ADVERTISEMENT

കാലം അടയാളപ്പെടുത്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കരും കായംകുളം കൊച്ചുണ്ണിയും നങ്ങേലിയും ഒരേ കഥയിൽ കണ്ടുമുട്ടുമ്പോൾ അതു മികവോടെ സ്ക്രീനിൽ കൊണ്ടുവരികയാണു സംവിധായകൻ വിനയൻ; ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയിലൂടെ. വമ്പൻ സിനിമയിലൂടെ തിരിച്ചുവരുമ്പോൾ വിനയൻ പറയുന്നു– ‘ഇനി ഞാൻ ചെയ്യുന്നതെല്ലാം വലിയ സിനിമകളാകും’. ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഈ തിരുവോണദിനത്തിൽ തിയറ്ററിലെത്തുമ്പോൾ വിനയൻ മനസ്സു തുറക്കുന്നു.

 

എങ്ങനെ ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന സിനിമയിലേക്കെത്തി?

 

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണിത്. ആരും ഇതുവരെ പറയാത്ത ചരിത്രമേഖലയാണു പത്തൊൻപതാം നൂറ്റാണ്ട് സിനിമയിലെ വിഷയം. കായംകുളം കൊച്ചുണ്ണി സിനിമകളിലും കഥകളിലും നിറഞ്ഞിട്ടുണ്ടെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരെയും നങ്ങേലിയെയും ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ല. ഞാൻ അമ്പലപ്പുഴക്കാരനാണ്. ഇവരുടെ കഥകൾ കുട്ടിക്കാലം മുതൽ കേട്ടുവളർന്നതാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരും കായംകുളം കൊച്ചുണ്ണിയും നേരിൽ കാണുകയും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. നവോത്ഥാന ചരിത്രത്തിൽ ആദ്യം പരിഗണിക്കേണ്ട പേരായിരുന്നു അദ്ദേഹത്തിന്റേത്. ശ്രീനാരായണ ഗുരുവിനുപോലും അദ്ദേഹം പ്രചോദനമായിട്ടുണ്ട്. രാജാവുപോലും വേലായുധപ്പണിക്കരെ ബഹുമാനിച്ചിരുന്നു.

 

വലിയ സിനിമകൾ നേരത്തേ ഉണ്ടാകാതിരിക്കാൻ കാരണം?

 

അദ്ഭുതദ്വീപ് സിനിമ കഴിഞ്ഞ സമയത്തു ഞാനും ചില സിനിമാ ഗ്രൂപ്പുകളുമായി ഉടക്കായതോടെ എന്നെക്കൊണ്ടു സിനിമയേ ചെയ്യിക്കില്ലെന്ന അവസ്ഥയായി. പിടിച്ചുനിൽക്കാൻ കയ്യിൽ കിട്ടിയവരെ വച്ച്, ആവശ്യത്തിനു ടെക്നോളജിയൊന്നും ഇല്ലാതെ വാശിക്കു സിനിമകൾ ചെയ്യുകയായിരുന്നു. ചിലരെ തോൽപിച്ചു എന്ന സംതൃപ്തി നേടിയതല്ലാതെ എന്റെ കരിയറിൽ ഒരു ഗുണവും കിട്ടാത്ത കുറെ സിനിമകളാണു ചെയ്തത്.

 

ഈ സിനിമ പരിചയപ്പെടുത്തുന്നതു മോഹൻലാലാണ്. സിനിമ തീരുന്നതു മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ്. ചെറിയ വിഭാഗം സംവിധായകരുമായി കുഞ്ഞു സൗന്ദര്യപ്പിണക്കം ഉണ്ടെന്നല്ലാതെ എനിക്ക് ആരോടും വലിയ പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോഴാണു ഗോകുലം ഗോപാലനെപ്പോലുള്ള വലിയ നിർമാതാവിനെ ഇഷ്ടസിനിമകൾ ചെയ്യാൻ കിട്ടുന്നത്.

 

താരാധിപത്യം എതിർത്ത വ്യക്തിയാണ്. ആ നിലപാടിൽ മാറ്റം വന്നോ ?

 

താരങ്ങളോട് എനിക്ക് എതിർപ്പില്ല. നടീനടൻമാരെയോ കഴിവുള്ള കലാകാരന്മാരെയോ എതിർത്തിട്ടുമില്ല. സിനിമയിലെ മേൽക്കോയ്മകളോടും ചില നിലപാടുകളോടുമാണ് എതിർപ്പ്. അതിൽ മാറ്റമില്ല. സംഘടനകൾ ഉണ്ടാക്കുന്നത് ഒരാളുടെ ജോലി ഇല്ലാതാക്കാനും വിലക്കാനും ആകരുത്. എന്റെ കൂടെയുള്ള ചില സംവിധായക സുഹൃത്തുക്കൾ തെറ്റിദ്ധാരണയുണ്ടാക്കിയതോടെയാണു മുൻപ് സുപ്രീം കോടതി വരെ എത്തിയത്. വിനയനെപ്പോലുള്ളവരെ വിലക്കുന്നതു ശരിയല്ലെന്നു 2017ലെ ‘അമ്മ’യുടെ യോഗത്തിൽ പരസ്യമായി പറഞ്ഞതു മമ്മൂക്കയാണ്. ഇന്ത്യൻ സിനിമയുടെതന്നെ സാരഥികളായ മമ്മൂട്ടിയും മോഹൻലാലും പുതിയ സിനിമയിൽ സഹകരിക്കുന്നുണ്ട്. കലാകാരൻ എന്ന നിലയിൽ എന്നോടൊപ്പം അവരുണ്ട് എന്നറിയിക്കാൻ തന്നെയാണത്.

 

പുതിയ സിനിമകൾ?

 

മോഹൻലാലിന്റെ സിനിമയുണ്ട്. അതിനുള്ള കഥ ആലോചനയിലാണ്. അതിനു മുൻപ് മറ്റൊരു വലിയ സിനിമ ചെയ്തേക്കും. മഹാഭാരതത്തിൽ എനിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണു ഭീമൻ. ഭീമനെ കേന്ദ്രകഥാപാത്രമാക്കി ഒരു കഥയുടെ വൺലൈൻ ചെയ്തുവച്ചിട്ടുണ്ട്. എംടി സാർ ഭീമനു കൊടുത്ത വിഷ്വൽ നമ്മുടെയെല്ലാം മുന്നിലുണ്ട്. അതുപോലെയല്ല എന്റെ മനസ്സിലെ ഭീമൻ. ‘പത്തൊൻപതാം നൂറ്റാണ്ടി’ലൂടെ പ്രേക്ഷകർ സിജുവിനെ വേറെ തലത്തിൽ സ്വീകരിച്ചാൽ, സിജുവിനെ വച്ച് ആ സിനിമയുമായി മുന്നോട്ടുപോകും. വലിയ രീതിയിൽ ചെയ്യുന്ന ആ സിനിമയിൽ മലയാളത്തിൽനിന്നു സിജു മാത്രമാകും ഉണ്ടാകുക. ഇതര ഭാഷകളിൽ നിന്നുള്ളവരാകും മറ്റ് അഭിനേതാക്കൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com