൻ ചിത്രം, അമൽ നീരദിന്റെ ബിലാൽ തുടങ്ങി ആറു പടങ്ങൾ കയ്യിലുണ്ട്.

ഒരേ ഒരു പരാതി

മലയാളത്തിൽ സ്റ്റണ്ട് മാസ്റ്റർക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് കൊടുക്കാറില്ല എന്നൊരു പരാതി എനിക്കുണ്ട്. ദേശീയ അവാർഡിൽ സ്റ്റണ്ട് മാസ്റ്റർക്ക് അവാർഡ് ഉണ്ട്. എനിക്ക് കിട്ടാൻ വേണ്ടിയല്ല ഞാൻ പറയുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്ന ഒരുപാടു മാസ്റ്റേഴ്സ് ഉണ്ട്, ഇനിയും ഒരുപാടുപേർ ഭാവിയിലും ഉണ്ടാകാൻ സാധ്യതയുണ്ട്. അവർക്ക് എല്ലാവർക്കും കൂടിവേണ്ടിയാണ് പറയുന്നത്. അടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് മുതൽ സ്റ്റണ്ട് മാസ്റ്റർക്കും പുരസ്‌കാരം കൊടുക്കണം എന്ന ഒരു അപേക്ഷ എനിക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com